01 October Sunday

അഴിമതിക്ക്‌ പാലമിട്ട യുഡിഎഫ്‌ ഭരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


ഉപയോഗയോഗ്യമല്ലെന്ന്‌ വിദഗ്‌ധ പരിശോധനയിൽ വ്യക്തമായ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുമാറ്റി പുതിയത്‌ നിർമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്‌ നിരവധി മാനങ്ങളുണ്ട്‌. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൊച്ചി നഗരത്തിന്‌ ആശ്വാസം പകരാൻ എത്രയും പെട്ടെന്ന്‌  ഫലപ്രദമായ നടപടി സ്വീകരിക്കുകയെന്നതാണ്‌ ഇതിൽ പ്രധാനം. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ ഒരു വർഷംകൊണ്ട്‌ പുതിയ പാലം യാഥാർഥ്യമാക്കുകയാണ്‌ ലക്ഷ്യം. അഞ്ഞൂറ്‌ വർഷംവരെ  നിലനിൽക്കുന്നതാണ്‌ ഇത്തരം നിർമാണങ്ങൾ. എന്നാൽ, വൻദുരന്തത്തിന്‌ വഴിവയ്‌ക്കാവുന്നവിധം അപകടകരമായ നിലയിൽ, നഗരമധ്യത്തിൽ ഇങ്ങനെയൊരു പാലം നിർമിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള നിശ്‌ചയദാർഢ്യത്തിന്റെ തുടർച്ചകൂടിയാണ്‌ സർക്കാർ തീരുമാനം. ഈ കൊടിയ ജനവഞ്ചനയ്‌ക്ക്‌ കാരണക്കാരായവർക്ക്‌ പരമാവധി  ശിക്ഷ ഉറപ്പാക്കുകയും നഷ്‌ടപരിഹാരം  ഈടാക്കുകയും ചെയ്യാനുള്ള നടപടിയാണ്‌ ജനങ്ങൾ പ്രതീക്ഷിക്കുന്നത്‌.

പാലം നിർമാണത്തിലെ അഴിമതിയും അധികാര ദുർവിനിയോഗവും പുറത്തുകൊണ്ടുവരുന്നതിന്‌ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചത്‌. കേസ്‌ അന്വേഷിക്കുന്ന വിജിലൻസ്‌ മുൻഗതാഗത സെക്രട്ടറി ടി ഒ സൂരജ്‌, കരാറുകാരായ ആർഡിഎസ്‌  കമ്പനി എംഡി സുമിത്‌ ഗോയൽ, കിറ്റ്‌കോ ജോയിന്റ്‌ ജനറൽ മാനേജർ ബെന്നി പോൾ, ആർബിഡിസികെ മുൻ എജിഎം എം ടി തങ്കച്ചൻ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തത്‌ അന്വേഷണം ശരിയായ ദിശയിലാണെന്ന്‌ സൂചിപ്പിക്കുന്നു. അഴിമതി ഉദ്യോഗസ്ഥതലത്തിൽ ഒതുങ്ങുന്നതല്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ തുടക്കംമുതലുള്ള സംഭവവികാസങ്ങൾ. അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ ഉൾപ്പെടെ ഭരണത്തിന്റെ ഉന്നതങ്ങളിൽതന്നെയാണ്‌ അഴിമതിയുടെ വേരുകളെന്ന സംശയം ഉയർന്നിട്ടുണ്ട്‌.

എൻഎച്ച്‌ അതോറിറ്റിയാണ്‌  ദേശീയപാതയിലെ നിർമാണം സാധാരണ നടത്താറുള്ളത്‌. എന്നാൽ, പതിവിൽനിന്ന്‌ വ്യത്യസ്‌തമായി സംസ്ഥാന സർക്കാർ  നേരിട്ട്‌ നിർമാണച്ചുമതല ഏറ്റെടുത്തത്‌ ക്രമക്കേടുകൾക്ക്‌ വഴിതുറന്നു.

