05 October Thursday

സിലബസിലും കർസേവ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


ലോകം മാറ്റാൻ ശക്തിയുള്ള ഏറ്റവും മികച്ച ആയുധമാണ് വിദ്യാഭ്യാസമെന്ന കാഴ്‌ചപ്പാടിന്റെ അന്തഃസത്ത നന്നായി തിരിച്ചറിയുന്നത്‌ പ്രതിലോമശക്തികളാണ്‌. വലതുപക്ഷ‐ ഫാസിസ്റ്റ്‌ ഭരണങ്ങൾ അത്‌ പലവട്ടം തെളിയിച്ചിട്ടുമുണ്ട്‌. ഇന്ത്യയിൽ സംഘപരിവാറും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര‐ സംസ്ഥാന സർക്കാരുകളും സാംസ്‌കാരികാധിനിവേശത്തിന്റെ പ്രധാന ഉപകരണമാക്കുന്നത്‌ വിദ്യാഭ്യാസരംഗത്തെയാണ്‌. അതിന്‌ പ്രധാനമായും രണ്ടു മുഖമാണുള്ളത്‌. തെരഞ്ഞെടുത്ത ചില മേഖലകൾ പിടിച്ചടക്കുകയാണ്‌ ആദ്യത്തേത്‌. രണ്ടാമത്തേത്‌, തങ്ങളുടെ രാഷ്ട്രീയത്തിന്‌ രുചിക്കാത്ത ചിന്തകളെ തുടച്ചുനീക്കുകയാണ്‌. നാഗ്‌പുർ കേന്ദ്രമായ സരസ്വതീ ശിശുമന്ദിരങ്ങളാണ്‌ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആർഎസ്‌എസ്‌ ഗുരുകുലം. അങ്ങനെ വിദ്യാഭ്യാസ കർസേവയുടെ രൂപങ്ങൾ പലതാണ്‌.

ഗുജറാത്ത്‌, ഹിമാചൽപ്രദേശ്‌, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ സിലബസും പാഠഭാഗങ്ങളും പരീക്ഷാചോദ്യങ്ങളും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സഹിഷ്‌ണുതയുടെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും അടിസ്ഥാനശിലകൾ തകർക്കുന്നതാണ്‌. ഗാന്ധിജി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന ക്രൂരഫലിതം പോലും അവയിൽ ഇടംനേടി. ന്യൂനപക്ഷ വിരുദ്ധതയുടെ പ്രത്യേകിച്ച്‌ ഇസ്ലാമോഫോബിയയുടെ ചേരുവകളും സമൃദ്ധം. പ്രാകൃതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുകയാണ്‌ മറ്റൊരു രീതി. ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസിനെ അന്ധവിശ്വാസങ്ങളുടെ കൂടിച്ചേരൽ വേദിയാക്കി. ചാണക‐ ഗോമൂത്ര ഗവേഷണങ്ങൾക്ക്‌ കോടികളാണ്‌ വകയിരുത്തിയത്‌. കോവിഡ്‌ ചികിത്സയ്‌ക്ക്‌ ഗോമൂത്രം കേന്ദ്ര മന്ത്രിമാർതന്നെ നിർദേശിക്കുകയുണ്ടായല്ലോ. കൊറോണ അടച്ചുപൂട്ടലിൽ നഷ്ടമായ അധ്യയനദിവസങ്ങൾ കണക്കാക്കി സെൻട്രൽ ബോർഡ്‌ ഓഫ്‌ സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) ഒമ്പതുമുതൽ 12 വരെയുള്ള ക്ലാസുകളിലെ  സിലബസിൽ 30 ശതമാനത്തിന്റെ കുറവു വരുത്തിയത്‌ ഇതോടുചേർത്താണ്‌ പരിശോധിക്കേണ്ടത്‌. സിലബസ്‌ വെട്ടിച്ചുരുക്കിയതും പാഠഭാഗങ്ങളിൽനിന്ന്‌ യുക്തിചിന്തയും ശാസ്‌ത്രബോധവും വിമർശനബുദ്ധിയും ഉൾപ്പെടെയുള്ള മൂല്യങ്ങൾ ഒഴിവാക്കിയതും ദൂരവ്യാപക പ്രത്യാഘാതമുളവാക്കും.

ഫെഡറലിസം, കേന്ദ്ര‐ സംസ്ഥാന ബന്ധങ്ങൾ, പൗരത്വം, ദേശീയത, മതനിരപേക്ഷത, ആസൂത്രണ കമീഷൻ, പഞ്ചവത്സരപദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവം, അയൽപക്കബന്ധം, നവസമൂഹിക ചലനങ്ങൾ,  ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ  വാണിജ്യനയത്തിൽ വരുത്തിയ മാറ്റം, നോട്ടുനിരോധനം, പരിണാമസിദ്ധാന്തം, വിദ്യാഭ്യാസമേഖലയുടെ വളർച്ച, ജാതി, മതം, ലിംഗം, ജനാധിപത്യം അഭിമുഖീകരിക്കുന്ന  വെല്ലുവിളികൾ, പൗരാവകാശങ്ങൾ, ഭക്ഷ്യസുരക്ഷ തുടങ്ങിയവയാണ്‌  ഒഴിവാക്കിയത്‌.  എന്നിവയ്‌ക്കു പുറമെ പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട ഭാഗങ്ങളും നീക്കി. വിവിധ കോണുകളിൽനിന്ന്‌ മാനവ വിഭവശേഷി മന്ത്രാലയത്തിനു കിട്ടിയ 1500 ശുപാർശകളിൽനിന്നാണ്‌‌ എടുത്തുകളയേണ്ട  പാഠ്യഭാഗങ്ങൾ നിശ്ചയിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷേ, കാവിപ്പടയുടെ കപട വ്യാഖ്യാനങ്ങളെ ദുർബലപ്പെടുത്തുന്ന ഭാഗങ്ങളാണ്‌ മിക്കവാറും ചവറ്റു കൊട്ടയിൽ ഇട്ടതെന്നതാണ്‌ യാഥാർഥ്യം.


