15 May Saturday

അമിത്ഷായുടെ നെട്ടോട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2016

ഒരുവട്ടംകൂടി ബിജെപി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അമിത്ഷാ അനുദിനം ജനങ്ങളാല്‍ വെറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബിജെപിക്ക് കൂട്ടുകക്ഷികളെ കിട്ടുമോ എന്നന്വേഷിച്ച് പരക്കം പായുകയാണ്. ആ പാച്ചിലില്‍ കേരളവും ഉണ്ട്. വെള്ളാപ്പള്ളി നടേശനുമായി നേരത്തെ തന്നെ കൂട്ടുസ്ഥാപിച്ച അമിത്ഷായ്ക്ക്, ആ കൂട്ടുകെട്ടുകൊണ്ട് ലാഭത്തേക്കാള്‍ നഷ്ടമാണുള്ളത് എന്ന തിരിച്ചറിവുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഒരു ഘടക കക്ഷിയിലാണ് കണ്ണ്. യുഡിഎഫ് ഘടക കക്ഷികള്‍ക്ക് പൊതുവില്‍ നയത്തേക്കാള്‍ പ്രധാനം ഭരണമാണല്ലോ–കോണ്‍ഗ്രസായാലും വേണ്ടില്ല, ബിജെപി ആയാലും വേണ്ടില്ല, നമുക്കും കിട്ടണം പണം എന്ന മട്ട്. അസംതൃപ്തിയില്‍ നില്‍ക്കുന്ന ഘടക കക്ഷിയാകട്ടെ, കണ്ണും കാലും കാണിച്ച് ബിജെപിയെ ഒട്ടൊക്കെ ഒന്നു മോഹിപ്പിച്ചു. കൂടെക്കൂടിയാല്‍ കൊള്ളാമെന്ന മോഹമുണ്ട്. അതേസമയം അങ്ങനെ വന്നാല്‍ അണികളുടെ കോപം സഹിക്കാനാകാത്തതാകും എന്ന ആശങ്കയുമുണ്ട്. ഏതായാലും തല്‍ക്കാലം പരസ്യമായ ഇടപാടൊന്നും വേണ്ട എന്നുവച്ച് പിന്‍വാങ്ങി നില്‍ക്കുകയാണവര്‍. ഇടതുപക്ഷത്തിനു വേണ്ട, വലതുപക്ഷത്തുനിന്നാല്‍ നിലം തൊടുകയുമില്ല. ഈ അവസ്ഥയിലാകാം ബിജെപിയെ മോഹത്തോടെ ഒന്നു കടാക്ഷിച്ചത്. കേരളത്തില്‍ പച്ചതൊടില്ല എങ്കിലും കേന്ദ്രത്തില്‍ തല്‍ക്കാലം അധികാരമുള്ളവരാണല്ലോ; അവിടെ എന്തെങ്കിലും കിട്ടിയാല്‍ അത്രയുമായി എന്ന ചിന്തയാകണം അവരെ നയിച്ചത്. എന്നാല്‍, കേരളം ബിജെപി ബന്ധത്തിന് മാപ്പുനല്‍കില്ല എന്ന ഒരു തിരിച്ചറിവ് എപ്പോഴോ ഉണ്ടായതുകൊണ്ടാകണം അവര്‍ തല്‍ക്കാലത്തേക്ക് പിന്‍വാങ്ങിയത്. നടേശന്റെ സംഘത്തെപ്പോലെ യുഡിഎഫിനും ബിജെപിക്കുമിടയിലെ പാലമായിനിന്ന് വല്ലതും തരമാക്കാനാകുമോ എന്നതാകാം ഇനി അവരുടെ ചിന്ത. അതവിടെ നില്‍ക്കട്ടെ.