ദേശീയപാതയിലെ പാലാരിവട്ടം ജങ്‌ഷനിൽ ഗതാഗതതടസ്സം ഒഴിവാക്കുന്നതിനായി കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്താണ്‌ പാലം നിർമിക്കാൻ തീരുമാനിച്ചത്‌. എൻഎച്ച്‌ അതോറിറ്റിയാണ്‌  ദേശീയപാതയിലെ നിർമാണം സാധാരണ നടത്താറുള്ളത്‌. എന്നാൽ, പതിവിൽനിന്ന്‌ വ്യത്യസ്‌തമായി സംസ്ഥാന സർക്കാർ  നേരിട്ട്‌ നിർമാണച്ചുമതല ഏറ്റെടുത്തത്‌ ക്രമക്കേടുകൾക്ക്‌ വഴിതുറന്നു. കൊച്ചി കോർപറേഷൻ ‘ജനറം’ പദ്ധതിയിൽ പാലംപണി ഏറ്റെടുക്കാൻ തയ്യാറായെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇടപെട്ട്‌ ഒഴിവാക്കി. 2013ലെ ടെൻഡർ നടപടികളിൽ കള്ളക്കളി തുടങ്ങി. പദ്ധതിക്ക്‌ ഒറ്റപ്പൈസ മുൻകൂർ നൽകില്ലെന്ന്‌ ധരിപ്പിച്ചാണ്‌ പ്രധാന കരാറുകാരെ പിൻമാറ്റിയത്‌്‌. എന്നാൽ, കരാർ ഉറപ്പിച്ച ആർഡിഎസിന്‌ 8.25 കോടിരൂപ വൈകാതെ അഡ്വാൻസ്‌ നൽകി. സ്ഥലമെടുപ്പ്‌ അടക്കം പാലത്തിന്റെ മൊത്തം അടങ്കൽ 72 കോടിയായിരുന്നു. ഇതിൽ കരാറുകാരൻ കൈപ്പറ്റിയത്‌ 35 കോടി.

ഡിസൈനിങ് മുതൽ എല്ലാ ഘട്ടത്തിലും ക്രമക്കേട്‌ പ്രത്യക്ഷമാണ്‌. ഇത്രയും പ്രധാനപ്പെട്ട ഒരു നിർമാണ പ്രവൃത്തിയുടെ ഗുണനിലവാരം അവലോകനം ചെയ്യാനോ വീഴ്‌ചകൾ തിരുത്താനോ ഒരുഘട്ടത്തിലും സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന്‌ ഇടപെടലുണ്ടായില്ല. ചുമതലപ്പെട്ട റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷനും കൺസൾട്ടന്റായ കിറ്റ്‌കോയും കുറ്റകരമായാണ്‌ പ്രവർത്തിച്ചത്‌. ഭാരം കയറ്റിയ വാഹനങ്ങൾ സഞ്ചരിക്കേണ്ട 620 മീറ്റർ പാലത്തിന്‌ ആവശ്യമായ സിമന്റും കമ്പിയുംപോലും ഉപയോഗിച്ചില്ലെന്നത്‌  ലജ്ജാകരമാണ്.  ചെന്നൈ  ഐഐടിയും  മെട്രോമാൻ  ഇ ശ്രീധരനും നടത്തിയ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വസ്‌തുതകളാണ്‌ കണ്ടെത്തിയത്‌. 102 ഗർഡറിൽ 97നും വിള്ളലുകൾ ഉണ്ട്‌. 2014 ൽ ആരംഭിച്ച പണി തെരഞ്ഞെടുപ്പിനുമുമ്പ്‌ പൂർത്തിയാക്കണമെന്ന ഒറ്റ ലക്ഷ്യമേ ഭരണാധികാരികൾക്ക്‌ ഉണ്ടായിരുന്നുള്ളൂ. അതിനിടയിൽ പാലം നിർമാണത്തിന്റെ അടിസ്ഥാന കാര്യങ്ങൾപോലും പാലിക്കാത്ത കരാറുകാർക്ക്‌ യുഡിഎഫ്‌ ഭരണത്തിൽ ഒരു മുട്ടുമുണ്ടായില്ല. മുഴുവൻ കരാർ തുകയും കൈപ്പറ്റാൻ അവർക്ക്‌ സാധിച്ചത്‌ ഗുണനിലവാര പരിശോധനയ്‌ക്ക്‌ ചുമതലപ്പെട്ടവരുടെ ഒത്താശ കൊണ്ടാണ്‌.

20 കോടിയോളം ചെലവഴിച്ചാൽ ഗതാഗത യോഗ്യമാക്കാമെങ്കിലും എത്രനാൾ തുടരാനാകുമെന്നതിൽ ഉറപ്പുനൽകാനാകില്ലെന്നാണ്‌ ചെന്നൈ ഐഐടിയുടെ റിപ്പോർട്ട്‌. ഇതാണ്‌ പാലം പൊളിച്ചുപണിയുക എന്ന നിർണായക തീരുമാനത്തിലേക്ക്‌ സർക്കാരിനെ നയിച്ചത്‌.

