23 September Saturday

ഈ പ്രക്ഷോഭം ഒരു താക്കീത്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 13, 2016


ജീവിക്കാനുള്ള അവകാശത്തിനായി ജനങ്ങള്‍ സംഘടിത സമരത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് ചൊവ്വാഴ്ച രാജ്ഭവനുമുന്നിലും സംസ്ഥാനത്തെ 206 കേന്ദ്രങ്ങളിലും കണ്ടത്. നരേന്ദ്ര മോഡി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ദുര്‍നയങ്ങളുടെ ഫലമായി കുതിച്ചുയരുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്താകെ ജനജീവിതം ദുസ്സഹമാക്കുകയാണ്. വര്‍ഗീയതയുടെയും നവലിബറല്‍ നയങ്ങളുടെയും പാതയിലൂടെ സഞ്ചരിക്കുന്ന മോഡി സര്‍ക്കാര്‍ ഉപരിപ്ളവമായ പ്രഖ്യാപനങ്ങളും പ്രഹസനങ്ങളും നടത്തുകയല്ലാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായി ഇടപെടുന്നില്ല. ഒഴിവുള്ള എല്ലാ തസ്തികകളിലും നിയമനം നടത്തുക, പട്ടികജാതി– വര്‍ഗ നിയമന കുടിശ്ശിക നികത്തുക, സ്വകാര്യമേഖലയില്‍ സംവരണം ഉറപ്പാക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃക നഗരങ്ങളില്‍ നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് നീക്കിവയ്ക്കുക, ഇന്ധനങ്ങള്‍ക്കുമേലുള്ള എക്സൈസ് ഡ്യൂട്ടിയും ഇന്ധനവിലയും കുറയ്ക്കുക, പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കി അവശ്യസാധന വിതരണം ഉറപ്പാക്കുക, ഔഷധവില നിയന്ത്രിക്കുക, അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം റദ്ദാക്കുക എന്നിങ്ങനെയുള്ള സുപ്രധാന ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടാലേ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും അറുതിയുണ്ടാകൂ. ഈ ആവശ്യങ്ങള്‍ ഉയര്‍ത്തി സിപിഐ എം ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭമാണ് ചൊവ്വാഴ്ച കേരളത്തിലുടനീളം അലയടിച്ചത്.

അവശ്യസാധന വില നിയന്ത്രിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് മോഡി അധികാരത്തിലെത്തിയത്. എന്നാല്‍, ഭരണത്തിന്റെ പിന്നിട്ട രണ്ടുവര്‍ഷങ്ങള്‍ വിലക്കയറ്റം പെരുകിയ കാലമാണ്. പയര്‍വര്‍ഗങ്ങളുടെ വില 140 ശതമാനം വര്‍ധിച്ചു. പച്ചക്കറിക്ക് കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ത്തന്നെ 120 ശതമാനം വിലവര്‍ധന. പഞ്ചസാര വില മൂന്നില്‍രണ്ട് വര്‍ധിച്ചു. കമ്പോളശക്തികള്‍ക്ക് വിലനിര്‍ണയാവകാശം വിട്ടുകൊടുത്തതും തെറ്റായ കയറ്റിറക്കുമതി നയങ്ങളും പെട്രോളിയം വിലനിര്‍ണയത്തിലെ തെറ്റായ രീതിയും അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരവും പൊതുവിതരണ സമ്പ്രദായത്തെ പാടേ അവഗണിച്ചതുമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഗ്രാമീണ ജനസംഖ്യയില്‍ 75 ശതമാനം പേര്‍ക്കും ആശ്വാസംനല്‍കാന്‍ പര്യാപ്തമായ ഭക്ഷ്യസുരക്ഷാനിയമം അട്ടിമറിക്കുകയാണ്. ഗോതമ്പും അരിയും രണ്ട്– മൂന്ന് രൂപ നിരക്കില്‍ നല്‍കാനുള്ള നിയമത്തിലെ വ്യവസ്ഥ നടപ്പാക്കിയിട്ടില്ല. കൃത്രിമമായ കണക്കുകള്‍ നിരത്തി ജനങ്ങളുടെ വരുമാനത്തോത് ഉയര്‍ത്തിക്കാണിച്ച് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. ഭക്ഷ്യസാധനവില പ്രതിസന്ധി പരിഹരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടിയില്ല.

