24 July Wednesday

അന്തിമമാകുമോ വിശാല ബെഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020


മതാചാരങ്ങളും വിശ്വാസപരമായ വിഷയങ്ങളും ഭരണഘടനാമൂല്യങ്ങൾക്ക്‌ വിരുദ്ധമായി വരുന്ന സന്ദർഭങ്ങളിൽ നീതിപീഠങ്ങളുടെ ഇടപെടലിന്‌ വ്യക്തമായ മാർഗനിർദേശം രൂപപ്പെടുത്തുന്ന സുപ്രീംകോടതി തീർപ്പിന്‌ വഴിയൊരുങ്ങി. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളാണ്‌ വിശാല ബെഞ്ചിന്റെ രൂപീകരണത്തിനു കാരണമായത്‌. ഈ ബെഞ്ചിന്റെ സാധുത തന്നെ ചോദ്യംചെയ്യപ്പെട്ടെങ്കിലും ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച്‌, അടിയന്തരപ്രാധാന്യത്തോടെ വാദംകേട്ട്‌ വിധി പറയാൻ തീരുമാനിച്ചു. ഇതൊരു അസാധാരണ നടപടിയാണ്‌.

പുതിയ കീഴ്‌വഴക്കത്തിന്റെ തുടക്കവും. ഭരണഘടനയുടെ അനുച്ഛേദം 145(3) പ്രകാരം രൂപീകരിക്കപ്പെടുന്ന അഞ്ചംഗ ബെഞ്ചിന്റെ വിധി അന്തിമമാണ്‌. അടിസ്ഥാന നിയമപ്രശ്‌നങ്ങളും ഭരണഘടനയുടെ വ്യാഖ്യാനവും സംബന്ധിച്ച  വിശദ പരിശോധന ആവശ്യമായിരുന്നെങ്കിൽ, അത്‌ 2018 സെപ്‌തംബർ 28ന്റെ വിധിക്കുമുമ്പ്‌ നടത്തേണ്ടതായിരുന്നു. പുനഃപരിശോധനാ ഹർജിയിൽ പരിഗണിക്കേണ്ടത്‌ നിയമപരമായ പിഴവുകളും പുതിയ കണ്ടെത്തലുകളും മറ്റും മാത്രമാണ്‌. വിശാല ബെഞ്ചിന്റെ സാധുത ശരിവച്ചതോടെ ഒരു വിധിയും അന്തിമമല്ലെന്ന പുതിയൊരു ധാരണയാണ്‌ രൂപപ്പെടുന്നത്‌. ഏതു വിധിയും തിരുത്തിയെഴുതാനുള്ള സാധ്യതയാണ്‌ ഒമ്പതംഗ ബെഞ്ച്‌ തുറന്നിടുന്നത്‌. അസാധാരണമാണെങ്കിലും ഈ വിധിയിലൂടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ പുതിയൊരു അധ്യായമാണ്‌ കൂട്ടിച്ചേർക്കപ്പെട്ടത്‌.

പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിന്റെ അധികാരങ്ങൾ പരിമിതമാണെന്നും വിഷയം വിശാല ബെഞ്ചിന്‌ വിട്ടതിന്‌ സാധുതയില്ലെന്നുമുള്ള ഭരണഘടനാ വിദഗ്‌ധൻ ഫാലി എസ്‌ നരിമാന്റെയും കേരള സർക്കാരിന്റെയും വാദം തള്ളിക്കൊണ്ടാണ്‌ പരമോന്നത കോടതി തുടർനടപടികളിലേക്ക്‌ കടന്നത്‌. ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ പരിധി, മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുച്ഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശവും മറ്റു മൗലികാവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ,  മതസ്വാതന്ത്ര്യവും പ്രത്യേക മതവിഭാഗങ്ങൾക്കുള്ള സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം, പ്രത്യേക മതവിഭാഗങ്ങൾക്ക് മൗലികാവകാശം ഉന്നയിക്കാനാകുമോ, മതവിഭാഗത്തിനു പുറത്തുള്ള ഒരാൾക്ക് മതാചാരങ്ങളെ പൊതുതാൽപ്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ്‌ വിശാല ബെഞ്ച്‌ പരിഗണിക്കുക.


 

സ്വാഭാവികമായും ശബരിമല യുവതീപ്രവേശത്തിനപ്പുറം വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ പരിശോധനയാണ്‌ സുപ്രീംകോടതിയിൽ നടക്കാൻ പോകുന്നത്‌.  പരിഗണനാ വിഷയങ്ങളിൽ പ്രത്യേകം പരാമർശിക്കുന്നില്ലെങ്കിലും മുസ്ലിം, പാഴ്‌സി സ്‌ത്രീകളുടെ ആരാധനാലയ പ്രവേശം, ദാവൂദി ബോറ പെൺകുട്ടികളിലെ ചേലാകർമം തുടങ്ങി സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകളുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന വിശ്വാസപ്രശ്‌നങ്ങളും വാദത്തിൽ ഇടംപിടിക്കും. അടിയന്തരമായി വാദം കേൾക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനുമുള്ള  തീരുമാനം സ്വാഗതാർഹമാണ്‌. വിധി പറയുന്നതിലും ഈ സമയനിഷ്‌ഠ സാധ്യമായാൽ ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികളിൽ തീർപ്പുണ്ടാക്കാനും മറ്റു കേസുകൾ കേൾക്കുന്നതിനും സഹായകമാകും.

