30 September Saturday

തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2016

ബജറ്റിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്ത്യയിലെ തൊഴിലാളിസംഘടനകള്‍ സംയുക്തമായി സമര്‍പ്പിച്ച ആവശ്യങ്ങള്‍ കാലികപ്രാധാന്യമുള്ളതാണ്. അവ സമൂഹത്തിന്റെ പൊതു ആവശ്യങ്ങളാണ്. കുത്തകകളുടെ നികുതികുടിശ്ശിക പിരിച്ചെടുക്കണമെന്നാണ് ധനമന്ത്രിയോട് ആവശ്യപ്പെട്ടത്. വരുമാനമാര്‍ഗം കണ്ടെത്താന്‍ വിഷമിക്കുന്ന ഒരു ധനമന്ത്രിക്ക് സ്വാഭാവികമായും സന്തോഷമുളവാക്കേണ്ടതാണ് ഈ നിര്‍ദേശം. എന്നാല്‍, കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭരണം നടത്തുന്ന ഒരു ധനമന്ത്രി ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് ഊഹിക്കുന്നതിനുപകരം നമുക്ക് കാത്തിരുന്നു കാണാം. കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം സംയുക്തമായി 48 മണിക്കൂര്‍ പണിമുടക്കിലേര്‍പ്പെട്ടു. ഒരു സംഘടനയിലും പെടാത്ത അസംഘടിതമേഖലയിലെ തൊഴിലാളികളുള്‍പ്പെടെ അതില്‍ പങ്കെടുത്തു. 15 കോടി തൊഴിലാളികള്‍ പങ്കെടുത്ത ഐതിഹാസികമായ ഈ പണിമുടക്കിനുനേരെ കണ്ണുതുറക്കാന്‍ മോഡിസര്‍ക്കാര്‍ സന്നദ്ധത കാണിച്ചില്ല. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അവരുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള സന്മനസ്സും ഉണ്ടായില്ല. നേരെമറിച്ച് തൊഴിലാളിദ്രോഹം തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയത്. തൊഴിലാളിസംഘടനകളുമായി ആലോചിക്കാതെ അവര്‍ക്കെതിരെയുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവുകയും ചെയ്തു.

മിനിമം വേതനം പ്രതിമാസം 18,000 രൂപയായി നിശ്ചയിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പൊതുമേഖല ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുക, പൊതുമേഖലാ വ്യവസായങ്ങളുടെ ഓഹരി വില്‍പ്പനയ്ക്ക് വിരാമമിടുക, തന്ത്രപ്രധാന മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊഴിലുറപ്പു പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിച്ച് 200 തൊഴില്‍ദിനമെങ്കിലും ഉറപ്പുവരുത്തുക തുടങ്ങി 15 ആവശ്യങ്ങളാണ് തൊഴിലാളികള്‍ സംയുക്തമായി ധനമന്ത്രിക്കുമുന്നില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടത്. തികച്ചും മിതവും ന്യായവുമായ ആവശ്യങ്ങളാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. തൊഴിലാളിസംഘടനകള്‍ സംയുക്തമായി ഉന്നയിച്ച ആവശ്യങ്ങള്‍ ബജറ്റില്‍ പ്രതിഫലിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കൂട്ടായ സമരങ്ങളിലൂടെ സമ്മര്‍ദം ചെലുത്തിമാത്രമേ ഈ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ സംയുക്തസമരത്തില്‍നിന്ന് ബിഎംഎസിനെ രാഷ്ട്രീയസമ്മര്‍ദം ഉപയോഗിച്ച് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും സ്വന്തം ജീവിതാവശ്യങ്ങളും അനുഭവങ്ങളും യോജിച്ച നിലപാടിന് അവരെ പ്രേരിപ്പിച്ചതായി വേണം കരുതാന്‍. ഇപ്പോഴത്തെ ഐക്യപ്രസ്ഥാനത്തില്‍ അവര്‍കൂടി പങ്കാളിയായത് സ്വാഗതാര്‍ഹംതന്നെ.

