25 July Thursday

ട്രംപും മോഡിയും കേരളത്തിലെ പ്രക്ഷോഭവും

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2016


തീവ്ര വലതുപക്ഷക്കാരനായ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതോടെ ലോകം മറ്റൊരു അന്തരാളഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ട്രംപിന്റെ വിജയവും മോഡിയുടെ കറന്‍സി പിന്‍വലിക്കലും ഏതാണ്ട് ഒരേ ദിവസമാണെന്നത് ശ്രദ്ധിക്കപ്പെടാതെപോകരുത്. ട്രംപും നരേന്ദ്ര മോഡിയും കുപ്രശസ്തിയെ വോട്ടാക്കി വിജയിച്ചുകയറിയവരാണ്. അഡോള്‍ഫ് ഹിറ്റ്ലറെപ്പോലെ. മൂവരും സ്വന്തംനാട്ടിലെ ചെറു ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചാണ് ഭരണകൂടം കൈയടക്കിയത്.

പാകിസ്ഥാനില്‍നിന്നുവരുന്ന കള്ളനോട്ട് പിടിക്കാനാണത്രേ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് മോഡി പിന്‍വലിച്ചത്. ഇന്ത്യന്‍ കറന്‍സിയുടെ 86 ശതമാനമാണ് ഒറ്റ രാത്രിയില്‍ അസാധുവാക്കിയത്. ബാക്കി 14 ശതമാനമേ നിലവിലുള്ളൂ. 50 ദിവസം എനിക്ക് തരൂ, അതുകഴിഞ്ഞ് എന്നെ തൂക്കിലേറ്റൂ” എന്നാണ് മോഡി കണ്ണീരൊഴുക്കി പറഞ്ഞത്. ഇപ്പോള്‍ പറയുന്നത് പുതിയ നോട്ടുകളെത്താന്‍ ആറുമാസം പിടിക്കുമെന്നാണ്. മോഡി ഇപ്പോള്‍ പാര്‍ലമെന്റില്‍നിന്ന് ഒളിച്ചോടുകയാണ്. മണ്ടന്‍തീരുമാനം, മുന്നൊരുക്കമില്ലായ്മ എന്നെല്ലാംപറഞ്ഞ് ഇതിനെ ലഘൂകരിക്കാമോ? സ്വന്തം ജനതയെ ബന്ദിയാക്കി നടത്തുന്ന ഈ അസംബന്ധനാടകം ഫാസിസ്റ്റ് പ്രവണത തന്നെയല്ലേ. കഴിഞ്ഞ നൂറ്റാണ്ടിലെ മുപ്പതുകളില്‍ സാമ്പത്തിക മഹാമാന്ദ്യം (ഗ്രേറ്റ് ഡിപ്രഷന്‍) ആണ് ഹിറ്റ്ലറെയും മുസോളിനിയെയും കൈസറെയും സൃഷ്ടിച്ചത്. ഗ്രേറ്റ് ഡിക്ടേറ്ററായ ഹിറ്റ്ലര്‍ ചിരിക്കുകയും കരയുകയും പൊട്ടിക്കരയുകയും മറ്റും ചെയ്തിരുന്നു. മനോരോഗിയുടെ ലക്ഷണങ്ങളെല്ലാം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ ട്രംപും മോഡിയും മറ്റും ഈ മനോരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതിനെ സാമ്പത്തികതലത്തില്‍ നിന്നുതന്നെയാണ് വീക്ഷിക്കേണ്ടത്. ഹിറ്റ്ലറുടെ കാലത്തില്ലാത്ത സവിശേഷത ഇന്നുണ്ട്. ധനമൂലധനം (ഫിനാന്‍സ് കാപ്പിറ്റല്‍) കൊടുങ്കാറ്റായി ഭൂഗോളത്തില്‍ അടിക്കുകയാണ്. ഭിഷഗ്വരനെയും രൊക്കം പണത്തില്‍ വ്യക്തിയല്ലാതാക്കുന്ന കാലം കഴിഞ്ഞ് പണം ഭിഷഗ്വരനെ സൃഷ്ടിക്കുന്ന കാലം. ധനമൂലധനത്തിന്റെ ഈ കൊടുങ്കാറ്റിനെ ശമിപ്പിക്കാനാണ് ആഗോളവല്‍ക്കരണം വന്നത്. അമേരിക്കന്‍ ഭരണകൂടംതന്നെയാണ് ആഗോളവല്‍ക്കരണത്തിന്റെ മുഖ്യ സ്രഷ്ടാവ്. ഇപ്പോള്‍ ട്രംപ് ആഗോളവല്‍ക്കരണത്തെ തള്ളിപ്പറഞ്ഞാണ് പ്രസിഡന്റായി ജയിച്ചുവന്നിരിക്കുന്നത്.