വിശ്വാസപരമായ കാര്യങ്ങളിൽ കോടതിവിധികളെ വിവാദമാക്കുകയും സങ്കീർണതകളിലേക്ക്‌ വലിച്ചിഴയ്‌ക്കുകയും ചെയ്‌ത്‌ ജനങ്ങളിൽ വേർതിരിവ്‌ ഉണ്ടാക്കുകയാണ്‌ സംഘപരിവാറിന്റെ ലക്ഷ്യം. ശബരിമലയിൽ യുവതീപ്രവേശനം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌ സംഘപരിവാറുമായി സജീവബന്ധമുള്ള അഭിഭാഷകരാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ശബരിമല ദർശനത്തിന്‌ ഒന്നിലേറെ തവണ മുംബൈയിൽനിന്ന്‌ എത്തിയ തൃപ്‌തിദേശായിയുടെ സംഘബന്ധവും രഹസ്യമല്ല. മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ്‌ ആകട്ടെ രാഷ്‌ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള അവസരവാദ നിലപാടുകളാണ്‌ തുടരുന്നത്‌.


 

ശബരിമല വിഷയത്തിൽ ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച നിലപാട്‌ ലിംഗനീതിയും ഭരണഘടനാ മൂല്യങ്ങളും മുറുകെപ്പിടിക്കുന്നതായിരുന്നു. ഒപ്പം വിശ്വാസ സ്വാതന്ത്ര്യത്തെയും ആചാരനിഷ്‌ഠകളെയും വിലമതിച്ചു. ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകൾക്ക്‌ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌  ഭരണഘടന അടിവരയിടുന്ന ലിംഗതുല്യതയുടെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്‌. അതിനാൽ പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലദർശനം അനുവദിക്കണമെന്ന നിലപാടാണ്‌ സർക്കാർ ഉയർത്തിപ്പിടിച്ചത്‌. എന്നാൽ, വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടതായാൽ താന്ത്രിക വിധികളിൽ പരിജ്ഞാനമുള്ളവരുടെ ഒരു സമിതിയെ നിയോഗിച്ച്‌  കോടതി വിഷയം ആഴത്തിൽ പരിശോധിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. നീതിപീഠത്തിന്റെ ഏത്‌ തീരുമാനവും അംഗീകരിക്കാനും നടപ്പാക്കാനും സർക്കാർ എല്ലായിപ്പോഴും  സന്നദ്ധമായിരിക്കുമെന്നും അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ സുപ്രീംകോടതി ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചത്. ആ വിധി നടപ്പാക്കുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുന്നതോടൊപ്പം വിശ്വാസികളുടെ വികാരത്തെയും സർക്കാർ മാനിച്ചു. എന്നാൽ, നുണ പ്രചരിപ്പിച്ച്‌ കലാപമുണ്ടാക്കാനാണ്‌ സംഘപരിവാർ ശ്രമിച്ചത്‌. യുഡിഎഫും ഈ നീക്കത്തിന്‌ ഒത്താശ ചെയ്‌തു.

സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പക്വതയാർന്ന സമീപനംമൂലമാണ്‌ വലിയൊരു ആപത്തിൽനിന്ന്‌ കേരളം രക്ഷപ്പെട്ടത്‌. വിഷയത്തെ നിയമപരമായി സമീപിക്കുന്നതിനും കൂടിയാലോചനയുടെ മാർഗം സ്വീകരിക്കുന്നതിനും സർക്കാർ എല്ലാ പിന്തുണയും നൽകി. പുനഃപരിശോധനാ ഹർജിയിൽ വിധി സ്‌റ്റേ ചെയ്യപ്പെടാതിരുന്നിട്ടും അന്തിമവിധി വരുന്നതുവരെ കാത്തിരിക്കാമെന്ന സമീപനമാണ്‌ സർക്കാർ സ്വീകരിച്ചത്‌. ഇപ്പോൾ ഭരണഘടനാ ധാർമികതയും മത ധാർമികതയുമെന്ന സുപ്രധാന വിഷയത്തിൽ സുപ്രീംകോടതി വിശദപരിശോധനയ്‌ക്ക്‌ ഉത്തരവിട്ടിരിക്കുകയാണ്‌. വിശ്വാസവും മൗലികാവകാശങ്ങളും നേർക്കുനേർ നിൽക്കുമ്പോൾ ഭരണഘടനയ്‌ക്കും  മാനവികതയ്‌ക്കുമൊപ്പം നിൽക്കാനേ പരിഷ്‌കൃത സമൂഹത്തിന്‌ സാധിക്കുകയുള്ളൂ. എന്നാൽ, വിശ്വാസപരമായ കാര്യങ്ങളിൽ അനുരഞ്‌ജനം സാധ്യമാകുന്നില്ലെങ്കിൽ കോടതി തീർപ്പിന്‌ എല്ലാവരും വിധേയരാകുക എന്നതാണ്‌ അഭികാമ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top