04 June Sunday

ഗാന്ധിസ്‌മരണ ഇന്നിന്റെ കടമ

വെബ് ഡെസ്‌ക്‌Updated: Saturday Mar 3, 2018


സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ ഊഹാപോഹ പ്രചാരണങ്ങളിൽ വ്യാപൃതരായ മാധ്യമങ്ങൾ ശ്രദ്ധിക്കാതെ വിട്ട ഒരു ആഹ്വാനമുണ്ട്‐ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ 70‐ാം വാർഷികാചരണം വിപുലമായി ഏറ്റെടുക്കാനുള്ള പ്രമേയമാണത്. അസഹിഷ്ണുതയും ആക്രമണോത്സുകതയും സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലയിലും സാംക്രമികരോഗംപോലെ പടരുന്ന സവിശേഷ രാഷ്ട്രീയസാഹചര്യത്തിലാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 70‐ാംവാർഷികം കടന്നുപോകുന്നത്. സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന അനുസ്മരണപരിപാടികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാദമികളും ലൈബ്രറി കൗൺസിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്നുള്ള വിപുലമായ അനുസ്മരണപരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മതനിരപേക്ഷതയും ജനാധിപത്യവും രാജ്യത്തിന്റെ ദേശീയതയും ബഹുസ്വരതയും സംരക്ഷിക്കാനുള്ള ഇടപെടലായി വാർഷികപരിപാടികൾ മാറണമെന്നാണ് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആഹ്വാനം ചെയ്യുന്നത്.

രാജ്യം ഇന്നഭിമുഖീകരിക്കുന്ന വെല്ലുവിളിയോടുള്ള കൃത്യമായ രാഷ്ട്രീയപ്രതികരണംകൂടിയാണ് ഗാന്ധിസ്മരണ. 1948 ജനുവരി 30നാണ് ഹിന്ദു വർഗീയവാദികൾ മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു രാഷ്ട്രമാണെന്നും ഹിന്ദു‐ മുസ്ലിം മൈത്രിയില്ലാതെ സ്വരാജ് സാധ്യമല്ലെന്നും വിശ്വസിച്ച ഗാന്ധിജി എന്നും ഹിന്ദുത്വവാദികളുടെ ശത്രുവായിരുന്നു. മതമല്ല, രാഷ്ട്രത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനമെന്ന് വാദിച്ച ഗാന്ധിജിയെ ഹിന്ദു വർഗീയവാദികളും മുസ്ലിം വർഗീയവാദികളും ഒരുപോലെ എതിർത്തു. ഹിന്ദു മഹാസഭയും ആർഎസ്എസും രഹസ്യമായും പരസ്യമായും നടത്തിയ ആസൂത്രിത നീക്കങ്ങളുടെ തുടർച്ചയായാണ് മഹാത്മാഗാന്ധി വധിക്കപ്പെടുന്നത്. വർഗീയമായി രാജ്യം വിഭജിക്കപ്പെടുകയും ലക്ഷോപലക്ഷം നിരപരാധികൾ വർഗീയകലാപങ്ങളിൽ കൊലചെയ്യപ്പെടുകയും ചെയ്തപ്പോഴാണ്, ഗാന്ധി സമാധാനത്തിന്റെ സന്ദേശവാഹകനായി വർഗീയത ചോരപ്പുഴ സൃഷ്ടിച്ച നവഖാലിയിലൂടെ നടന്നുനീങ്ങിയത്.

