30 September Saturday

കൗമാരത്തിന‌് കൈത്താങ്ങാകണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019


ജീവിതത്തിലെ ചെറിയ പ്രശ‌്നങ്ങൾപോലും തരണം ചെയ്യാനാകാത്തവിധം സംഘർഷഭരിതമായ മാനസികാവസ്ഥയിലൂടെയാണോ നമ്മുടെ കൗമാരക്കാർ കടന്നുപോകുന്നതെന്ന‌് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കൗമാരപ്രായക്കാരുടെ ആത്മഹത്യയും വീടുവിട്ടുപോകലും നിത്യസംഭവമായി മാറുകയാണ‌്. ഒരു വിഷയത്തിൽ എ പ്ലസ‌് നഷ‌്ടമായതിനും എൻട്രൻസ‌് പരീക്ഷയിൽ പ്രതീക്ഷിച്ച റാങ്ക‌് കിട്ടാത്തതിനും ജീവിതത്തോട‌് പിണങ്ങിപ്പിരിയുന്ന കുട്ടികൾ ഓരോ പരീക്ഷാഫലക്കാലത്തും നമ്മളെ നൊമ്പരപ്പെടുത്തുന്നു.

വിദ്യാഭ്യാസത്തെയും ജീവിതവിജയത്തെയും ചൊല്ലിയുള്ള അമിത പ്രതീക്ഷകളുടെ ഭാരം താങ്ങാനാകാതെയാണ‌് പലരും മരണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത‌്. തോൽവിയുടെയോ തിരിച്ചടിയുടെയോ ചെറുകാറ്റുപോലും ഏൽക്കാനാകാത്ത ദുർബലചിത്തരായാണ‌് കുട്ടികൾ വളരുന്നത‌്. പരാജയം ജീവിതത്തിന്റെ അവസാനമാണ‌് എന്ന പാഠം കുഞ്ഞുങ്ങൾ മനസ്സിൽ ഉരുവിട്ടുറപ്പിക്കുന്നു. പരീക്ഷയിലും ജീവിതത്തിലും ഒരിക്കലും തോൽക്കരുതെന്ന‌് കരുതുന്ന അവർ ആദ്യതിരിച്ചടിക്കുമുന്നിൽ ശിരസ്സറുത്തു നൽകാൻ മാനസികമായി തയ്യാറെടുത്തുനിൽക്കുകയാണ‌്.

സ്വന്തം ആഗ്രഹങ്ങൾ കുട്ടികളിലൂടെ സാക്ഷാൽക്കരിക്കാനാണ‌് ഇന്ന‌് രക്ഷിതാക്കളുടെ ശ്രമം. പണവും മാന്യതയും ഉറപ്പുനൽകുന്ന ഉയർന്ന പ്രൊഫഷണൽ ജോലികൾക്കുള്ള മാർഗമായി മാത്രമാണ‌് പലരും വിദ്യാഭ്യാസത്തെ കാണുന്നത‌്. സമൂഹത്തിൽ അംഗീകാരവും സമ്പത്തും നേടിത്തരുന്ന ഉയർന്ന ജോലികളിൽ എത്താൻ അവർ കുട്ടികളെ നിർബന്ധിക്കുന്നു. പരീക്ഷാപരിശീലനങ്ങളുടെ നിലയില്ലാക്കയത്തിലേക്ക‌് കുട്ടികൾ വലിച്ചെറിയപ്പെടുന്നു. കുട്ടികളുടെ അഭിരുചികളും താൽപ്പര്യങ്ങളും ആരും പരിഗണിക്കുന്നില്ല. രക്ഷിതാക്കളുടെ സ്വപ‌്നങ്ങൾ സാക്ഷാൽക്കരിക്കുകയെന്ന ഉത്തരവാദിത്തത്തിന്റെ ഭാരവുമായി അവർ പരിശീലനകേന്ദ്രങ്ങളിൽ ജീവിതം ഹോമിക്കുന്നു. ഉയർന്ന മാർക്കും പല രംഗങ്ങളിലും തിളങ്ങാൻ സർഗശേഷിയുമുള്ളവരാണ‌് മിക്കപ്പോഴും എൻട്രൻസിന്റെ പരീക്ഷണങ്ങളിൽ ഒടുങ്ങിപ്പോകുന്നത‌്. എൻട്രൻസ‌് പരീക്ഷാ പരിശീലനത്തിന്റെ സംഘർഷങ്ങൾ താങ്ങാനാകാതെ, താൻ കഴിവുകെട്ടവനാണെന്ന‌് കത്തെഴുതി വച്ച‌് രാജസ്ഥാനിലെ കോട്ടയിൽ ആത്മഹത്യചെയ‌്ത കൗമാരക്കാരൻ സമീപകാലത്തെ വേദനിപ്പിക്കുന്ന അനുഭവമാണ‌്.

കുട്ടികളിൽനിന്ന‌് മുതിർന്നവരിലേക്കുള്ള പരിണാമത്തിന്റെ സങ്കീർണമായ ഘട്ടമാണ‌് കൗമാരം. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങളും ആശയക്കുഴപ്പങ്ങളുമാണ‌് ഇക്കാലത്ത‌് നേരിടേണ്ടിവരുന്നത‌്. ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന പുതിയ മാറ്റങ്ങളുടെ അർഥമറിയാൻ വെമ്പുന്ന കുട്ടികൾ പലവിധ തെറ്റിദ്ധാരണകളിൽ അകപ്പെടുന്നു.  കൗമാരത്തിന്റെ തുടക്കകാലത്ത‌് അവർ പുതിയൊരാളാകുന്നു. സ്വയമറിയാതെ മാനസികമായി എവിടെയെല്ലാമോ ചെന്നെത്തുന്നു. ആരുമായൊക്കെയോ മനസ്സുകൊരുക്കുന്നു. എന്താകുമെന്നാലോചിക്കാതെ ചിലരെങ്കിലും വീടുവിട്ട‌് ഇറങ്ങിപ്പോകുന്നു.

