അരുണാചല്‍പ്രദേശിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ടത് റദ്ദാക്കിയ സുപ്രീംകോടതി വിധി രാജ്യത്തിന്റെ ഭരണഘടനയ്ക്കുനേരെ ബിജെപി ഭരണം ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരായ താക്കീതാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനത്തിനു കാരണമായ എല്ലാ നടപടിയും റദ്ദാക്കിയ പരമോന്നതകോടതി, നിശ്ചയിച്ച തീയതിക്കുമുമ്പ് ഗവര്‍ണര്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തത് ഭരണഘടനാ ലംഘനമാണെന്ന് നിരീക്ഷിക്കുകയും സ്പീക്കര്‍ നബാന്‍ റെബിയെ നീക്കിയ ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് കണ്ടെത്തുകയുംചെയ്തു.
ജനുവരി 26നാണ് അരുണാചലില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരെ ചേര്‍ത്ത് ബിജെപി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. 2015 ഡിസംബറില്‍ ഉണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അമിതാധികാര പ്രവണതയ്ക്കും ഭരണഘടനാവിരുദ്ധ മനോഭാവത്തിനുമാണ് സുപ്രീംകോടതി വിധി പ്രഹരമേല്‍പ്പിക്കുന്നത്. ഉത്തരാഖണ്ഡിനു പുറമെ അരുണാചല്‍കൂടിയായപ്പോള്‍ വ്യക്തമാകുന്നത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനതത്വങ്ങള്‍ക്ക് ബിജെപി വിലകല്‍പ്പിക്കുന്നില്ല എന്നാണ്. രാജ്യത്ത് ഭരണഘടനയുടെ 356–ാം അനുഛേദം ഉപയോഗിച്ച് നൂറിലധികം തവണ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതതു ഘട്ടത്തില്‍ അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ എതിരാളികള്‍ നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകളെ ഗളഛേദംചെയ്യാന്‍ തയ്യാറാകുന്നത് പലതവണ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമായി.
രാഷ്ട്രീയ അസ്ഥിരതയും നിയമസമാധാന തകര്‍ച്ചയും ഉള്‍പ്പെടെ സംസ്ഥാനത്തെ ഭരണസംവിധാനം പ്രയോജനരഹിതമാകുമ്പോള്‍ രാഷ്ട്രപതിക്ക് സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുക്കാന്‍ അവസരം നല്‍കുന്നതാണ് 356–ാം വകുപ്പ്. അത് ആദ്യം ഉപയോഗിച്ചത് കോണ്‍ഗ്രസാണ്. 1959ല്‍ കേരളത്തിലെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തത്വദീക്ഷയില്ലാതെ 356–ാം വകുപ്പ് പ്രയോഗിച്ച കോണ്‍ഗ്രസ് നടപടി ജനാധിപത്യധ്വംസനത്തിന്റെ ഏക്കാലത്തെയും ഉദാഹരണമാണ്. അന്ന് കോണ്‍ഗ്രസ് ദുരുപയോഗംചെയ്ത ആ അധികാരം പിന്നീട് കോണ്‍ഗ്രസിനെതിരെയും പ്രയോഗിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാ സര്‍ക്കാര്‍ അത് ആവര്‍ത്തിക്കുകയും പിന്നീട് ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയുംചെയ്തു. 356–ാം വകുപ്പ് രാഷ്ട്രീയ വൈരനിര്യാതനത്തിന് കരുവാക്കരുതെന്നും കരുതലോടെ ഉപയോഗിക്കണമെന്നും ബൊമ്മൈ കേസില്‍ സുപ്രീംകോടതി കര്‍ക്കശനിര്‍ദേശം നല്‍കിയതാണ്. ഈ വകുപ്പ് ഉപയോഗിക്കാനുള്ള മാനദണ്ഡങ്ങളും അന്ന് കോടതി നിശ്ചയിച്ചു. അതൊന്നും കണക്കിലെടുക്കാതെയാണ് ഉത്തരാഖണ്ഡിലും അരുണാചലിലും മോഡി സര്‍ക്കാര്‍ ഇടപെട്ടത്.
അരങ്ങേറിയത് ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡയാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളിലെ അധികാരം പിടിച്ചെടുത്ത് കൂടുതല്‍ രാജ്യസഭാംഗങ്ങളെ ഉണ്ടാക്കുക എന്നതാണ് ബിജെപിയുടെ ഒരജന്‍ഡ. അരുണാചലിലെ കോണ്‍ഗ്രസ് നേതാവ് നബാംതൂക്കി നയിച്ച സര്‍ക്കാരിന് സ്വന്തം പക്ഷത്തുതന്നെ എതിര്‍പ്പുണ്ടായിരുന്നു. അത് മുതലെടുത്താണ് ബിജെപി അട്ടിമറി സംഘടിപ്പിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം 14 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഗൌനിക്കാതെ ഗവര്‍ണര്‍ സഭ വളിച്ചുചേര്‍ക്കുകയായിരുന്നു. കൂറുമാറ്റക്കാരുടെ നേതാവായ കലിഹോ പുല്ലിനെ ബിജെപി പിന്തുണയോടെ ഭരണത്തിലേറാന്‍ അനുവദിച്ചു. ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനകത്തെ ചേരിതിരിവാണ് ബിജെപിക്ക് ഇടപെടാന്‍ അവസരമൊരുക്കിയത്. രണ്ടിടത്ത് പ്രയോഗിച്ച തന്ത്രങ്ങളും പാളിയിരിക്കുന്നു. 356–ാം വകുപ്പ് രാജ്യത്ത് ഉപയോഗിക്കപ്പെടില്ലെന്ന് ഭരണഘടനാശില്‍പ്പി ഡോ. അംബേദ്കര്‍ കരുതിയിരുന്നു. അംബേദ്കറുടെ സ്വപ്നങ്ങളെയും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയും ചവിട്ടിമെതിക്കാന്‍ ബിജെപിക്ക് ഒരു മടിയുമില്ല എന്നാണ് തെളിഞ്ഞത്. ഭരണഘടനാവ്യവസ്ഥകളുടെ നഗ്നമായ ലംഘനം നടത്തിയ ബിജെപി രാജ്യത്തിന്റെ അധികാരം കൈയാളാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ല എന്നുകൂടിയാണ് തെളിയിച്ചത്. സംസ്ഥാന മന്ത്രിസഭയുടെയോ മുഖ്യമന്ത്രിയുടെയോ ശുപാര്‍ശകൂടാതെ നിയമസഭാ സമ്മേളനം വിളിക്കാനും അജന്‍ഡ നിശ്ചയിക്കാനും ഗവര്‍ണറെ പ്രേരിപ്പിച്ചത് ബിജെപിയാണ്. ഭരണഘടനാദത്തമായ അധികാരം ദുര്‍വിനിയോഗംചെയ്ത് കാലുമാറ്റത്തിനും അട്ടിമറിക്കും ഭരണഘടനയുടെ നഗ്നമായ ലംഘനത്തിനും നേതൃത്വം നല്‍കി എന്ന കുറ്റമാണ് ബിജെപി ചെയ്തത്. അതാണ് സുപ്രീംകോടതി ഇപ്പോള്‍ കണ്ടെത്തിയതും റദ്ദാക്കിയതും. അതിനര്‍ഥം ബിജെപിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശവും അര്‍ഹതയും നഷ്ടപ്പെട്ടു എന്നുതന്നെയാണ്. സുപ്രീംകോടതി വിധിയെ മാനിക്കുന്ന കക്ഷിയാണതെങ്കില്‍ അധികാരം ഒഴിയുന്നതാണ് അഭികാമ്യം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..