03 June Saturday

കാവി അജന്‍ഡയ്‌ക്കേറ്റ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Friday Mar 4, 2016

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് ഡല്‍ഹി ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ച നടപടി സ്വാഗതാര്‍ഹമാണ്. രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഫെബ്രുവരി ഒമ്പതിനാണ് ഡല്‍ഹി പൊലീസ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 124 എ അനുസരിച്ച് കേസെടുത്തത്. മൂന്നുദിവസത്തിനുശേഷം ഈ കൊളോണിയല്‍ വകുപ്പനുസരിച്ച് കനയ്യകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷവും കനയ്യകുമാറും മറ്റു വിദ്യാര്‍ഥി നേതാക്കളുംചെയ്ത 'രാജ്യദ്രോഹ' കുറ്റമെന്തെന്ന് തെളിവുകള്‍ നിരത്തി സമര്‍ഥിക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞില്ല.

സീ ടിവിയും ടൈംസ് നൌ ചാനലും സംപ്രേഷണംചെയ്ത വീഡിയോദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കനയ്യകുമാറിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. എന്നാല്‍, ചടങ്ങില്‍ പങ്കെടുത്ത എബിവിപിക്കാരാണ് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയതെന്ന് ഫെയ്സ്ബുക്കില്‍ ശക്തമായ പ്രചാരണം ഉണ്ടായിരുന്നു. ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട മജിസ്ട്രേട്ട് അന്വേഷണത്തിന്റെ ഭാഗമായി ടെലിവിഷന്‍ സംപ്രേഷണം ചെയ്ത വീഡിയോകള്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ട്രൂത്ത് ലാബ്സ് പരീക്ഷണത്തിന് വിധേയമാക്കുകയും അവ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തെളിയുകയുംചെയ്തു. ഏഴ് വീഡിയോകളാണ് ട്രൂത്ത് ലാബ് പരിശോധിച്ചത്. അതില്‍ രണ്ടെണ്ണം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. വീഡിയോകളില്‍ ചില ശബ്ദങ്ങള്‍ കൂട്ടിച്ചേര്‍ത്തതായി നേരത്തെ ഡല്‍ഹി പൊലീസ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഈ വ്യാജ വീഡിയോദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതാകട്ടെ, കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയും സ്മൃതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍പിടിച്ച വ്യക്തിയുമായ ശില്‍പ്പി തിവാരിയാണെന്ന വിവരം പുറത്തുവന്നു.  മാനവവിഭവശേഷി മന്ത്രാലയ ഉപദേഷ്ടാവ് കൂടിയാണ് ശില്‍പ്പി തിവാരി. മനുഷ്യവിഭവശേഷി മന്ത്രി നേരിട്ടുതന്നെയാണ് അണിയറയില്‍ കരുക്കള്‍ നീക്കിയതെന്നര്‍ഥം.

ഏറ്റവും അവസാനമായി, കനയ്യ ദേശവിരുദ്ധമുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മജിസ്ട്രേട്ട് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുകയുംചെയ്തു. ഫെബ്രുവരി ആദ്യവാരം ജെഎന്‍യുവില്‍ നടന്ന പരിപാടികളുടെ വീഡിയോ പരിശോധിച്ചശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ബിജെപി–ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച കേസാണ് കനയ്യക്കെതിരെ ചുമത്തപ്പെട്ടത് എന്നാണ്. ബജറ്റ് സമ്മേളനത്തില്‍ ലോക്സഭയില്‍ സംസാരിച്ച പ്രധാനമന്ത്രി ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തത് ഈ സംശയം ബലപ്പെടുത്തുകയുംചെയ്യുന്നു. എന്തിനായിരുന്നു ഈ ഗൂഢാലോചന? സര്‍ദാര്‍ പട്ടേലിനെയും മറ്റും സ്വപക്ഷത്ത് നിര്‍ത്തി സ്വാതന്ത്യ്രസമര പാരമ്പര്യത്തിന്റെ വിഹിതംനേടാന്‍ യത്നിക്കുന്ന സംഘപരിവാറിന് എന്നും കണ്ണിലെ കരടായിരുന്നു ജവാഹര്‍ലാല്‍ നെഹ്റു. രാജ്യത്തെ മതേതരമായി നിലനിര്‍ത്താന്‍ അക്ഷീണം പരിശ്രമിക്കുക മാത്രമല്ല, വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്ത നേതാവ് കൂടിയായിരുന്നു നെഹ്റു. വര്‍ഗീയശക്തികളെ കടിഞ്ഞാണില്ലാതെ പ്രവര്‍ത്തിക്കാന്‍വിട്ടാല്‍ രാജ്യം ഛിന്നഭിന്നമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ നെഹ്റു മരണംവരെയും മതനിരപേക്ഷരാഷ്ട്രത്തിനായി നിലകൊള്ളുമെന്നും പ്രഖ്യാപിച്ചു. ഈ നെഹ്റുവിന്റെ സ്മരണ നിലനിര്‍ത്താന്‍ 1969ല്‍ സ്ഥാപിക്കപ്പെട്ട ജെഎന്‍യു ആ പാരമ്പര്യം അക്ഷരാര്‍ഥത്തില്‍ നിലനിര്‍ത്തുകയുംചെയ്തു. മിതവാദ–ഇടതുപക്ഷ ചിന്താഗതിയുടെ ഈറ്റില്ലമായി ജെഎന്‍യു തുടര്‍ന്നു. സംഘപരിവാറിന് ഇതുവരെ ഈ സര്‍വകലാശാലയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ദേശീയവികാരം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും ഈ സര്‍വകലാശാലയിലെ ചരിത്രവിഭാഗമായിരുന്നു. സര്‍വകലാശാലാ അധ്യാപകരായ ബിപിന്‍ ചന്ദ്രയും നീലാദ്രി ഭട്ടാചാര്യയും എഴുതി തയ്യാറാക്കിയ പാഠപുസ്തകമായിരുന്നു എന്‍സിആര്‍ടി പ്രസിദ്ധീകരിച്ചത്. ഹിന്ദുത്വ ദേശീയതയെ എതിര്‍ക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ഈ സര്‍വകലാശാലയെ തകര്‍ക്കുക എന്നത് സ്വാഭാവികമായും സംഘപരിവാറിന്റെ അജന്‍ഡയായി. ആര്‍എസ്എസ് പ്രചാരകന്‍ പ്രധാനമന്ത്രിപദത്തിലെത്തുമ്പോള്‍ ഈ ലക്ഷ്യം നേടാനായി അവര്‍ കരുക്കള്‍ നീക്കി. അതിനായി എഴുതിത്തയ്യാറാക്കിയ തിരക്കഥയാണ് ഫെബ്രുവരിയില്‍ ജെഎന്‍യു ക്യാമ്പസില്‍ അരങ്ങേറിയതെന്ന് ദിനംതോറും പുറത്തുവരുന്ന വാര്‍ത്തകളില്‍നിന്ന് വ്യക്തമാകുന്നു. എന്നാല്‍, സംഘപരിവാറിന്റെ ഈ പദ്ധതിയെ ജെഎന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും രാജ്യത്തെ ഇടതുപക്ഷവും  മതനിരപേക്ഷവാദികളും ശക്തമായി എതിര്‍ത്തുവെന്നത് ആശ്വാസകരമായ കാര്യംതന്നെ. ഈ പോരാട്ടത്തിന്  ഊര്‍ജം പകരുന്നതാണ് കനയ്യകുമാറിന് ലഭിച്ച ജാമ്യം; കാവി അജന്‍ഡയ്ക്കേറ്റ തിരിച്ചടിയും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top