07 December Wednesday

വര്‍ഗീയ ധ്രുവീകരണത്തിന് നുണയുടെ വഴി

വെബ് ഡെസ്‌ക്‌Updated: Saturday Jul 16, 2016

മുഹമ്മദ് അഖ്ലാക് എന്ന കുടുംബനാഥനെ ഇടിച്ചുകൊന്ന് 'ഗോമാതാ സംരക്ഷണ'ത്തിന് ഇറങ്ങിത്തിരിച്ചവര്‍, അഖ്ലാക്കും കുടുംബവും ഭക്ഷിച്ചത് ഗോമാംസം ആയിരുന്നില്ല എന്ന ശാസ്ത്രീയ കണ്ടെത്തലോടെ പിന്‍വാങ്ങുകയല്ല ചെയ്തത്. ആ കുടുംബത്തിന്റെ അടുക്കളയില്‍നിന്ന് കണ്ടെടുത്ത മാംസം പശുവിന്റേതാണെന്ന് സ്ഥാപിക്കാന്‍ അവിശ്വസനീയമായ വഴികളിലൂടെ സംഘപരിവാര്‍ സഞ്ചരിച്ചു. യഥാര്‍ഥ ലാബ് പരിശോധനാഫലത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഏറ്റവുമൊടുവില്‍ കൊലയാളികള്‍തന്നെ പുതിയ കഥ മെനയുകയാണ്. ദാദ്രിയില്‍ തല്ലിക്കൊന്ന അഖ്ലാക്കിന്റെ കുടുംബത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ ഹിന്ദുത്വവാദികള്‍ കോടതി ഉത്തരവ് സമ്പാദിച്ചിരിക്കുന്നു. പശുവിനെ കൊന്നതായി ആരോപിച്ച് അയല്‍വാസികളെ കൊണ്ട് പരാതി കൊടുപ്പിച്ച് കള്ളക്കേസുണ്ടാക്കിയത് പ്രാദേശിക കോടതിയില്‍നിന്ന് ആ കുടുംബത്തെ വീണ്ടും വേട്ടയാടാനുള്ള ഉത്തരവ്്് സമ്പാദിച്ച്.

അഖ്ലാക്കിന്റെ സഹോദരന്‍ പശുവിന്റെ കഴുത്തറുത്തെന്നും അഖ്ലാക്കും മകനും ചേര്‍ന്ന് പശുവിനെ മര്‍ദിച്ചെന്നും സഹോദരന്‍ പശുവിനെ കൊല്ലുമ്പോള്‍ അഖ്ലാക് അതിനെ തള്ളിയിട്ടുവെന്നും ഗ്രാമീണരില്‍നിന്ന് മൊഴികളുണ്ടാക്കിയാണ് ഒരു കൊലപാതകത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമാകാത്ത കുടുംബത്തിനുനേരെ തുടരാക്രമണം നടത്തുന്നത്. സംഘപരിവാര്‍ സംഘടനകളാണ് പുതിയ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെ. അടുത്ത ഏപ്രില്‍–മെയ് മാസങ്ങളില്‍ യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള വര്‍ഗീയധ്രുവീകരണ നീക്കത്തിന്റെ ഒരുഭാഗമാണ് ദാദ്രിയില്‍ തുടങ്ങിയത്. ഉത്തര്‍പ്രദേശിലാകെ ബജ്രംഗ്ദള്‍ ആയുധപരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

