29 May Monday

ദേശീയപ്രക്ഷോഭത്തിലേക്ക് ഇന്ത്യ ഉണരട്ടെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


സ്വാതന്ത്ര്യത്തിന്റെ 72–--ാം വാർഷികത്തിലേക്ക് രാജ്യം കടക്കുമ്പോൾ നമ്മുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ വീണ്ടുമൊരു ദേശീയ പ്രക്ഷോഭം അനിവാര്യമായിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ ബ്രിട്ടീഷുകാരന്റെ തൂക്കുമരങ്ങളെ വെല്ലുവിളിച്ച് പോരാടിയ ധീരദേശാഭിമാനികളുടെ പിന്മുറക്കാർ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സാഹചര്യം. ഏകാധിപത്യത്തിനും ഫാസിസ്റ്റ് നീക്കങ്ങൾക്കുമെതിരെ ഇന്ത്യ ഉണരേണ്ട കാലം. ഇനി വൈകിക്കൂടാ. രാജ്യത്തിന്റെ എല്ലാ മേഖലയിലും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ പിടിമുറുക്കുകയാണ്. എവിടെയും ആപത്തിന്റെ കൂട്ടമണിമുഴക്കം. കശ്‌മീരിൽ കണ്ടത് സൂചന മാത്രം. നാളെ അത് മറ്റെവിടെയും സംഭവിക്കാം. ഇന്ത്യ അതിവേഗം ഫാസിസത്തിലേക്ക് നീങ്ങുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് ഈയൊരു ഗൗരവമായ സ്ഥിതിയെ ഓർമിപ്പിച്ചുകൊണ്ടാണ്.

അതുകൊണ്ട്, നമ്മുടെ ഐക്യവും ജനാധിപത്യവും ഭരണഘടനയും ഫെഡറൽ തത്വങ്ങളും മതനിരപേക്ഷതയും കാക്കാൻ ജനങ്ങൾ ഒന്നായി മുന്നോട്ടുവരേണ്ടതുണ്ട്‌. കശ്‌മീർ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബുധനാഴ്‌ച നടക്കുന്ന ദേശീയ പ്രക്ഷോഭം അതിനു തുടക്കമാകട്ടെ. പ്രതിഷേധത്തിന്റെ അഗ്നിജ്വാലകൾ ഉയർത്തുകയാണ് ജനതയ്‌ക്കു മുന്നിലുള്ള പോംവഴി.
അധികാരം മുഴുവൻ കേന്ദ്ര സർക്കാരിലേക്ക് എത്തിച്ച് സംസ്ഥാന സർക്കാരുകളെ ദുർബലമാക്കുക ബിജെപിയുടെ പ്രധാന ലക്ഷ്യമാണ്. സംസ്ഥാനങ്ങളുടെ കൂട്ടായ്‌മയെന്ന നിലവിലുള്ള സങ്കൽപ്പത്തിനും ദേശീയ ഐക്യത്തിനും വെല്ലുവിളി ഉയർത്തുന്ന മോഡി സർക്കാരിന്റെ കശ്‌മീർ നടപടി ഈ ലക്ഷ്യത്തെ മുൻനിർത്തിയുള്ളതാണ്‌. നാനാത്വത്തിൽ നിലകൊള്ളുന്ന ഇന്ത്യയുടെ ഐക്യം തകർക്കുകയെന്നത് ആർഎസ്എസിന്റെ മുഖ്യ അജൻഡ തന്നെ. ആർഎസ്എസിന്റെ ആ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ്‌ കശ്‌മീരിനെ വിഭജിച്ചതും 370‐ാം വകപ്പു പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയതും. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയായിരുന്നു അമ്പതുകളുടെ തുടക്കത്തിൽ കശ്‌മീരിന്റെ  പ്രത്യേക പദവിക്കെതിരെ ആദ്യം രംഗത്തുവന്നത്. അന്നുമുതൽ തുടങ്ങിയ നീക്കം ഇപ്പോൾ നടപ്പാക്കി. കശ്‌മീരിനെ കൂടാതെ മറ്റു ചില സംസ്ഥാനങ്ങൾക്കും പ്രത്യേക അവകാശങ്ങളുണ്ട്. നാളെ അവിടേക്കും കടന്നുകയറാം. അതിനുള്ള ആദ്യപടിയായും കശ്‌മീർ വിഭജനത്തെ കാണാം. പ്രതിഷേധം ഉയരുമ്പോൾ സൈനികശക്തി ഉപയോഗിച്ച് കശ്‌മീർ ജനതയെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇനി ഒട്ടേറെ മനുഷ്യാവകാശലംഘനങ്ങളും അവിടെ സംഭവിക്കും. ഇതൊക്കെ മറ്റു സംസ്ഥാനങ്ങളിലുമുണ്ടാകാം. നാളെ കേരളത്തെയും പഴയ കൊച്ചി, മലബാർ, തിരുവിതാംകൂർ എന്നൊക്കെ വിഭജിക്കാൻ കേന്ദ്രം ഒരുങ്ങില്ലെന്ന് ആർക്കു പറയാനാകും. അതുകൊണ്ട് കശ്‌മീരിനെ വിഭജിച്ചതിനെതിരായ പ്രക്ഷോഭം എല്ലാ ഇന്ത്യക്കാരുടെയും പോരാട്ടമായി മാറേണ്ടതുണ്ട്.