ഹിന്ദുരാഷ്ട്ര നിർമിതിക്ക് തടസ്സംനിൽക്കുന്ന മഹാത്മാവിനെ ഇല്ലാതാക്കുക എന്നതായിരുന്നു ഗാന്ധിഘാതകരിൽ ഏൽപ്പിച്ച ദൗത്യം. ഹിന്ദുത്വവാദികളുടെ പ്രസിദ്ധീകരണങ്ങളായ കേസരിമുതൽ ഹിന്ദുരാഷ്ട്രങ്ങൾവരെയുള്ള പത്രങ്ങൾ നടത്തിയ ഹീനവും ക്ഷുദ്രവികാരങ്ങൾ ഉണർത്തുന്നതുമായ പ്രചാരണങ്ങളാണ്, ഗോഡ്സെയും നാരായണ ആപ്തേയും ഉൾപ്പെടെയുള്ള  മതഭ്രാന്തന്മാരെ ഗാന്ധിവധമെന്ന മഹാപാതകത്തിലേക്ക് എത്തിച്ചത്. ഹിന്ദുജനതയുടെയും ഹിന്ദുരാഷ്ട്രത്തിന്റെയും താൽപ്പര്യമായിരുന്നു ഗാന്ധിവധമെന്നും ആ കൃത്യം നിർവഹിച്ചവർ ദേശീയ പുരുഷന്മാരാണെന്നുമുള്ള നിലപാടാണ് ഹിന്ദു മഹാസഭയ്ക്കും ആർഎസ്എസിനുമുള്ളത്. ഗോഡ്സെയെ തൂക്കിക്കൊന്ന ദിനം ധീരദിനമായി  ആചരിക്കുന്ന ഹിന്ദുത്വവാദികൾതന്നെയാണ് ഗാന്ധിവധത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആവർത്തിക്കുന്നത്. ഹിന്ദുത്വവാദികളുടെയും ആർഎസ്എസിന്റെയും കാപട്യത്തെ തുറന്നുകാണിക്കേണ്ടതുണ്ട്. ചരിത്രത്തിൽ എല്ലാ ഫാസിസ്റ്റ് സംഘടനകളും ഇരട്ടനാക്കുകൊണ്ടാണ് സംസാരിച്ചിട്ടുള്ളത്. 1964 നവംബർ 12ന് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ജയിൽമോചിതരായവർക്ക് പുണെയിൽ ഏർപ്പെടുത്തിയ സ്വീകരണയോഗത്തിലെ ലജ്ജാജനകമായ വെളിപ്പെടുത്തലുകളോടെയാണ് ഗാന്ധിവധം അന്വേഷിക്കാൻ ജസ്റ്റിസ് ജീവൻലാൽ കമീഷൻ നിയോഗിക്കപ്പെട്ടത്. 1948ൽ  ഗാന്ധിവധം അന്വേഷിച്ച ഡൽഹി പൊലീസും ഗൂഢാലോചന അന്വേഷിച്ച ബോംബെ പൊലീസും  മഹാത്മാവിന്റെ വധത്തിൽ ഹിന്ദുത്വവാദികൾക്കുള്ള അനിഷേധ്യമായ പങ്കിലേക്ക് വിരൽചൂണ്ടി. നാഥുറാം വിനായക് ഗോഡ്സെ ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്ന കാര്യം ഗാന്ധിവധത്തിൽ ശിക്ഷിക്കപ്പെട്ട ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെതന്നെ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ഗാന്ധിഘാതകർക്കുസമാനമായ മാനസികാവസ്ഥയോടെ ഇന്ന് ഹിന്ദുത്വ വർഗീയവാദികൾ വേട്ട തുടരുകയാണ്. നരേന്ദ്ര ധാബോൽക്കർമുതൽ ഗൗരി ലങ്കേഷ്വരെ നിഷ്ഠുരമായി വധിക്കപ്പെട്ടു. എഴുത്തുകാരും കലാകാരന്മാരും വേട്ടയാടപ്പെടുന്നു. പശുവിന്റെ പേരിൽ നരഹത്യ തുടർച്ചയാകുന്നു. എതിർക്കുന്നവരെയും വിമർശിക്കുന്നവരെയും ശാരീരികമായിത്തന്നെ ഇല്ലാതാക്കുന്ന ഹിന്ദു വർഗീയവാദികൾക്ക്‌ അനഭിമതരായ ജനവിഭാഗങ്ങളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടുന്ന ഫാസിസ്റ്റ് ഹീനതയ്ക്കെതിരായ സാംസ്കാരികപ്രതിരോധമായി ഗാന്ധി രക്തസാക്ഷി അനുസ്മരണപരിപാടികളെ മാറ്റണമെന്നാണ് സിപിഐ എമ്മിന്റെ ആഹ്വാനം. രാഷ്ട്രത്തെയും ജനാധിപത്യത്തെയും ഭരണഘടനയുടെ അന്തഃസത്തയെത്തന്നെയും സംരക്ഷിക്കാനുള്ള പോരാട്ടമായി കണ്ട് ജനകീയമുന്നേറ്റമാക്കി ഈ ഗാന്ധി രക്തസാക്ഷി അനുസ്മരണ പരിപാടി ഏറ്റെടുക്കേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top