28 January Saturday

നോക്കുകുത്തി സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 14, 2016

ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീക്ഷകളുമായി ഒരു വിഷുപ്പുലരി. ഉത്സവവേളകളിലെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാതെ മാറിനില്‍ക്കുന്ന സര്‍ക്കാര്‍ കേരളീയരുടെ പ്രതീക്ഷകള്‍ക്കുമേല്‍ ഇത്തവണയും കരിനിഴല്‍ വീഴ്ത്തി. വിപണിയില്‍ ഇടപെടുക എന്ന ഉത്തരവാദിത്തത്തില്‍നിന്ന് സൌകര്യപൂര്‍വം പിന്മാറുന്ന ഒരു സര്‍ക്കാരിനെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും കാണാനായത്. ജനത്തെ ദുരിതങ്ങള്‍ക്ക് വിട്ടുകൊടുത്ത് നോക്കുകുത്തിയായി നില്‍ക്കുന്ന സര്‍ക്കാരിന്റെ പതിവ് നടപടിയില്‍ ഇത്തവണയും മാറ്റമൊന്നുമുണ്ടായില്ല. വിഷുച്ചന്തകള്‍ വേണ്ടെന്നുവച്ച് സാധാരണക്കാരെ കൊള്ളയടിക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുകകൂടി ചെയ്തു ഉമ്മന്‍ചാണ്ടി ഭരണം. സര്‍ക്കാര്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡിന് വിഷുച്ചന്ത ഉപേക്ഷിക്കേണ്ടിവന്നു. ഭീമമായ കുടിശ്ശികയുള്ളതിനാല്‍ വിതരണക്കാര്‍ കണ്‍സ്യൂമര്‍ഫെഡിന് സാധനങ്ങള്‍ നല്‍കിയില്ല. ഇതോടെയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ചരിത്രത്തിലാദ്യമായി വിഷുച്ചന്തകള്‍ അടച്ചിടേണ്ടിവന്നത്.

ഇരുപത് ശതമാനം സബ്സിഡിയില്‍ 13 ഇനം വിഷുവിപണി വഴി നല്‍കാനാണ് കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചിരുന്നത്. നാലുമുതല്‍ 13 വരെയായിരുന്നു കാലാവധി. എന്നാല്‍, സാധനങ്ങള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍പോലും നല്‍കിയില്ല. നന്മ സ്റ്റോറുകളും സഹകരണസ്ഥാപനങ്ങളുടെ ഷോപ്പുകളും വഴിയാണ് സബ്സിഡി സാധനങ്ങളുടെ വിതരണം. വിതരണക്കാര്‍ക്ക് 380 കോടിയോളം രൂപ കൊടുക്കാനുണ്ട്. ഇതുകാരണം ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. മാസങ്ങളായി പര്‍ച്ചേസിങ് നടക്കാത്ത സാഹചര്യത്തില്‍ നന്മ സ്റ്റോറുകളില്‍ അരിയെത്തിയില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെങ്കില്‍ സ്വന്തംനിലയ്ക്ക് വിഷുവിപണി ആരംഭിക്കാനുള്ള നടപടി കണ്‍സ്യൂമര്‍ഫെഡും എടുത്തില്ല. കണ്‍സ്യൂമര്‍ഫെഡിന് സംസ്ഥാനസര്‍ക്കാരില്‍നിന്ന് 450 കോടിയോളം രൂപ ലഭിക്കാനുണ്ട്.

