01 October Sunday

മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കുക

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


മുത്തൂറ്റ്‌ ഫിനാൻസിലെ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചിട്ട് ഒരു മാസമാകുകയാണ്. ആഗസ്‌ത്‌ 20ന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയശേഷം സർക്കാർ മുൻകൈയെടുത്ത് രണ്ടുവട്ടം തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിട്ടും സമരം അവസാനിപ്പിക്കാനായില്ല. മാനേജ്മെന്റിന്റെ കടുംപിടിത്തം മാത്രമാണ് ഇരുവട്ടവും ചർച്ച പൊളിയാൻ ഇടയാക്കിയത്.

നോൺ ബാങ്കിങ്‌ ഫിനാൻസ് കമ്പനി (എൻബിഎഫ്സി) വിഭാഗത്തിൽപ്പെടുന്ന മുത്തൂറ്റ് ഫിനാൻസ് കാലങ്ങളായി എല്ലാ തൊഴിൽ വ്യവസ്ഥകളും ലംഘിച്ചു തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. സഹികെട്ടാണ് തൊഴിലാളികൾ സിഐടിയു നേതൃത്വത്തിൽ യൂണിയൻ രൂപീകരിച്ചത്. 2016ലും തൊഴിലാളികൾക്ക് പണിമുടക്കേണ്ടിവന്നു. അന്നുണ്ടാക്കിയ ഒത്തുതീർപ്പുകൾ പോലും ലംഘിക്കപ്പെട്ടു. നോൺ ബാങ്കിങ്‌ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളഘടന നിശ്ചയിച്ച്‌ 2016ൽ സർക്കാർ ഇറക്കിയ വിജ്ഞാപനം മുത്തൂറ്റ് ഉടമ കോടതി മുഖേന സ്റ്റേ ചെയ്യിച്ചു.

ജോലിസമയം സംബന്ധിച്ചോ മറ്റ് തൊഴിൽ വ്യവസ്ഥകൾ സംബന്ധിച്ചോ നിയമപ്രകാരം വേണ്ട ഉത്തരവുകൾ ഇവിടെ  നിലവിലില്ല. കമ്പനി നിശ്ചയിക്കുന്നത്ര ഇടപാടുകൾ ഏതെങ്കിലും മാസം നടക്കാതെ വന്നാൽ തുച്ഛമായ ഇൻക്രിമെന്റ് പോലും വെട്ടിക്കുറയ്‌ക്കുന്നുവെന്ന പരാതികളും ഉയരുന്നു.

കമ്പനിയുടെ  ഉന്നത ഉദ്യോഗസ്ഥരൊഴികെ ബാക്കിയുള്ള തൊഴിലാളികളിൽ പലർക്കും 9000 മുതൽ 12,000 രൂപവരെയാണ് പ്രതിമാസ ശമ്പളമായി കിട്ടുന്നതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടുന്നു. തൊഴിൽ വകുപ്പ് പലപ്പോഴായി നടത്തിയ പരിശോധനയിലും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ജോലിസമയം സംബന്ധിച്ചോ മറ്റ് തൊഴിൽ വ്യവസ്ഥകൾ സംബന്ധിച്ചോ നിയമപ്രകാരം വേണ്ട ഉത്തരവുകൾ ഇവിടെ  നിലവിലില്ല. കമ്പനി നിശ്ചയിക്കുന്നത്ര ഇടപാടുകൾ ഏതെങ്കിലും മാസം നടക്കാതെ വന്നാൽ തുച്ഛമായ ഇൻക്രിമെന്റ് പോലും വെട്ടിക്കുറയ്‌ക്കുന്നുവെന്ന പരാതികളും ഉയരുന്നു.