ഭാവിജീവിതത്തിൽ ഒരാൾ എന്തായിത്തീരണമെന്ന‌് തീരുമാനിക്കുന്ന സുപ്രധാന കാലമാണ‌് കൗമാരം. സ‌്കൂൾതലം പിന്നിട്ട‌് പഠനത്തിന്റെ ഉയർന്ന മേഖലയിലേക്ക‌് മാറുന്ന നാളുകൾ. ഇക്കാലത്ത‌് വ്യക്തമായ ആസൂത്രണത്തോടെ തീരുമാനമെടുത്ത‌് മുന്നോട്ടുപോകേണ്ടതുണ്ട‌്. കൗമാരത്തിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ നൽകുന്ന സമ്മർദങ്ങൾക്കൊപ്പം പഠനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ കുട്ടികൾക്ക‌് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും സഹായവും കൂടിയേ കഴിയൂ. കൗമാരത്തിന്റെ പ്രശ‌്നങ്ങൾ മനസ്സിലാക്കി അവർക്ക‌് ആത്മവിശ്വാസം പകരാൻ മുതിർന്നവർക്ക‌് സാധിക്കണം. എന്നാൽ, ഇന്നത്തെ അണുകുടുംബങ്ങളിൽ അച്ഛനമ്മമാർക്ക‌് കുട്ടികളോട‌് സംസാരിക്കാൻപോലും സമയം കണ്ടെത്താനാകുന്നില്ല. ജോലിത്തിരക്കുകാരണം രക്ഷിതാക്കൾ കുട്ടികളിൽനിന്ന‌് മാനസികമായി ഏറെ അകലെയാണ‌്. എല്ലാ ആധുനികസൗകര്യങ്ങൾക്കുനടുവിലും കൗമാരക്കാരായ മക്കൾ മാനസികമായി ഒറ്റപ്പെടുന്നതും അന്യവൽക്കരിക്കപ്പെടുന്നതും അവർ അറിയുന്നില്ല.

ഇന്റർനെറ്റിന്റെയും സാമൂഹ്യമാധ്യമങ്ങളുടെയും വ്യാപനത്തിന്റെ ഫലമായി വികസിച്ച ഭാവനാലോകം സൃഷ്ടിക്കുന്ന വ്യാമോഹങ്ങളും ചതിക്കുഴികളും വേറെയുമുണ്ട‌്. ഒരു പരിശോധനയ‌്ക്കും വിധേയമാകാത്ത സാമൂഹ്യമാധ്യമങ്ങളെ കണ്ണടച്ചു വിശ്വസിച്ചതിന്റെ ഫലമായി തകർന്നുപോയ എത്രയോ ജീവിതങ്ങൾ. മുതിർന്നവരെപ്പോലും അടിമകളും മനോരോഗികളുമാക്കുന്ന വീഡിയോ ഗെയിമുകൾ വരുത്തിവയ‌്ക്കുന്ന ദുരന്തങ്ങളും ചെറുതല്ല. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിൽനിന്നുള്ള കുട്ടികളാണ‌് ഇത്തരം ദുരന്തങ്ങളുടെ ഇരകൾ കൂടുതലും.

കൗമാരകാലത്തെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച‌് കുട്ടികൾക്ക‌് അറിവുപകരുകയെന്നതാണ‌് പ്രശ‌്നങ്ങൾ ഒഴിവാക്കാനുള്ള ആദ്യമാർഗം. സമ്മർദങ്ങൾക്ക‌് അടിപ്പെടാതെ മാറ്റത്തിന്റെ ഈ ഘട്ടത്തെ അഭിമുഖീകരിക്കാൻ കൗമാരക്കാരെ പ്രാ‌പ‌്തരാക്കണം. ഇതിന‌് ഹൈസ‌്കൂൾ–-ഹയർ സെക്കൻഡറി ക്ലാസുകളിൽ കൗൺസലിങ‌് വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തേണ്ടതുണ്ട‌്.

രക്ഷിതാക്കൾ കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തുകയും അവർക്ക‌് വൈകാരികപിന്തുണ നൽകുകയും വേണം. മക്കളുടെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ‌് ഭാവിജീവിതം ആസൂത്രണം ചെയ്യുക. അമിതപ്രതീക്ഷയുടെ ഭാരം അടിച്ചേൽപ്പിക്കാതിരിക്കുക. പരാജയവും തിരിച്ചടികളും ന‌ഷ്ടങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്നും തോൽവികൾ അവസാനമല്ലെന്നും ബോധ്യപ്പെടുത്തുക. മക്കൾക്ക‌് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം അവരുടെ പരിമിതികൾ മനസ്സിലാക്കാനും രക്ഷിതാക്കൾക്ക‌് കഴിയണം. എങ്കിലേ കൗമാരക്കാരെ ആത്മവിശ്വാസമുള്ളവരാക്കിമാറ്റാൻ കഴിയൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top