29 March Wednesday

രാഹുൽ ഗാന്ധിയുടെ കുമ്പസാരം

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019


കോൺഗ്രസ‌് പ്രസിഡന്റ‌് സ്ഥാനത്ത‌് ഇനി ഉണ്ടാകില്ലെന്ന‌് ഒടുവിൽ രാഹുൽ ഗാന്ധി തുറന്നുപറഞ്ഞു. ട്വിറ്ററിലൂടെ നടത്തിയ  നിരാശയും നിസ്സഹായതയും നിഴലിക്കുന്ന പ്രസ‌്താവനയിലാണ‌് കോൺഗ്രസിലെ ഏറ്റവും ഉയർന്ന പദവിയിൽ തുടരാനില്ലെന്ന‌് അദ്ദേഹം രാജ്യത്തെ  അറിയിച്ചത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു പിന്നാലെ ചേർന്ന  പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധി രാജിസന്നദ്ധത അറിയിച്ചതുമുതൽ ആശയക്കുഴപ്പത്തിൽ വീർപ്പുമുട്ടുന്ന കോൺഗ്രസ‌് ഇതോടെ കൂടുതൽ പ്രതിസന്ധിയിലേക്ക‌് നീങ്ങിക്കഴിഞ്ഞു.

പ്രസിഡന്റ‌് സ്ഥാനം രാജിവച്ചു എന്ന‌് വ്യക്തമാക്കി രാഹുൽ ഗാന്ധി ട്വിറ്ററിൽ എഴുതിയ വികാരഭരിതമായ കുറിപ്പ‌് പരാജിതനും നിരാശനുമായ ഒരു നേതാവിന്റെ കുമ്പസാരവും കുറ്റസമ്മതവും സ്വന്തം പാർടിയോടുള്ള വിമർശനവുമാണ‌്. അദ്ദേഹം പറയുന്ന ആത്മവിമർശനപരമായ കാര്യങ്ങൾ പലതും മതനിരപേക്ഷ–-ഇടതുപക്ഷശക്തികൾ ഏറെക്കാലമായി കോൺഗ്രസിനെതിരെ  ഉന്നയിക്കുന്ന വിമർശനങ്ങൾതന്നെയാണ‌്. ‘‘ രാജ്യത്തിന്റെ വ്യവസ്ഥാപിതഘടനയെ പിടിച്ചെടുക്കുക എന്ന ആർഎസ‌്എസിന്റെ പ്രഖ്യാപിതലക്ഷ്യം പൂർണമായിക്കഴിഞ്ഞു. നമ്മുടെ ജനാധിപത്യം അടിസ്ഥാനപരമായി ദുർബലപ്പെട്ടു. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പുകൾ ഇനി വെറും ചടങ്ങായി മാറിയേക്കാമെന്ന അപകടം മുന്നിലുണ്ട‌്’’ എന്ന‌് ആശങ്കയോടെ  കുറിച്ച രാഹുൽ ഗാന്ധി അദ്ദേഹം നേതൃത്വം നൽകിയ പ്രധാന പ്രതിപക്ഷപാർടി കഴിഞ്ഞ അഞ്ചുവർഷം എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യത്തിനും മറുപടി പറയേണ്ടതുണ്ട‌്.  ‘മതനിരപേക്ഷവും ജനാധിപത്യപൂർണവുമായ ഇന്ത്യ’ എന്ന ആശയത്തെ സംഘപരിവാർ വെല്ലുവിളിക്കുമ്പോൾ മതനിരപേക്ഷതയുടെ അടിസ്ഥാനതത്വങ്ങളാകെ മറന്നതുപോലെയാണ‌് രാഹുൽ ഗാന്ധിയുടെ പാർടി പ്രവർത്തിച്ചത‌്. ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ തള്ളിപ്പറയുകയും ഭരണഘടന  വലിച്ചെറിയണമെന്ന‌്  ഒച്ചയിടുകയും ചെയ്യുന്ന ഹിന്ദുത്വശക്തികൾക്കു മുന്നിൽ വിനീതരായി നിൽക്കുകയായിരുന്നു കോൺഗ്രസ‌്. നിർണായക സമയത്ത‌് രാജ്യത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തം നിർവേറ്റാതിരുന്നതാണ‌് കോൺഗ്രസ‌ിനെ ഇന്നത്തെ പ്രതിസന്ധിയിൽ എത്തിച്ചത‌്.

