14 August Friday

മുഖ്യമന്ത്രിമാരുടെ യോഗം ഉറച്ച കാല്‍വയ്പ്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2017


കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച മാട്ടിറച്ചി വിലക്കിനെതിരെ രാജ്യത്താകെയുള്ള ജനവിഭാഗങ്ങളുടെ പൊതു അഭിപ്രായരൂപീകരണത്തിനായി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത് സ്വാഗതാര്‍ഹമായ നീക്കമാണ്. തിരുവനന്തപുരത്ത് ഏറ്റവും അടുത്തദിവസം യോഗം നടക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുള്ളത്.  ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് പുതുമയാര്‍ന്ന നീക്കമായി വേണം ഈ നടപടിയെ കാണാന്‍. നേരത്തെ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ പേരില്‍ സിപിഐ എമ്മിന്റെതന്നെ നേതൃത്വത്തില്‍ നാലുതവണ മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. 1983 മെയ് 28ന് വിജയവാഡയിലും ജൂണില്‍ ഡല്‍ഹിയിലും ഒക്ടോബറില്‍ ശ്രീനഗറിലും 1984 ജനുവരിയില്‍ കൊല്‍ക്കത്തയിലുമായാണ് ഈ യോഗങ്ങള്‍ ചേര്‍ന്നത്. ഈ യോഗങ്ങളില്‍ മുഖ്യമന്ത്രിമാരായിരുന്ന എന്‍ ടി രാമറാവു (ആന്ധ്രപ്രദേശ്), ഫാറൂഖ് അബ്ദുള്ള (ജമ്മു കശ്മീര്‍), രാമകൃഷ്ണ ഹെഗ്ഡെ (കര്‍ണാടകം), ജ്യോതിബസു (പശ്ചിമബംഗാള്‍), നൃപന്‍ ചക്രവര്‍ത്തി (ത്രിപുര) എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നീട് രൂപപ്പെട്ട കോണ്‍ഗ്രസിതര- ബിജെപി ഇതര കൂട്ടുകെട്ടിന് അടിത്തറയായത് ഈ സമ്മേളനങ്ങളായിരുന്നു.

മൂന്നുവര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ വര്‍ഗീയനീക്കങ്ങളെ ചെറുക്കാനുള്ള മതനിരപേക്ഷ ജനാധിപത്യവാദികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സുപ്രധാനമായ ചെറുത്തുനില്‍പ്പായി വേണം മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ കാണാന്‍. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ മറവില്‍ മെയ് 23ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഇത്തരമൊരു അസാധാരണമായ നീക്കത്തിന് സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുള്ളത്.

ഭരണഘടനയുടെ ഉള്ളടക്കമായ മതനിരപേക്ഷ- ജനാധിപത്യ- സോഷ്യലിസ്റ്റ് റിപ്പബ്ളിക് എന്ന ആശയത്തെത്തന്നെ തകര്‍ക്കുന്ന നീക്കമാണ് യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. നിയമങ്ങള്‍ മനുഷ്യനുവേണ്ടിയായിരിക്കണം, മനുഷ്യന്‍ നിയമത്തിനുവേണ്ടിയാകരുതെന്ന അടിസ്ഥാന നിയമസങ്കല്‍പ്പത്തെയും തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് മൃഗപരിപാലനം, സംരക്ഷണം എന്നത് പൂര്‍ണമായും  സംസ്ഥാന വിഷയത്തില്‍ പെടുന്നതാണ്. ഈ വിഷയത്തില്‍ നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല. ഇത് പൂര്‍ണമായും അറിയാമായിരുന്നിട്ടും ഇത്തരമൊരു വിജ്ഞാപനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നത് ഭരണഘടനയെത്തന്നെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കം നടത്തിയിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കിടചെല്ലയ്യയുടെ നേതൃത്വത്തിലുള്ള 11 അംഗ  കമീഷനെയും അതിനായി നിയമിച്ചിരുന്നു. എന്നാല്‍,കൂട്ടുകക്ഷി സര്‍ക്കാരായതിനാല്‍ അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വാജ്പേയി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നുമാത്രം. എന്നാല്‍,സ്വന്തം നിലയില്‍ ഭൂരിപക്ഷം നേടി മോഡിസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്ക് ആക്കംവര്‍ധിച്ചു. അതിലൊന്നാണ് മെയ് 23ന്റെ വിജ്ഞാപനം.

