30 September Saturday

മൂന്നാണ്ട്‌ പിന്നിട്ട നോട്ടുനിരോധനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

സ്വതന്ത്ര ഇന്ത്യയിലെ തുഗ്ലക് പരിഷ്കാരമെന്ന് നിസ്സംശയം വിളിക്കാവുന്ന നോട്ടു നിരോധനം  നടപ്പാക്കിയിട്ട് മൂന്നുവർഷം. 2016 നവംബർ എട്ടിനാണ് നരേന്ദ്ര മോഡി  1000, 500 രൂപ കറൻസികൾ റദ്ദാക്കി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. കള്ളപ്പണവും   തീവ്രവാദികൾക്ക് ലഭിക്കുന്ന  ധനാഗമ മാർഗങ്ങളും  തടയുക, പണമിടപാടുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുക  തുടങ്ങിയ ലക്ഷ്യങ്ങളാണ് തീരുമാനത്തിനുപിന്നിലെന്നായിരുന്നു അവകാശവാദം.  എന്നാൽ, സമ്പൂർണ തകർച്ചയുടെയും സംഘടിതകൊള്ളയുടെയും കൊടിയ അഴിമതികളുടെയും മൂന്നുവർഷം രാജ്യത്തെ   മാന്ദ്യത്തിലേക്കും പണപ്പെരുപ്പത്തിലേക്കും എടുത്തെറിയുകമാത്രമായിരുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി  നോട്ടുകൾ അസാധുവാക്കപ്പെട്ടെങ്കിലും  99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. നോട്ടുനിരോധനം തീവ്രവാദത്തെ നിലംപരിശാക്കുമെന്നായിരുന്നു മറ്റൊരു പ്രചാരണം.   അക്കാര്യത്തിലും എടുത്തുപറയത്തക്ക  കുറവുണ്ടായില്ല. പൂർണ ഡിജിറ്റലൈസേഷനും വ്യാമോഹം മാത്രമായി.  റിസർവ് ബാങ്ക് റിപ്പോർട്ടനുസരിച്ച് 2016 നവംബറിനും 2019 സെപ്തംബറിനും ഇടയിൽ കറൻസിയുടെ ഉപയോഗം 13.3 ശതമാനം കൂടുകയും   ബാങ്ക് നിക്ഷേപങ്ങളിൽ വൻ ഇടിവുണ്ടാവുകയുംചെയ്തു.

സാമ്പത്തികപണ്ഡിതർ "വിഡ്ഢിദിനം' എന്ന് വിശേഷിപ്പിച്ച നോട്ടുനിരോധനത്തിന്റെ  ആഘാതം  സമ്പദ്വ്യവസ്ഥ  ആഴത്തിൽ  അനുഭവിക്കുകയാണ്.  ആറു വർഷത്തിനിടെ 90 ലക്ഷം തൊഴിലുകൾ ഇല്ലാതായി. അരനൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ അവസ്ഥയാണിത്. 2011‐12  മുതൽ 2017‐18 വരെയുള്ള വിവരങ്ങൾ ശേഖരിച്ച്   അസിം പ്രേംജി സർവകലാശാലയാണ്  റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.   ചുരുങ്ങിയ ഇടവേളയിൽ  ഇത്രയും വലിയ തൊഴിൽനഷ്ടം  രാജ്യചരിത്രത്തിൽ ആദ്യമായാണെന്നും പഠനം നടത്തിയ സന്തോഷ് മെഹ്റോത്രയും ജജാതി കെ പരിദയും നിരീക്ഷിച്ചു. എന്നാൽ, ഇന്ന് സ്ഥിതി ഇതിലും രൂക്ഷമാണ്. ഉപഭോക്തൃവായ്പകളുടെ മൊത്ത ബാങ്ക് റെക്കോഡ് കുത്തനെ ഇടിഞ്ഞു. വ്യാവസായികമേഖലയിലെ   പ്രതിസന്ധിക്കും നിരോധനം കാരണമായെന്ന് ഒട്ടേറെ സ്ഥാപനങ്ങളും  വ്യക്തമാക്കി. അസംഘടിതമേഖലയും കാർഷികരംഗവും  പൂർണമായും തകർന്നു. ഗ്രാമീണവരുമാനം ഗണ്യമായി കുറഞ്ഞു.  അടിസ്ഥാന  ജനവിഭാഗങ്ങളുടെ കൈയിൽ പണമെത്തി  വരുമാനംകൂടിയാലേ മാന്ദ്യം ഒഴിയൂ. അത്തരം  ഒരു പരിപാടിയും കേന്ദ്രത്തിനില്ല. പ്രഖ്യാപിച്ച അഞ്ച് ഉത്തേജക പാക്കേജുകളിലും അതിദരിദ്രർക്ക് ഇടമില്ലാതായി. 

