31 May Sunday

മാട്ടിറച്ചി: സുപ്രീംകോടതി ഇടപെടല്‍ ആശാവഹം

വെബ് ഡെസ്‌ക്‌Updated: Thursday Jul 13, 2017


കാലികളെ കശാപ്പിനായി വില്‍ക്കുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത മാട്ടിറച്ചി നിരോധനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും മോഡിഭരണം മുഖംതിരിച്ചുനില്‍ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍വമായ ഈ 'നിസ്സംഗത'യ്ക്ക് കിട്ടിയ മുഖമടച്ച പ്രഹരമായിരുന്നു കഴിഞ്ഞദിവസത്തെ സുപ്രീംകോടതിവിധി. മാട്ടിറച്ചിനിരോധനത്തിന് വഴിവയ്ക്കുന്ന കേന്ദ്രവിജ്ഞാപനം സ്റ്റേചെയ്തുകൊണ്ടുള്ള മദിരാശി ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ് രാജ്യം മുഴുവന്‍ ബാധകമാക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം കേന്ദ്രത്തിന്റെ കള്ളക്കളി പൊളിക്കുന്നതാണ്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ ബെഞ്ചില്‍ വാദം നടന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ശരിക്കും പുറത്തുചാടിയത്. മനുഷ്യന്റെ പ്രാഥമികാവശ്യമായ ഭക്ഷണത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമാണുള്ളതെന്നായിരുന്നു മദിരാശി ഹൈക്കോടതിയുടെ ചോദ്യം. നാലാഴ്ചത്തെ സ്റ്റേ കാലാവധി പൂര്‍ത്തിയാകുന്നഘട്ടത്തില്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ ശക്തമായി സമാനചോദ്യങ്ങള്‍ ഉയര്‍ന്നു.

പുതിയ ഉത്തരവിന്റെമറവില്‍ സംഘപരിവാര്‍ ഗോരക്ഷാസംഘങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും മുസ്ളിങ്ങളെ കൊലചെയ്തതും ദളിത് വിഭാഗങ്ങളെ ആക്രമിച്ചതും നിലവിലുള്ള ഭീതിയുടെ അന്തരീക്ഷത്തെ ഒന്നുകൂടി രൂക്ഷമാക്കി. മാംസവ്യാപാരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിവന്ന ലക്ഷക്കണക്കിനാളുകള്‍ നിരാലംബരായി. കാര്‍ഷികവൃത്തിയുടെ ഭാഗമായി കന്നുകാലികളെ വളര്‍ത്തുന്നവരുടെ വരുമാനമാര്‍ഗങ്ങളിലൊന്നായിരുന്നു കശാപ്പിനായുള്ള വില്‍പ്പന. ഇത് മുടങ്ങുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടത്തിന് പുറമെയാണ് കാലികളെ തുടര്‍ന്നും സംരക്ഷിക്കുന്നതിനുള്ള ചെലവ്. കാര്‍ഷികവൃത്തിയും കന്നുകാലി വളര്‍ത്തലും സാധ്യമല്ലാതെവന്നാല്‍ ഇന്ത്യന്‍ഗ്രാമങ്ങള്‍ മുഴുപ്പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥ. പോഷകാഹാരക്കുറവ് നേരിടുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന മാംസാഹാരം നിഷേധിക്കല്‍. ഇതിനൊന്നും ഉത്തരമില്ലാതിരിക്കുമ്പോഴും ഇരുതലമൂര്‍ച്ചയുള്ള വാളായാണ് മോഡിസര്‍ക്കാര്‍ കശാപ്പ് നിരോധനത്തെ ഉപയോഗിച്ചത്. ഒരുവശത്ത് ഗോമാതാവ് എന്ന വിശ്വാസത്തെ ഊതിക്കത്തിച്ച് അന്യമതവിരോധമാക്കി മാറ്റുക. മറുവശത്ത് വികേന്ദ്രീകൃതമായി നടന്നിരുന്ന ഇറച്ചി വ്യാപാരത്തെ ഇല്ലാതാക്കി, ഈ കമ്പോളമാകെ കുത്തകകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുക. വര്‍ഗീയ അജന്‍ഡയും ബിജെപിയുടെ കോര്‍പറേറ്റ് അനുകൂല സാമ്പത്തികതാല്‍പ്പര്യങ്ങളും ഒരേസമയം നടപ്പാക്കാനുള്ള തന്ത്രമാണ് കേന്ദ്രം പ്രയോഗിച്ചത്.