വിലക്കയറ്റം നിയന്ത്രിക്കണമെന്ന സുപ്രധാന ആവശ്യം എല്ലാവരും നിരന്തരം ഉന്നയിക്കാറുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികൂല പ്രതികരണമാണ് ഇതേവരെ ഉണ്ടായിട്ടുള്ളത്. ഏറ്റവും ഒടുവില്‍ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. അന്തര്‍ദേശീയ വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞുതാഴുമ്പോഴാണ് ഇതെന്നു കാണണം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും വീണ്ടും നികുതി വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ഞെക്കിപ്പിഴിയാനാണ് ശ്രമിക്കുന്നത്. പത്തുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനമുള്ള ഉപയോക്താക്കള്‍ക്ക് പാചകവാതക സബ്സിഡി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. കൊല്‍ക്കത്ത നഗരത്തില്‍മാത്രം ഏഴുലക്ഷം ഉപയോക്താക്കളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് മാധ്യമങ്ങള്‍ രേഖപ്പെടുത്തിയത്. ഇന്ത്യയിലാകെ എത്രകോടി ജനങ്ങളെയാണ് ഈ നയം ബാധിക്കുകയെന്ന് കണക്കാക്കാവുന്നതേയുള്ളൂ. നിത്യോപയോഗസാധനങ്ങളുടെ ചില്ലറവില ദിനംപ്രതി കുതിച്ചുകയറുകയാണ്. വെളുത്തുള്ളിക്ക് കിലോയ്ക്ക് 200 രൂപയായി. പയര്‍വര്‍ഗങ്ങളുടെ വിലവര്‍ധന താങ്ങാനാകാത്തതാണെന്ന് ഇതിനകം ബോധ്യപ്പെട്ടതാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല. കൃഷിച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചു. കൃഷി നഷ്ടത്തിലായതുകൊണ്ട് കര്‍ഷകാത്മഹത്യ തുടരുകയാണ്. നല്ല നാളുകള്‍ വാഗ്ദാനം ചെയ്ത മോഡിസര്‍ക്കാര്‍ ദുരിതപൂര്‍ണമായ ചീത്ത നാളുകളാണ് ഇതേവരെ ജനങ്ങള്‍ക്ക് സമ്മാനിച്ചത്. നല്ല നാളുകള്‍ കോര്‍പറേറ്റുകള്‍ക്കുമാത്രം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റുമുടിക്കരുതെന്ന ബിഎംഎസ് ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ ആവശ്യം പൂര്‍ണമായി നിരസിക്കാനാണ് മോഡി സര്‍ക്കാര്‍ തീരുമാനിച്ചത്. തന്ത്രപ്രധാന മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കരുതെന്ന തൊഴിലാളികളുടെ ആവശ്യവും നിരസിക്കപ്പെട്ടു. നിക്ഷേപത്തിനുവേണ്ടി വിദേശരാജ്യങ്ങളില്‍ അലഞ്ഞുതിരിയുകയാണ് മോഡി.

ദേശാഭിമാനബോധമുള്ള ഏതൊരാള്‍ക്കും തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കാനാകില്ല. തൊഴിലാളിസംഘടനകള്‍ സംയുക്തമായി ധനമന്ത്രിയുടെ മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സമയോചിതമാണെന്നും തികച്ചും ന്യായമാണെന്നും ചൂണ്ടിക്കാട്ടാതിരിക്കാന്‍ വയ്യ. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ് തുടങ്ങിയ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടാകുമെന്നതില്‍ സംശയമില്ല. കേന്ദ്ര ബജറ്റില്‍ ഈ ആവശ്യങ്ങള്‍ പ്രതിഫലിക്കപ്പെടുമെന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അതിനായി ആവശ്യപ്പെടുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top