19 September Saturday

സമരത്തിന്റെ കൊടി വാനോളം ഉയര്‍ത്തേണ്ട കാലം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2017


സ്വാതന്ത്യ്രാനന്തര ഇന്ത്യക്ക് 70 വയസ്സ് തികയുമ്പോള്‍   നേട്ടങ്ങളുടെ കണക്കെടുപ്പ് പലകോണില്‍ നടക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി കഴിഞ്ഞദിവസം ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികത്തില്‍ പങ്കുവച്ചത്, ദാരിദ്യ്രമുക്തവും ശുചിത്വപൂര്‍ണവും അഴിമതിരഹിതവുമായ ഭാരതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്. തീവ്രവാദവും വര്‍ഗീയതയും ജാതീയതയും ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചാണ് 70-ാംപിറന്നാളിലും ഇന്ത്യക്ക് ചിന്തിക്കേണ്ടിവരുന്നത്. പ്രഖ്യാപനങ്ങളും പ്രതിജ്ഞപുതുക്കലും സ്വപ്നംകാണലുമാണ് ഇന്നും നടക്കുന്നത്്. വികസനക്കണക്കുകളുടെ പ്രളയം സൃഷ്ടിച്ച് ഓക്സിജന്‍ കിട്ടാതെ കൂട്ടമരണം വരിക്കുന്ന കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ ഒഴുക്കിക്കളയാന്‍ വൃഥാശ്രമം നടത്തുന്ന ഭരണാധികാരികളുടെ പരിഹാസ്യമുഖമാണ് സ്വതന്ത്ര ഇന്ത്യയുടെ 71-ാം സ്വാതന്ത്യ്രദിനത്തിന്റെ അലോസരപ്പെടുത്തുന്ന കാഴ്ച. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും അവയുടെ മൂല്യങ്ങള്‍ക്കാകെയും ചരമക്കുറിപ്പെഴുതാന്‍ ശ്രമിക്കുന്ന ശക്തികളുടേതാണ് ഇന്ത്യയുടെ സ്വാതന്ത്യ്രവാര്‍ഷികത്തില്‍ ഉയരുന്ന ആരവം.

ബിജെപി നയിക്കുന്ന സര്‍ക്കാര്‍ മഹാഭൂരിപക്ഷം വരുന്ന നമ്മുടെ ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിനുമേല്‍ കടന്നാക്രമണം നടത്തുന്നു. കോണ്‍ഗ്രസ് തുടക്കമിട്ട നവലിബറല്‍ സാമ്പത്തികനയങ്ങളുടെ കൊടി നരേന്ദ്ര മോഡി കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കുന്നു. ഗോരക്ഷക വേഷത്തിലും റോമിയോവിരുദ്ധരുടെ രൂപത്തിലും സ്വകാര്യസേനകള്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ചാടിവീഴുന്നു. പാര്‍ലമെന്ററി സ്ഥാപനങ്ങളെ തകര്‍ക്കാനും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കുമേല്‍  സ്വേച്ഛാധിപത്യപരമായ നടപടികള്‍ കെട്ടിവയ്ക്കാനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ തന്ത്ര പങ്കാളിയായി രാഷ്ട്രത്തെ ഇകഴ്ത്താനും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനും ആസൂത്രിതനീക്കങ്ങള്‍ മുന്നേറുന്നു.

രാജ്യത്തുടനീളം വര്‍ഗീയധ്രുവീകരണം രൂക്ഷമാക്കിയാണ് ബിജെപി വോട്ടുകണക്കില്‍ വര്‍ധന സൃഷ്ടിക്കുന്നത്. പുരാവസ്തു ഗവേഷണ ഏജന്‍സിമുതല്‍ വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനങ്ങളിലാകെ ആര്‍എസ്എസ് പ്രതിനിധികളെ കുത്തിനിറയ്ക്കുന്നു. പൊതുഇടങ്ങളെയാകെ വര്‍ഗീയവല്‍ക്കരിക്കുകയും മതനിരപേക്ഷ- ജനാധിപത്യവാദികള്‍ക്ക് ക്രൂരശിക്ഷ വിധിക്കുകയും ചെയ്യുകയാണ്. ഏഴുപതിറ്റാണ്ടുമുമ്പ് ബ്രിട്ടീഷ് കോളനിവാഴ്ചയുടെ അടയാളമായ യൂണിയന്‍ ജാക്ക് താഴ്ത്തി ത്രിവര്‍ണ പതാക ഉയര്‍ന്ന ഡല്‍ഹിയുടെ പ്രാന്തത്തിലാണ് ലോക്കല്‍ ട്രെയിനില്‍ ഒരു മുസ്ളിം കുടുംബം വര്‍ഗീയമായി ആക്രമിക്കപ്പെട്ടത്. പതിനഞ്ചുകാരനായ ജൂനൈദ് എന്ന വിദ്യാര്‍ഥിയുടെ മരണത്തിലും അവന്റെ  സഹോദരങ്ങള്‍ക്ക് മുറിവേല്‍ക്കുന്നതിലും കലാശിച്ച ആ വര്‍ഗീയ ആക്രമണം സ്വാതന്ത്യ്രത്തിന്റെ അര്‍ഥതലങ്ങളെക്കുറിച്ചുള്ള ഗൌരവമായ ചിന്തയാണ് ഉയര്‍ത്തുന്നത്.

