26 January Sunday

കേതന്‍ ദേശായിമാര്‍ക്ക് മൂക്കുകയറിടുന്ന വിധി

ഡോ. ജെ പ്രസാദ്Updated: Wednesday May 18, 2016

രാജ്യത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനം സംബന്ധിച്ച് 2016 ഏപ്രില്‍ 28നും തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളിലും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നടത്തിയ സുപ്രധാന വിധികളും നിരീക്ഷണങ്ങളും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുന്നു. കഴിഞ്ഞ അരദശാബ്ദത്തിലേറെയായി മെഡിക്കല്‍/ഡെന്റല്‍ ബിരുദതല പ്രവേശനം സംബന്ധിച്ച് നിലനിന്ന അനിശ്ചിതത്ത്വത്തിന് ജസ്റ്റിസ് അനില്‍ ആര്‍ ദവെയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് താല്‍ക്കാലികമായി അറുതിവരുത്തി എന്നുവേണം കരുതാന്‍. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ഏതാനും കേസുകള്‍ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇത് സംബന്ധിച്ച വ്യവഹാരം ഇനിയും തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളുടെ ആശങ്ക അവസാനിച്ചിട്ടില്ല.

ഇരുപത്തെട്ടിന്റെ വിധിയോടെ രാജ്യത്താകെയുള്ള മെഡിക്കല്‍/ഡെന്റല്‍ പ്രവേശനത്തിന് ഒറ്റ പ്രവേശനപരീക്ഷ (NEET-National Eligibiltiy cum Entrance Test) നടത്തുന്നതിന് 2010 ഡിസംബര്‍ 21ന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലും ഡെന്റല്‍ കൌണ്‍സിലും ഇറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാനടത്തിപ്പുമായി തല്‍ക്കാലം കേന്ദ്രസര്‍ക്കാരിന് മുന്നോട്ടുപോകാം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഈ ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളില്‍, ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ തീര്‍പ്പുകല്‍പ്പിച്ച് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് 2013ല്‍ വിധി പ്രസ്താവിച്ചിരുന്നു. അതിനെതിരെ സങ്കല്‍പ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ച ഭരണഘടനാ ബെഞ്ച്, 2010ലെ വിജ്ഞാപനം പുനഃസ്ഥാപിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ കീഴ്‌ക്കോടതികളില്‍ നിലനില്‍ക്കുന്ന ഹര്‍ജികളെല്ലാം അപ്രസക്തമായതായി കണക്കാക്കപ്പെടും. മാത്രമല്ല, ഇത് സംബന്ധിച്ച പരാതികള്‍ ഒന്നുംതന്നെ ഹൈക്കോടതികള്‍ കേള്‍ക്കേണ്ടതില്ലെന്നും സുപ്രീംകോടതി നിര്‍ദേശിക്കുന്നു. രാജ്യത്തെ 500ല്‍പ്പരം വരുന്ന മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ മൊത്തം സീറ്റുകള്‍ ഒറ്റ പൂളായി കണക്കാക്കും. മെയ് ഒന്നിനും ജൂലൈ 24നും രണ്ട് ഘട്ടമായി പരീക്ഷ നടത്താനാണ് മെഡിക്കല്‍ കൌണ്‍സിലിനോടും സിബിഎസ്സിയോടും സുപ്രീംകോടതി നിര്‍ദേശിച്ചത്. (മെയ് ഒന്നിന് നടന്ന പരീക്ഷയില്‍ ആറര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു). ഒന്നാംഘട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ കുട്ടികള്‍ക്ക് രണ്ടാംഘട്ടത്തില്‍ പങ്കെടുക്കാന്‍ അവസരവുമുണ്ട്. ഇരുപരീക്ഷകളുടെയും ഫലം ആഗസ്ത് 17ന് പ്രഖ്യാപിക്കാനും സെപ്തംബര്‍ മുപ്പതിനകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി ആവശ്യപ്പെട്ടു.

