മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇടയ്ക്കിടെയുണ്ടാകുന്ന മഹാ ദുരന്തങ്ങളിലൊന്നാണ് ഭൂകമ്പം. തുർക്കിയും സിറിയയും തിങ്കളാഴ്ച സാക്ഷ്യംവഹിച്ച അതിശക്തമായ ഭൂകമ്പം അങ്ങനെയൊന്നാണ്. കോവിഡ് മഹാമാരിയിൽ ജനലക്ഷങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെ ലോകം നടുങ്ങിയ മറ്റൊരു ദുരന്തം. 21–-ാം നൂറ്റാണ്ടിൽ ഇതിനകമുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് 7.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഈ ഭൂകമ്പം. ആദ്യം വൻഭൂകമ്പങ്ങൾ, തുടർന്ന് ചെറുചെറു ഭൂകമ്പങ്ങൾ. പിന്നെ, എണ്ണിപ്പറയാൻപോലും പറ്റാത്തവിധം തുടർചലനങ്ങൾ.
തെക്കൻ തുർക്കിയെയും വടക്കൻ സിറിയയെയും തകർത്തെറിഞ്ഞ ദുരന്തത്തിൽ പതിനൊന്നായിരത്തിലേറെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും മരണസംഖ്യ 40,000 കടക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. പതിനായിരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നടിഞ്ഞ ആയിരക്കണക്കിന് കെട്ടിടങ്ങൾക്കിടയിൽ അനേകം മനുഷ്യർ കുടുങ്ങിക്കിടക്കുന്നു. കൊടുംതണുപ്പിൽ ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ലോകമാകെ വിറങ്ങലിച്ചുപോകുന്ന നിമിഷങ്ങൾ.
ദുരന്തഭൂമിയിലേക്ക് ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും സഹായഹസ്തങ്ങൾ നീളുന്നുണ്ട്. രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്. അതാണ് ഇപ്പോൾ അടിയന്തരമായി വേണ്ടതും. ഇരു രാജ്യത്തിലേക്കും മനുഷ്യസ്നേഹവും കാരുണ്യവും പ്രവഹിക്കണം. ദുരന്തസ്ഥലത്ത് എല്ലാവർക്കും വേണ്ടത് ആർദ്രതയുടെ കൈത്താങ്ങുകൾ. തുർക്കിയെയും സിറിയയെയും സഹായിക്കാൻ ലോകത്തോടൊപ്പം കേരളവും കൈകോർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് നമ്മുടെ നാടിന്റെ ആർദ്രതയുടെ പ്രതീകമാണ്. ജീവൻ രക്ഷപ്പെട്ടെങ്കിലും മഞ്ഞിലും തണുപ്പിലും വിറങ്ങലിച്ച്, ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, കിടക്കാനിടമില്ലാതെ കഴിയുന്ന ലക്ഷക്കണക്കിനാളുകൾ രണ്ടു രാജ്യത്തിലുമുണ്ട്. അവരെയെല്ലാം എത്തിപ്പിടിക്കാനാകണം. അവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പുകൾ ഇനിയും കണ്ടേക്കാം. ജീവനറ്റ അമ്മയോടു ചേർന്ന്, പൊക്കിൾക്കൊടി മുറിയാതെ കുഞ്ഞിനെ കണ്ടെത്തിയ വിവരം മാധ്യമങ്ങളാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉറ്റവരെല്ലാം നഷ്ടപ്പെട്ട് അനാഥത്വത്തിലേക്ക് പിറന്ന ആ കുഞ്ഞിനെ മനുഷ്യസ്നേഹികൾ ഏറ്റെടുക്കട്ടെ. ഇതുപോലെ, ജീവൻ തിരിച്ചുപിടിക്കാനുള്ള തേങ്ങലുകൾ എവിടെയുമുണ്ടാകാം. എവിടെയും രക്ഷാപ്രവർത്തനം അതിവേഗം എത്തുകയാണ് പ്രധാനം. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം എത്താൻ പലിയിടത്തും വൈകുന്നതായി റിപ്പോർട്ടുകളുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിയിലാണ് മരണം കൂടുതലെങ്കിലും സിറിയയിലും ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അനേകായിരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവിടെയും ദുരന്തബാധിത മേഖലകളിൽ എല്ലായിടത്തും ഒരുപോലെ സഹായമെത്തുന്നുവെന്ന് ലോക രാജ്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഇത് പ്രത്യേകം പറയാൻ കാരണം, ‘അറബ് വസന്തത്തിന്റെ' മറവിൽ തുർക്കിയും അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഒരു പതിറ്റാണ്ടിലേറെമുമ്പ് അടിച്ചേൽപ്പിച്ച ആഭ്യന്തര യുദ്ധത്തിൽനിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത രാജ്യമാണ് സിറിയ എന്നതുകൊണ്ടാണ്. സിറിയയുടെ ചില പ്രദേശങ്ങളിൽ തുർക്കിയുടെ വലിയ സ്വാധീനമുണ്ട്. തുർക്കിയുടെയും പാശ്ചാത്യ ശക്തികളുടെയും പിന്തുണയുള്ള ചില ശക്തികളാണ് ഈ മേഖല നിയന്ത്രിക്കുന്നത്. സിറിയയിൽ ദുരന്തമുണ്ടായ മറ്റു പ്രദേശങ്ങളിൽ സഹായം എത്താതിരിക്കാനുള്ള നീക്കമൊന്നും ഉണ്ടാകരുത്. എല്ലാ മനുഷ്യരെയും ഒരുമയോടെ സഹായിക്കുന്ന സ്ഥിതിയുണ്ടാകണം. ഇന്നിപ്പോൾ, എവിടെ എന്തൊക്കെ നഷ്ടങ്ങൾ സംഭവിച്ചെന്നറിയാൻ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുണ്ട്. ഭൂകമ്പത്തിന് തൊട്ടുമുമ്പുവരെ വീടോ, കുടിലോ എന്തുതന്നെ അവിടെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ തിരിച്ചറിയാനാകും. ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ദുരന്തമേഖലയിൽ എവിടെയും രക്ഷാപ്രവർത്തകർക്ക് എത്താനാകണം.
തുർക്കി, സിറിയ മേഖലകളിൽ ഭൂകമ്പങ്ങൾ അസാധാരണമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭൂകമ്പഭ്രംശ മേഖലകൾ സജീവമാണ് ഇവിടെ. ഇങ്ങനെയൊരു പ്രദേശത്താണ് തിങ്കളാഴ്ച പുലർച്ചെ ആദ്യ ഭൂകമ്പമുണ്ടായത്. ഇത്തരം സ്ഥലങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ ഉറപ്പാക്കുകയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും വേണം. അങ്ങനെ വല്ലതും ഇവിടെ ഉണ്ടായോ എന്ന് ഇനിയും വ്യക്തമല്ല. ഇന്ത്യയിൽ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി താഴുന്നതും വീടുകൾക്ക് വിള്ളലുണ്ടാകുന്നതും അടുത്തിടെ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. തുർക്കി, സിറിയ മേഖലയിലെ ഭൂകമ്പം, ആവശ്യമായ മുൻകരുതൽ നടപടി ഇത്തരം പ്രദേശങ്ങളിൽ എവിടെയും വേണമെന്ന് എല്ലാവരെയും ഓർമിപ്പിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..