01 June Thursday

പ്രഭാതത്തിന്റെ നാട്ടില്‍നിന്ന് ദേശാഭിമാനി

എം വി ഗോവിന്ദന്‍Updated: Monday May 1, 2017

'പ്രഭാത'ത്തിന്റെ നാട്ടില്‍നിന്ന് ദേശാഭിമാനി പ്രസിദ്ധീകരണം ആരംഭിക്കുന്ന ദിവസമാണിന്ന്. കേരളത്തിലെ പാവപ്പെട്ടവരുടെയും പണിയെടുക്കുന്നവരുടെയും ശബ്ദമായ 'ദേശാഭിമാനി'ക്ക് ഇത് അഭിമാനകരമായ മുന്നേറ്റമാണ്. ഷൊര്‍ണൂരില്‍നിന്ന് 1935ല്‍ 'പ്രഭാതം' പ്രസിദ്ധീകരണം ആരംഭിച്ചതോടെയാണ് കേരളത്തിലെ ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. 82 വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു ചരിത്രമായി പാലക്കാട്ടുനിന്ന് ദേശാഭിമാനി പുറത്തിറങ്ങുകയാണ്.

കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാരുടെ പ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായി 'പ്രഭാതം' പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്  ഇ എം എസിന്റെ പത്രാധിപത്യത്തിലാണ്. 1969 വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന ഏലംകുളത്താണ് ഇ എം എസ് ജനിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഷൊര്‍ണൂര്‍.  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ ആശയപ്രചാരണമാണ് പ്രഭാതം നടത്തിയത്. അത് പതിനായിരങ്ങളെ പ്രചോദിപ്പിക്കുകയും കര്‍ഷകരുടെയും തൊഴിലാളികളുടെയും വമ്പിച്ച മുന്നേറ്റങ്ങള്‍ക്ക് കളമൊരുക്കുകയുംചെയ്തു. 'പ്രഭാത'ത്തെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചെങ്കിലും ചെറിയ ഇടവേളയ്ക്കുശേഷം കോഴിക്കോട്ടുനിന്ന് 'പ്രഭാതം' പുനഃപ്രസിദ്ധീകരിച്ചു. 1942 സെപ്തംബര്‍ ആറിന് കോഴിക്കോട്ടുനിന്ന് വാരികയായി ദേശാഭിമാനി  പ്രസിദ്ധീകരണം തുടങ്ങി. 1946ല്‍ ദിനപത്രമായി മാറി. 75-ാം വാര്‍ഷികാഘോഷവേളയില്‍  ദേശാഭിമാനി പ്രസിദ്ധീകരണം ആരംഭിക്കുന്ന രണ്ടാമത്തെ ജില്ലയാണ് പാലക്കാട.് പരമ്പരാഗത തൊഴില്‍മേഖലയുടെ ഈറ്റില്ലമായ കൊല്ലത്തുനിന്ന്് ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരണം തുടങ്ങി. ദേശാഭിമാനിയുടെ പുതിയ പതിപ്പ് പാലക്കാട് ജില്ലയിലെ തൊഴിലാളികള്‍ക്കും പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്കും ആവേശവും പ്രതീക്ഷയും നല്‍കുന്നു.

ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിന്റെ മേഖലയില്‍ മാത്രമല്ല, സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളിലും കര്‍ഷകരുടെയും തൊഴിലാളികളുടെയും മുന്നേറ്റങ്ങളിലും ഉജ്വലമായ പാരമ്പര്യമാണ് പാലക്കാടിനുള്ളത്. വഴിനടക്കാനും മാറു മറയ്ക്കാനും സമുദായങ്ങള്‍ക്കുള്ളിലെ അസ്വാതന്ത്യ്രങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വിവിധ മേഖലകളില്‍നിന്ന് ഉയര്‍ന്നുവന്ന ഉജ്വലമായ പ്രക്ഷോഭങ്ങളാണ് ജില്ലയില്‍ ഇടതുപക്ഷപ്രസ്ഥാനത്തിന് ശക്തമായ അടിത്തറയൊരുക്കിയത്. വി ടിയും ഇ എം എസും നേതൃത്വംനല്‍കിയ സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളും ആര്‍ കൃഷ്ണന്‍ ആലത്തൂര്‍, ജോണ്‍ കിട്ട തുടങ്ങിയവരുടെ നേതൃത്വത്തില്‍  മാറു മറയ്ക്കാനും വഴിനടക്കാനുമുള്ള അവകാശത്തിനായി നടന്ന  പോരാട്ടങ്ങളും ചരിത്രത്തില്‍ എന്നും തിളങ്ങുന്ന ഏടുകളാണ്. ആദ്യത്തെ കെപിസിസി സമ്മേളനം 1921ല്‍ നടന്നത് ഒറ്റപ്പാലത്താണ്. ആ സമ്മേളനത്തിന്റെ യഥാര്‍ഥ സത്ത ഉള്‍ക്കൊണ്ട് പിന്നീട് ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കുകയും ചെയ്തത് ഇ എം എസിനെപ്പോലുള്ള നേതാക്കളാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തിദുര്‍ഗങ്ങളിലൊന്നായി പാലക്കാട് ഉയര്‍ന്നുനില്‍ക്കുന്നതിനു പിന്നില്‍ നവോത്ഥാന നായകരുടെയും കമ്യൂണിസ്റ്റ് നേതാക്കളുടെ സമര്‍പ്പിതജീവിതങ്ങളുണ്ട്; നിരവധി രക്തസാക്ഷികളുടെ ജീവത്യാഗമുണ്ട്. ജനലക്ഷങ്ങളുടെ അക്ഷീണമായ പ്രവര്‍ത്തനമുണ്ട്. അവരുടെ നേതാവും വഴികാട്ടിയുമാണ് ദേശാഭിമാനി.

