28 May Thursday

യു ഡി എഫിന്റെ അനിവാര്യപതനം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2016

നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ യുഡിഎഫ് പരിപൂര്‍ണ ശൈഥില്യത്തിലേക്കാണ് നീങ്ങുന്നത്. മൂന്നരപ്പതിറ്റാണ്ടോളമാകുന്ന യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് മാണിവിഭാഗം പുറത്തേക്ക് പോകുന്നതോടെ കേരളരാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനംചെലുത്താന്‍ സ്വാധീനമുള്ള രാഷ്ട്രീയകൂട്ടുകെട്ട് എന്ന പദവിയാണ് യുഡിഎഫില്‍നിന്ന് വിട്ടുപോകുന്നത്. ഫലത്തില്‍ ആ മുന്നണി തകര്‍ന്നിരിക്കുന്നു. ചതിയുടെയും കുതികാല്‍വെട്ടിന്റെയും കണക്കുകള്‍ നിരത്തി, കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് മാണി വിടുതല്‍ പ്രഖ്യാപിച്ചത്. ഉമ്മന്‍ചാണ്ടിയൊഴികെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മാണിക്കെതിരെ അതിരൂക്ഷമായ പ്രതികരണമുണ്ടാവുകയുംചെയ്തു. പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങളും വെളിപ്പെടുത്തുന്ന വിവരങ്ങളും അതീവ ഗൌരവമുള്ളതാണ്. യുഡിഎഫിനെ നയിച്ചുകൊണ്ട്, ആ മുന്നണിയിലെ പ്രധാന കക്ഷിയെയും നേതൃത്വത്തെയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തി എന്നാണ് അര്‍ഥശങ്കയ്ക്കിടയില്ലാതെ കേരള കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഗൂഢാലോചനയുടെ നായകത്വം ആര്‍ക്കെന്ന് മാണി വക്തമാക്കിയില്ലെങ്കിലും, രമേശ് ചെന്നിത്തലയ്ക്കാണെന്ന് ഉമ്മന്‍ചാണ്ടി വളച്ചുകെട്ടില്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. 

യുഡിഎഫിന്റെ കെട്ടുറപ്പ് നിയമസഭാ തെരഞ്ഞെടുപ്പോടെ അവസാനിച്ചതാണ്. ഇടതുപക്ഷത്തുനിന്ന് അടര്‍ത്തിമാറ്റിയ ആര്‍എസ്പി, ജനതാദള്‍ യു കക്ഷികള്‍ നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്തവയായി ചുരുങ്ങി. കോണ്‍ഗ്രസിനുപുറമെ അവശേഷിച്ച രണ്ട് പ്രമുഖ കക്ഷികള്‍ ഇന്ത്യന്‍യൂണിയന്‍ മുസ്ളിംലീഗും കേരള കോണ്‍ഗ്രസു(മാണി)മാണ്. ഈ മൂന്നു കക്ഷികളും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ അഭിമുഖീകരിച്ചത്. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ വിജയശില്‍പ്പികളായി കണക്കാക്കപ്പെടുന്ന മാണിവിഭാഗം വിടപറയുന്നതോടെ യുഡിഎഫ് എന്ന മുന്നണിയുടെ പ്രസക്തിതന്നെയാണ് നഷ്ടപ്പെടുന്നത്.

1964ല്‍ കോണ്‍ഗ്രസിനകത്തെ ഭിന്നതയും ചതിപ്രയോഗങ്ങളുമാണ്  കേരള കോണ്‍ഗ്രസിന്റെ പിറവിക്ക് കാരണമായത്. ഇന്ന്, അരനൂറ്റാണ്ടിനുശേഷം കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനോട് ഗുഡ്ബൈ പറയുമ്പോഴും ചതിയുടെയും വഞ്ചനയുടെയും ആരോപണങ്ങള്‍ തന്നെയാണുയരുന്നത്.  ഇരട്ടനീതി പ്രശ്നമുയര്‍ത്തി കലാപമുണ്ടാക്കിയ മാണിഗ്രൂപ്പ് ബഹുമുഖ തീരുമാനമാണെടുത്തത്. നിയമസഭയില്‍ കോണ്‍ഗ്രസിനൊപ്പമില്ല; പാര്‍ലമെന്റില്‍ സമദൂരം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫിനൊപ്പം– ഇതാണ് നയം. അതിനെ പരിഹസിക്കുകയും രാജിവച്ച് ഇറങ്ങിപ്പോകാന്‍ വെല്ലുവിളിക്കുയുമാണ് യുഡിഎഫ് കണ്‍വീനറുള്‍പ്പെടെയുള്ളവര്‍. മുസ്ളിംലീഗാകട്ടെ, അവ്യക്തമായ പ്രതികരണങ്ങള്‍ക്കേ മുതിര്‍ന്നുള്ളൂ. മാണിയെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നത് ബിജെപിയാണ്. വെള്ളാപ്പള്ളി പരീക്ഷണം പരാജയപ്പെട്ടതോടെ കേരള രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പുതേടുന്ന ബിജെപിക്ക് മാണിയില്‍ പ്രതീക്ഷയുണ്ട്. അത്തരമൊരു ബന്ധം കേരള കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പാക്കുമെന്ന് ആ പാര്‍ടിക്കകത്തുതന്നെ പ്രബലമായ അഭിപ്രായമുണ്ട്. 