സപ്ളൈകോ ആരംഭിച്ച ചന്തകളിലാകട്ടെ, സബ്സിഡി ഇനങ്ങളില്ല. ഈസ്റ്റര്‍– വിഷു ചന്ത എന്ന ബാനര്‍ തൂങ്ങുന്നതല്ലാതെ സാധാരണക്കാരന് ഒരാശ്വാസവും ലഭിച്ചില്ല. കുറഞ്ഞ വിലയ്ക്ക് അരി വാങ്ങി വിലകൂട്ടി വിറ്റ് സപ്ളൈകോ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കിലോയ്ക്ക് 18 മുതല്‍ 22 രൂപ വരെയുള്ള അരി സംഭരിച്ച് 25 രൂപയ്ക്കാണ് വിതരണംചെയ്യുന്നത്. ജയ, സുരേഖ, കുറുവ തുടങ്ങി നല്ലയിനം അരി സബ്സിഡിയോടെ ലഭ്യമാക്കുകയാണ് സപ്ളൈകോയുടെ ചുമതല. ഇതിനുപകരമാണ് നിലവാരം കുറഞ്ഞ അരിവിതരണം. ഇടനിലക്കാരുടെ ഒത്താശയോടെയാണ് ജനങ്ങളെ കബളിപ്പിക്കുന്ന ഈ ഏര്‍പ്പാട്. നിര്‍ധനരും സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വില്‍പ്പനകേന്ദ്രങ്ങളില്‍ പേരിനുപോലും സബ്സിഡി സാധനങ്ങളില്ല.  മുളക്, മല്ലി, തുവരപ്പരിപ്പ്, ഉഴുന്ന്, പഞ്ചസാര, ചെറുപയര്‍ തുടങ്ങിയവയൊന്നും കാണാനേയില്ല.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സപ്ളൈകോ ചന്തകള്‍ക്കുപുറമെ സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓണം, വിഷു, ഈസ്റ്റര്‍, ക്രിസ്മസ്, ബക്രീദ് ആഘോഷവേളകളില്‍ 3500 ചന്തവരെ സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഇളവുനല്‍കുന്ന 13 ഇനങ്ങള്‍ക്കുപുറമെ മറ്റ് 12 ഇനംകൂടി വിലക്കുറവില്‍ വിതരണം ചെയ്തു. വര്‍ഷം 165 ദിവസംവരെ ഇങ്ങനെ ഉത്സവച്ചന്തകള്‍ സംഘടിപ്പിച്ചു. ഓരോവര്‍ഷവും ശരാശരി 400 കോടിയോളം രൂപയുടെ വിലയിളവ് ജനങ്ങള്‍ക്കു നല്‍കി. യുഡിഎഫ് വന്നതോടെ സ്ഥിതി മാറി. കഴിഞ്ഞവര്‍ഷം ഓണക്കാലത്തടക്കം ആകെ 30 ദിവസം മാത്രമാണ് ചന്തകള്‍ പ്രവര്‍ത്തിച്ചത്. വിലയിളവ് നല്‍കിയതാകട്ടെ 30 കോടിയില്‍ താഴെയും.

പച്ചക്കറിവിപണിയില്‍മാത്രം പേരിന് ആശ്വാസം പ്രകടമാണ്. അത് സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടല്ല. വിഷരഹിതപച്ചക്കറി എന്ന ആശയത്തിലൂന്നി കേരളം നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികളുടെ വിളവെടുപ്പാണ് പച്ചക്കറിവിപണില്‍ പ്രകടമാകുന്നത്. സിപിഐ എം ആഹ്വാനംചെയ്ത ജനകീയ ജൈവപച്ചക്കറി കൃഷി ക്യാമ്പയിന്‍ കേരളം ഏകമനസ്സോടെ ഏറ്റെടുത്തതിന്റെ പ്രതിഫലനമാണത്. വിഷത്തില്‍ മുക്കിയ അയല്‍സംസ്ഥാനങ്ങളിലെ പച്ചക്കറി കൊണ്ടുവരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പെരുമ്പറയടിച്ച സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കാതെ മാറിനില്‍ക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് ജനങ്ങള്‍ ഏറ്റെടുത്ത ദൌത്യം വിജയം കണ്ടുതുടങ്ങി. വിഷുപ്രമാണിച്ച് സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനത്ത് ആയിരം ജൈവപച്ചക്കറി വിപണിയാണ് തുറന്നത്. വീടുകളിലും കര്‍ഷകകൂട്ടായ്മകളുടെ നേതൃത്വത്തിലും നട്ടുനനച്ചുണ്ടാക്കിയ വിവിധയിനം പച്ചക്കറി ഈ വിപണികളിലൂടെ വിതരണംചെയ്തു. വിഷു ലക്ഷ്യമാക്കി കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ വിളവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ വീട്ടിലും ഒരു പച്ചക്കറിയിനമെങ്കിലും വിളയിച്ച് വിഷുവിനെ വരവേല്‍ക്കുകയെന്ന ആഹ്വാനം ആവേശകരമായ പ്രതികരണമാണുണ്ടാക്കിയത്.

പൊതുവിതരണസംവിധാനം അപ്പാടേ തകര്‍ത്ത സംസ്ഥാനസര്‍ക്കാര്‍ വിഷുവിനും കണ്ണടച്ചിരിക്കുകയാണ്. ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുകയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും ചെയ്ത നല്ലനാളുകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുടെ പ്രസരിപ്പ്് കേരളത്തിലുടനീളം ദൃശ്യമാണ്. പുതിയ പുലരിക്കായുള്ള ആ പ്രതീക്ഷ വിജയത്തിലെത്തിക്കാനുള്ള ദൌത്യം ഓരോ കേരളീയനും ഏറ്റെടുക്കണം.

വായനക്കാര്‍ക്ക് ഞങ്ങളുടെ വിഷു ആശംസകള്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top