25 March Saturday

ജനാധിപത്യത്തിന്റെ കാവലാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്‌ കനപ്പെട്ട സംഭാവന നൽകിയ ബഹുമുഖപ്രതിഭയെന്നായിരിക്കും ചരിത്രം സോമനാഥ‌് ചാറ്റർജിയെ അടയാളപ്പെടുത്തുക. പത്ത‌് ലോക‌്സഭകളിലായി നാലുപതിറ്റാണ്ടോളം നീണ്ട പാർലമെന്ററി പ്രവർത്തനം. ഇതിൽ അവസാനത്തെ അഞ്ചുവർഷം സ്‌പീക്കർ.  ഇതിന‌ുമുമ്പും പിമ്പും  പ്രഗത്ഭ അഭിഭാഷകൻ, സൂക്ഷ‌്മദൃക്കായ രാഷ്ട്രതന്ത്രജ്ഞൻ, കറയറ്റ മതേതരവാദി, ഫാസിസത്തിന്റെ കടുത്ത വിമർശകൻ; ഇങ്ങനെയൊക്കെ  നോക്കിക്കണ്ടാലും ഏതെങ്കിലും കളങ്ങളിൽ പരിമിതപ്പെടുത്താവുന്നതല്ല ആ വ്യക്തിത്വം. ഇന്ത്യയെന്ന അതിവിസ്‌തൃത, ബഹുസ്വര രാജ്യത്തിന‌്  തണൽവിരിക്കുന്ന ബൃഹദ‌് ഭരണഘടന അപൂർവ ലോകമാതൃകയാണ്‌‌. മതേതരത്വം, പാർലമെന്ററി ജനാധിപത്യം, ഫെഡറലിസം ഇവയുടെ സങ്കലനമാണ‌് ഇന്ത്യയെ വേറിട്ടതാക്കുന്നത‌്. ഈ മൂല്യങ്ങൾ തൊട്ടറിഞ്ഞ‌് പുഷ്ടിപ്പെടുത്താൻ ജീവിതം നീക്കിവച്ച നേതാക്കളിൽ സോമനാഥിന്റെ സ്ഥാനം അദ്വിതീയം‌.

കമ്യൂണിസ‌്റ്റ‌് ആഭിമുഖ്യമുള്ള കുടുംബത്തിലല്ല അദ്ദേഹത്തിന്റെ ജനനം. പേരെടുത്ത അഭിഭാഷകനായിരുന്നു അച്ഛൻ നിർമൽ ചന്ദ്ര ചാറ്റർജി. വൈദേശികഭരണം തുറുങ്കിലടച്ച കമ്യൂണിസ‌്റ്റ‌് നേതാക്കളെ പുറത്തിറക്കാൻ അവിശ്രമം പ്രവർത്തിച്ച അച്ഛന്റെ വഴി മകനെ സ്വാധീനിച്ചത‌് സ്വാഭാവികം. വക്കീൽക്കുപ്പായമണിഞ്ഞ ആ യുവാവിന‌് തൊഴിലാളികളുടെ കേസ‌ുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അധികം ആലോചിക്കേണ്ടിവന്നില്ല. അഭിഭാഷകവൃത്തിക്കൊപ്പം  കമ്യൂണിസ‌്റ്റ‌് പാർടിയുമായുള്ള ബന്ധവും സജീവമാക്കിയ സോമനാഥ്‌, 1971ൽ ലോക‌്സഭാംഗമായി. 

എ കെ ജിമുതലിങ്ങോട്ട‌് പാർലമെന്റിൽ ശ്രദ്ധിക്കപ്പെട്ട ശബ്ദം കമ്യൂണിസ്‌റ്റുകാരുടേതായിരുന്നുവെന്ന അറിവ്‌ സോമനാഥിനെ ആവേശംകൊള്ളിച്ചു. ഇന്ദ്രജിത‌് ഗുപ‌്തയും ഹിരൺ മുഖർജിയും ജ്യോതിർമയ‌ി ബസുവുമൊക്കെ തിളങ്ങിയ സഭയിൽ ചുരുങ്ങിയ കാലംകൊണ്ട‌് മറ്റൊരു താരം ഉദിച്ചുയർന്നു. സംഭവബഹുലവും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു പിന്നീടുള്ള സംവത്സരങ്ങൾ. അടിയന്തരാവസ്ഥയും കോൺഗ്രസിന്റെ കയറ്റിറക്കങ്ങളും രാഷ്ട്രനേതാക്കളുടെ കൊലപാതകവും ബാബ‌്റി മസ‌്ജിദിന്റെ തകർച്ചയും ഹിന്ദുത്വ ശക്തികളുടെ ഉയർച്ചയ‌്ക്കുമെല്ലാം നാട്‌ സാക്ഷ്യംവഹിച്ചു. ഇന്ദിരാഗാന്ധിമുതൽ മൻമോഹൻ സിങ്ങുവരെയുള്ളവർ രാജ്യം ഭരിച്ചു. കോൺഗ്രസ‌് ഇതര പ്രധാനമന്ത്രിമാരിൽ  വി പി സിങ്ങും ദേവഗൗഡയും വാജ‌്പേയിയും പ്രത്യേക പരാമർശം അർഹിക്കുന്നവരാണ‌്. മറ്റു പ്രധാനമന്ത്രിമാരും  കഴിവ‌് തെളിയിച്ചവർ. ഇവരെയെല്ലാം വാക്‌ശരങ്ങളാൽ ഞെരിപിരികൊള്ളിച്ച, ധിഷണകൊണ്ട‌് ഉത്തരം മുട്ടിച്ച, സ‌്നേഹവാത്സല്യങ്ങളാലും ഉപദേശ നിർദേശങ്ങൾകൊണ്ടും പിന്തുണച്ച മറ്റൊരാളും ഇന്ത്യാചരിത്രത്തിലില്ല.