ബിജെപി പ്രസിഡന്റ് അമിത്ഷായുടെ പരിഭ്രാന്തി ഏതായാലും പ്രകടമാണ്. ആരെയെങ്കിലുമൊക്കെ ഘടക കക്ഷികളായി പിടിക്കാനായില്ലെങ്കില്‍ നില പരുങ്ങലിലാകുമെന്നാണ് 'മിസ്ഡ്' കോളിലൂടെ അംഗത്വം 11 കോടിയാക്കി ലോകത്തിലെ 'ഏറ്റവും വലിയ പാര്‍ടിയായി' എന്നഭിമാനിക്കുന്ന ആ കക്ഷിയുടെ നേതാവ് തിരിച്ചറിയുന്നത്. പ്രസിഡന്റ് പദത്തില്‍ ആദ്യടേമില്‍ 'ഗ്ളാമറു'ണ്ടാക്കി എന്നു കരുതുന്ന അദ്ദേഹം രണ്ടാം ടേമില്‍ 'ഗ്ളാമര്‍ തകര്‍ച്ച'യിലേക്കാണ് കൂപ്പുകുത്തുന്നത് എന്നത് വ്യക്തം. ഏകകണ്ഠമായാണ് ബിജെപിയുടെ രണ്ടാംവട്ട പ്രസിഡന്റായത് എന്നാണ് പറയുന്നത്. ആ 'ഏകകണ്ഠ'ത്തില്‍ എല്‍ കെ അദ്വാനിയുടെയും മുരളീ മനോഹര്‍ ജോഷിയുടെയും ഒക്കെ ശബ്ദമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ആരാണ് തെരഞ്ഞെടുത്തത് എന്നു ചോദിച്ചാല്‍ അതിനും ഉത്തരമില്ല.

ബിജെപിയുടെ താഴെത്തട്ടുകളിലെവിടെങ്കിലും ജനാധിപത്യപൂര്‍ണമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നതായി അതിന്റെ അണികള്‍ക്കുപോലും അറിയില്ല. കേരളത്തിലെ കാര്യംതന്നെ എടുക്കുക. ഇവിടെ ഡല്‍ഹിയില്‍നിന്ന് ബാലശങ്കര്‍ നേതാവായി വരാന്‍ പോകുന്നുവെന്നു കേട്ടു. അതല്ല, കുമ്മനം രാജശേഖരനാകും നേതാവ് എന്നും കേട്ടു. ഒടുവില്‍ ഒരു പത്രക്കുറിപ്പിലൂടെയോ മറ്റോ കുമ്മനം പ്രസിഡന്റായതായി മാലോകര്‍ അറിഞ്ഞു. ബിജെപി അണികളോ ഘടകങ്ങളോ ഒന്നും തെരഞ്ഞെടുത്തതല്ല. ജനാധിപത്യം ഇത്രമേല്‍ അന്യമായ ഒരു പാര്‍ടി വേറെയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് മാത്രമായിരിക്കും. അതിലും അണികള്‍ക്ക് പങ്കുള്ള തെരഞ്ഞെടുപ്പ് കേട്ടുകേള്‍വിയായിപ്പോലുമില്ല.

ആദ്യ പ്രസിഡന്റ് ടേമില്‍ 30,000 കിലോമീറ്റര്‍ യാത്ര ചെയ്തു, അംഗത്വം 2.5 കോടിയായിരുന്നത് 11 കോടിയാക്കി തുടങ്ങിയവയാണ് തന്റെ ക്രെഡിറ്റായി അമിത്ഷാ ഉയര്‍ത്തിക്കാണിച്ചത്. എന്നാല്‍, രണ്ടാംടേം തകര്‍ച്ചയുടെ ചിത്രമാകും അവതരിപ്പിക്കുക എന്നതു വ്യക്തം. ഡല്‍ഹിയിലെ  തകര്‍ച്ചയോടെ ഈ കൂപ്പുകുത്തല്‍ ആരംഭിച്ചു. 243 അംഗ ബിഹാര്‍ നിയമസഭയില്‍ പഴയനില നിലനിര്‍ത്താനാകാതെ 50ലേക്ക് വീണപ്പോള്‍ അതു ത്വരിതപ്പെടുന്നതാണ് നാം കണ്ടത്. പുതിയ ടേം ഈ തകര്‍ച്ചയുടെ വേഗമാകും ഇരട്ടിപ്പിക്കുക.