മതനിരപേക്ഷതയോട്‌ ഇന്ത്യൻ രാഷ്ട്രീയത്തിനുള്ള പ്രതിബദ്ധത തകർക്കുക, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം അരക്ഷിതമാക്കുക, ജനതയെ ഹിന്ദുത്വ അജൻഡയ്‌ക്ക് കീഴ്‌പ്പെടുത്തുക, എവിടെയും വർഗീയ കലാപങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ വിഭജിക്കുക, തെരഞ്ഞെടുപ്പു കമീഷൻ, സിബിഐ, റിസർവ് ബാങ്ക് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയും സ്വയംഭരണ സ്ഥാപനങ്ങളെയും വരുതിയിലാക്കുക എന്നിവയെല്ലാം ബിജെപി ലക്ഷ്യമിടുന്ന ഏകാധിപത്യത്തിന്റെ ചുവടുകൾ തന്നെ. ജുഡീഷ്യറിയെപ്പോലും വരുതിയിലാക്കാൻ ശ്രമം നടക്കുന്നു. 2014ൽ അധികാരത്തിൽ വന്നതുമുതൽ ആരംഭിച്ച ഈ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ ഇപ്പോൾ ശക്തമായി. അതാണ് കശ്‌മീരിൽ കണ്ടത്.

ജനാധിപത്യത്തിന്റെ നേർവിപരീതമാണ് ഫാസിസമെന്ന് നാമറിയുക. മതാധിപത്യം, ധനാധിപത്യം, അന്ധമായ പാരമ്പര്യ ആരാധന, ആധുനികതയുടെ നിരാസം, ചിന്താശൂന്യമായ പ്രവൃത്തികൾ, നാനാത്വത്തെ തകർക്കൽ, വൈവിധ്യത്തെ ഭയപ്പെടൽ... ഇതൊക്കെ ഇന്ത്യയിലിപ്പോൾ കാണുന്ന ഫാസിസ്റ്റ് പ്രവണതകളാണ്. ഇതെല്ലാം ശക്തിപ്പെടുത്തുന്ന കാഴ്‌ചകളാണ്‌ രാജ്യം ഓരോ ദിവസവും കാണുന്നത്‌.

ഒരു നേരത്തെ വിശപ്പടക്കാനാകാതെ, കേറിക്കിടക്കാനിടമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനകോടികൾ പരക്കംപായുന്ന രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടിലേറെ പിന്നിടുമ്പോൾ ഇന്ത്യയുടെ ഒരു ചിത്രം ഇതാണെങ്കിൽ മറുവശത്ത് രാജ്യത്തിന്റെ ആസ്‌തി മുഴുവൻ കോർപറേറ്റ് ഭീമന്മാർ കൈയടക്കിയിരിക്കുന്നു. നാടിന്റെ സാമ്പത്തിക സ്ഥിതികളും ജനങ്ങളുടെ ജീവിതസാഹചര്യവും അനുദിനം വഷളാകുകയാണ്. മാന്ദ്യം സമ്പദ്‌വ്യവസ്ഥയെ ആകെ വിഴുങ്ങി. തൊഴിലില്ലായ്‌മ 45 വർഷത്തെ ഏറ്റവുമുയർന്ന നിരക്കിൽ. മുതൽമുടക്കുകളില്ല, ഉപഭോഗമില്ല, ബാങ്ക് വായ്പകളില്ല, ഉൽപ്പാദനമേഖലകളാകെ തകർന്നു. പക്ഷേ, രാജ്യം ഭരിക്കുന്ന പാർടിക്ക് ഇതൊന്നും പ്രശ്നമല്ല. ഗുരുതരമായ ഈ വിഷയങ്ങളെല്ലാം മറച്ചുപിടിക്കാൻ കൂടിയാണ്‌ ബിജെപി കശ്‌മീർ പോലുള്ള നടപടികൾ സ്വീകരിക്കുന്നത്‌. രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങൾ മറച്ചുപിടിക്കയുമാകാം, അതിന്റെ മറവിൽ തങ്ങളുടെ അജൻഡകൾ നടപ്പാക്കുകയുമാകാം. അതാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. തെരഞ്ഞെടുപ്പുകാലത്ത്‌ പുൽവാമയിലെ ഭീകരാക്രമണം ഉപയോഗിക്കപ്പെട്ടത് നമ്മൾ കണ്ടതാണ്. വർഗീയ- ഫാസിസ്റ്റ്- ശക്തികളുടെ ഇത്തരം ഏകാധിപത്യനീക്കങ്ങൾക്കെതിരെ ജനങ്ങളുടെ ഐക്യത്തോടെയുള്ള മുന്നേറ്റമുണ്ടാകണം. അതാണ് കാലം ആവശ്യപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top