അഖിലേന്ത്യാതലത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നുവേണം ഭൂരിപക്ഷ/ന്യൂനപക്ഷ/സ്വകാര്യ/സര്‍ക്കാര്‍ ഭേദമെന്യേ എല്ലാ സ്ഥാപനങ്ങളും ഈവര്‍ഷം പ്രവേശനം നടത്താന്‍. മാനേജ്മെന്റ് ക്വോട്ടയിലേക്കും ഈ ലിസ്റ്റില്‍നിന്ന് മാത്രമേ പ്രവേശനം നടത്താന്‍ സാധിക്കൂ എന്നതുകൊണ്ടുതന്നെ റിട്ട് ഹര്‍ജികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത; പ്രത്യേകിച്ചും ടിഎംഎ പൈ ഫൌണ്ടേഷന്‍ കേസിലെ പതിനൊന്നംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ പ്രസക്തി നിലനില്‍ക്കുന്നിടത്തോളം. ഇപ്പോഴത്തെ വിധി അനുസരിച്ച് അഖിലേന്ത്യാ ക്വോട്ട തുടര്‍ന്നും നിലനില്‍ക്കും. സംസ്ഥാനങ്ങളില്‍ നിലവിലുള്ള സംവരണതത്വങ്ങളുംകൂടി പാലിച്ചാകും പ്രവേശനം നടത്തുക. ഏതെങ്കിലും സംവരണവിഭാഗങ്ങളില്‍ വേണ്ടത്ര കുട്ടികള്‍ ലഭ്യമല്ലെങ്കില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മിനിമം മാര്‍ക്കില്‍ ഇളവുവരുത്തും. പരീക്ഷയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിനുവേണ്ട എല്ലാ സഹായവും യഥാവിധി ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയതോടൊപ്പം എന്തെങ്കിലും പ്രതിബന്ധം നേരിടുന്നപക്ഷം നേരിട്ട് കോടതിയെ സമീപിക്കാനും ആവശ്യപ്പെടുന്നു.

കുത്തകതാല്‍പ്പര്യം സംരക്ഷിക്കുന്ന സര്‍ക്കാരുകള്‍

ഏപ്രില്‍ 28ന്റെ കോടതിവിധി രാജ്യത്തെ പുരോഗമനപ്രസ്ഥാനങ്ങളും സാധാരണജനങ്ങളും നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുകയുണ്ടായി. എന്നാല്‍, നീറ്റ്’ നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും ഈ വര്‍ഷം വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പുനഃപരിശോധനാഹര്‍ജി നല്‍കാന്‍ കേരളം ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളും മുന്നോട്ടുവന്ന സാഹചര്യം കോടതിയെപ്പോലും അമ്പരപ്പിച്ചു. എല്ലാവരെയും വിശദമായി കേട്ട കോടതി, മെയ് ഒമ്പതിന് അന്തിമ വിധി പ്രഖ്യാപിച്ചു. ഏപ്രില്‍ 28ന്റെ കോടതിവിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് പ്രസ്താവിച്ച കോടതി മേലില്‍ മെഡിക്കല്‍– ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ മാത്രമേ പരിഗണിക്കൂ എന്നുപറഞ്ഞ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളും നല്‍കിയ ഹര്‍ജികള്‍ തള്ളി.

മെയ് ഒന്നിന്റെ പരീക്ഷയില്‍ നന്നായി എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് അതിന്റെ ഫലം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ജൂലൈ ഇരുപത്തിനാലിന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. ചുരുക്കിപ്പറഞ്ഞാല്‍ ഇനിമുതല്‍ ന്യൂനപക്ഷ/ഭൂരിപക്ഷ മാനേജ്മെന്റുകള്‍ക്കോ അവരുടെ കണ്‍സോര്‍ഷ്യത്തിനോ മെഡിക്കല്‍/ഡെന്റല്‍ പരീക്ഷ നടത്താന്‍ അവകാശമില്ല. കോടതിവിധിയനുസരിച്ച് യഥാവിധി പരീക്ഷാ നടപടിക്രമങ്ങള്‍ നടക്കും. ഇതോടെ മെഡിക്കല്‍ സീറ്റിന് 50–60 ലക്ഷവും (ചിലപ്പോള്‍ അതില്‍ കൂടുതലും) ഡെന്റല്‍ സീറ്റിന് 20–30 ലക്ഷവും കോഴ വാങ്ങിക്കൊണ്ടിരിക്കുന്ന ലാഭക്കൊതിയന്മാരായ സ്വകാര്യമാനേജ്മെന്റുകള്‍ക്ക് അതിനുള്ള സാധ്യതയ്ക്ക് ചെറിയ മങ്ങലേറ്റു.