2016ൽ  സംഘടന വന്നതോടെ അതിൽ അംഗങ്ങളാകുന്നവർക്കുനേരെ പ്രതികാര നടപടി തുടങ്ങി. സ്ത്രീകളെയടക്കം ഇതര സംസ്ഥാനങ്ങളിലെ വിദൂര പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ശാഖകളിലേക്ക് മാറ്റി. കള്ളക്കേസുകളിൽ കുടുക്കുക, സസ്‌പെൻഡ്‌ ചെയ്യുക തുടങ്ങി പലതും ഉണ്ടായി. 2017ൽ തൊഴിലാളികൾ അവകാശപത്രിക നൽകി. അതിലെ ശമ്പള പരിഷ്‌കരണമുൾപ്പെടെയുള്ള കാര്യങ്ങൾ 2019ൽ പരിഗണിക്കാമെന്നായിരുന്നു അന്ന് കൊടുത്ത ഉറപ്പ്. 2019 ആഗസ്‌തായിട്ടും അനക്കമില്ലാതെ വന്നപ്പോഴാണ് നിയമപ്രകാരം നോട്ടീസ് നൽകി പണിമുടക്ക് തുടങ്ങിയത്. സംസ്ഥാന ലേബർ കമീഷണർ അനുരഞ്ജന ചർച്ച വിളിച്ചപ്പോൾ തീരുമാനമെടുക്കാൻ കഴിയുന്ന കമ്പനിയുടെ എംഡി അടക്കമുള്ളവർ ഹാജരായില്ല. പകരം പണിമുടക്ക് നിരോധിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിലും മാനേജ്മെന്റ് പിടിവാശി തുടർന്നു. തൊഴിൽ മന്ത്രി സെപ്തംബർ ആദ്യം വിളിച്ച യോഗത്തിൽനിന്ന്‌ മാനേജ്മെന്റ് അവസാന നിമിഷം മാറി. രണ്ടാമത് സർക്കാർ വിളിച്ച യോഗത്തിലും മാനേജ്മെന്റ് അനുകൂല സമീപനം സ്വീകരിച്ചില്ല.

സാമൂഹ്യമാധ്യമങ്ങളിൽ യൂണിയനെതിരെ അപവാദം പരത്താൻ പണം കൊടുത്തു തന്നെ ആളുകളെ നിയോഗിച്ചതായി സൂചനയുണ്ട്. ഇന്നലെ ഉണ്ടായ സംഭവമെന്ന മട്ടിൽ, മൂന്നുവർഷം പഴക്കമുള്ള ഒരു വീഡിയോ, പ്രചരിപ്പിക്കപ്പെട്ടത് ഈ സംവിധാനം ഉപയോഗിച്ചാണ്.

പതിറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിലെ ചില മാടമ്പി മുതലാളിമാർ സ്വീകരിച്ചിരുന്ന സമീപനമാണ് കോടികളുടെ ലാഭം പ്രതിവർഷം കൊയ്‌തുകൂട്ടുന്ന ഈ സ്ഥാപനം ഇന്ന് തൊഴിലാളികൾക്കെതിരെ ഉപയോഗിക്കുന്നത്. ചർച്ചകളിൽ പോലും ഇത്തരം നിലപാടാണ് അവർക്ക്. ഇതിനൊപ്പം അപവാദ പ്രചാരണങ്ങളും ശക്തിയായി നടത്തുന്നു. മാധ്യമങ്ങൾ മിക്കതും ഒപ്പമുണ്ട് എന്ന ഹുങ്കും അവർക്കുണ്ട്. വ്യാജ പ്രചാരണത്തിന്‌ പുതുരീതികളും അവർ സ്വീകരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ യൂണിയനെതിരെ അപവാദം പരത്താൻ പണം കൊടുത്തു തന്നെ ആളുകളെ നിയോഗിച്ചതായി സൂചനയുണ്ട്. ഇന്നലെ ഉണ്ടായ സംഭവമെന്ന മട്ടിൽ, മൂന്നുവർഷം പഴക്കമുള്ള ഒരു വീഡിയോ, പ്രചരിപ്പിക്കപ്പെട്ടത് ഈ സംവിധാനം ഉപയോഗിച്ചാണ്.

പണിമുടക്കിൽ മുത്തൂറ്റിലെ തൊഴിലാളികൾ ഇല്ലെന്നും സിഐടിയു പുറമെനിന്ന് ആളുകളെ കൊണ്ടുവന്ന് ശാഖകൾ പൂട്ടിക്കുകയാണെന്നും പ്രചാരണമുണ്ട്. എന്നാൽ, തൊഴിൽ തർക്ക നിയമത്തിന്റെ പരിധിയിൽപ്പെടുന്ന ഭൂരിപക്ഷം ജീവനക്കാരും സംഘടനയിലുണ്ടെന്ന്‌ യൂണിയൻ ചൂണ്ടിക്കാട്ടുന്നു. രഹസ്യ ബാലറ്റിലൂടെ റഫറണ്ടം നടത്തിയാൽ ഇത് തെളിയുമെന്നും സംഘടന അറിയിക്കുന്നു. എന്നാൽ, ഇതിനൊന്നും മറുപടി പറയാതെ കമ്പനി നുണ തുടരുകയാണ്. സംഘടന വന്നതോടെ സ്ഥാപനം നഷ്ടത്തിലേക്ക് നീങ്ങുന്നുവെന്നും പ്രചരിപ്പിക്കാൻ ശ്രമമുണ്ട്. എന്നാൽ, 2016ൽ മുത്തൂറ്റ് ഫിനാൻസിൽ സിഐടിയു യൂണിയൻ നിലവിൽ വന്ന ശേഷമാണ് ലാഭം 2100 കോടി കടന്നതെന്ന്‌ കമ്പനി രേഖകൾ വ്യക്തമാക്കുന്നു.

