29 May Monday

മാലാഖമാരെ ചേർത്തുപിടിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Apr 10, 2020


‘‘ലോകത്തിന്‌ കേരളത്തിന്റെ മഹത്തായ കയറ്റുമതി സ്‌നേഹവും കരുതലുമാണ്‌. മികച്ച നേഴ്‌സുമാരുടെ നിരയിലേക്ക്‌ ലോകത്ത്‌ കൂടുതൽപേരെ നൽകുന്നത്‌ കേരളമാണ്‌. കോവിഡ്‌–-19ന്റെ സമയത്ത്‌ മനുഷ്യവംശത്തിന്റെ മുന്നണിയിൽ അവരുണ്ട്‌ ’’ –- ലോകാരോഗ്യദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ മലയാളി നേഴ്‌സിങ്‌ സമൂഹത്തോട്‌ കേരളത്തിനുള്ള സ്‌നേഹബഹുമാനങ്ങൾ ആറ്റിക്കുറുക്കിയതാണ്‌. മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളായി ലോകമെങ്ങും ആതുരസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന മലയാളി നേഴ്‌സുമാർക്കുള്ള നാടിന്റെ ആദരവാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകൾ.

അതിരുകളില്ലാത്ത കരുതലിന്റെയും സേവനത്തിന്റെയും മറുവാക്കായാണ്‌ മലയാളി നേഴ്‌സുമാരെ ലോകം കാണുന്നത്‌. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം ആതുരശുശ്രൂഷയുടെയും മനുഷ്യത്വത്തിന്റെയും മഹത്തായ മാതൃക സൃഷ്‌ടിക്കുന്നു അവർ. മലയാളി മാലാഖമാരുടെ ശുശ്രൂഷയും ശ്രദ്ധയും അനുഭവിച്ചറിയാത്തവർ ലോകരാജ്യങ്ങളിൽ കുറവായിരിക്കും. വികസിതരാജ്യങ്ങളിലെ രാഷ്‌ട്രത്തലവൻമാരും മന്ത്രിമാരും എംപിമാരുംവരെ ആ സേവനമനോഭാവത്തെ നന്ദിയോടെ സ്‌മരിക്കുന്നു.

കോവിഡ്‌ മഹാമാരിയെ ചെറുക്കാൻ ലോകം പൊരുതുമ്പോൾ മുന്നണിയിൽത്തന്നെ മലയാളി നേഴ്‌സുമാരുണ്ട്‌. വൈദ്യശാസ്‌ത്രത്തെ നിസ്സഹായമാക്കി കോവിഡ്‌ മരണം വിതയ്‌ക്കുമ്പോൾ ജീവൻ പണയം വച്ച്‌ അവർ രോഗികളെ ശുശ്രൂഷിക്കുന്നു. മരണത്തെ മുഖാമുഖം കാണുമ്പോഴും ഊണും ഉറക്കവുമുപേക്ഷിച്ച്‌ മനസ്സുറപ്പോടെ പ്രവർത്തിക്കുന്ന നേഴ്‌സുമാരെക്കുറിച്ച്‌ കേരളം വലിയ ഉൽക്കണ്ഠയിലാണ്‌. യൂറോപ്പിലും അമേരിക്കയിലുംപോലും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ്‌ അവർ ജോലി ചെയ്യുന്നതെന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നു. സുരക്ഷാകാരണങ്ങളാൽ മിക്കവരും ആഴ്‌ചകളായി കുടുംബത്തിൽനിന്ന്‌ വിട്ടുനിൽക്കുകയാണ്‌. വിദേശത്ത്‌ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരിൽ ചിലർക്ക്‌ കോവിഡ്‌ ബാധിച്ചതും ഭയപ്പെടുത്തുന്നു. എന്നിട്ടും വെല്ലുവിളികൾ അവഗണിച്ച്‌ അവർ പോരാടുകയാണ്‌. രാജ്യാതിർത്തികൾ മായ്‌ക്കുന്ന മനുഷ്യസ്‌നേഹവുമായി.


