19 September Saturday

കലാഭവന്‍ മണി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 8, 2016

അതിവേഗത്തില്‍ കേരളീയന്റെ സ്നേഹവും പ്രതിപത്തിയും ആര്‍ജിച്ച കലാകാരനാണ് കലാഭവന്‍ മണി. മണ്ണില്‍ കാലൂന്നിനിന്ന് മണ്ണിന്റെ മണമുള്ള കലയെ മാറോടണച്ച് പച്ചമനുഷ്യനോട് സംവദിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം. അനുകരണകലയിലൂടെയും നാടന്‍പാട്ടുകളിലൂടെയും അനന്യമായ അഭിനയമികവിലൂടെയും മണി മഹത്തായ സ്ഥാനമാണ് ജനഹൃദയങ്ങളില്‍ നേടിയത്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ചലച്ചിത്ര ആസ്വാദകരിലും കലാസ്നേഹികളിലും അപരിഹാര്യമായ നഷ്ടബോധമാണ് സൃഷ്ടിച്ചത്. താന്‍ കാലൂന്നിനില്‍ക്കുന്ന മണ്ണിനെ തിരിച്ചറിയുകയും അത് പുരോഗമന രാഷ്ട്രീയത്തിന്റേതാണെന്ന് മറയില്ലാതെ വിളിച്ചുപറയുകയും ചെയ്തു എന്നതാണ് മണിയെ വ്യത്യസ്തനാക്കുന്നത്.
നല്‍പ്പത്തഞ്ചാം വയസ്സിലാണ് മണിയുടെ വിയോഗം.

ഹ്രസ്വമായ കാലയളവിലേ മണിയുടെ പ്രതിഭയെ ലോകം ആസ്വദിച്ചിട്ടുള്ളൂ. ചലച്ചിത്രങ്ങളിലായാലും മണ്ണിന്റെ മണമുള്ള നാടന്‍പാട്ടിന്റെ അവതരണവേദികളിലായാലും അനുകരണകലയിലായാലും മണി വേറിട്ടുനിന്നു. താന്‍ പിന്നിട്ട വഴിയെക്കുറിച്ചും അധ്വാനത്തിന്റെ ഔന്നത്യത്തെക്കുറിച്ചും വിയര്‍പ്പിന്റെ വിലയെക്കുറിച്ചും തനിക്കുള്ള ബോധ്യം തുറന്നുപറയാന്‍ എന്നും അദ്ദേഹം സന്നദ്ധനായി. പച്ചമനുഷ്യന്റെ ജീവിതവും അതിന്റെ സങ്കീര്‍ണതകളും വിഹ്വലതകളും ആയിരുന്നു എന്നും മണിയുടെ പ്രമേയം. താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം അടിച്ചമര്‍ത്തപ്പെടുന്നവന്റെ മോചനത്തിന്റേതാണെന്നും തന്റെ രാഷ്ട്രീയം എല്ലാ ചൂഷണങ്ങള്‍ക്കും അറുതിവരുത്താനുള്ളതാണെന്നും വിളിച്ചുപറയാന്‍ ഒരിക്കലും മണി മടിച്ചുനിന്നില്ല.

മണിയെ എല്ലാവരും സ്നേഹിച്ചു. ആ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍ തങ്ങളില്‍ ഒരാളാണ് കലാഭവന്‍ മണി എന്നാണ് ഉറപ്പിച്ച് പ്രഖ്യാപിച്ചത്. 'ദേശാഭിമാനി'യുടെ പ്രിയപ്പെട്ട ബന്ധുവും അഭ്യുദയകാംക്ഷിയുമായിരുന്നു മണി. എന്റെ രാഷ്ട്രീയം ഹൃദയപക്ഷ രാഷ്ട്രീയമാണെന്നും ഹൃദയപക്ഷം ഇടതുപക്ഷമാണെന്നും എവിടെയും തുറന്നുപറയുകയും മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുകയുംചെയ്ത ആ കലാകാരന്റെ ഓര്‍മയ്ക്കുമുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു *


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top