മാണിയുടെ കലഹവും കോണ്‍ഗ്രസിന്റെ പ്രതികരണങ്ങളും ചായക്കോപ്പയിലെ കൊടുങ്കാറ്റുമാത്രമാണെന്നും അടുത്തൊന്നും തെരഞ്ഞെടുപ്പ് നടക്കാനില്ലാത്തതുകൊണ്ടാണ് അതിന് രൂക്ഷത വര്‍ധിക്കുന്നതെന്നും കരുതുന്നവരുണ്ട്. അതിനെ സാധൂകരിക്കുന്ന ചരിത്രം ആ മുന്നണിക്കുണ്ട്. അധികാരം; അതിന്റെ മറവിലെ അഴിമതി എന്ന അജന്‍ഡയാണ് എന്നും യുഡിഎഫിനെ നിലനിര്‍ത്തുന്ന അജന്‍ഡ. അധികാരത്തിലിരിക്കെ നടത്തിയ അഴിമതിയും കോഴപ്പണം പങ്കുവച്ചതിലെ തര്‍ക്കവുമാണ് ഇന്നത്തെ കോണ്‍ഗ്രസ്– കേരള കോണ്‍ഗ്രസ് പ്രശ്നത്തിന്റെ ഒരു പ്രധാന കാരണം. അതുകൊണ്ടുതന്നെ എല്ലാം മറന്നും പൊറുത്തും അധികാരത്തിനുവേണ്ടിയുള്ള മത്സര ഓട്ടത്തില്‍ നാളെ അവര്‍ ഒന്നിച്ചേക്കാം. എന്നാല്‍, അത്തരമൊരു പുനഃസമാഗമംപോലും ഫലപ്രദമാകാത്ത വിധത്തിലുള്ള പ്രതികരണങ്ങളാണ് ഇരുഭാഗത്തുനിന്നുമുണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. മാണിയില്‍നിന്നുള്ള വിടുതല്‍ കോലംകത്തിച്ചും മധുരപലഹാരം വിതരണംചെയ്തുമാണ് കോണ്‍ഗ്രസിന്റെ അണികള്‍ ആഘോഷിച്ചത്.

പ്രാദേശികഭരണം പങ്കിടാമെന്ന തീരുമാനം തകര്‍ക്കപ്പെടുന്ന തരത്തിലാണ് അണികളുടെ വികാരം.
മതനിരപേക്ഷത സംരക്ഷിക്കാന്‍ നിലകൊള്ളുന്ന, സമാധാനജീവിതവും പുരോഗതിയും ആഗ്രഹിക്കുന്ന എല്ലാവിഭാഗം ജനങ്ങളും ജാഗ്രത പാലിക്കേണ്ട ഘട്ടമാണിത്. യുഡിഎഫിന്റെ തകര്‍ച്ച സ്വന്തം വളര്‍ച്ചയ്ക്ക് ഇന്ധനമാക്കാനുള്ള സംഘപരിവാര്‍ അജന്‍ഡ വിജയിച്ചുകൂടാ. മാണി ബിജെപി സഖ്യത്തിന് മുതിരുന്നത് ആത്മഹത്യാപരമാകുമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിലയിരുത്തല്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്. പരസ്പരം പോരടിക്കുകയും കുതികാല്‍വെട്ടുകയും ചെയ്യുന്ന യുഡിഎഫ് നേതൃത്വത്തിനെതിരായ അണികളുടെ അതൃപ്തി  അഴിമതിവിരുദ്ധ– വര്‍ഗീയവിരുദ്ധ പോരാട്ടത്തെ ശക്തിപ്പെടുത്തുന്ന നിലയിലേക്കാണ് മാറേണ്ടത്. വഴിതെറ്റിയ നേതൃത്വത്തെ തിരസ്കരിക്കാനുള്ള കടമ അണികള്‍ ഏറ്റെടുക്കണം.

 കുതിരക്കച്ചവടവും അവിശുദ്ധ സഖ്യങ്ങളുമല്ല, ജനങ്ങളുടെ ബോധ്യത്തില്‍നിന്നുരുത്തിരിയുന്ന രാഷ്ട്രീയമാണ് കേരളത്തില്‍ പുലരേണ്ടത്. അഴിമതിക്കെതിരെയും മതനിരപേക്ഷതയുടെ സംരക്ഷണത്തിനുംവേണ്ടി പോരാടാനുള്ള കരുത്ത് ഇടതുപക്ഷത്തിനാണുള്ളതെന്ന തിരിച്ചറിവിലേക്ക് കൂടുതല്‍ ജനങ്ങള്‍ എത്താനുള്ള അവസരമായി ഇത് മാറണം. യുഡിഎഫ് അനിവാര്യമായ പതനത്തിലെത്തിയാലും കേരളത്തിന്റെ നെറുകയില്‍ മതനിരപേക്ഷതയുടെ കൊടി പറക്കണം.

പ്രധാന വാർത്തകൾ
 Top