വ്യക്തികളുടെ മൌലികാവകാശം, സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്തുകവഴി ഫെഡറല്‍ഘടന തകര്‍ക്കല്‍, രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ ബലികഴിക്കല്‍ തുടങ്ങിയ ഭരണഘടനാവിഷയങ്ങളും ജനങ്ങളുടെ ദൈനംദിനജീവിതത്തെ ബാധിക്കുന്ന ഒട്ടനേകം പ്രശ്നങ്ങളും ഉള്‍ച്ചേര്‍ന്ന  കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കാന്‍ പാടുപെട്ടു. 2017ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (സംരക്ഷണം) നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലി കമ്പോളം നിയന്ത്രണം) ചട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചില വൈകാരികപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് ധാരാളം പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അഡീഷണല്‍ എജി പരമോന്നത കോടതിയെ ബോധിപ്പിച്ചു. എന്ത് പരിഹാരനടപടി സ്വീകരിച്ചു എന്ന വിശദീകരണം ഉണ്ടായില്ല. ചില മെച്ചപ്പെടുത്തലുകള്‍ ആവശ്യമായി വരും എന്ന് ബോധ്യമുണ്ട് എന്ന ഒഴുക്കന്‍ പ്രതികരണമാണ് ഉണ്ടായത്.

മാംസവ്യവസായം ഉള്‍പ്പെടെ പരാതിക്കാരുടെയെല്ലാം താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ചട്ടങ്ങള്‍ ഭേദഗതിചെയ്ത് പുനര്‍വിജ്ഞാപനം ചെയ്യാമെന്നുമാത്രമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഉറപ്പ്. പരിസ്ഥിതി- വനം മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചട്ടം ഭേദഗതി പ്രവര്‍ത്തനങ്ങള്‍ ആഗസ്തില്‍ പൂര്‍ത്തിയാകും. ആയതിനാല്‍ നിലവിലുള്ള ചട്ടപ്രകാരം സംസ്ഥാനങ്ങള്‍ കാലിച്ചന്തകളുടെ സ്ഥാനനിര്‍ണയമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തട്ടെ എന്നായിരുന്നു കേന്ദ്രനിര്‍ദേശം. മദിരാശി ഹൈക്കോടതിയുടെ സ്റ്റേ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ചട്ടങ്ങള്‍ക്ക് പ്രാബല്യം ഉറപ്പാക്കുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനായി എജി നിരത്തിയ വാദങ്ങള്‍ കോടതി തള്ളി. സ്റ്റേ രാജ്യവ്യാപകമായി തുടരുമെന്ന് മാത്രമല്ല പുതിയ വിജ്ഞാപനം വന്നാല്‍ പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കിയശേഷമേ പ്രാബല്യത്തില്‍ വരുത്താവൂ എന്നും കോടതി നിര്‍ദേശിച്ചു.  മാട്ടിറച്ചിവിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ക്ക് കനത്ത പ്രഹരം എല്‍പ്പിക്കുന്ന ഇടപെടലുകളാണ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളെ കൂട്ടുപിടിച്ച്വര്‍ഗീയ - കോര്‍പറേറ്റ് അജന്‍ഡയെ ന്യായീകരിക്കാനുള്ള ബിജെപിയുടെ നീക്കത്തിനാണ് സുപ്രീംകോടതിയുടെ സുവ്യക്തമായ തീര്‍പ്പിലൂടെ തിരിച്ചടിയേറ്റത്. നിര്‍ദേശകതത്ത്വങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കാനുള്ളതല്ല. നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഈ തത്ത്വങ്ങള്‍കൂടി കാണണം എന്നാണ് 37-ാം അനുച്ഛേദത്തില്‍ വിശദീകരിക്കുന്നത്. നിര്‍ദേശകതത്ത്വങ്ങള്‍ നടപ്പാക്കുമ്പോള്‍ മൌലികാവകാശങ്ങള്‍ ഒരുകാരണവശാലും ലംഘിക്കരുതെന്ന് ഭരണഘടന വ്യക്തമായി നിര്‍ദേശിക്കുന്നു. മൌലികാവകാശങ്ങളെ ഏതെങ്കിലും രീതിയില്‍ കവര്‍ന്നെടുക്കുകയോ ചുരുക്കുകയോചെയ്യുന്ന നിയമങ്ങള്‍ അസാധുവാകുമെന്നാണ് അനുച്ഛേദം 13 (2) വ്യക്തമാക്കുന്നത്. പുതുക്കിയ വിജ്ഞാപനത്തില്‍ വര്‍ഗീയ അജന്‍ഡ ഒളിച്ചുകടത്താന്‍ ശ്രമിച്ചാല്‍ എങ്ങനെ നേരിടുമെന്ന മുന്നറിയിപ്പാണ,് കോടതിയില്‍ ചോദ്യംചെയ്യാനുള്ള സാവകാശം അനുവദിക്കണമെന്ന ഉത്തരവില്‍ വ്യക്തമാകുന്നത്. വിദ്വേഷരാഷ്ട്രീയത്തിന്റെയും അമിതാധികാര പ്രവണതയുടെയും കരിനിഴല്‍ മൂടിയ ഇന്ത്യന്‍ ചക്രവാളത്തില്‍ സുപ്രീംകോടതിയുടെ ഈ ഇടപെടല്‍ ഒരു രജതരേഖയാണ്

പ്രധാന വാർത്തകൾ
 Top