02 October Monday

ആർഎസ്എസ് ചെയ‌്ത കൊടും പാതകം

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019


ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നപ്പോൾ ആദ്യം സ്വാഗതംചെയ‌്തവരുടെ കൂട്ടത്തിൽ ആർഎസ്എസ് ഉണ്ടായിരുന്നു . ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന അഭിപ്രായം ഏറ്റവും ശക്തമായി മുന്നോട്ടുവച്ച   സംഘടനയും ആർഎസ്എസ് തന്നെയാണ്. ആർഎസ്എസിന്റെ  ജീവിച്ചിരിക്കുന്ന  മുതിർന്ന നേതാക്കളിൽ ഒരാളായ ആർ ഹരി എഴുതി സംഘത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണശാല ആയ കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച "മാറ്റുവിൻ ചട്ടങ്ങളെ’ എന്ന പുസ‌്തകത്തിൽ സംശയരഹിതമായി അത് വ്യക്തമാക്കുന്നുണ്ട്.  അതിനുമപ്പുറം കേരളത്തിലെ ഏറ്റവും മുതിർന്ന സംഘപരിവാർ നേതാവ് ഒ രാജഗോപാൽ ഉൾപ്പെടെയുള്ളവർ പരസ്യമായി എടുത്ത നിലപാടും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായുള്ളതാണ്. എന്നുമാത്രമല്ല, ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ആർഎസ്എസുമായി ബന്ധമുള്ള വനിതാ അഭിഭാഷകരാണ്. ഇതൊന്നും ആരുടെയും ആരോപണങ്ങളല്ല. തെളിയിക്കപ്പെട്ട വസ‌്തുതകളാണ‌്.

ശബരിമല വിധി വന്നശേഷം പൊടുന്നനെ നിലപാട് മാറ്റി, തങ്ങൾ ആചാരസംരക്ഷകരാണ്, ഒരു സ്ത്രീയെയും അങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് പ്രഖ്യാപിച്ച്  കലാപത്തിനിറങ്ങിയതും  ആർഎസ്എസ് ആണ്. ഈ നിലപാടുമാറ്റത്തിന് പിന്നിലെ ദുഷ്ടലാക്കും അമ്പരപ്പിക്കുന്ന അവസരവാദവും അന്നുതന്നെ ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ‌്   സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാബാധ്യതയാണ് നിർവഹിച്ചത്. അതിനെ ഇടതുപക്ഷത്തിന്റെ എന്തോ നിർബന്ധമാണെന്ന് വരുത്താൻ ശ്രമിച്ച് , ശബരിമലയെയും അവിടത്തെ ആചാരങ്ങളെയും ഹനിക്കുന്നവരാണ്; എതിർക്കുന്നവരാണ്; തകർക്കാൻ ശ്രമിക്കുന്നവരാണ് ഇടതുപക്ഷം എന്ന വ്യാജപ്രചാരണത്തിനാണ‌്  ആർഎസ്എസ് മുതിർന്നത്. പകൽ പോലെ വ്യക്തമായ വസ‌്തുതകൾ മുന്നിലുണ്ടായിട്ടും ആ വ്യാജ പ്രചാരണത്തിന് പിന്നാലെ പോകാൻ കേരളത്തിലെ  കോൺഗ്രസും യുഡിഎഫും തയ്യാറായി. സിപിഐ എമ്മിനെയും ഇടതുപക്ഷ  ജനാധിപത്യമുന്നണിയെയും  വിശ്വാസവിരോധികൾ ആയി ചിത്രീകരിച്ച‌്  തങ്ങളാണ് വിശ്വാസത്തിന്റെ സംരക്ഷകർ എന്ന് സ്ഥാപിക്കാൻ അവർ സംയുക്തമായി ശ്രമിച്ചു. അതിന‌് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ ചൂട്ടുപിടിച്ചു.