രണ്ടുവര്‍ഷംകൊണ്ട് അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 62 ശതമാനത്തിലധികമാണ് കുറഞ്ഞത്. ഇന്ത്യയില്‍ ആവശ്യമുള്ളതിന്റെ നാലില്‍ മൂന്നുഭാഗം എണ്ണ ഇറക്കുമതി ചെയ്യുന്നതാണ്. ലോകവിപണിയിലെ വിലക്കുറവുമൂലം 2.14 ലക്ഷം കോടി രൂപയാണ് രാജ്യത്തിന് നേട്ടമുണ്ടായത്. എന്നാല്‍, മോഡി സര്‍ക്കാര്‍ രണ്ടുവര്‍ഷത്തിനിടയില്‍ 23 തവണ ഡീസല്‍ വില കൂട്ടി. 20 തവണ പെട്രോള്‍ വില കൂട്ടി. 26 രൂപ ഉല്‍പ്പാദനച്ചെലവുള്ള പെട്രോര്‍ 68.74 രൂപയ്ക്കാണ് വില്‍ക്കുന്നത്. എണ്ണയുടെ എക്സൈസ് ഡ്യൂട്ടി അഞ്ചുതവണയാണ് വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ജനജീവിതം മുന്നോട്ടുപോകണമെങ്കില്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗം അവലംബിച്ചേ തീരൂ എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നത്. ഇവിടെ കേരളമാതൃകയെക്കുറിച്ച് സിപിഐ എം മോഡി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിട്ടുണ്ട്. പൊതുവിപണിയില്‍ 181 രൂപ വിലയുള്ള ഉഴുന്ന് കേരളത്തിലെ മാവേലി സ്റ്റോറുകളില്‍ 66.13 രൂപയ്ക്കാണ് ലഭ്യമാകുന്നത്. പൊതുവിതരണം ശക്തിപ്പെടുത്താനുള്ള അടിയന്തര നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ 150 കോടി രൂപയാണ് മാറ്റിവച്ചത്. ഇങ്ങനെ എല്ലാ മേഖലയിലും ബദല്‍ സാധ്യമാണെന്ന് തെളിയിക്കുന്ന ഇടപെടലിന് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. വിലവര്‍ധനയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ അത്തരം പ്രതിജ്ഞാബദ്ധമായ നിലപാടുകൊണ്ടേ സാധ്യമാകൂ. ഇന്ത്യയിലുടനീളം ഈ മാതൃക നടപ്പാക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. ശരിയായ നയസമീപനങ്ങളിലൂടെ രാജ്യത്തെയും ജനങ്ങളെയും വിലക്കയറ്റത്തിന്റെ കെടുതിയില്‍നിന്ന് രക്ഷിക്കാനുള്ള ഇടപെടലിന് കേന്ദ്രത്തെ പ്രേരിപ്പിക്കാനുള്ള സമരമാണ് സിപിഐ എം ആരംഭിച്ചത്. രാജ്യവ്യാപകമായി ഇതേ മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭ– പ്രചാരണ പരിപാടികള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കുകയാണ്. യുപിഎ സര്‍ക്കാരിന്റെ പടുകൂറ്റന്‍ അഴിമതികള്‍ക്കും അക്കാലത്തെ അസഹ്യമായ വിലവര്‍ധനയ്ക്കുമെതിരെയാണ് ജനങ്ങള്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതികരിച്ചതെങ്കില്‍, അന്ന് യുപിഎയ്ക്ക് ലഭിച്ചതിനേക്കാള്‍ കഠിനമായ ജനകീയശിക്ഷയ്ക്ക് ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ അര്‍ഹത നേടിയിരിക്കുന്നു. സിപിഐ എം ആരംഭിച്ച പ്രക്ഷോഭം എല്ലാവിഭാഗം ജനങ്ങളും ഏറ്റെടുക്കേണ്ട ഒന്നാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top