തെരഞ്ഞെടുപ്പിനുമുമ്പ്‌ ഉദ്‌ഘാടനം സാധിച്ചില്ലെങ്കിലും അഴിമതിയുടെ വിഹിതം ബന്ധപ്പെട്ടവർക്കെല്ലാം ഉറപ്പുവരുത്തത്തക്കവിധം നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തിയാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. റോഡ്‌സ്‌ ഫണ്ട്‌ ബോർഡും റോഡ്‌സ്‌ ബ്രിഡ്‌ജസ്‌ കോർപറേഷനും ഇതിൽ പങ്കുവഹിച്ചതായി വിജിലൻസ്‌ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. 2016 ൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. രണ്ട്‌ വർഷമാകുമ്പോഴേക്കും  പാലത്തിന്റെ ബലക്ഷയം പ്രകടമായി. സ്‌പാൻ, സ്ലാബ്‌, പിയർ, പിയർക്യാപ്പ്‌ തുടങ്ങി സുപ്രധാന ഘടകങ്ങല്ലൊം തകർച്ചയിലാണെന്ന്‌ ഇ ശ്രീധരനും ചെന്നൈ ഐഐടിയും സാക്ഷ്യപ്പെടുത്തി.  2019 മെയ്‌ ഒന്നിന്‌ പാലം അടച്ചു. അറ്റകുറ്റപ്പണി നടത്തി ഉടനെ തുറക്കാനാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. 20 കോടിയോളം ചെലവഴിച്ചാൽ ഗതാഗത യോഗ്യമാക്കാമെങ്കിലും എത്രനാൾ തുടരാനാകുമെന്നതിൽ ഉറപ്പുനൽകാനാകില്ലെന്നാണ്‌ ചെന്നൈ ഐഐടിയുടെ റിപ്പോർട്ട്‌. ഇതാണ്‌ പാലം പൊളിച്ചുപണിയുക എന്ന നിർണായക തീരുമാനത്തിലേക്ക്‌ സർക്കാരിനെ നയിച്ചത്‌.

നൂറ്റാണ്ടുകൾ നിലനിൽക്കേണ്ട വലിയപാലം രണ്ടുവർഷംകൊണ്ട്‌ നിലംപൊത്താനായത്‌ കേൾവിയില്ലാത്ത സംഭവമാണ്‌. യുഡിഎഫ്‌ ഭരണം ഇതിലും വലിയ ക്രൂരത ജനങ്ങളോട്‌ ചെയ്‌താലും അത്ഭുതമില്ല. ചക്കരക്കുടത്തിൽ കൈയിടാനും അതു നക്കാനും മാത്രമുള്ള അവസരമാണ്‌ അവർക്ക്‌ ഭരണം. ജനങ്ങളുടെ നികുതിപ്പണമാണ്‌ ഇവർ കൊള്ളയടിച്ചത്‌. ഇതിന്‌ ഉത്തരവാദികൾ  ഏതാനും ഉദ്യോഗസ്ഥർമാത്രമല്ല. അന്നത്തെ ഭരണനേതൃത്വത്തിൽ പലരും ഈ തീവെട്ടിക്കൊള്ളയിൽ പങ്കാളികളാണ്‌. അവരുടെയെല്ലാം കരങ്ങളിൽ വിലങ്ങു വീഴണം. ഒപ്പം പുതിയ പാലം സമയബന്ധിതമായി പണിതീർക്കണം. പുതിയപാലത്തിന്റെ ഡിസൈനും എസ്‌റ്റിമേറ്റും മുതൽ നിർമാണത്തിന്റെ എല്ലാ ചുമതലയും ഇ ശ്രീധരനെ എൽപ്പിക്കാനുള്ള തീരുമാനം മാതൃകാപരമാണ്‌. ജനവിശ്വാസവും  ഉദ്യോഗസ്ഥ സംവിധാനത്തെ നേരായി നയിക്കാനുള്ള ഇച്ഛാശക്തിയും പിണറായി മന്ത്രിസഭയ്‌ക്കുണ്ട്‌. അതുകൊണ്ടാണ്‌ ഈ ഭരണത്തിൽ ഉയരുന്നത്‌ പഞ്ചവടിപ്പാലമാകില്ലെന്ന്‌ ജനങ്ങൾ വിശ്വസിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top