കോർപറേറ്റ് കമ്പനികൾ  ഏറ്റവും കൂടുതൽ സംഭാവന നൽകുന്നതും ബിജെപിക്കുതന്നെ.  മറ്റു പാർടികൾക്കാകെ  ലഭിക്കുന്നതിന്റെ  70 ശതമാനത്തിലധികം വരുമത്

എന്നാൽ,  നിരോധനശേഷം നടപ്പാക്കിയ ചില പദ്ധതികൾ കോർപറേറ്റുകളെയും വൻകിട റിയൽ എസ്റ്റേറ്റ് മേഖലയെയും തുണയ്ക്കുന്നതാണ്. സംഘപരിവാറിന്  അടുപ്പമുള്ള  220 വൻകിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ  കടങ്ങൾ എഴുതിത്തള്ളിയതും ഇതിന്റെ തുടർച്ച. എസ്ബിഐ ഒഴിവാക്കിക്കൊടുത്തതാകട്ടെ, 76600 കോടിയാണ്. 26219 കോടി  എഴുതിത്തള്ളി ഐഡിബിഐയാണ് സ്വകാര്യമേഖലയിൽ ഒന്നാംസ്ഥാനത്ത്. നോട്ടുനിരോധനം രാജ്യത്തെ  ഏറ്റവും  ആസ്തിയുള്ള പാർടിയായി ബിജെപിയെ വളർത്തിയെന്നതും വസ്തുതയാണ്. അമിത് ഷായടക്കമുള്ള ഉന്നതനേതാക്കളും ഗുജറാത്തിലെയടക്കം ബാങ്കുകളും സംശയത്തിന്റെ നിഴലിലായതും നിസ്സാരമല്ല. കോർപറേറ്റ് കമ്പനികൾ  ഏറ്റവും കൂടുതൽ സംഭാവന നൽകുന്നതും ബിജെപിക്കുതന്നെ.  മറ്റു പാർടികൾക്കാകെ  ലഭിക്കുന്നതിന്റെ  70 ശതമാനത്തിലധികം വരുമത്.

രാജ്യത്തെ മിക്ക പൊതുമേഖലാസ്ഥാപനങ്ങളും  വമ്പൻ കോർപറേറ്റുകളുടെ കാൽക്കീഴിൽ എത്തിക്കഴിഞ്ഞു. ബിജെപിയുടെ ഏറ്റവും അടുത്ത വാണിജ്യമിത്രമായ  അനിൽ അംബാനിയുടെ ജിയോയെ സഹായിക്കാൻ  ബിഎസ്എൻഎല്ലിനെ തകർത്തു.  ജീവനക്കാരൻ സ്വയംവിരമിക്കലിന്റെയും പിരിച്ചുവിടലിന്റെയും ഭീഷണിയിലാണ്. (പത്ത് മാസമായി വേതനമില്ലാത്തതിനാൽ  നിലമ്പൂരിൽ ബിഎസ്എൻഎൽ ജീവനക്കാരനായ രാമകൃഷ്ണൻ  ഓഫീസിൽ ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമാണ്. മൂന്നുപതിറ്റാണ്ടായി താൽക്കാലികതൊഴിലാളിയാണ് ആ ഭിന്നശേഷിക്കാരൻ) റെയിൽവേയും എയർ ഇന്ത്യയും ഭാരത് പെട്രോളിയവുമെല്ലാം നാശത്തിന്റെവഴിയിലാണ്. ബിജെപിയുടെ അഞ്ചുവർഷത്തെ ഭരണത്തിൽ അദാനിയുടെ ലാഭവർധന ആയിരംമടങ്ങായിരിക്കുന്നു.  സാധാരണക്കാരുടെ വിയർപ്പും ചോരയും  ഊറ്റി   മുതലാളിമാരുടെ കീശയിൽ  നിറയ്ക്കുമ്പോൾ കിട്ടുന്ന ദല്ലാൾ പണം ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുകയുമാണ്.   ജനഹിതം വിലയ്ക്കെടുക്കുകയും ജനപ്രതിനിധികളെ പാട്ടിലാക്കുകയും സംസ്ഥാന  ഭരണങ്ങൾ  അട്ടിമറിക്കുകയുമാണ്. ഇതെല്ലാം മോഡി സമ്മാനിച്ച "വിഡ്ഢിദിന'ത്തിന്റെ പ്രത്യാഘാതങ്ങളാണെന്ന് കൂടുതൽ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് ആശ്വാസകരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top