ആഗോളവല്‍ക്കരണത്തില്‍ ആഗോളഗ്രാമം (ഗ്ളോബല്‍ വില്ലേജ്) സ്വപ്നം കണ്ടിരുന്നു. അത് ഇന്റര്‍നെറ്റിലേയുള്ളൂ. സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ അസമത്വമാണ് ഇത്തവണത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായത്. മുസ്ളിംവിരുദ്ധത, കുടിയേറ്റ വിരുദ്ധത എന്നിവയോടൊപ്പം തീവ്ര ദേശീയതയായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പിലെ തുരുപ്പുശീട്ട്. മുഖ്യശത്രു അയല്‍രാജ്യമായ മെക്സിക്കോ. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പല കരാറുകളും റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ പാകിസ്ഥാനെ പേടിച്ച് 86 ശതമാനം നോട്ടും പിന്‍വലിച്ച്  നരേന്ദ്ര മോഡി 'മെയ്ക്ക് ഇന്ത്യ' നടപ്പാക്കുകയാണ്. ലോകം ചുറ്റുന്നത് ആയുധം വാങ്ങാനാണ്. അയല്‍രാജ്യങ്ങള്‍ക്കെതിരെ. ഇഷ്ടക്കാരായ റിലയന്‍സും അദാനിയും മറ്റും പുറത്ത് നിക്ഷേപിച്ചത് കടം കയറിയിരിക്കയാണ്. ടാറ്റയാകട്ടെ, പുറം നിക്ഷേപത്തിന്റെപേരില്‍ ആഭ്യന്തരവഴക്കിലാണ്. ആഗോളവല്‍ക്കരണത്തിന് കാര്യമായ കുഴപ്പം തട്ടിയിട്ടുണ്ടെന്നാണ് ഫ്രഞ്ച് സാമ്പത്തികവിദഗ്ധനായ തോമസ് പിക്കറ്റിയെപ്പോലുള്ളവര്‍ പറയുന്നത്. "യൂറോപ്പിനും ലോകത്തിനുമുള്ള പാഠം വ്യക്തമാണ്. ആഗോളവല്‍ക്കരണം അടിസ്ഥാനപരമായി മാറ്റിയെഴുതേണ്ടിയിരിക്കുന്നു. അസമത്വമാണ് നമ്മുടെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി''-’’ട്രംപിന്റെ വിജയത്തെ വിശകലനംചെയ്ത് തോമസ് പിക്കറ്റി പറയുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഗുണവും ദോഷവും നന്നായി അനുഭവിക്കുന്ന യൂറോപ്പിന്റെ പ്രതിനിധിയാണ് പിക്കറ്റി. ഫ്രാന്‍സില്‍ അതിശക്തമായ തൊഴിലാളി പ്രക്ഷോഭം നടന്നുവരികയുമാണ്.

ആഗോളവല്‍ക്കരണത്തിനുനേരെ മുഖംതിരിച്ചാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍വാങ്ങിയത്. ബ്രെക്സിറ്റ് എന്ന് അതിന് പേരിട്ടപ്പോള്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുരാം രാജനെ മാറ്റിയപ്പോള്‍ അതിന് റെക്സിറ്റ് (ഞഋതകഠ) എന്നാണ് ഇന്ത്യന്‍ സാമ്പത്തികമേഖല കളിയാക്കിയത്. രഘുരാം രാജന്‍ ആഗോളവല്‍ക്കരണത്തിന്റെ പ്രത്യക്ഷ വക്താവായിരുന്നു. പകരംവന്ന ഉര്‍ജിത് പട്ടേല്‍ സാമ്പത്തിക ടെക്നോക്രാറ്റ് ആണെന്നുപറയുന്നു. മോഡിയുടെയും റിലയന്‍സിന്റെയും അര്‍എസ്എസിന്റെയും വിധേയന്‍. 86 ശതമാനം നോട്ടും പിന്‍വലിക്കാന്‍ ഒപ്പുവച്ച തൊമ്മി. അടിയന്തരാവസ്ഥയ്ക്ക് കുളിമുറിയില്‍നിന്ന് ഒപ്പുവച്ചെന്ന് പറയപ്പെടുന്ന രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെപ്പോലെ.

ധനമൂലധനത്തിന്റെ കുത്തൊഴുക്കിനെ നിയന്ത്രിക്കാന്‍ ടെക്നോക്രാറ്റുകളാണ് 21-ാം നൂറ്റാണ്ടില്‍ രംഗത്തിറങ്ങുന്നത്. അവരെ നിയന്ത്രിക്കാന്‍ തീവ്ര വലതുപക്ഷക്കാരും. ഇതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ.’യൂറോപ്പിലെങ്ങും അലയടിക്കുന്ന തൊഴിലാളിസമരങ്ങള്‍ അതിന് തെളിവാണ്. കേരള മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്ച തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യഗ്രഹമിരുന്നത് ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. നോട്ട് പ്രതിസന്ധിയില്‍ വലയുന്ന ജനതയ്ക്ക് ആശ്വാസമേകാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത നടപടികളും അതിജീവനത്തിന്റെ അടയാളമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top