സ്വാഭാവികമായും ഈ വിധിക്കെതിരെ മാനേജ്മെന്റുകള്‍ അപ്പീല്‍ പോകുമെന്നത് ഉറപ്പാണ്. എന്നാല്‍, സാധാരണക്കാരായ വിദ്യാര്‍ഥികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കോടതിവിധിക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനുപകരം മാനേജ്മേന്റിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയതിന്റെ കാരണം കേരളജനതയെ ബോധ്യപ്പെടുത്തിയേ മതിയാകൂ. ഈ വര്‍ഷത്തെ സംസ്ഥാനതല പ്രവേശനപരീക്ഷ നടന്നുകഴിഞ്ഞു എന്നത് മുടന്തന്‍ന്യായം മാത്രമാണ്. പ്രവേശനപരീക്ഷാ കമീഷണര്‍ ബി എസ് മാവോജി വ്യക്തമാക്കിയതനുസരിച്ച് എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള ഹോമിയോ, ആയുര്‍വേദം, യുനാനി, സിദ്ധ, വെറ്റിനറി, ഫോറസ്ട്രി, ഫിഷറീസ്, അഗ്രിക്കള്‍ച്ചര്‍ എന്നിവയിലേക്കുള്ള പ്രവേശനം നടത്തുന്നതിന് ഒരു തടസ്സവുമില്ല.

വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത വിദ്യാഭ്യാസനിലവാരം നിലനില്‍ക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഏകീകൃത പരീക്ഷ നടത്തുന്നത് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുമെങ്കിലും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആനുപാതികമായ നീതി ലഭിക്കില്ല എന്നത് ഒരു വസ്തുതയാണ്.

മെഡിക്കല്‍ കൌണ്‍സില്‍ വെറും നോക്കുകുത്തി?

കോടതിവിധി കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ ചെയര്‍മാനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു എന്നത് മെഡിക്കല്‍ കൌണ്‍സിലിന്റെ മുഖത്തേറ്റ ശക്തമായ പ്രഹരമായി കണക്കാക്കണം. കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ അതൃപ്തി പ്രകടിപ്പിച്ച കോടതി, നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും വേണ്ടിവന്നാല്‍ കൌണ്‍സിലിന്റെ തീരുമാനങ്ങളെ ഓവര്‍ റൂള്‍ ചെയ്യാനും സമിതിക്ക് അധികാരംനല്‍കി. ഈ പശ്ചാത്തലത്തില്‍ വേണം 2013 സെപ്തംബര്‍ എട്ടിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് നടമാടുന്ന അഴിമതി സംബന്ധിച്ച് നടത്തിയ നിരീക്ഷണങ്ങളും പരിശോധിക്കാന്‍.

'സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്ന കേന്ദ്രനയംമൂലം ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് നീതിരഹിതമായ കീഴ്വഴക്കങ്ങളും നിയമലംഘനങ്ങളും വര്‍ധിച്ചുവരുന്നു. മെഡിക്കല്‍ ബിരുദ–ബിരുദാനന്തര ബിരുദപ്രവേശനത്തിന് കോടികള്‍ കോഴ വാങ്ങി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേവലം ധനകാര്യസ്ഥാപനങ്ങളായി അധഃപതിച്ചിരിക്കുന്നു' എന്നാണ് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും എ കെ സിക്രിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്. 2010ല്‍ പഞ്ചാബ് വെയര്‍ഹൌസിങ് കോര്‍പറേഷന്‍ ജീവനക്കാരനായ ഹര്‍ജീന്ദര്‍ സിങ്ങിന്റെ കേസ് പരിഗണിക്കവെ, ആഗോളവല്‍ക്കരണ– ഉദാരവല്‍ക്കരണ നയങ്ങളുടെ ആകര്‍ഷണമന്ത്രങ്ങളെ പിന്തുടരുന്ന വ്യഗ്രതയില്‍ സാധാരണക്കാരോടുള്ള അനുകമ്പ രാജ്യത്തെ കോടതികള്‍ക്ക് നഷ്ടമാകുന്നില്ലേ എന്ന് ജസ്റ്റിസുമാരായ സിംഗ്വിയും ഗാംഗുലിയും ആശങ്കപ്പെടുകയുണ്ടായി. അപൂര്‍വമായി സംഭവിക്കുന്ന ഈ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് പുത്തന്‍ സാമ്പത്തികനയങ്ങളുടെ സ്വാധീനം നമ്മുടെ നീതിന്യായവ്യവസ്ഥയെപ്പോലും പിടികൂടി എന്നാണ്. അങ്ങനെയുള്ള ഒരു സംവിധാനത്തിന്‍കീഴില്‍ ജനങ്ങള്‍ക്കാശ്വാസം നല്‍കുന്ന ഇത്തരം വിധികള്‍ വരുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നതിനു പകരം വിദ്യാഭ്യാസ മാഫിയകളെ സഹായിക്കുന്ന നിലപാടാണ് കേരളസര്‍ക്കാര്‍ കൈക്കൊണ്ടത്.

കേതന്‍ ദേശായിമാര്‍ ഇപ്പോഴും ശക്തരാണ്

ദീര്‍ഘകാലം ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ അധ്യക്ഷനായിരുന്ന ഡോ. കേതന്‍ ദേശായിയെ 2010ല്‍ രണ്ട് കോടിയുടെ കോഴപ്പണവുമായി സിബിഐ അറസ്റ്റ് ചെയ്യുകയുണ്ടായി. അയാളുടെ വീട്ടില്‍നിന്ന് ഒരു ടണ്ണോളം വരുന്ന സ്വര്‍ണവും നോട്ടുകെട്ടുകളും കണ്ടെടുത്ത വാര്‍ത്ത ഇനിയും മറക്കാറായിട്ടില്ല. അദ്ദേഹം ഒന്നും സംഭവിക്കാത്തവണ്ണം ഗുജറാത്ത് സര്‍ക്കാരിന്റെ  ആരോഗ്യവകുപ്പില്‍ ഇപ്പോഴും സസുഖം വാഴുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ബാധ്യതപ്പെട്ട മെഡിക്കല്‍ കൌണ്‍സില്‍ അന്നും ഇന്നും ആരോപണങ്ങളുടെ കരിനിഴലിലാണ്. അവയെല്ലാം ശരിവയ്ക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോഴും ലോക്സഭയുടെ മേശപ്പുറത്തുതന്നെ വിശ്രമിക്കുന്ന സാഹചര്യത്തിലാണ് പരമോന്നത കോടതി അതിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മെഡിക്കല്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ ഇടപെടാനും പ്രത്യേക സമിതിയെ നിയോഗിച്ചത്. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ മൊത്തം സീറ്റിന്റെ 50 ശതമാനം സര്‍ക്കാര്‍ ക്വോട്ടയാക്കി മാറ്റിയ മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി ശരിവച്ച ഹൈക്കോടതി വിധി ചോദ്യംചെയ്ത് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളഞ്ഞാണ്, മെഡിക്കല്‍ കൌണ്‍സിലിന്റെ മുകളില്‍ മൂക്കുകയറിട്ടുള്ള സുപ്രീംകോടതി വിധി.

പ്രധാന വാർത്തകൾ
 Top