26 September Tuesday

വീണ്ടെടുപ്പിന്റെ കേരള മാതൃക

വെബ് ഡെസ്‌ക്‌Updated: Monday May 8, 2023


ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ, പാരിസ്ഥിതിക സന്തുലനം വീണ്ടെടുക്കുന്നതിന് ഹരിതകേരളം മിഷനിലൂടെ കേരളം നടത്തുന്ന ശ്രമങ്ങൾ രജതരേഖയാകുന്നു. വൃത്തിയും ജലസമൃദ്ധിയും സുരക്ഷിത ഭക്ഷ്യവിഭവങ്ങളുടെ ഉൽപ്പാദനവും ലക്ഷ്യമിട്ട് ഒന്നാം പിണറായി സർക്കാർ രൂപംനൽകിയ ഹരിതകേരളം മിഷൻ ഏഴാം വർഷത്തിലെത്തിനിൽക്കെ കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധ ആകർഷിക്കുന്നവയാണ്.

മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണം, ശുചിത്വം, മാലിന്യസംസ്കരണം, ജൈവക്കൃഷിക്ക് പ്രാമുഖ്യം നൽകിയുള്ള കാർഷിക വികസനം എന്നീ മേഖലകളിൽ ഊന്നി ഹരിതകേരളം മിഷൻ  ജൈവസമ്പത്ത് തിരിച്ചുപിടിക്കാൻ നടത്തുന്ന ഉദ്യമങ്ങൾ ആഗോളതലത്തിൽത്തന്നെ പ്രസക്തമാകുന്നത് അവയുടെ ഫലപ്രാപ്തിയാലാണ്. ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതു വഴി പ്രാദേശികതലത്തിൽ ജലസേചനവും കുടിവെള്ള വിതരണവും സാധ്യമാക്കുന്ന പുതിയൊരു ജല ഉപയോഗ സംസ്കാരത്തിന്‌ രൂപം നൽകുന്നതിന് ഹരിതകേരളം മിഷന്റെ ജലസംരക്ഷണ ഉപമിഷൻ ലക്ഷ്യംവയ്ക്കുന്നു. ആ ലക്ഷ്യത്തിലേക്ക് ഏറെ മുന്നേറിയിരിക്കുന്നുവെന്ന് മിഷന്റെ ഏറ്റവുമൊടുവിലത്തെ പ്രവർത്തനറിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

മിഷൻ നിലവിൽ വന്ന 2016 ഡിസംബർ എട്ടുമുതൽ 2023 ഫെബ്രുവരിവരെയുള്ള കാലയളവിൽ സൂക്ഷ്മവും കണിശവുമായ കർമപദ്ധതികളിലൂടെയും സജീവ ജനപങ്കാളിത്തത്തോടെയും ഹരിതകേരളം മിഷൻ തിരിച്ചു പിടിച്ചത് 400 കിലോമീറ്റർ പുഴയും 60,855 കിലോമീറ്റർ നീർച്ചാലുകളും 26,589 കുളവുമാണ്. കൂടാതെ 21,698 കുളം പുതുതായി തീർത്തും 33,633 കിണർ കുഴിച്ചും ജലസമ്പത്ത് വർധിപ്പിച്ചു. 313 സ്ഥിരം തടയണയും 28,282 താൽക്കാലിക തടയണയും നിർമിച്ച് ജലസംരക്ഷണത്തിന് ആക്കം കൂട്ടി.

‘ഇനി ഞാനൊഴുകട്ടെ’ എന്ന പദ്ധതി വഴി വീണ്ടെടുക്കുന്ന നീർച്ചാലുകളുടെയും പുഴകളുടെയും തീരങ്ങൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്നതോടെ അവ  സുരക്ഷിതമാകുന്നു. പശ്ചിമഘട്ട മേഖലയിലെ നീർച്ചാൽ ശൃംഖലകളെ ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിന് രൂപംനൽകിയ മാപ്പത്തൺ പദ്ധതിയിൽ 230 പഞ്ചായത്തിനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും പരമാവധി ലഘൂകരിക്കുകയെന്ന പദ്ധതി ലക്ഷ്യം പൂർത്തീകരിക്കാനായാൽ അത്  പ്രകൃതി ദുരന്തങ്ങൾക്കെതിരായ പ്രതിരോധത്തിലെ  നാഴികക്കല്ലാകും.

മണ്ണിനെയും വായുവിനെയും വെള്ളത്തെയും വിഷലിപ്തമാക്കുന്ന മലിനീകരണത്തിൽനിന്ന് നാടിനെ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഹരിതകർമസേനയിലെ 30,830 സന്നദ്ധസേവകർ 1034 തദ്ദേശഭരണ സ്ഥാപനത്തിലെ എല്ലാ വീടുകളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുന്നു. ജനുവരി 26ന് ആരംഭിച്ച ‘വലിച്ചെറിയൽ മുക്ത കേരളം’ പദ്ധതി 2025 ആഗസ്തിൽ പൂർത്തിയാകുമ്പോൾ വൃത്തിയുള്ള നവകേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെടും. 99 ഗ്രാമത്തിൽ നടപ്പാക്കിവരുന്ന നെറ്റ് സീറോ കാർബൺ പദ്ധതി പരിസ്ഥിതി സൗഹാർദ നവകേരളം ലക്ഷ്യംവയ്ക്കുന്നു.

സമൃദ്ധമായ പച്ചപ്പും സമ്പന്നമായ വെള്ളശേഖരവുമാണ് കേരളത്തിന്റെ ജീവസ്രോതസ്സ്‌. ഈ സ്രോതസ്സുകൾ സംരക്ഷിക്കാനും നിലനിർത്താനുമുള്ള  ചുവടുകളുടെ സാഫല്യത്തിലേക്കാണ് കേരളം മുന്നേറുന്നത്. നമ്മുടെ മാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ല. മൂലധനശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങൾ ജനങ്ങളുടെ ഇച്ഛാശക്തിയുടെ ഗുണഫലങ്ങൾ അവഗണിക്കുന്നത് ബോധപൂർവം തന്നെയാണെന്നത് വ്യക്തമാണല്ലോ.
മുതലാളിത്ത വികസന നയങ്ങൾക്ക് ബദലായി ജനകീയ വികസന നയങ്ങൾ നടപ്പാക്കുന്ന ജനകീയ സർക്കാരിന്, അതിനേറ്റവും അത്യന്താപേക്ഷിതമായ പ്രകൃതിവിഭവങ്ങളുടെ, മനുഷ്യവിഭവശേഷിയുടെ വീണ്ടെടുപ്പിലൂടെ കരുത്തുറ്റ പിന്തുണയേകുകയാണ് ഹരിതകേരളം മിഷനും അതിന്റെ ജനകീയ അടിത്തറയും. അത് വിഭാവനം ചെയ്യുന്ന പുതിയ കേരളം പുതിയ ലോകത്തിന് മാതൃകയാകുന്നതും അതിന്റെ ജനപങ്കാളിത്തത്താലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top