മുത്തൂറ്റിലെ സമരത്തോടെ കേരളം തൊഴിലുടമാ സൗഹൃദമല്ലാത്ത സംസ്ഥാനമായി മാറുമെന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട്. രാജ്യത്തെ നിയമങ്ങൾ പാലിച്ച് തൊഴിലാളിക്ക് അർഹതപ്പെട്ട വേതനം നൽകുന്ന ഏത് തൊഴിലുടമയ്‌ക്കും കേരളം തികച്ചും സൗഹാർദപരം തന്നെയാകും

ഇന്നത്തെ കേരളത്തിന്‌ അംഗീകരിക്കാനാകാത്ത സമീപനമാണ് മുത്തൂറ്റ് മുതലാളിയുടേത്. 30 ദിവസത്തോളമായി സമരരംഗത്തുള്ള തൊഴിലാളികൾ തികച്ചും നിയമപരമായ സമരരീതികളാണ് പിന്തുടരുന്നത്. മാനേജ്മെന്റിന്റെ പ്രകോപനങ്ങളിൽ കുടുങ്ങാതെ അവർ സമരരംഗത്ത് ഉറച്ചുനിൽക്കുകയാണ്. ഇത്തരം സമരങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ളവരാണ് കേരളത്തിലെ തൊഴിലാളിവർഗം. മുത്തൂറ്റ് സമരത്തിനും ഈ പിന്തുണ ലഭിക്കണം. കേരളം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ട സമരമാണിത്. മുത്തൂറ്റിലെ സമരത്തോടെ കേരളം തൊഴിലുടമാ സൗഹൃദമല്ലാത്ത സംസ്ഥാനമായി മാറുമെന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട്. രാജ്യത്തെ നിയമങ്ങൾ പാലിച്ച് തൊഴിലാളിക്ക് അർഹതപ്പെട്ട വേതനം നൽകുന്ന ഏത് തൊഴിലുടമയ്‌ക്കും കേരളം തികച്ചും സൗഹാർദപരം തന്നെയാകും. എന്നാൽ, 18–-ാം നൂറ്റാണ്ടിലെ പിന്തിരിപ്പൻ മുതലാളിയുടെ മനോനിലയുള്ള വ്യവസായികൾക്ക് ഇവിടം അത്ര സുഖപ്രദമാകില്ല. അതാണ്‌ ഈ നാടിന്റെ ചരിത്രം. മുത്തൂറ്റ് മുതലാളിയും അത് അറിഞ്ഞിരിക്കണം.

മുത്തൂറ്റ് തൊഴിലാളികളുടെ സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയ ഐക്യദാർഢ്യ പ്രകടനങ്ങൾ ഈ സമരത്തിനുള്ള തൊഴിലാളി പിന്തുണ വ്യക്തമാക്കുന്നു. വരുംദിവസങ്ങളിൽ മറ്റു ജനവിഭാഗങ്ങളിൽ നിന്നുകൂടി  സമരത്തിലുള്ള തൊഴിലാളികൾക്ക് പിന്തുണയുണ്ടാകുമെന്നത് ഉറപ്പാണ്. രണ്ടുവട്ടം അനുരഞ്ജന ചർച്ച നടത്തിയ തൊഴിൽ മന്ത്രി ഒത്തുതീർപ്പിന് വീണ്ടും മുൻകൈയെടുക്കുമെന്ന് വ്യക്‌തമാക്കിയിരുന്നു. അത്തരത്തിലുള്ള ഒത്തുതീർപ്പ് ചർച്ചകൾ വൈകാതെ ഉണ്ടാകുമെന്നും പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top