കേന്ദ്ര ഭരണകക്ഷിയില്‍നിന്ന് ഇത്തരമൊരു നീക്കമുണ്ടായാല്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരേണ്ട പാര്‍ടി, മുഖ്യപ്രതിപക്ഷ (ഔദ്യോഗികമായി ഈ പദവിയിലല്ലെങ്കിലും) കക്ഷിയും രാജ്യം ദശാബ്ദങ്ങളോളം ഭരിക്കുകയും ചെയ്ത കോണ്‍ഗ്രസാണ്. മോഡിയും അമിത്ഷായും പ്രവര്‍ത്തിക്കുന്നത് 'കോണ്‍ഗ്രസ് മുക്ത' ഭാരതത്തിനാണെങ്കിലും ഇപ്പോഴും ആറ് സംസ്ഥാനം ഭരിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍പ്രദേശിലും പഞ്ചാബിലും തെക്കെ ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകത്തിലും പുതുച്ചേരിയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും മിസോറമിലും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. എന്നിട്ടും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് കേന്ദ്രത്തിന്റെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വിജ്ഞാപനത്തിനെതിരെ ശക്തമായ ഒരു നീക്കവും ഉണ്ടായില്ല. ഇതിന് പ്രധാന കാരണം കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വസമീപനംതന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ ഗോവധനിരോധന നിയമം കൊണ്ടുവന്നാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ദിഗ്വിജയ്സിങ്ങാണ്. 29 സംസ്ഥാനങ്ങളില്‍ 24ലും ഗോവധനിരോധനനിയമം നിലവിലുണ്ടെന്നും അതൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തില്‍ ഇരുന്നപ്പോഴാണ് കൊണ്ടുവന്നതെന്നുകൂടി ദിഗ്വിജയ്സിങ് ഓര്‍മിപ്പിക്കുകയുണ്ടായി. മോഡി കേന്ദ്രത്തില്‍ അധികാരത്തില്‍വന്ന വേളയില്‍തന്നെ ഹിന്ദുത്വരാഷ്ട്രീയം കോണ്‍ഗ്രസിനെയും ആവേശിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ജനാര്‍ദന്‍ ദ്വിവേദിയാണ്  മോഡി അധികാരത്തില്‍വന്നതോടെ പുതുയുഗത്തിന് തുടക്കമായെന്നും ഭാരതീയതയുടെ വിജയമാണിതെന്നും ഉദ്ഘോഷിച്ചത്. മോഡിഭക്തനായ ദ്വിവേദിക്കെതിരെ നടപടി കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നുമാത്രമല്ല, അദ്ദേഹം പരാമര്‍ശിച്ച ഭാരതീയതയിലേക്ക് കോണ്‍ഗ്രസ് നീങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുകയും ചെയ്തു. 

ഈയൊരു ഘട്ടത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രി, മോഡിസര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി അഭിപ്രായം രൂപീകരിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. നേരത്തെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയ പിണറായി വിജയന്‍, ഭക്ഷണരീതിയില്‍ ഇടപെടാനുള്ള കേന്ദ്രതീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക്് കത്തെഴുതുകയും ചെയ്തു. കേന്ദ്രതീരുമാനത്തിനെതിരെ നിയമനടപടിക്ക് തയ്യാറാകുമെന്നും കേരളം വ്യക്തമാക്കുകയുണ്ടായി. ഈ നടപടികളെ ശ്ളാഘിച്ച് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും മുഖ്യമന്ത്രിക്ക് അഭിനന്ദനസന്ദേശം പ്രവഹിക്കുകയാണ്. മതനിരപേക്ഷത സംരക്ഷിക്കാന്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ എന്ന ശക്തമായ സന്ദേശമാണ് കേരളത്തില്‍നിന്ന് ഉയരുന്നത്. മതഭ്രാന്തിന്റെ ഇളകിമറിയുന്ന കടലില്‍ പ്രതീക്ഷയുടെ തുരുത്താണ് മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ക്ക് കേരളം
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top