02 June Friday

വിശ്വാസ്യതയുടെ പ്രതീകമായി സഹകരണ പ്രസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2017

നോട്ടുനിരോധനത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ നടന്ന ശ്രമങ്ങള്‍ ആസൂത്രിതമായിരുന്നുവെന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാക്ഷ്യപത്രം. സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളതായോ ക്രമക്കേടുകള്‍ നടക്കുന്നതായോ കണ്ടെത്തിയിട്ടില്ലെന്ന് ഇന്ത്യയുടെ കേന്ദ്രബാങ്കുതന്നെ വ്യക്തമാക്കിയിരിക്കുന്നു. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളുമാണ് സഹകരണ ബാങ്കുകള്‍ക്കെതിരെ കൊണ്ടുപിടിച്ച പ്രചാരണം നടത്തിയത്. തീവ്രവാദികളുടെയും കള്ളപ്പണക്കാരുടെയും സമ്പത്ത് ഒളിച്ചുസൂക്ഷിക്കുന്നത് സഹകരണ സ്ഥാപനങ്ങളിലാണെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്. ബാങ്കിങ് രംഗത്ത് ഉള്‍പ്പെടെ സഹകരണ  പ്രസ്ഥാനം സര്‍വവ്യാപിയായി പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനം കേരളമാണ്്. പൊതുജനാധിപത്യവേദികളിലെന്നപോലെ ബഹുഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളുടെയും നേതൃത്വം സിപിഐ എമ്മിനാണെങ്കിലും എല്‍ഡിഎഫിലെയും യുഡിഎഫിലെയും മറ്റു കക്ഷികള്‍ക്ക് ഈ മേഖലയിലുള്ള പങ്ക് ചെറുതല്ല. എന്നാല്‍ ബിജെപിക്കാകട്ടെ നാമമാത്ര സ്വാധീനമേ സഹകരണ മേഖലയിലുള്ളൂ. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതിനാലാണ് സിപിഐ എമ്മിന് സഹകരണ പ്രസ്ഥാനത്തിലും നേതൃപരമായ പങ്ക് വഹിക്കാന്‍ സാധിക്കുന്നത്. ബിജെപിക്ക്വശമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനശൈലിയാണിത്. ഈ ക്ഷീണം തീര്‍ക്കാന്‍ കേന്ദ്രഭരണം ഉപയോഗിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും അതുവഴി സിപിഐ എമ്മിനും പോറലേല്‍പിക്കാന്‍ പറ്റുമോ എന്നതാണ് ബിജെപിയുടെ നോട്ടം. ഈ കുതന്ത്രം വിജയം കണ്ടിരുന്നുവെങ്കില്‍ ലോകമാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അന്ത്യം കുറിക്കപ്പെടുമായിരുന്നു. അത്തരത്തിലുള്ള വരിഞ്ഞുമുറുക്കലും അപവാദ പ്രചാരണവുമാണ് ഒരേ സമയം ഇവിടെ നടന്നത്.