 

ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലുള്ള മലയാളി നേഴ്‌സുമാരും കടുത്ത സമ്മർദത്തിലാണ്‌. നേഴ്‌സുമാർക്കും മറ്റ്‌ ആരോഗ്യപ്രവർത്തകർക്കും സുരക്ഷാസംവിധാനങ്ങളും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കാൻ അധികൃതർ തയ്യാറാകാത്തതാണ്‌ പ്രശ്‌നം. മുംബൈയിലും ഡൽഹിയിലും കോവിഡ്‌ ബാധിച്ച മലയാളി നേഴ്‌സുമാരുടെ ദുരിതം ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. ഡൽഹിയിൽ കോവിഡ്‌ രോഗികളെ ചികിൽസിക്കുന്ന ആശുപത്രിയിലെ നേഴ്‌സുമാർക്ക്‌ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുപോലും സൗകര്യമില്ല. ഒരു മുറിയിൽ നാലും അഞ്ചും പേർ താമസിക്കുന്നു. അറുപതുപേർക്ക്‌ ഒരു ടോയ്‌ലറ്റാണ്‌. രണ്ടാഴ്‌ചത്തെ ഡ്യൂട്ടിക്കുശേഷം നിരീക്ഷണത്തിൽ കഴിയാനും സൗകര്യമില്ല. രോഗം ബാധിക്കാൻ സാധ്യത കൂടുതലുള്ള ഇവർ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാൻ നിർബന്ധിതരാകുന്നു. തങ്ങളെ മനുഷ്യരായി കാണാൻ തയ്യാറാകണമെന്ന്‌ അവർ മനസ്സുനീറി  അപേക്ഷിക്കുകയാണ്‌. കേരള സർക്കാർ ഇടപെട്ടതിനുശേഷമാണ്‌ അവർക്ക്‌ കുറച്ചെങ്കിലും സൗകര്യങ്ങൾ ലഭിച്ചത്‌.

കോവിഡ്‌ പ്രതിരോധത്തിൽ ലോകത്തിന്‌ മാതൃകയായ പുതിയ മികവ്‌ ആർജിച്ച കേരളം ആരോഗ്യപ്രവർത്തകരോടുള്ള കരുതലിലും വേറിട്ട്‌ നിൽക്കുന്നു. എല്ലാ സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തിയാണ്‌ കേരളം നേഴ്‌സുമാരെ യുദ്ധമുഖത്തേക്ക്‌ അയക്കുന്നത്‌. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ ഒരു പഴുതുമില്ലെന്ന്‌ സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നു.  താമസവും ഭക്ഷണവുമടക്കം എല്ലാം മെച്ചപ്പെട്ടതായിരിക്കണമെന്ന്‌ നിർബന്ധം പുലർത്തുന്നു. കോവിഡ്‌ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗം ബാധിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്‌സ്‌ സുഖപ്പെട്ട്‌ ആശുപത്രി വിടുമ്പോൾ ആത്മവിശ്വാസത്തോടെ പറഞ്ഞത്‌ വിശ്രമശേഷം കോവിഡ്‌ വാർഡിലേക്ക്‌ തിരിച്ചുവരുമെന്നാണ്‌. ആരോഗ്യപ്രവർത്തകർക്ക്‌ കേരളം നൽകുന്ന സുരക്ഷയുടെ തെളിവാണ്‌ ഈ വാക്കുകൾ.

കോവിഡിനോടുള്ള യുദ്ധത്തിൽ എല്ലാം മറന്ന്‌ മുന്നിൽനിൽക്കുന്ന നേഴ്‌സുമാർഅടക്കമുള്ള ആരോഗ്യപ്രവർത്തകരോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും അഗാധമായ വൈകാരിക അനുഭവത്തിലൂടെയാണ്‌ കേരളം കടന്നുപോകുന്നത്‌. ആരോഗ്യപ്രവർത്തകർ മാനസികമായി കരുത്തോടെയിരിക്കാൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അവരുമായി സംവദിക്കുന്നു. ഇഷ്‌ട അഭിനേതാക്കൾ ആശയവിനിമയം നടത്തുന്നു. ഗായകർ അവർക്കായി പാടുന്നു. ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി മുഖ്യമന്ത്രി ആരോഗ്യപ്രവർത്തകരുടെ ഹൃദയത്തിൽ തൊടുന്നു.

ആരോഗ്യപ്രവർത്തകരോട്‌ കേരളം കാണിക്കുന്ന കരുതൽ മറ്റ്‌ സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടതുണ്ട്‌. രോഗങ്ങൾക്കെതിരായ യുദ്ധത്തിൽ ഡോക്‌ടർമാരും നേഴ്‌സുമാരും അടക്കമുള്ളവരുടെ സുരക്ഷ പരമപ്രധാനമാണ്‌. കേരളത്തിന്റെ മാലാഖമാർക്ക്‌ സുരക്ഷ ഉറപ്പാക്കാൻ ലോകത്തിന്‌ കഴിയണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top