ഏറ്റവും ദുർബലമായ അവസ്ഥയിലൂടെ കോൺഗ്രസ‌് കടന്നുപോകുമ്പോഴാണ‌് നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി നിർബന്ധിതനായത‌്. ആശയപരമായും സംഘടനാപരമായും തകർന്നടിഞ്ഞ കോൺഗ്രസിന്റെ പ്രസിഡന്റ‌് പദം മുൾക്കിരീടമാണെന്ന‌് ഒന്നര വർഷത്തെ അനുഭവങ്ങളിലൂടെ അദ്ദേഹത്തിന‌് വ്യക്തമായി. സംഘപരിവാറിനെതിരായ പോരാട്ടത്തിൽ പലപ്പോഴും ഒറ്റപ്പെട്ടുപോയി എന്ന രാഹുലിന്റെ വിമർശനം ആന്തരികമായി കോൺഗ്രസ‌് എത്രമാത്രം സംഘപരിവാർവൽക്കരിക്കപ്പെട്ടു എന്ന‌് വ്യക്തമാക്കുന്നുണ്ട‌്. തെരഞ്ഞെടുപ്പുതോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത‌് സ്ഥാനമൊഴിയുകയാണെന്ന‌് പറയുന്ന രാഹുൽ ഗാന്ധി സംഘപരിവാറിനോട‌് കോൺഗ്രസ‌് സ്വീകരിച്ച മൃദുസമീപനത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടതുണ്ട‌്.

ഒന്നാം മോഡി സർക്കാരിന്റെ കാലത്തുടനീളം പ്രതിപക്ഷത്തിന്റെ ചുമതല നിർവഹിക്കാൻ മറന്ന കോൺഗ്രസ‌് മതനിരപേക്ഷവാദികളെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ‌്ത്തിയത‌്. പശുവിന്റെയും ജാതിയുടെയും പേരിൽ ന്യൂനപക്ഷങ്ങളെയും ദളിതരെയും സംഘപരിവാർ വേട്ടയാടിയപ്പോൾ കോൺഗ്രസ‌ും രാഹുൽ ഗാന്ധിയും മൗനം പാലിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ നിത്യസംഭവമായിട്ടും നിശ്ശബ‌്ദരായി. ന്യൂനപക്ഷങ്ങൾക്ക‌് ആത്മവിശ്വാസം പകരേണ്ട കോൺഗ്രസിന്റെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക‌് കാലുമാറി സംഘപരിവാറിനോട‌് കൂറ‌് പ്രഖ്യാപിച്ചു. കോടികൾ കൈമറിയുമ്പോൾ കോൺഗ്രസ‌് എംപിമാരും എംഎൽഎമാരും ഒറ്റ രാത്രികൊണ്ട‌് ബിജെപിയായി. ഒരു സംസ്ഥാനത്തെ കോൺഗ്രസ‌് ഭരണം കൂട്ട കൂറുമാറ്റത്തിലൂടെ ബിജെപി ഭരണമായി മാറുന്നതും രാജ്യം കണ്ടു.
രാജ്യത്തെ ഫാസിസ‌്റ്റ‌് ശക്തികളിൽനിന്ന‌് മോചിപ്പിക്കാനുള്ള അവസരമാക്കി ലോക‌്സഭാ തെരഞ്ഞെടുപ്പിനെ മാറ്റാൻ കോൺഗ്രസിന‌് കഴിഞ്ഞില്ല. ബിജെപി വിരുദ്ധ കക്ഷികളുമായി സഖ്യമുണ്ടാക്കാൻ അവർ വിമുഖത കാട്ടി. യുപിയിൽ മഹാസഖ്യത്തിൽനിന്ന‌് പിന്മാറിയ കോൺഗ്രസ‌് ഡൽഹിയിലും ഹരിയാനയിലും പഞ്ചാബിലുമെല്ലാം ആം ആദ‌്മി പാർടിയോട‌് മുഖം തിരിച്ചു. ജനതാദളുമായി കൂട്ടുകെട്ടുണ്ടാക്കിയ കർണാടകത്തിലാകട്ടെ മുന്നണിഭരണത്തിന്റെ ആനുകൂല്യം മുതലാക്കാനുമായില്ല. അമേഠിയിൽ പരാജയം മണത്ത രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയതോടെ കോൺഗ്രസിന്റെ യഥാർഥ എതിരാളി ആരാണെന്ന‌് സംശയമുയരുകയും ചെയ‌്തു.

