18 August Thursday

മഥുര സംഭവം: സമഗ്രാന്വേഷണം വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 7, 2016

ഉത്തര്‍പ്രദേശിലെ തീര്‍ഥാടകനഗരമായ മഥുരയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും അലോസരമുളവാക്കുന്നതാണ്. ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി, സ്വാധീന്‍ ഭാരത് സുഭാഷ് സേന (എസ്ബിഎസ്എസ്) എന്നീ സംഘടനകള്‍ നഗരത്തിലെ ജവഹര്‍ബാഗില്‍ നടത്തിയ ഏറ്റുമുട്ടലിലും കലാപത്തിലും പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. 1995ല്‍ ജപ്പാനില്‍ സരിന്‍ വിഷവാതകാക്രമണം നടത്തിയ ഓം ഷിന്റിക്കോ പ്രസ്ഥാനത്തെ ഓര്‍മിപ്പിക്കുന്ന പ്രവൃത്തിയാണ് ഈ സംഘടനകളില്‍നിന്ന് ഉണ്ടായത്.

രണ്ടുവര്‍ഷംമുമ്പാണ് ഈ സംഘം മധ്യപ്രദേശിലെ സാഗറില്‍നിന്ന് മഥുരയിലെ ജവഹര്‍ബാഗ് മേഖലയില്‍ എത്തിയത്. 260 ഏക്കര്‍ വിസ്തൃതിയുള്ള സര്‍ക്കാര്‍ സ്ഥലമാണിത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് പ്രതിഷേധസത്യഗ്രഹത്തിന് പോകവെ ഇടത്താവളം എന്ന നിലയിലാണ് സംഘം ഇവിടെ തങ്ങിയതത്രെ. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ അവിടെ താമസിച്ചെന്ന് മാത്രമല്ല, യുക്തിക്ക് നിരക്കാത്ത ആവശ്യങ്ങള്‍ ഉയര്‍ത്താനുംതുടങ്ങി. ഇന്ത്യയില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയുംമാത്രമല്ല, കറന്‍സിപോലും ആവശ്യമില്ലെന്നും ഒരു രൂപയ്ക്ക് 40 ലിറ്റര്‍ പെട്രോളും 60 ലിറ്റര്‍ ഡീസലും നല്‍കണമെന്നുമൊക്കെയുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. തോക്കും ബോംബും ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും വര്‍ധിച്ചതോതില്‍ ശേഖരിക്കാനും തുടങ്ങി. ഈ ഘട്ടത്തില്‍ത്തന്നെ സര്‍ക്കാര്‍സ്ഥലത്തുനിന്ന് ഇവരെ നീക്കംചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമായിരുന്നു. ജില്ലാ ഭരണകേന്ദ്രത്തിന് വളരെ അടുത്തുള്ള പ്രദേശമാണിത്. മഥുര പട്ടാളക്യാമ്പില്‍നിന്ന് ഇവിടേക്കുള്ള ദൂരം രണ്ട് കിലോമീറ്റര്‍മാത്രവും. എന്നിട്ടും കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ഇവര്‍ക്കെതിരെ കണ്ണടച്ചു. ഇപ്പോള്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് ഒഴിപ്പിക്കല്‍ശ്രമം നടന്നത്. 

തീവ്രവാദസംഘത്തില്‍നിന്ന് ഈ പ്രദേശം ഒഴിപ്പിക്കാന്‍ പൊലീസ് വ്യാഴാഴ്ച നടത്തിയ ശ്രമമാണ് 27 പേരുടെ മരണത്തില്‍ കലാശിച്ചത്. ഭരണരംഗത്തുണ്ടായ ഗുരുതരവീഴ്ചയുടെ മാത്രമല്ല, കേന്ദ്ര–സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സമ്പൂര്‍ണപരാജയവും ഈ സംഭവത്തില്‍നിന്ന് വായിച്ചെടുക്കാം. സംഘത്തെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി അഖിലേഷ് സിങ് യാദവ് തുറന്നുസമ്മതിക്കുകയുംചെയ്തു. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് പൊലീസ് ആദ്യനീക്കങ്ങള്‍ നടത്തിയതെന്ന് വ്യക്തം. ഒരു ബുള്‍ഡോസറുമായി ഏതാനും പൊലീസുകാരാണ് ഈ സായുധസംഘത്തില്‍നിന്ന് 260 ഏക്കര്‍ സ്ഥലം തിരിച്ചുപിടിക്കാന്‍ പോയത്. വന്‍ ആയുധശേഖരം നടത്തിയ മൂവായിരത്തോളംപേരടങ്ങുന്ന സംഘത്തെ നേരിടാന്‍ തീര്‍ത്തും അപര്യാപ്തമായിരുന്നു യുപി പൊലീസിന്റെ ഈ സന്നാഹം. പൊലീസിനുനേരെ വെടിവയ്പ് ആരംഭിച്ചപ്പോള്‍മാത്രമാണ് സംഭവത്തിന്റെ ഗൌരവം അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്.  പൊലീസിന്റെ മുന്നേറ്റത്തെ തടയാന്‍ ഗ്യാസ്സിലിണ്ടര്‍ പൊട്ടിക്കാനും ഇവര്‍ തയ്യാറായി. അതുകൊണ്ടാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്. സംഘത്തിന്റെ സായുധബലത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് പൊലീസ് നീങ്ങിയതെന്ന് ഇതോടെ വ്യക്തമായി. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ നീക്കംപോലും ഉണ്ടായത്. കോടതി വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോഴും ജവഹര്‍ബാഗ് മേഖല തീവ്രവാദികളുടെ കൈവശംതന്നെയിരിക്കുമായിരുന്നു.

കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതൃത്വത്തില്‍ത്തന്നെ രാജ്യത്ത് അസഹിഷ്ണുതയുടേതായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന കാലമാണിത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ അലംഭാവം കലര്‍ന്ന സമീപനമാണ് പല സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്നത്. ഈ സാഹചര്യം ഉപയോഗിച്ചാണ് ഇത്തരം സംഘടനകള്‍ കരുത്താര്‍ജിക്കുന്നതും. പഞ്ചാബിലും ഹരിയാനയിലുംമറ്റും ഇത്തരം സംഘങ്ങള്‍ സജീവമാണ്. 2014ല്‍ ഹിസ്സാറില്‍ രാംപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ തകര്‍ക്കാന്‍ ഹരിയാന പൊലീസിന് വലിയവില നില്‍കേണ്ടിവന്നു. ഇതില്‍നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് മഥുര സംഭവം തെളിയിക്കുന്നു. അടുത്തവര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംഭവത്തിന് മാനങ്ങളേറെയുണ്ട്. അതുകൊണ്ട് സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടണം. കോടതിയുടെ മേല്‍നോട്ടം ഈ അന്വേഷണത്തിന് ആവശ്യമാണ്. എങ്കിലേ സംഭവത്തിനുപിന്നിലുള്ള ദുരൂഹതയുടെ ചുരുളഴിയൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top