21 February Thursday

സ്വാശ്രയം: യഥാര്‍ഥ പ്രശ്നം കാണണം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2017


സ്വാശ്രയ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമചര്‍ച്ചകളിലും ഉയരുന്ന ശബ്ദത്തിലും യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് വേണ്ടപ്രാധാന്യം ലഭിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലെ സമരത്തെ ഉപകരണമാക്കി സ്വാശ്രയക്കൊള്ളയ്ക്ക് മൂടുപടമിടാനുള്ള ആസൂത്രിതനീക്കം ചില തല്‍പ്പരകക്ഷികളുടെ അമിതാവേശ പ്രകടനത്തില്‍ വായിച്ചെടുക്കാനാകും. ലോ അക്കാദമിയിലെ പ്രശ്നം ഗൌരവമുള്ളതാണ്. വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചത് ന്യായമായ ആവശ്യം ഉയര്‍ത്തിയാണ്. പ്രിന്‍സിപ്പലിനെ നീക്കുന്നതടക്കം ഉന്നയിച്ച പതിനേഴാവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായപ്പോഴാണ്, നിരാഹാരസമരം എസ്എഫ്ഐ അവസാനിപ്പിച്ചത്. ആ ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി വിട്ടുനിന്ന വിദ്യാര്‍ഥിസംഘടനകള്‍ സാങ്കേതികവും സ്ഥിരതയില്ലാത്തതുമായ വിഷയങ്ങളിലൂന്നി സമരം അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ്. ബിജെപി നേതാവ് അവിടെ 48 മണിക്കൂര്‍ നിരാഹാരസമരം ആരംഭിച്ചതും പിന്നീടത് അനിശ്ചിതകാലസമരമാക്കി മാറ്റിയതും പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതും ആ കക്ഷിയുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ വ്യക്തമാക്കുന്നു. ബിജെപിക്ക് വ്യക്തമായ അജന്‍ഡയുണ്ട്. അത് വിദ്യാര്‍ഥികളുടെ രക്ഷയ്ക്കോ സമാധാനപരമായി അവരെ പഠിക്കാന്‍ അനുവദിക്കുന്നതോ അല്ല. കൃത്യമായ രാഷ്ട്രീയ ദുഷ്ടലക്ഷ്യമാണത്. അതിന്റെ ഉല്‍പ്പന്നങ്ങളായി പുതിയ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. അഖിലേന്ത്യാതലത്തിലുള്ള ആസൂത്രണം അതിനുണ്ട്. ബിജെപി നേതൃത്വത്തിലെ ചിലരുടെ മാധ്യമ ഉടമസ്ഥതയും പ്രശ്നം വഷളാക്കുന്നതിനുള്ള ഇന്ധനമായി മാറുന്നു.

വിവാദങ്ങളും വിഴുപ്പലക്കലും ഒരുവഴിക്ക് നടക്കും. അതിനിടയില്‍ യഥാര്‍ഥ വിഷയങ്ങള്‍ തമസ്കരിക്കപ്പെടരുത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കുന്ന നടപടികളും എടുക്കുന്ന മുന്‍കൈയും ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ലോ അക്കാദമി വിഷയത്തിലെ സര്‍ക്കാര്‍ ഇടപെടലാണ് വിദ്യാഭ്യാസമന്ത്രിയടക്കം നേതൃത്വം നല്‍കിയ ചര്‍ച്ചകളും കര്‍ക്കശ നടപടികള്‍ക്ക് സിന്‍ഡിക്കറ്റിന് നല്‍കിയ നിര്‍ദേശവും. 

മറ്റക്കര ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കിനല്‍കേണ്ടതില്ലെന്ന് കേരള സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചത് ഈ രംഗത്തെ മറ്റൊരു ഇടപെടലാണ്. ആ കോളേജിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നത്. അംഗീകാരം നല്‍കുമ്പോള്‍ കാണിച്ച സ്ഥലത്തല്ല കോളേജ് പ്രവര്‍ത്തിക്കുന്നത്. മൂന്നേക്കര്‍ സ്ഥലത്താണ് കോളേജ് കെട്ടിടവും ഹോസ്റ്റലുമെല്ലാം പ്രവര്‍ത്തിക്കുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ഭാഗമായാണ് ലബോറട്ടറികളും മറ്റും പ്രവര്‍ത്തിക്കുന്നത്. കോളേജ് ഉടമ രാത്രികാലങ്ങളില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. ഈ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടോംസ് കോളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.

തൃശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്റു കോളേജില്‍ ജിഷ്ണു പ്രണോയി എന്ന വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യം ആ സ്ഥാപനത്തിലെ അനേകം കൊള്ളരുതായ്മകളാണ് പുറത്തുകൊണ്ടുവന്നത്. ജിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനും  കുറ്റവാളികളെ നിയമത്തിനുമുന്നില്‍ എത്തിക്കുന്നതിനും വിദ്യാര്‍ഥിവിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാര്‍ ചടുലമായ ഇടപെടലാണ് അവിടെയും നടത്തിയത്. ഇങ്ങനെ വ്യത്യസ്ത സംഭവങ്ങളുണ്ടാകുമ്പോഴുള്ള പ്രതികരണം കൊണ്ടുമാത്രം സ്വാശ്രയസ്ഥാപനങ്ങളിലെ അരുതായ്മകള്‍ക്ക് പരിഹാരം കാണാനാകില്ല. അതുകൊണ്ടാണ്, സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നത്. അതാണ് ശരിയായ മാര്‍ഗം.