ഈ ടേമിലാണ് പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകള്‍ ആദ്യവര്‍ഷവും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ അടുത്തവര്‍ഷവും ആയി നടക്കുക. 2016ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ അസം ഒഴികെ ഒരിടത്തും ബിജെപിക്ക് കളിക്കാന്‍ കളമേ ഉണ്ടാകില്ല. 2017ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മിക്ക സംസ്ഥാനങ്ങളിലും കടുത്ത വെല്ലുവിളിയാകും ബിജെപിക്ക് നേരിടേണ്ടിവരിക. രണ്ടുവര്‍ഷങ്ങളിലായി 18 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ മിക്കവാറും എല്ലാംതന്നെ ബിജെപിയുടെ തകര്‍ച്ച ഉറപ്പാക്കും വിധമാകും പൂര്‍ത്തിയാകുക.

അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍ എണ്ണവില കുത്തനെ ഇടിയുമ്പോള്‍ ഇവിടെ കുത്തനെ വര്‍ധിച്ചത്, കള്ളപ്പണം നൂറുദിവസംകൊണ്ട് പിടിച്ചെടുക്കുമെന്ന വാഗ്ദാനം തകര്‍ത്തത്, കോര്‍പറേറ്റ് പ്രീതിപ്പെടുത്തലിന്റെ ഭരണം, കര്‍ഷക ആത്മഹത്യകള്‍, വര്‍ഗീയ വിദ്വേഷം പടരുന്നത്, കടുത്ത തോതിലുള്ള വിലക്കയറ്റം തുടങ്ങിയവയൊക്കെ ബിജെപിയെ ജനവിദ്വേഷത്തിന്റെ പാര്‍ടിയാക്കി മാറ്റുകയാണ്. ഭരണം മോഡി തനിയെ മോടികൂട്ടാന്‍ ഉള്ള ഏകമുഖ പരിപാടിയാക്കി ഒതുക്കി എന്ന വികാരം ആ പാര്‍ടിക്കുള്ളില്‍ത്തന്നെ പടരുകയാണ്. അമിത്ഷാ നരേന്ദ്രമോഡിയുടെ ഒരു വൈതാളികന്‍മാത്രം എന്ന വികാരവും എല്‍ കെ അദ്വാനിയെപ്പോലുള്ളവര്‍ക്ക് പാര്‍ടിയില്‍ ഇടമില്ലാതായി എന്ന ബോധവും പാര്‍ടിക്കുള്ളില്‍ത്തന്നെ അസ്വസ്ഥത പടര്‍ത്തുകയാണ്. സംസ്ഥാന ഘടകങ്ങള്‍ മിക്കതും ചേരിതിരിഞ്ഞുള്ള പോരാട്ടത്തിലാണ്. ഇത്തരമൊരു അവസ്ഥയില്‍ അമിത്ഷായുടെ എന്നല്ല, നരേന്ദ്രമോഡിയുടെപോലും നിയന്ത്രണത്തില്‍ നില്‍ക്കാന്‍ പോകുന്നില്ല കാര്യങ്ങള്‍. അതുകൊണ്ടുതന്നെ ബിജെപിയുടെ തകര്‍ച്ചയ്ക്ക് അധ്യക്ഷത വഹിക്കുക എന്നതാകും രണ്ടാംടേമില്‍ അമിത്ഷായുടെ ദൌത്യം. ഇതു തിരിച്ചറിയുന്നതുകൊണ്ടുകൂടിയാണ് അമിത്ഷാ കേരളത്തിലടക്കം പരിഭ്രാന്തനായി ഓടിനടക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top