28 September Thursday

അഴിമതിക്കാര്‍ ഇനിയുമുണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Jun 6, 2016

അഴിമതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന 'വിട്ടുവീഴ്ചയില്ലാത്ത പോരാട്ട'ത്തിന് തെളിവായാണ് മഹാരാഷ്ട്ര മന്ത്രി ഏക്നാഥ് ഖദ്സെയുടെ രാജിയെ ബിജെപിയുടെ കേന്ദ്ര നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നത്. 'അഴിമതി നടത്തുകയുമില്ല ആരെയും നടത്താന്‍ അനുവദിക്കുകയുമില്ല' എന്ന മുദ്രാവാക്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മോഡി മുന്നോട്ടുവച്ചതാണ്. യുപിഎ സര്‍ക്കാരിന്റെ വന്‍ അഴിമതികളില്‍ മനംമടുത്ത ഇന്ത്യന്‍ ജനത എന്‍ഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതുകയും ചെയ്തു. എന്നാല്‍, മോഡിസര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും മഹാരാഷ്ട്ര മന്ത്രിസഭയിലെ രണ്ടാമനും സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവുമായ ഏക്നാഥ് ഖദ്സെയ്ക്ക് ഒന്നിലധികം അഴിമതിയാരോപണങ്ങളില്‍പ്പെട്ട് രാജിവയ്ക്കേണ്ടിവന്നു. ഭൂമിയിടപാട് മാത്രമല്ല, അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി അടുത്തബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നത്. മന്ത്രിയെ രക്ഷിക്കാന്‍ ബിജെപിയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വം എല്ലാ ശ്രമവും നടത്തിയെങ്കിലും പുതിയ അഴിമതിയുടെ തെളിവുകളുമായി മാധ്യമങ്ങള്‍ രംഗത്തുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതെ രാജിവയ്ക്കുകയായിരുന്നു. 

മോഡി അധികാരത്തിലേറിയശേഷം ഏതെങ്കിലും ബിജെപി നേതാവുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല അഴിമതിയാരോപണം ഉയരുന്നത്. വിദേശമന്ത്രി സുഷ്മ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍, മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിമാരായ പങ്കജ മുണ്ടെ, വിനോദ് താവ്ഡെ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് തുടങ്ങി ഒട്ടനവധി ബിജെപി നേതാക്കള്‍ക്കെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു. തൊടുന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെയെല്ലാം തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയാണ് ബിജെപിയുടെ കേന്ദ്രനേതൃത്വം ചെയ്തത്. ഇവര്‍ എപ്പോഴാണ് രാജിവയ്ക്കുക എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഈ നേതാക്കളോട് കാട്ടിയ അനുഭാവപൂര്‍ണമായ സമീപനം എന്തുകൊണ്ട് പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള തങ്ങളുടെ നേതാവിനോട് കാട്ടിയില്ലെന്ന ചോദ്യം ഏക്നാഥ് ഖദ്സെയുടെ അനുയായികള്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്.

ഗുരുതര സാമ്പത്തികക്രമക്കേടുകളുടെ പേരില്‍ അന്വേഷണം നേരിടുന്ന വിവാദവ്യവസായിയും ഐപിഎല്‍ കമീഷണറുമായിരുന്ന ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചുവെന്ന ആക്ഷേപമാണ് സുഷ്മയും വസുന്ധരയും നേരിടുന്നത്. 2010ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തപ്പോള്‍ വിദേശത്തേക്ക് മുങ്ങിയ ലളിത് മോഡി ഇതേവരെ അന്വേഷണം നേരിടാന്‍ രാജ്യത്ത് തിരിച്ചെത്തിയിട്ടില്ല. ലണ്ടനില്‍ പ്രവാസിയായി കഴിയുന്ന ലളിത് മോഡിക്ക് ആവശ്യമായ യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ മറ്റെവിടേക്കും പോകാനാകാത്ത സ്ഥിതിയാണ് നിലനിന്നിരുന്നത്. ഭാര്യ പോര്‍ച്ചുഗലില്‍ ചികിത്സയിലായിരുന്നപ്പോള്‍ മോഡിക്ക് യാത്രാനുമതി നല്‍കാന്‍ ബ്രിട്ടീഷ് അധികൃതരോട് അഭ്യര്‍ഥിച്ചുവെന്ന ആക്ഷേപമാണ് സുഷ്മ നേരിടുന്നത്. ഇത്തരത്തിലൊരു അഭ്യര്‍ഥന നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്താവുകയും ചെയ്തു. ഇന്ത്യയില്‍ ലളിത് മോഡിയുടെ കേസുകള്‍ വാദിച്ചിരുന്നത് സുഷ്മ സ്വരാജിന്റെ മകളാണെന്നതും ആക്ഷേപങ്ങളുടെ ഗൌരവം വര്‍ധിപ്പിക്കുന്നു. വസുന്ധരയാകട്ടെ ലളിത് മോഡി നിരപരാധിയാണെന്ന തരത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കത്ത് നല്‍കുകയാണുണ്ടായത്.

കുപ്രസിദ്ധമായ വ്യാപം കേസുമായി ബന്ധപ്പെട്ടാണ് ശിവരാജ് സിങ്ങിന്റെ പേരുയര്‍ന്നത്. വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രൊഫഷണല്‍ കോഴ്സുകളിലേക്കും ഉദ്യോഗാര്‍ഥികളെയും വിദ്യാര്‍ഥികളെയും വന്‍തുക കോഴവാങ്ങി തിരുകിക്കയറ്റുന്ന വമ്പന്‍ റാക്കറ്റാണ് വ്യാപത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിലെ പല ഉന്നതരും ഈ റാക്കറ്റിന് സഹായം നല്‍കി. തട്ടിപ്പ് പുറത്തായി അന്വേഷണം ആരംഭിച്ചപ്പോള്‍, കേസുമായി ബന്ധപ്പെട്ട നാല്‍പ്പതിലേറെപ്പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതാണ് വ്യാപം കുംഭകോണത്തിന് ദേശീയമാനം നല്‍കിയത്.

ഭക്ഷ്യവസ്തു സംഭരണ കുംഭകോണവുമായി ബന്ധപ്പെട്ടാണ് മഹാരാഷ്ട്രയിലെ ക്യാബിനറ്റ് മന്ത്രി പങ്കജ മുണ്ടെയുടെ പേര് ഉയര്‍ന്നുവന്നത്. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. മഹാരാഷ്ട്രയിലെതന്നെ മറ്റൊരു മന്ത്രിയായ വിനോദ് താവ്ഡെയ്ക്കെതിരെ വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തിയെന്ന ആക്ഷേപമാണുള്ളത്. അഴിമതി പൊറുപ്പിക്കില്ലെന്ന് പറയുന്ന മോഡി, ഇവരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം വരുംനാളുകളില്‍ ശക്തമായി ഉയരുമെന്ന് ഉറപ്പ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top