25 January Monday

കേരളത്തിലെ പട്ടിണിയും മാധ്യമങ്ങളും

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

തിരുവനന്തപുരത്ത് റെയിൽവേ പുറമ്പോക്കിൽ കഴിഞ്ഞ അമ്മയുടെയും ആറ്‌ മക്കളുടെയും ദുരിതജീവിതം ചൂണ്ടിക്കാട്ടി കേരളം ഒരു രംഗത്തും ഒന്നാമതല്ല എന്ന് സ്ഥാപിക്കാനാണ് ചില മാധ്യമങ്ങളുടെ  ശ്രമം. ആ കുടുംബം നേരിട്ട കാര്യങ്ങള്‍ അത്യന്തം ഗൗരവമുള്ളതാണ്. അവര്‍ക്ക് സ്വന്തമായി വീടില്ല. ആറു മക്കള്‍ ഉണ്ടെങ്കിലും അവര്‍ക്ക് ഭക്ഷണം കൊടുക്കാനോ സംരക്ഷിക്കാനോ തയ്യാറാകാത്തയാളാണ് കുട്ടികളുടെ അച്ഛനെന്ന് അവരുടെ അമ്മ പറയുന്നു.

അതിദയനീയമായ നിലയില്‍ കഴിഞ്ഞ അവരെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നത് സിപിഐ എം പ്രവര്‍ത്തകരും സമീപവാസികളുമാണ്. ഇപ്പോഴാകട്ടെ ഈ വാര്‍ത്താപ്രളയം വരുംമുമ്പുതന്നെ ഇവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ വന്നിരുന്നു. ശിശുക്ഷേമസമിതി നടപടികള്‍ തുടങ്ങിയശേഷമാണ് മാധ്യമങ്ങള്‍ വിവരം അറിയുന്നത്. നഗരസഭകൂടി ഇടപെട്ടതോടെ അവരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് ഒട്ടൊക്കെ പരിഹാരമായി. കുട്ടികളുടെ അമ്മയ്‌ക്ക്‌ താല്‍ക്കാലിക ജോലിയും കുടുംബത്തിനു താമസ സൗകര്യവും ലഭിച്ചിട്ടുണ്ട്. രണ്ട്‌ കുഞ്ഞുങ്ങളെയും അമ്മയെയും രാത്രിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ട്‌ സർക്കാർ മഹിളാമന്ദിരത്തിലേക്ക്‌ മാറ്റി. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സാമൂഹ്യനീതി വകുപ്പും അതിവേഗത്തില്‍ നടപടി സ്വീകരിച്ചു. സമാനസ്ഥിതിയില്‍ അതേ പുറമ്പോക്കില്‍ കഴിയുന്ന മറ്റ്‌ കുടുംബങ്ങളെക്കൂടി പുനരധിവസിപ്പിക്കാനും നടപടി ആരംഭിച്ചു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഒരു സര്‍ക്കാര്‍ ചുമതലയേറ്റതോടെ കേരളത്തില്‍ പട്ടിണിയും വീടില്ലായ്‌മയും ദുരിതങ്ങളും അവസാനിച്ചു എന്നാരും അവകാശപ്പെട്ടിട്ടില്ല. സാമൂഹ്യവളര്‍ച്ചാ സൂചകങ്ങളില്‍ വന്‍ നേട്ടം കൈവരിക്കുമ്പോഴും കേരളം ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ തന്നെ ഈ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന പലരുമുണ്ട്. ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരുടെ എണ്ണം ഒടുവില്‍ പുറത്തുവന്നത് 2012ലാണ്. ബിജെപി സര്‍ക്കാര്‍ വന്നശേഷം ഇത്തരം പഠനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പുതിയ കണക്കുകള്‍ ലഭ്യമല്ല. 2012ലെ കണക്കനുസരിച്ച് കേരള ജനസംഖ്യയിലെ 11.3 ശതമാനംപേര്‍ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണ്. ഇന്ത്യയില്‍ ഏറ്റവും കുറവാണെങ്കിലും ഇത്രയുംപേര്‍ ഔദ്യോഗിക കണക്കില്‍ തന്നെ ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുണ്ട്. സ്വന്തമായി വീടില്ലാത്തവരാണ് ഇവരില്‍ ഏറെപ്പേരും. അതുകൊണ്ടുതന്നെയാണ് ലൈഫ് മിഷനിലൂടെ ഭവനപദ്ധതിക്ക്‌ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കിയത്. ഭൂമിയില്ലാത്തവര്‍ക്ക് വീട് എന്നത് ലൈഫ് മിഷനിലെ ഒരു പരിഗണനയാണ്.

അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യസംരക്ഷണവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയും ആരോഗ്യവകുപ്പ് വഴിയും നടപടികള്‍ നീങ്ങുന്നു. അപകടകരമായ സാഹചര്യത്തില്‍ കഴിയുന്ന കുട്ടികളുടെ രക്ഷയ്‌ക്കായി സംസ്ഥാന ശിശുക്ഷേമസമിതി മുഖേന തണല്‍ പദ്ധതി നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക -മാനസിക അതിക്രമങ്ങള്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പരും ഏര്‍പ്പാടാക്കി. ഇപ്പോള്‍ തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് രക്ഷയായതും തണല്‍ പദ്ധതിയാണ്.
ഭവനരഹിതരുടെ പ്രശ്നങ്ങളും കുട്ടികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളും സര്‍ക്കാര്‍ രൂപപ്പെടുത്തിയാലും അവയുടെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പാക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. ഒരു നഗരസഭാ ഡിവിഷനില്‍ പട്ടിണി അനുഭവിക്കുന്നവരും രക്ഷ കിട്ടാത്ത കുട്ടികളും ഉണ്ടെങ്കില്‍ ആദ്യം അത് ഏറ്റെടുക്കേണ്ടത് ആ പ്രദേശത്തെ നഗരസഭാ പ്രതിനിധിയാണ്. തിരുവനന്തപുരത്തെ പ്രശ്നത്തില്‍ ഇക്കാര്യത്തില്‍ അവിടത്തെ ജനപ്രതിനിധിക്ക്‌ ഗുരുതരമായ വീഴ്ച വന്നിട്ടുണ്ട്. സ്ഥലം എംഎല്‍എയും ഇങ്ങനെയൊരു പ്രശ്നത്തില്‍ ഇതുവരെ ഇടപെട്ടിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ഇടപെടാവുന്ന എല്ലാത്തരത്തിലും ഇടപെട്ട്  നഗരസഭ നടപടി സ്വീകരിച്ചിട്ടുമുണ്ട്. സര്‍ക്കാരും ആവശ്യമായത് ചെയ്‌തു.

ഇത്തരത്തിലൊരു വിഷയം ജനശ്രദ്ധയില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത് സ്വാഭാവികമാണ്: നല്ല കാര്യവുമാണ്. യഥാര്‍ഥത്തില്‍ ശിശുക്ഷേമസമിതി കുട്ടികളെ ഏറ്റെടുത്തശേഷമാണ് മാധ്യമങ്ങള്‍ വിവരം അറിയുന്നത്. പക്ഷേ, പല മാധ്യമങ്ങളും അത് അവര്‍ കണ്ടെത്തിയ അത്ഭുതമായാണ് അവതരിപ്പിച്ചത്. അതുമാത്രമല്ല, കുട്ടികള്‍ക്ക് ഭക്ഷണവും മറ്റും സമീപത്തെ സിപിഐ എം പ്രവര്‍ത്തകര്‍ എത്തിക്കുന്നുണ്ടെന്ന്‌ അമ്മ പറഞ്ഞത് വാര്‍ത്തയ്‌ക്കുള്ളില്‍ ഒളിപ്പിക്കാനും അവര്‍ ശ്രദ്ധിച്ചു. അതുപോലെ കളിക്കുന്നതിനിടെ കുട്ടി മണ്ണുവാരി വായിലിട്ടത് വിശപ്പ്‌ മാറ്റാന്‍ കുട്ടി മണ്ണു തിന്നു എന്നാക്കിമാറ്റി. ഇന്ത്യയില്‍ സമൂഹ്യവികസനത്തിന്റെ എല്ലാ സൂചകങ്ങളിലും മുന്നില്‍ നില്‍ക്കുന്ന കേരളം ഇതാ തകര്‍ന്നടിഞ്ഞുകിടക്കുന്നു എന്ന് വരുത്താനായിരുന്നു മാധ്യമങ്ങളുടെ മത്സരം. അതിനായി കുട്ടി മണ്ണ് തിന്നതുപോലുള്ള ചേരുവകള്‍ ഉപയോഗിച്ചു. ഹീനമായ രാഷ്ട്രീയ മുതലെടുപ്പിനും ശ്രമം നടന്നു. സംഭവമുണ്ടായ സ്ഥലത്ത് സഖാവ് എന്നപേരില്‍ ഹോട്ടലുണ്ടെന്നും എന്നിട്ടും കുട്ടികള്‍ പട്ടിണി കിടന്നുവെന്ന ബാലിശമായ വാദംപോലും ചിലര്‍ വാര്‍ത്തകളില്‍ കലര്‍ത്തി. സ്വന്തം സംസ്ഥാനം നേടിയിട്ടുള്ള മികവിനെപ്പോലും അവമതിച്ച്‌ പിണറായി സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ കഴിയുമോ എന്ന ശ്രമമാണ് നടത്തിയത്. ഇത്ര തരംതാഴരുതെന്ന് മാത്രം ആ മാധ്യമങ്ങളെ ഓര്‍മിപ്പിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top