13 November Wednesday

ബാങ്കുകളുടെ ലയനം എന്തിന്?

വെബ് ഡെസ്‌ക്‌Updated: Saturday Jun 4, 2016

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍ ലയിപ്പിക്കാനുള്ള തീരുമാനം ആര്‍ക്കുവേണ്ടിയാണെന്നും എന്തിനുവേണ്ടിയാണെന്നും ഭരണാധികാരികള്‍ ഇതേവരെ വ്യക്തമാക്കിയതായി കാണുന്നില്ല. ബഹുജനങ്ങളില്‍നിന്ന് ഇക്കാര്യം ബോധപൂര്‍വം മറച്ചുപിടിച്ചിരിക്കുകയാണ്. എസ്ബിടി ശക്തവും പരിചയസമ്പന്നതയും പാരമ്പര്യവുമുള്ള, നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധനസ്ഥാപനമാണെന്നതില്‍ സംശയമില്ല. ബാങ്ക് ജീവനക്കാരുടെയോ ഇടപാടുകാരുടെയോ താല്‍പ്പര്യം സംരക്ഷിക്കാനല്ല ലയനമെന്ന് വ്യക്തം. ഇരുകൂട്ടര്‍ക്കും ഒരു പ്രയോജനവും ലയനംമൂലം ലഭിക്കാനില്ല. മറിച്ച് ദോഷം ഭവിക്കാനുമുണ്ട്. അതുകൊണ്ടുതന്നെയാണ് എസ്ബിടി ജീവനക്കാര്‍ സമരത്തിന് തയ്യാറായത്. ജീവനക്കാരുടെയും ഇടപാടുകാരുടെയും ന്യായമായ ആവശ്യം ചെവിക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം സ്തംഭിക്കാനിടവരും. അത് ആര്‍ക്കും ഗുണം ചെയ്യുന്നതല്ല.

എസ്ബിടി കേരളത്തിന്റെ ബാങ്കാണ്. അത് എസ്ബിഐയില്‍ ലയിപ്പിച്ചാല്‍ കേരളത്തിന്റെ ഉത്തമതാല്‍പ്പര്യത്തിനാണ് ഹാനി സംഭവിക്കുന്നത്. ലയനം സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലേക്കുള്ള നീക്കമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യ ഓഹരിപങ്കാളിത്തം 49 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നീക്കവും നടക്കുന്നു. പൊതുമേഖല ബാങ്കുകള്‍ പടിപടിയായി നശിപ്പിക്കാനുള്ള നീക്കമാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ലയനനീക്കം ഉപേക്ഷിക്കണമെന്ന സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം പ്രസക്തമാണ്. ലയനനീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. ഇതേ ആവശ്യത്തിന് ഞങ്ങളും പിന്തുണ നല്‍കുന്നു

 

പ്രധാന വാർത്തകൾ
 Top