 

കൊറോണ പശ്ചാത്തലത്തിൽ  സിലബസിൽനിന്ന്‌ പാഠഭാഗങ്ങൾ വെട്ടിക്കുറച്ചത്‌ ഒറ്റത്തവണത്തേക്ക്‌ മാത്രമാണെന്നും  സിബിഎസ്‌ഇ വിശദീകരിക്കുന്നുണ്ട്‌.  പ്രതിസന്ധിയുടെ സാഹചര്യത്തിൽ പഠനഭാരം ലഘൂകരിക്കുന്നതിനാണ്‌ ഒമ്പതുമുതൽ 12–-ാം ക്ലാസു‌വരെയുള്ള 190 വിഷയത്തിന്റെ 30 ശതമാനം സിലബസ്‌ കുറച്ചതെന്ന്‌ അവകാശപ്പെട്ട  അധികൃതർ  അവ എൻസിആർടി തയ്യാറാക്കുന്ന ഉപ അക്കാദമിക്‌ കലണ്ടർ കാലയളവിൽ പഠിപ്പിക്കുമെന്ന്‌ കൂട്ടിച്ചേർക്കുകയുമുണ്ടായി.  കോവിഡ്‌ ഭീഷണിക്കിടയിൽ പാഠ്യപദ്ധതി അട്ടിമറിക്കുകയാണ്‌ മോഡി സർക്കാരിന്റെ ഗൂഢപദ്ധതികളുടെ ലക്ഷ്യം. അതിനായി യുക്തിബോധവും മതനിരപേക്ഷതയും  ജനാധിപത്യവും ഉൾച്ചേരുന്ന പാഠപുസ്തകങ്ങളുടെ ഉള്ളടക്കമാണ്‌ മാറ്റിയത്‌. സ്വാതന്ത്ര്യസമരത്തിന്റെ മൂശയിൽ രൂപപ്പെട്ട ഭരണഘടനാ മൂല്യങ്ങളാണ്‌ അട്ടിമറിക്കപ്പെടുന്നതും.  ചരിത്രത്തിൽ കൈവച്ച്‌ പാഠ്യപദ്ധതി അടിമുടി വർഗീയവൽക്കരിക്കാനും വിദ്വേഷ തത്ത്വശാസ്‌ത്രം പ്രചരിപ്പിക്കാനുമാണ്‌ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നീക്കം. 

രാജ്യം കടന്നുപൊയിക്കൊണ്ടിരിക്കുന്ന  സവിശേഷ സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നിർദേശമാണ് മുന്നോട്ടുവച്ചതെന്നാണ്‌ മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്‌റിയാൽ നിഷാങ്കിന്റെ  ‘നിഷ്‌കളങ്ക’ പ്രതികരണം.  ഒഴിവാക്കിയ പാഠഭാഗങ്ങൾ കഴിയുന്നിടത്തോളം വിദ്യാർഥികൾക്ക് പറഞ്ഞുകൊടുക്കണമെന്ന് സിബിഎസ്ഇ നിർദേശിച്ചത്‌ വിചിത്രമാണ്‌. അവ ഇന്റേണൽ അസെസ്‌മെന്റിന്റെയോ ബോർഡ് പരീക്ഷയുടെയോ ഭാഗമായിരിക്കില്ലെന്നും വിശദീകരിക്കുമ്പോൾ കാര്യങ്ങൾ വ്യക്തം. പരീക്ഷയ്‌ക്ക്‌ പരിഗണിക്കില്ലെന്ന്‌ ഉറപ്പായാൽ  ആ ഭാഗങ്ങൾക്ക്‌ എന്തു പ്രാധാന്യമാണ്‌ ലഭിക്കുക. ഇന്ത്യയുടെ നിലനിൽപ്പിന്റെ ആധാരമായ ജനാധിപത്യത്തെ ആഴത്തിൽ മുറിവേൽപ്പിക്കാനുള്ള  പ്രധാന ചുവടാണ്‌ വിദ്യാഭ്യാസരംഗത്തെ ഇപ്പോഴത്തെ നടപടികൾ. ദേശീയതയെയും  ഫെഡറലിസത്തെയുംകുറിച്ച്‌ സാമാന്യ ധാരണയില്ലാതെ ഭരണഘടനയുടെ ഉള്ളടക്കം തിരിച്ചറിയുന്നതെങ്ങനെ? പാഠ്യപദ്ധതിയിൽ മൂല്യങ്ങളൊന്നും ആവശ്യമില്ലെന്നതാണ്‌ മോഡി നൽകുന്ന അപകടകരമായ സന്ദേശം. വിദ്യാഭ്യാസത്തിന്റെ മണ്ഡലത്തിൽ നിരുത്തരവാദപര  സമീപനങ്ങൾ കൈക്കൊണ്ടാൽ തലമുറയുടെ  ഭാവിയാണ്‌ നശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top