നിസ്സാരവിഷയങ്ങളെ ഊതിവീര്‍പ്പിച്ച് വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം ആ സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നു. മഥുരയിലെ ഫോറന്‍സിക് ലാബില്‍നിന്ന് സമ്പാദിച്ച പരിശോധനാറിപ്പോര്‍ട്ട് വച്ച് അഖ്ലാക് കഴിച്ചത് മാട്ടിറച്ചിയാണെന്ന പ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് പുതിയ കേസ്. അതുവഴി ഗോഹത്യ നടന്നെന്ന് സ്ഥാപിക്കാനും അതിന്റെപേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിയാനുമാണ് ശ്രമം. ഈ പ്രചാരണം ഏറ്റെടുത്ത് നിരവധി യോഗങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ സംഘടിപ്പിക്കുന്നുണ്ട്. ശാംലിയിലെ കൈരാനയില്‍ ഹിന്ദുക്കള്‍ കൂട്ടത്തോടെ പലായനംചെയ്യുന്നു എന്ന നുണക്കഥ ഇതിന്റെ മറ്റൊരു ഭാഗമായിരുന്നു. കൈരാന സന്ദര്‍ശിച്ച് വസ്തുതകള്‍ അന്വേഷിച്ച വിവിധ രാഷ്ട്രീയ പാര്‍ടികളുടെ നേതൃസംഘത്തിന് അത്തരമൊരു പലായനത്തിന്റെ സൂചനപോലും കണ്ടെത്താനായില്ല. മുപ്പതുവര്‍ഷത്തിനിടെ വന്‍ നഗരങ്ങളിലേക്ക് കുടിയേറിയ ആളുകളുടെ പേര് ഉള്‍ക്കൊള്ളുന്ന പട്ടിക കാണിച്ച് അത് ഹിന്ദുക്കളുടെ കൂട്ടപ്പലായനമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ബിജെപി ബോധപൂര്‍വം ശ്രമിക്കുകയായിരുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപി സ്വീകരിച്ചത് വര്‍ഗീയതയുടെ മാര്‍ഗമായിരുന്നു. മുസഫര്‍നഗര്‍ കലാപം അതിന്റെ സൃഷ്ടിയാണ്. യുപിയില്‍ മാത്രമല്ല രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം നീക്കങ്ങളുണ്ടാകുന്നു. അതോടൊപ്പം വര്‍ഗീയ–ഭീകര ആക്രമണ കേസുകളില്‍നിന്ന് സംഘപരിവാറുമായി ബന്ധമുള്ളവരെ മോചിപ്പിക്കാന്‍ ഭരണയന്ത്രം ദുരുപയോഗിക്കുന്നു. മാലേഗാവ് ഭീകരാക്രമണത്തില്‍ മുഖ്യപ്രതികളായിരുന്ന സാധ്വി പ്രഗ്യാസിങ്ങിനെ ഉള്‍പ്പെടെ കുറ്റവിമുക്തരാക്കിയ നടപടി അതിലൊന്നുമാത്രം. ഹിന്ദുത്വ ഭീകരസംഘടനകള്‍ക്കെതിരായ കേസുകള്‍ ദുര്‍ബലപ്പെടുത്തുകയാണ്. ജനാധിപത്യത്തിന്റെയും സാമൂഹികബന്ധങ്ങളുടെയും സമഗ്രതയെ തകര്‍ക്കുന്ന നീക്കമാണ് ബിജെപി സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. വര്‍ഗീയത ആളിക്കത്തിച്ചും സ്വേച്ഛാധിപത്യഭരണം നടത്തിയും അവയ്ക്ക് മറയിടാന്‍ കോടാനുകോടി രൂപ ചെലവിട്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയും മോഡി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത് കൊടിയ വിപത്തിലേക്കാണ്. അതിന്റെ കൃത്യമായ സൂചനയാണ് ദാദ്രിയിലെ അഖ്ലാക്കിന്റെ കുടുംബത്തെ വീണ്ടും വേട്ടയാടാനുള്ള നീക്കങ്ങള്‍. ഇതിനെതിരെ രാജ്യത്താകെ മതനിരപേക്ഷശക്തികളുടെ ശബ്ദം ഉയരേണ്ടതുണ്ട്. ഇത്തരം നീക്കങ്ങള്‍ ഒറ്റക്കെട്ടായി തടഞ്ഞില്ലെങ്കില്‍ ആര്‍ക്കുനേരെയും ഏതുഘട്ടത്തിലും ഇങ്ങനെയുള്ള ആക്രമണങ്ങള്‍ നടക്കാം എന്ന സ്ഥിതിയാണുണ്ടാകുക *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top