സാധാരണ ജനങ്ങളെ കബളിപ്പിച്ച് വോട്ടും പിന്തുണയും നേടാനുള്ള ശ്രമത്തിലാണ‌് ഒരുപോലെ സംഘപരിവാറും യുഡിഎഫും മുഴുകിയത്. എന്നാൽ,  ലോക‌്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടുകൾ പെട്ടിയിലായ ശേഷം ആർഎസ്എസിലെ ചിലർക്ക് പുതിയ വെളിപാടുകൾ വരികയാണ്.  മുതിർന്ന നേതാവ‌് ആർ ഹരിയുടെ അടക്കമുള്ള ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് സാമ്പത്തികതാൽപ്പര്യം  വെച്ചുകൊണ്ടാണ് എന്നും അതിനുപിന്നിൽ ഭൂമാഫിയ ആണ് എന്നുമുള്ള ആരോപണം സംഘപരിവാറിലെ  ബുദ്ധികേന്ദ്രങ്ങളിൽനിന്നുതന്നെ ഉയർന്നിരിക്കുന്നു. പിണറായി വിജയനെ എതിർക്കാനാണ‌് തങ്ങളെ തല്ലുകൊള്ളിച്ചത് എന്ന്  ശബരിമല പ്രക്ഷോഭത്തിന‌് നേരിട്ടും അല്ലാതെയും നേതൃത്വം നൽകിയ ചിലർതന്നെ പരസ്യമായി വിളിച്ചുപറയുന്നു. വിധി വന്നപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും ജനാധിപത്യവിരുദ്ധവും സങ്കുചിത രാഷ്ട്രീയതാൽപ്പര്യങ്ങളിൽ  അധിഷ്ഠിതവുമായ അജൻഡയുമായി യുഡിഎഫും ബിജെപിയും രംഗത്തിറങ്ങിയപ്പോൾ, അതിനെ അനുകൂലിക്കാനും അതിന‌് സാധൂകരണം നൽകാനും കൂട്ടത്തോടെ ശ്രമിച്ച മാധ്യമങ്ങൾ സംഘപരിവാറിലെ പുതിയ തർക്കവും വിവാദവും കണ്ടില്ലെന്ന് നടിക്കുകയാണ്.

ശബരിമലപ്രശ്നമുയർത്തി നടത്തിയ കലാപനീക്കവും തുടർഹർത്താലുകളും അക്രമപ്പേക്കൂത്തും   രാഷ്ട്രീയനേട്ടത്തിനായുള്ള കുതന്ത്രമായിരുന്നുവെന്ന വെളിപ്പെടുത്തലിനോട് ആർഎസ്എസ്–ബിജെപി നേതാക്കളാരും പ്രതികരിച്ച്‌ കാണുന്നില്ല. ആർഎസ്എസിന്റെ  താത്വികമുഖവും   അഖില ഭാരതീയ പ്രമുഖ്  സ്ഥാനത്തുവരെ എത്തിയ ആളുമായ  ആർ ഹരിക്കെതിരെ ഗുരുതരമായ ആരോപണം സംഘപരിവാറിൽനിന്ന് തന്നെ ഉയർന്നിട്ടും സംഘമോ പരിവാർ നേതൃത്വമോ  പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇത് സംഘപരിവാറിലെ തൊഴുത്തിൽ കുത്ത് എന്ന നിലയിൽ നിസ്സാരമായി തള്ളാവുന്ന വിഷയമല്ല. ഒരു നാടിനെയും വിശ്വാസികളെയും സമൂഹത്തെയാകെയും സങ്കുചിത രാഷ്ട്രീയ നേട്ടത്തിനായി കുരുതിക്കളമാക്കാൻ പുറപ്പെട്ടവർതന്നെയാണ് ഉള്ളറക്കഥകൾ വിളിച്ചുപറയുന്നത്.  

ശബരിമലയിൽ പ്രവർത്തകരെ ബൂട്ടിൽ ചവിട്ടുകൊള്ളിച്ചത് പിണറായി വിജയനെ എതിർക്കാൻവേണ്ടി മാത്രമാണെന്ന‌് ‘റെഡി ടു വെയ്റ്റ്’ വക്താവ് പറയുമ്പോൾ നാമജപത്തിന്റെയും കുലസ്ത്രീമഹിമയുടെയും ഭാരംപേറി തെരുവിലിറങ്ങുകയും പുലഭ്യം പറയുകയും ചെയ‌്തവർ പ്രതികരിച്ചേ തീരൂ.  അതിനുമപ്പുറം, ആർഎസ്എസിന്റെ ഈ കുതന്ത്രവും താങ്ങി ജനങ്ങളെ വിഡ്ഢികളാക്കാനിറങ്ങിയ യുഡിഎഫും സഹായി മാധ്യമങ്ങളും  ചെയ‌്തുകൂട്ടിയ അതിക്രമങ്ങൾക്ക‌് കണക്കുപറയുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top