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണമാകട്ടെ മൃദുഹിന്ദുത്വ സമീപനം നിറഞ്ഞതായിരുന്നു. പ്രചാരണത്തിനിടയിലെ രാഹുൽ ഗാന്ധിയുടെ ക്ഷേത്രസന്ദർശനങ്ങളും നഷ്ടമാണുണ്ടാക്കിയത‌്. എല്ലാം കഴിഞ്ഞശേഷം ഇപ്പോൾ നടത്തുന്ന ബിജെപി വിരുദ്ധ വികാരപ്രകടനം അർഥശൂന്യമാണ‌്.
ഉദാരവൽക്കരണ സാമ്പത്തികനയങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ബിജെപിക്ക‌് എല്ലാ പിന്തുണയും നൽകുകയാണ‌് കോൺഗ്രസ‌് ചെയ‌്തത‌്. സാമ്പത്തികനയങ്ങളിലെ വീഴ‌്ചകൾ ഏറ്റുപറയാൻ തെരഞ്ഞെടുപ്പുവേളയിൽപോലും കോൺഗ്രസ‌് തയ്യാറായില്ല.

ജനങ്ങൾക്കും രാജ്യത്തിനും ദോഷകരമായ നിലപാടുകൾ തിരുത്താതെ പ്രസിഡന്റ‌് മാറിയതുകൊണ്ട‌ുമാത്രം കോൺഗ്രസ‌് രക്ഷപ്പെടുമെന്ന‌് കരുതാനാകില്ല. ജനവിരുദ്ധനയ സമീപനങ്ങളും വിശ്വാസ്യതയില്ലാത്ത നേതൃത്വവും തകർന്നടിഞ്ഞ സംഘടനാസംവിധാനവുമാണ‌് കോൺഗ്രസിനുള്ളത‌്. ഉത്തരരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടനയേ ഇല്ലാത്ത സ്ഥിതിയാണ‌്.

നെഹ‌്റു കുടുംബത്തിന്റെ അമിത സ്വാധീനത്തിൽനിന്ന‌് പുറത്തുകടന്ന‌് പ്രതിച്ഛായയുള്ള നേതൃത്വത്തെ  ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസിന‌് സാധിക്കുമോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത‌്. നെഹ‌്റു കുടുംബത്തോടുള്ള കൂറ‌് നോക്കി പ്രസിഡന്റിനെ നിയമിച്ചതുകൊണ്ട‌് മാറ്റമൊന്നുമുണ്ടാകില്ല. സംഘപരിവാറും ബിജെപിയും സർവ സന്നാഹങ്ങളോടെ വെല്ലുവിളിക്കുമ്പോൾ കോൺഗ്രസിന‌് തിരിച്ചുവരവ‌് എളുപ്പമല്ല. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും സംഘപരിവാർ വിരുദ്ധരാണെന്ന വസ‌്തുത മനസ്സിലാക്കി നിലപാടെടുത്താലേ പ്രതീക്ഷയ‌്ക്ക‌് വകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top