സ്വാശ്രയസ്ഥാപനങ്ങളിലെ അരാജകപ്രവണതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് സമിതികള്‍ രൂപീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗം തീരുമാനിച്ചത്. രണ്ടു കമ്മിറ്റികളും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി. സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനുള്ള മൂന്നംഗ കമീഷനെ  ജസ്റ്റിസ് കെ കെ ദിനേശനാണ് നയിക്കുക. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. ആര്‍ വി ജി മേനോന്‍, കലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് എന്നിവരാണ് അതിലെ അംഗങ്ങള്‍. സ്വാശ്രയസ്ഥാപനങ്ങളുടെ നടത്തിപ്പ്, വിദ്യാര്‍ഥികളുടെ അച്ചടക്കം, കോളേജ് യൂണിയന്‍ രൂപീകരണം- പ്രവര്‍ത്തനസ്വാതന്ത്യ്രം, ജീവനക്കാരുടെ നിയമനം, സേവന വേതന വ്യവസ്ഥകള്‍, രക്ഷാകര്‍തൃസമിതി- പ്രവര്‍ത്തനം തുടങ്ങിയ പ്രശ്നങ്ങളാണ് ഈ കമീഷന്‍ പഠിക്കുക. ഇന്റേണല്‍ അസസ്മെന്റ് കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള നാലംഗസമിതി, എംജി സര്‍വകലാശാല വിസി ബാബു സെബാസ്റ്റ്യന്‍ കണ്‍വീനറും കലിക്കറ്റ്, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകളിലെ വിസിമാര്‍ അംഗങ്ങളുമായുള്ളതാണ്. പ്രത്യേക വിഷയങ്ങള്‍ അതതിന്റെ മെറിറ്റ് അനുസരിച്ച് പരിഹരിക്കുക, പൊതുവായ കാര്യങ്ങളില്‍ വ്യക്തമായ മാനദണ്ഡവും നിബന്ധനകളുമുണ്ടാക്കുക, അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, ലംഘിക്കുന്നവരെ ശിക്ഷിക്കുക- ഇതാണ് ഈ രംഗത്ത് ഇന്ന് ഒരു സര്‍ക്കാരിന് ചെയ്യാനുള്ളത്. അത് തിരിച്ചറിഞ്ഞുള്ള നടപടികളാണ് ഉണ്ടാകുന്നതും.  

പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ അസസ്മെന്റ് ആവശ്യമാണ്. എന്നാല്‍, അത് പൂര്‍ണമായി പരാതികളും പിഴവുകളും ഒഴിവാക്കിയാകണം. കൂടുതല്‍ ശാസ്ത്രീയമായ രീതിയിലേക്ക് ഇന്റേണല്‍ അസസ്മെന്റ് എങ്ങനെ മാറ്റാമെന്ന് സമിതി പഠിച്ച് റിപ്പോര്‍ട്ട് നല്‍കണം. അതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് എങ്ങനെ അവസാനിപ്പിക്കാമെന്നും നിര്‍ദേശിക്കും.

അധ്യാപകനിയമനം സര്‍വകലാശാല നിയമം അനുശാസിക്കുന്ന രീതിയില്‍ നടത്തുക, സര്‍വകലാശാലാ‘കമ്മിറ്റികള്‍ കോളേജുകളില്‍ നടത്തുന്ന പരിശോധന നീതിനിഷ്ഠമാണെന്ന് ഉറപ്പുവരുത്തുക, അഫിലിയേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍വകലാശാലകള്‍ നിക്ഷിപ്തമായ അധികാരം പൂര്‍ണമായി വിനിയോഗിക്കുക തുടങ്ങിയ മുന്‍ഗണനകള്‍ വിസിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. വിദ്യാര്‍ഥികളില്‍നിന്നും രക്ഷാകര്‍ത്താക്കളില്‍നിന്നും അധ്യാപകരില്‍നിന്നും പൊതുസമൂഹത്തില്‍നിന്നാകെയും നിര്‍ദേശങ്ങള്‍ തേടി സമഗ്ര പഠനറിപ്പോര്‍ട്ടും ശുപാര്‍ശയും തയ്യാറാക്കുകയും അത് പ്രയോഗത്തില്‍ വരുത്തുകയുമാണ് അടുത്തഘട്ടം. ആ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍മാത്രമേ ഇന്ന് നടമാടുന്ന സ്വാശ്രയ അനാശാസ്യങ്ങള്‍ക്ക് ഫലപ്രദമായി തടയിടാനാകൂ. ആ വിഷയമാകെ ചര്‍ച്ച ചെയ്യുന്നതിനുപകരം, ലോ അക്കാദമിയില്‍ തുടങ്ങി ലോ അക്കാദമിയില്‍ അവസാനിപ്പിക്കുന്ന വിവാദങ്ങളാണ് ചിലര്‍ ഉണ്ടാക്കുന്നത്. അക്കാദമിവിഷയത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളോടൊപ്പം നില്‍ക്കുമ്പോള്‍ത്തന്നെ, സ്വാശ്രയസ്ഥാപനങ്ങളെ നിലയ്ക്കുനിര്‍ത്താനുള്ള നടപടികള്‍ക്ക് പിന്തുണ നല്‍കാനുള്ള ബാധ്യതയും സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ട്

പ്രധാന വാർത്തകൾ
 Top