കശാപ്പിനായി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിക്കുന്ന കേന്ദ്ര വിജ്ഞാപനം  ഭക്ഷണരീതി അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കങ്ങളിലൊന്നുമാത്രം. ഉല്‍പ്പാദനച്ചെലവ് കുതിച്ചുയരുന്നതുമൂലം ദുരിതം കയറി ആത്മഹത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ഷകര്‍ക്കുമേലാണ് ആ വിജ്ഞാപനം ഇടിത്തീപോലെ പതിച്ചത്. മോഡിസര്‍ക്കാരിന്റെ ഭാഷ്യംമാത്രമേ പ്രചരിപ്പിക്കാവൂ എന്ന് ഉറപ്പുവരുത്തുന്നതിന് ഔദ്യോഗികമാധ്യമങ്ങള്‍ക്കുമേല്‍ പ്രത്യക്ഷ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. സ്വകാര്യമാധ്യമങ്ങള്‍ കോര്‍പറേറ്റ് നിയന്ത്രണത്തിലാവുകയാണ്. മുഖ്യധാരാ മാധ്യമങ്ങളിലാകെ ആര്‍എസ്എസ്-ബിജെപി അജന്‍ഡ നിറയുംവിധം സര്‍ക്കാര്‍- കോര്‍പറേറ്റ് അവിശുദ്ധകൂട്ടുകെട്ട്  ഇടപെടുന്നു. 

നോട്ട് അസാധുവാക്കിയതിലൂടെ സാമ്പത്തികരംഗം കുത്തഴിഞ്ഞു. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുകയും വലിയൊരു വിഭാഗം ജനങ്ങള്‍ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് പതിക്കുകയുമാണ് അതിലൂടെ സംഭവിച്ചത്. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം അതിവേഗം നടപ്പാക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം നേടി തടിച്ചുകൊഴുക്കുന്നതിനായി രാജ്യത്തെ ജനങ്ങളുടെ ആസ്തി വിറ്റുതുലയ്ക്കുന്നതിനെതിരെ തൊഴിലാളിവര്‍ഗം പ്രക്ഷോഭമാര്‍ഗത്തിലാണ്. കാര്‍ഷികമേഖലയും സമര മുഖരിതമാകുന്നു. എല്ലാവിധ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് കരുത്തുള്ള കര്‍ഷകസമരങ്ങളാണ് ഉയര്‍ന്നുവരുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മുന്‍കൈയോ രാഷ്ട്രീയമുദ്രാവാക്യങ്ങളോ അല്ല, മതാടിസ്ഥാനത്തിലുള്ള വോട്ടുകണക്കും പാര്‍ടികളെ അപ്പാടെ വിലയ്ക്കെടുത്ത് സൃഷ്ടിക്കുന്ന ഭൂരിപക്ഷവുമാണ് തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള മാര്‍ഗമെന്നു കണ്ട് അമ്പരപ്പിക്കുന്ന നീക്കങ്ങളുമായി രംഗത്തിറങ്ങിയ ആര്‍എസ്എസ് ഇന്ത്യന്‍ ജനാധിപത്യത്തിന് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല.  ഈ സ്വാതന്ത്യ്രദിനത്തില്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മൌലികാവകാശങ്ങളെയും മതിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ആശങ്ക അതുതന്നെയാണ്. പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുകയും ആ മൃതശരീരങ്ങള്‍ മാറോടടുക്കി പൊട്ടിക്കരഞ്ഞുകൊണ്ട് തെരുവിലൂടെ അമ്മമാര്‍ നടന്നുനീങ്ങുകയും ചെയ്യുന്ന ദുരന്തകാഴ്ചയാണ് ഇന്ന് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ ഈ അവസ്ഥയില്‍നിന്നുള്ള മോചനത്തിനായി ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും കൊടി ഉയര്‍ത്തിപ്പിടിച്ച് പോരാടാനുള്ള സന്ദേശമാണ് 71-ാം സ്വാതന്ത്യ്രദിനം ഇന്ത്യന്‍ പൌരന് നല്‍കുന്നത്


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top