ബൊഫോഴ‌്സ‌് ഉൾപ്പെടെയുള്ള അഴിമതികൾ,  തൊഴിലാളിവിരുദ്ധ നിയമങ്ങൾ, മതാധിഷ‌്ഠിത രാഷ്ട്രീയം തുടങ്ങിയവയ‌്ക്കെതിരെ നിലയ‌്ക്കാത്ത ശബ്ദമായിരുന്നു സോമനാഥിന്റേത‌്. ഹിന്ദുത്വ രാഷ്ട്രീയം ഫാസിസമായി അധികാരം കൈയടക്കിയതുമുതൽ അദ്ദേഹം ഏറെ അസ്വസ്ഥനായി. സജീവരാഷ്ട്രീയത്തിൽനിന്ന്‌  മാറിനിൽക്കുമ്പോഴും പ്രധാനമന്ത്രിയെ രാഷ്ട്രീയമായും  നരേന്ദ്ര മോഡിയുടെ  കപടനാട്യങ്ങളെ വ്യക്തിപരമായും  കടുത്ത ഭാഷയിൽ വിമർശിച്ചു.

   പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷപിന്തുണയോടെ 2004ൽ അധികാരത്തിൽ വന്ന ഒന്നാം യുപിഎ സർക്കാരിന്റെ ശക്തമായ മുന്നേറ്റത്തിന്റെ ഒരു അടിസ്ഥാനം സോമനാഥിന്റെ സ്‌പീക്കർപദവിയായിരുന്നു. സർക്കാരിനെ പുറത്തുനിന്നു പിന്തുണച്ച സിപിഐ എം, കേന്ദ്രകമ്മിറ്റി അംഗമായ  മുതിർന്ന നേതാവിനെ സ‌്പീക്കർപദം ഏൽപ്പിച്ചപ്പോൾ അതൊരു ചരിത്രനിയോഗമായിരുന്നു. നിർണായക സ്വാധീനമില്ലാത്ത സംവിധാനത്തിൽ ഭരണപങ്കാളിത്തം ഏൽക്കേണ്ടതില്ലെന്ന പാർടി നിലപാടിൽനിന്നുള്ള വ്യതിയാനമായി ആ തീരുമാനത്തെ ആരും കണ്ടില്ല. സ്‌പീക്കർപദത്തിന്റെ സ്വതന്ത്രസ്വഭാവം നിലനിർത്തി കെട്ടുറപ്പുള്ള ഭരണം രാജ്യത്ത‌് ഉറപ്പുവരുത്തുകയായിരുന്നു പാർടിയുടെ കാഴ‌്ചപ്പാട‌്.  നാലുവർഷക്കാലത്തെ ഭരണം ആ പ്രതീക്ഷ തെറ്റിച്ചില്ല. തൊഴിലുറപ്പുപദ്ധതി ഉൾപ്പെടെ ഒട്ടേറെ ജനപ്രിയ നിയമനിർമാണങ്ങൾ ആ  കാലഘട്ടത്തിലുണ്ടായി.

സങ്കുചിത രാഷ്ട്രീയതാൽപ്പര്യങ്ങൾക്കും ഉദ്യോഗസ്ഥമേധാവിത്വത്തിനും മേലെ പാർലമെന്റിന്റെ അധീശത്വം സോമനാഥിന്റെ അധ്യക്ഷതയിൽ അരക്കിട്ടുറപ്പിച്ചു. രാഷ്ട്രതാൽപ്പര്യം മറന്ന‌് അമേരിക്കൻ ആണവകരാറിന‌് അടിയറപറയാനുള്ള മൻമോഹൻ സിങ്‌ ഗവൺമെന്റിന്റെ തീരുമാനമാണ‌് 2008ൽ യുപിഎ ഭരണത്തെ അസ്ഥിരപ്പെടുത്തിയത‌്.  ഇടതുപക്ഷപിന്തുണ പിൻവലിച്ചാലും  കുതിരക്കച്ചവടത്തിലൂടെ ഭരണം തുടരാമെന്ന കോൺഗ്രസിന്റെ ധാർഷ്ട്യം  യുപിഎയുടെ ധാർമിക അടിത്തറയിളക്കി. സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനും സ‌്പീക്കർസ്ഥാനം ഒഴിയാനും സിപിഐ എം തീരുമാനിച്ച സാഹചര്യം അതാണ്‌. ഒഴിയാൻ വിസമ്മതിച്ച സോമനാഥിനെ പാർലമെന്ററി വ്യതിയാനത്തിന‌് പാർടി അംഗത്വത്തിൽനിന്ന‌് പുറത്താക്കി. നിശ‌്ചിത കാലാവധിവരെ ചുമതലയിൽ തുടർന്ന അദ്ദേഹം, അടിസ്ഥാന ജനാധിപത്യമൂല്യങ്ങളിൽ വിട്ടുവീഴ‌്ച ചെയ‌്തില്ല. എന്നും ജനപക്ഷത്ത‌് നിലയുറപ്പിക്കാനും കമ്യൂണിസ‌്റ്റ‌് ആശയദൃഢതയിൽ ഉൗറ്റംകൊള്ളാനും സോമനാഥിന്‌ കഴിഞ്ഞു. സമുജ്വലനായ പാർലമെന്റേറിയന‌് ആദരാഞ‌്ജലികൾ.

