30 September Saturday

ഉയർത്തിപ്പിടിച്ച മുടിയിഴകൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2022


ഒരു കലണ്ടർ വർഷത്തിൽ രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകൾ സംഘടിപ്പിക്കുക എന്ന കഠിനദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി. മതനിരപേക്ഷ കേരളത്തോടും ചലച്ചിത്രാസ്വാദകരോടുമുള്ള അകമഴിഞ്ഞ ഉത്തരവാദിത്വബോധവും അത്രമേൽ ദൃഢമായ ആത്മവിശ്വാസവുമാണ് അതിന് പ്രചോദനം. മഹാമാരിയുടെ കെട്ടുപാടിലായിരുന്നു കഴിഞ്ഞ രണ്ടുമേളയും. കഴിഞ്ഞ ഡിസംബറിൽ നടത്തേണ്ട 26–--ാംമേള ഇക്കൊല്ലം മാർച്ചിലേക്ക് മാറ്റി. എട്ടുമാസത്തെ ഇടവേളയിൽ പഴയ പ്രൗഢിയോടെ 27–--ാം ചലച്ചിത്രമേള ലോകമാനവികതയുടെ മറ്റൊരു ഉത്സവമാക്കാൻ ചലച്ചിത്ര അക്കാദമിക്കായി.

രാജ്യത്തെ ഇപ്പോഴത്തെ സാംസ്‌കാരിക- രാഷ്ട്രീയ അന്തരീക്ഷത്തിൽ കേരളം ബദലാകുന്നത്‌ എങ്ങനെയെന്നുകൂടി ഐഎഫ്എഫ്‌കെ വെളിപ്പെടുത്തി. ഗോവൻ ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിൽ ജൂറി ചെയർമാൻ വിഖ്യാത ഇസ്രയേലി സംവിധായകൻ നവദ് ലാപിഡിന്റെ തുറന്നുപറച്ചിൽ കേന്ദ്രസർക്കാരിന് മുഖത്തേറ്റ പ്രഹരമായിരുന്നു. കശ്മീരിന് പുതിയ വ്യാഖ്യാനം നൽകാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ പ്രചാരണചിത്രമായ ‘കശ്മീർ ഫയൽസ്‌' മേളയുടെ മത്സരവിഭാഗത്തിൽ എത്തിയതിലുള്ള ഞെട്ടലും രോഷവുമാണ് അദ്ദേഹം വിളിച്ചുപറഞ്ഞത്. എന്നാൽ കേരളം ആഗോള പ്രതിഷേധങ്ങളുടെ ഉജ്വലവേദിയായി മാറുന്നതാണ് ഐഎഫ്എഫ്‌കെയിൽ കണ്ടത്. മേളയുടെ സമാപന ചടങ്ങിൽ എം മുകുന്ദൻ പറഞ്ഞതുപോലെ മേളയിൽ കണ്ട ഏതു സിനിമ മറന്നാലും അഥീന റെയ്ച്ചൽ ഉയർത്തിക്കാണിച്ച ഇറാനിയൻ സംവിധായിക മെഹനാസ് മൊഹമ്മദിയുടെ തലമുടിയിഴകൾ ആരും മറക്കുകയില്ല. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന മൊഹമ്മദിയെയാണ്‌ ‘സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം നൽകി ആദരിച്ചത്. ഇറാൻ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം കാരണം അവർക്ക് നേരിട്ട് മേളയിൽ എത്താനായില്ല. പകരം ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അഥീന റേച്ചൽ സംഗാരിയുടെ കൈവശം അവർ തന്റെ മുടി മുറിച്ചുകൊടുത്തുവിട്ടു. പുരസ്‌കാരം സ്വീകരിക്കാനെത്തിയ റേച്ചൽ സംഗാരി പ്രതിനിധികൾക്ക് മുന്നിൽ മെഹനാസിന്റെ മുടിയിഴകൾ ഉയർത്തിപ്പിടിച്ചുനിന്നത് കാൽനൂറ്റാണ്ട് പിന്നിട്ട മേളയുടെ രാഷ്ട്രീയ ഇടപെടലുകളിൽ സുപ്രധാന മുഹൂർത്തമായി.