നോട്ടുനിരോധനം പ്രഖ്യാപിച്ച ആദ്യ ദിനങ്ങളില്‍ മാറി നല്‍കല്‍ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്ക്  സ്വാതന്ത്യ്രമുണ്ടായിരുന്നു. പടിപടിയായി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുവീണു. അസാധുനോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനുള്ള സ്വാതന്ത്യ്രംപോലും ഇല്ലാതായി. അതുവരെ സ്വീകരിച്ച 4800 കോടിരൂപ മാറിക്കൊടുക്കാന്‍പോലും റിസര്‍വ്ബാങ്ക് സന്നദ്ധമായില്ല. കോടികളുടെ ബിസിനസ് നടത്തിവന്നിരുന്ന  സഹകരണ റൂറല്‍ ബാങ്കുകള്‍ക്കുപോലും ആഴ്ചയില്‍ ലഭിച്ചത് വ്യക്തികള്‍ക്ക് നല്‍കുന്ന 24000 രൂപമാത്രം. ആര്‍ബിഐ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവന്ന ജില്ലാ സഹകരണ ബാങ്കുകളെ പോലും അനങ്ങാന്‍ അനുവദിച്ചില്ല. കോടിക്കണക്കിന് രൂപയുടെ അസാധുനോട്ടുകളുമായി ജില്ലാബാങ്കുകള്‍ വീര്‍പ്പുമുട്ടി. ഇങ്ങനെ കടുത്ത പ്രതികാര നടപടി തുടരുന്നതിനിടയിലും സ്വകാര്യ ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് ഇഷ്ടംപോലെ കറന്‍സി കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കി. അന്യായമായ ഈ വിവേചനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചാണ് ജില്ലാസഹകരണ ബാങ്കുകള്‍ ചില ഇളവുകള്‍ നേടിയെടുത്തത്. ജില്ലാ ബാങ്കുകളുടെ കൈവശമുണ്ടായിരുന്ന അസാധു നോട്ടുകള്‍ സ്വീകരിച്ച് മാറ്റിക്കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. മറ്റു നിയന്ത്രണങ്ങളിലും ഇളവുവരുത്തി.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനുനേരെ വാളോങ്ങിയ സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പിനാണ് കേരളം സാക്ഷ്യംവഹിച്ചത്. എല്‍ഡിഎഫ് ഗവണ്‍മെന്റും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഈ പോരാട്ടത്തില്‍ പങ്കാളികളായി. സഹകരണ ബാങ്കുകള്‍ ഇടപാടുകാരെ തിരിച്ചറിയുന്നില്ലെന്നും (കെവൈസി) ആദായനികുതി വകുപ്പുമായി സഹകരിക്കുന്നില്ലെന്നുമുള്ള ആരോപണത്തിന്റെ മുനയൊടിക്കുന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടു. രണ്ടു കാര്യങ്ങളും നിര്‍ബന്ധമാക്കി സഹകരണവകുപ്പ് ഉത്തരവിട്ടു. ഇതിന് കേരളത്തിലെ ഒരു സഹകരണബാങ്കും വിമുഖത കാട്ടിയില്ല. കാരണം വ്യക്തമാണ്. തിരിച്ചറിയപ്പെടാത്ത ഒരു നിക്ഷേപകനും ഇടപാടുകാരനും കേരളത്തിലെ സഹകരണ ബാങ്കുകളിലില്ല. കള്ളപ്പണ ശേഖരം എന്ന കെട്ടുകഥ പൊളിഞ്ഞത് റിസര്‍വ് ബാങ്കിന്റെതന്നെ പരിശോധനയിലാണ്. തുടര്‍ച്ചയായി നടന്ന പരിശോധനകളില്‍ ഒരിടത്തുനിന്നും അസാധാരണമോ ക്രമരഹിതമോ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇക്കാര്യം നേരത്തെ പുറത്തുവന്നെങ്കിലും വിവരാവകാശ രേഖയിലൂടെ ഇപ്പോള്‍ റിസര്‍വ് ബാങ്കുതന്നെ സ്ഥിരീകരിച്ചിരിക്കുന്നു.

ബിജെപി ഭരണം ആഗ്രഹിച്ചത് നടന്നില്ലെങ്കിലും നോട്ടുപിന്‍വലിക്കലും അനന്തര നടപടികളും ഗുരുതരമായ പ്രത്യാഘാതം തന്നെയാണ് ജനജീവിതത്തിലെന്നപോലെ സഹകരണ മേഖലയിലും സൃഷ്ടിച്ചത്. ഗ്രാമീണ ബാങ്കിങ് മേഖലയുടെ ആണിക്കല്ലായ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇപ്പോഴും സ്തംഭിച്ചു നില്‍ക്കുകയാണ്. പണംപിന്‍വലിക്കലിന് 24.000 രൂപ എന്ന വ്യക്തിഗത പരിധിതന്നെയാണ് ഇപ്പോഴും സഹകരണ ബാങ്കുകള്‍ക്കും തുടരുന്നത്. വായ്പ നല്‍കലോ തിരിച്ചടവോ കഴിഞ്ഞ രണ്ടുമാസമായി നടക്കുന്നില്ല. ജില്ലാബാങ്കുകള്‍ക്കാകട്ടെ സംസ്ഥാന സഹകരണ ബാങ്കുവഴി 300 കോടിയിലേറെ രൂപയുടെ കറന്‍സി ലഭിച്ചതുതന്നെ സുപ്രീംകോടതി വിധി വന്നതിനുശേഷമാണ്. ഇതാകട്ടെ, അവര്‍ക്കാവശ്യമായ പണത്തിന്റെ നാലിലൊന്നുപോലും വരില്ല.

ഇത്രയൊക്കെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടും കേരളത്തിലെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയ്ക്ക് നേരിയ പോറല്‍പോലും ഏറ്റില്ലെന്നത് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉദയംചെയ്ത്  ജനങ്ങളുടെ ജീവിതത്തിന് തണലേകുകയും പടുത്തുയര്‍ത്തുകയും ചെയ്ത സഹകരണ പ്രസ്ഥാനം ഈ പരീക്ഷണ ഘട്ടത്തെയും അതിജീവിക്കും. ഒപ്പം പുതിയ കാലത്തിന്റെ വെല്ലുവിളികളും ഏറ്റെടുക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top