സമീർ അമിൻ: പോരാളിയായ ദാർശനികൻ
വിഖ്യാത സൈദ്ധാന്തികനും ധനശാസ്‌ത്രജ്ഞനുമായ സമീർ അമിന്റെ നിര്യാണം  ലോകമാകെയുള്ള മാർക‌്സിസ്റ്റ‌് പഠിതാക്കൾക്ക‌് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയത‌്. അക്കാദമിക‌് താൽപ്പര്യത്തിനപ്പുറം ഗൗരവമുള്ള സമകാലിക പ്രശ‌്നങ്ങളിൽ  വിലപ്പെട്ട നിരീക്ഷണങ്ങളും പരിഹാരനിർദേശങ്ങളും മുന്നോട്ടുവച്ച അദ്ദേഹം എല്ലാവിഭാഗം ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹ്യശാസ‌്ത്രജ്ഞൻകൂടിയാണ‌്. സഹജമായ മുതലാളിത്ത പ്രതിസന്ധി  ആഗോളവൽക്കരണകാലത്ത‌്  സാധാരണ ജനജീവിതത്തെ എങ്ങനെ അപകടകരമായി ബാധിക്കുന്നുവെന്ന‌് വരച്ചുകാട്ടിയ അദ്ദേഹം മുതലാളിത്തത്തെ മനുഷ്യന്റെ ശത്രുവെന്നു വിളിച്ചു. 

സാമ്രാജ്യത്വവും മതഭീകരതയും പരസ‌്പരം ശക്തിപ്പെടുത്തുന്ന വർത്തമാനസ്ഥിതിയിൽ സമീറിന്റെ മുന്നറിയിപ്പുകൾ  കൂടുതൽ ചർച്ചചെയ്യപ്പെടുകയാണ‌്. രാഷ്ട്രീയ ഇസ്ലാമിസം ഇന്നത്തെ ആപൽക്കരമായ  ഭീകരമുഖം കൈവരിക്കുന്നതിന‌് എത്രയോമുമ്പ‌് അദ്ദേഹം ആപൽസൂചന നൽകി. ഇന്നത്തെ കേരള പശ്ചാത്തലത്തിൽ ഇത്‌ ഏറെ സംഗതവുമാണ്‌.  ഉദാരവൽകൃത സാമ്പത്തികലോകം തൊഴിലെടുക്കുന്ന സാധാരണക്കാരെ എത്രമാത്രം പാപ്പരാക്കുന്നുവെന്ന‌് സമീറോളം ഉൾക്കാഴ‌്ചയോടെ അപഗ്രഥിച്ച ധനശാസ‌്ത്രജ്ഞർ അധികമില്ല. വേൾഡ്‌ സോഷ്യൽഫോറത്തിന്റെ മുഖ്യസംഘാടകനെന്ന നിലയിൽ മുതലാളിത്ത പറുദീസയെ സമരവേദിയുമാക്കി. പാശ്ചാത്യഅമേരിക്കൻ മേലാളർക്ക‌് അപ്രിയമായ സത്യങ്ങൾ നിരന്തര ചർച്ചകൾക്കായി തുറന്നുവിട്ട സമീർ അമിനെ നോബൽ അക്കാദമി കണ്ടില്ലെന്ന‌് നടിച്ചതും യാദൃച്ഛികമല്ല. ധൈഷണികമായി വലിയ ഉയരങ്ങൾ കീഴടക്കിയപ്പോഴും  രാഷ്ട്രീയാഭിമുഖ്യത്തെ ഒളിപ്പിച്ചുവയ്‌ക്കാൻ തയ്യാറാകാതിരുന്ന സമീർ ഫ്രഞ്ച‌് കമ്യൂണിസ്റ്റ‌് പാർടിയിൽ അംഗമായി. അറിവിന്റെ നിറകുടമായി ഭാവിലോകത്തിന‌് ദിശാബോധം പകർന്ന അതുല്യ പ്രതിഭയ‌്ക്കുമുന്നിൽ ആദരപ്പൂക്കളർപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top