ഇറാനിൽ മാത്രമല്ല ഇന്ത്യയിലും പെണ്ണിന്റെ വസ്ത്രധാരണം തന്നെയാണ് മൗലികവാദികളുടെ ഉറക്കം കെടുത്തുന്നത്. നായിക അൽപ്പവസ്ത്രധാരിണിയാണെന്നും അടിവസ്ത്രം കാവിയായി പോയി എന്നുമാണ് റിലീസ് ചെയ്യാനിരിക്കുന്ന ‘പത്താൻ' സിനിമയ്‌ക്കെതിരായ കുറ്റപത്രമായി സംഘപരിവാറുകാർ ഉന്നയിക്കുന്നത്. ബിജെപി ഭരണ സംസ്ഥാനങ്ങളിൽ സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം കൊടുമ്പിരികൊള്ളുന്നു. ബോളിവുഡിലെ മോദിപക്ഷത്തോട് ഇനിയും വിധേയത്വം പ്രഖ്യാപിക്കാത്ത ഷാരൂഖ് ഖാനോടും ദീപിക പദുകോണിനോടുമുള്ള വിദ്വേഷം അവരുടെ സിനിമയെ വേട്ടയാടുമെന്നഘട്ടത്തിലേക്ക് എത്തി.  രാജ്യത്തെങ്ങും ആവിഷ്‌കാരസ്വാതന്ത്ര്യം ഇവ്വിധം വെല്ലുവിളിക്കപ്പെടുമ്പോഴാണ് ഐഎഫ്എഫ്‌കെ വേദികളിൽ നീണ്ട ക്യൂ ഒരു പ്രതിരോധമായി മാറുന്നത്. കാഴ്ചയുടെ ആനന്ദം ഏറ്റുവാങ്ങി, ലോകമാനവികതയോട് ഐക്യപ്പെട്ട് കൈയടിച്ചും മുദ്രാവാക്യം വിളിച്ചും കലഹിച്ചും പാട്ടുപാടിയും തിയറ്ററുകളിൽ നിന്നും തിയറ്ററുകളിലേക്ക് ഓടുന്ന അവർ മതനിരപേക്ഷ ഇന്ത്യയുടെ ഭാവിയാണ്.

പ്രേക്ഷക പങ്കാളിത്തംകൊണ്ടും സിനിമകളുടെ നിലവാരംകൊണ്ടും ഏഷ്യയിലെ ഏറ്റവും മികച്ച മേളകളിലൊന്നായി ഐഎഫ്എഫ്‌കെ മാറി. അലെജാൻഡ്രോ ലോയ്സാ ഗ്രിസി സംവിധാനം ചെയ്ത സ്പാനിഷ് ചലച്ചിത്രം ‘ഉതമ' മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടി. മികച്ച സംവിധായകനുള്ള രജത ചകോരം കെർ എന്ന ചിത്രത്തിലൂടെ ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ഗ്ളൂ നേടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടിചിത്രം ‘നൻപകൽ നേരത്ത് മയക്കം' മേളയുടെ ഹിറ്റായി പ്രേക്ഷക പുരസ്‌കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണന്റെ ‘അറിയിപ്പും' ഫ്രിപ്രസ്‌കി പുരസ്‌കാരം ഇന്ദു വി എസിന്റെ 19 (1)(എ)യും നേടി. ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് സമഗ്രസംഭാവന പുരസ്‌കാരം നൽകി ആദരിച്ചു. ഐഎഫ്എഫ്കെ എന്നാൽ മതനിരപേക്ഷ കേരളത്തിന്റെ വാർഷിക സാംസ്‌കാരിക കൂട്ടായ്മയായി മാറിക്കഴിഞ്ഞു. മേളയുടെ ചിഹ്നമായ ചകോരപക്ഷി നവകേരളത്തിന്റെ മനഃസാക്ഷിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top