03 July Friday

അഭിനന്ദിക്കാം ഈ ഇച്ഛാശക്തിയെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 12, 2017

തെന്നിന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖ നടിക്കുനേരെ അതിക്രൂരമായ ആക്രമണമാണ് ഫെബ്രുവരിയില്‍ ഉണ്ടായത്. തൊഴിലിടത്തുനിന്ന് മടങ്ങവെ, സംരക്ഷകനാകേണ്ട ഡ്രൈവര്‍തന്നെ ഒരുപറ്റം നരാധമന്മാര്‍ക്കു മുന്നിലേക്ക് നടിയെ എറിഞ്ഞുകൊടുക്കുയായിരുന്നു. ഓടുന്ന വാഹനത്തില്‍, രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ പൈശാചിക പീഡനത്തിനിരയാകേണ്ടിവന്ന നടി തന്റെദുരനുഭവം നിയമത്തിനു മുന്നിലെത്തിക്കാനുള്ള ധീരത കാണിച്ചതുകൊണ്ടുമാത്രമാണ് ഈ കേസ് ജനശ്രദ്ധയിലെത്തിയത്്. മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് അക്ഷരാര്‍ഥത്തില്‍ പറയാവുന്ന സംഭവത്തിനു പിന്നിലെ ശക്തികള്‍ തിരിച്ചറിയപ്പെടേണ്ടതും അര്‍ഹിക്കുന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടതും സമൂഹത്തിന്റെയാകെ ആവശ്യമാണ്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായവരെ ദിവസങ്ങള്‍ക്കകം പിടികൂടാനും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസിന് കഴിഞ്ഞു.

എന്നാല്‍, കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യമെന്ത്; അതിന് ചുക്കാന്‍ പിടിച്ചത് ആരൊക്കെ എന്ന ചോദ്യത്തിന് പൊലീസ് പിന്നെയും ഉത്തരംതേടേണ്ടിയിരുന്നു. ആ ഉത്തരമാണ് സുദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായതും ആലുവ സബ്ജയിലില്‍ അടയ്ക്കപ്പെട്ടതും.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായത് വാടകയ്ക്കെടുത്തവരാണെന്നും അവരെ നിയോഗിച്ചത് മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടനും നിര്‍മാതാവുമായ ദിലീപ് ആണെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ചലച്ചിത്രമേഖലയിലെ ശക്തസാന്നിധ്യമായ ദിലീപിനെ അനിഷേധ്യമായ തെളിവുകള്‍ സഹിതം പൊലീസ് പിടികൂടി. കേസ് തേച്ചുമായ്ചുകളയാനും പ്രമുഖരെ രക്ഷിക്കാനും ശ്രമം നടക്കുന്നു എന്ന കുപ്രചാരണത്തെ  അപ്രസക്തമാക്കിയും അതു നയിച്ച സ്ഥാപിത താല്‍പ്പര്യക്കാരെ നൈരാശ്യത്തിന്റെ പടുകുഴിയിലാക്കിയും കേരള പൊലീസ്  യഥാര്‍ഥ കുറ്റവാളിയെ ഇരുമ്പഴിക്കുള്ളിലെത്തിച്ചു. സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യ്രമുള്ള പൊലീസിന് ഏതു വമ്പന്‍ കുറ്റവാളിയെയും പിടികൂടാന്‍ തടസ്സമുണ്ടാകില്ല എന്ന് അനിഷേധ്യമായി തെളിയിക്കപ്പെട്ടു.  11-ാം പ്രതിയാണ് ദിലീപ്. 19 തെളിവുകള്‍ നിരത്തി  ദിലീപിനെ പ്രതിചേര്‍ത്തുളള റിപ്പോര്‍ട്ടാണ് പൊലീസ് ഹാജരാക്കിയത്. ആസൂത്രണം ചെയ്തവരുടെ പേരിലും നേരിട്ട് കുറ്റകൃത്യം നടത്തിയവര്‍ക്കെതിരായ വകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയനുസരിച്ച് കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗൂഢാലോചനയ്ക്ക് പുറമെ ദിലീപിനെതിരെ ചുമത്തിയത്.

അന്വേഷണം തുടരുമെന്ന് പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. എത്ര ഉന്നതനായാലും കുറ്റകൃത്യം നടത്തിയിട്ടുണ്ടെങ്കില്‍ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. നീതിനിര്‍വഹണത്തിന്റെയും നിയമപാലനത്തിന്റെയും ഉദാത്ത മാതൃകയാണ് ഇതിലൂടെ തെളിയുന്നത്. പടുകൂറ്റന്‍ അഴിമതികള്‍ ഉള്‍പ്പെടെ ഉന്നതര്‍ ഉള്‍പ്പെട്ട കേസുകള്‍ തെളിവു നശിപ്പിച്ചും അന്വേഷണം അട്ടിമറിച്ചും തകര്‍ത്ത അനുഭവത്തിന് യുഡിഎഫ് ഭരണത്തില്‍ ഈ കേരളം വേദിയായിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് തുറുങ്കിലടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത അനേകം സംഭവങ്ങള്‍ ആ കാലത്തിന്റെ സൃഷ്ടിയാണ്. അതില്‍നിന്നെല്ലാം വ്യത്യസ്തമായി നേരായ അന്വേഷണം, സ്വതന്ത്രമായ പൊലീസിങ്, സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളില്ലായ്മ എന്നിവയാണ് ഈ കേസിനെ വ്യത്യസ്തമാക്കുന്നത്. ജിഷ വധക്കേസിലെ യഥാര്‍ഥ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തി പിടികൂടിയ പൊലീസ് സമര്‍ഥമായ കരുനീക്കത്തിലൂടെ ഈ കേസിലെയും കുറ്റവാളികളെ കണ്ടെത്തിയത് തീര്‍ച്ചയായും അഭിമാനകരമായ നേട്ടമാണ്. ചാഞ്ചല്യമില്ലാതെ പിന്തുണ നല്‍കുന്ന സര്‍ക്കാരിനു കീഴില്‍ കേരള പൊലീസിന് അതുല്യമായ മുന്നേറ്റമുണ്ടാക്കാം എന്നതിന്റെ തെളിവുകൂടിയാണിത്.

നടി ആക്രമിക്കപ്പെട്ട കേസ് അനേകം ഗൌരവമായ വിഷയങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നിടുന്നുണ്ട്. ചലച്ചിത്രരംഗത്ത് നിലനില്‍ക്കുന്ന അരാജക പ്രവണതകളുടേതാണ് അതിലൊന്ന്. മാഫിയ രൂപംപൂണ്ട് ചലച്ചിത്രമേഖലയെ അടക്കിവാഴുന്ന ശക്തികളും പ്രവണതകളും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. അമ്പരപ്പിക്കുന്നവിധം അവിടെ സ്ത്രീകള്‍ ചൂഷണംചെയ്യപ്പെടുന്നു; ആകമിക്കപ്പെടുന്നു. സ്വന്തം സുരക്ഷ ഉറപ്പാക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാനും ചലച്ചിത്രമേഖലയിലെ വനിതകള്‍ക്ക് പ്രത്യേക സംഘടന തന്നെ രൂപീകരിക്കേണ്ടിവന്നു. താരങ്ങളുടെ കൂട്ടായ്മയായ 'അമ്മ' കുറ്റവാളിയായ നടനെ പുറംതള്ളി. ചലച്ചിത്രരംഗത്തെ അനാശാസ്യ പ്രവണത ആ മേഖലയില്‍തന്നെയുള്ള പലരും വിളിച്ചുപറയാന്‍ തയ്യാറാകുന്നു. ഈ കേസില്‍ ചാരി സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആക്രമണം നടത്താനൊരുങ്ങിയ കുടിലബുദ്ധികള്‍ സമൂഹത്തിനു മുന്നില്‍ പരിഹാസ്യരാകുന്നു. കേസ് വഴിതെറ്റിച്ചുവിടുംവിധം പ്രചരിപ്പിച്ച കഥകള്‍ ആയുസ്സെത്താതെ ഒടുങ്ങിയിരിക്കുന്നു.

  കേസന്വേഷണത്തെക്കുറിച്ച് വാസ്തവവിരുദ്ധ പ്രസ്താവന നടത്തിയ മുന്‍ പൊലീസ് മേധാവിയുടെ കുടിലത ജനമധ്യത്തില്‍ തിരിച്ചറിയപ്പെട്ടു. അന്തിമ വിശകലനത്തില്‍ മൂന്നു കാര്യങ്ങളാണ് തെളിഞ്ഞു നില്‍ക്കുന്നത്- ആക്രമിക്കപ്പെട്ട നടിയുടെ ധീരമായ നിലപാട്, സര്‍ക്കാരിന്റെ ഇച്ഛാശക്തി, പൊലീസിന്റെ അന്വേഷണ മികവ്. ഇനിയൊരാള്‍ക്കും ഇത്തരം ക്രൂരത ആരോടും ചെയ്യാനാകാത്ത വിധത്തില്‍ മാതൃകാപരമായ ശിക്ഷ എല്ലാ കുറ്റവാളികള്‍ക്കും വാങ്ങിക്കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് സംഘത്തിന് കഴിയും എന്ന ഉറച്ച വിശ്വാസം ജനങ്ങള്‍ക്കുണ്ട്. കാരണം ഒരു ദുഃസ്വാധീനത്തിനും വഴങ്ങാത്ത സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് കേരളത്തെ നയിക്കുന്നത് *

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top