നെല്ലറയായ പാലക്കാട്ടുനിന്ന് 'ദേശാഭിമാനി' ജനങ്ങളുടെ കൈകളിലെത്തുമ്പോള്‍ ജനജീവിതത്തിന്റെയും ജില്ലയുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരികജീവിതത്തിന്റെയും ഉള്‍ത്തുടിപ്പുകള്‍ കൂടുതലായി ഉള്‍ക്കൊള്ളുക എന്ന ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ജില്ലയുടെ കാര്‍ഷിക, വ്യാവസായികമേഖലകളുടെ ഉന്നതിക്കും പശ്ചാത്തലസൌകര്യ വികസനത്തിനും ദേശാഭിമാനിയുടെ പ്രവര്‍ത്തനം പ്രചോദനമായിട്ടുണ്ട്. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വിവിധ മേഖലകളിലെ തൊഴിലാളികളുടെയും പോരാട്ടങ്ങളിലൂടെയാണ് പാലക്കാട്ടെ ജനജീവിതം മാറിമറിഞ്ഞത്. കമ്യൂണിസ്റ്റ്, ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് ഭൂപരിഷ്കരണമടക്കമുള്ള നിയമനിര്‍മാണങ്ങള്‍മൂലം കാര്‍ഷികമേഖലയുടെ മുഖഛായ മാറി. കര്‍ഷകരുടെ ജീവിതം മാറി. ആ കര്‍ഷകരുടെ മക്കള്‍ വിദ്യാഭ്യാസം നേടി കൂടുതല്‍ മെച്ചപ്പെട്ട ജീവിതം കണ്ടെത്തി. വ്യാവസായികരംഗത്തും പാലക്കാടിന് സവിശേഷസ്ഥാനമുണ്ട്.  പുതുശ്ശേരി മേഖല കേരളത്തിലെ രണ്ടാമത്തെ വ്യവസായകേന്ദ്രമായി മാറിയിട്ടുണ്ട്. വ്യവസായത്തിന്റെ നിലനില്‍പ്പ്, തൊഴിലാളികളുടെ അവകാശങ്ങള്‍, കാര്‍ഷികമേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയെല്ലാം അതത് സമയങ്ങളില്‍ ഏറ്റെടുത്തുകൊണ്ട് പാലക്കാടന്‍ ജനജീവിതത്തിന്റെ കണ്ണാടിയായി ദേശാഭിമാനി ഇതിനകം മാറിയിട്ടുണ്ട്. ഇത് കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ തുടരാന്‍  പാലക്കാട്ടുനിന്ന് ദേശാഭിമാനി അച്ചടിച്ച് വിതരണംചെയ്യുന്നതോടെ കഴിയും.

കലയുടെയും സാഹിത്യത്തിന്റെയും മഹാപ്രതിഭകള്‍ സംസ്കാരത്തിന്റെ വെളിച്ചം പകര്‍ന്ന മണ്ണാണ് പാലക്കാട്. കര്‍ണാടകസംഗീതം, കഥകളി തുടങ്ങിയ ക്ളാസിക്കല്‍ കലകളിലും പൊറാട്ടുകളി, കണ്യാര്‍കളി, കാക്കാരിശ്ശിനാടകം, വാദ്യമേളം തുടങ്ങി നിരവധിയായ നാടന്‍കലകളിലും ഉജ്വലമായ പാരമ്പര്യമാണ് പാലക്കാടിനുള്ളത്. എം ടി, ഒ വി വിജയന്‍, മഹാകവി ഒളപ്പമണ്ണ തുടങ്ങി നിരവധി സാഹിത്യപ്രതിഭകള്‍ ജനിച്ച മണ്ണാണിത്. സിനിമയുടെ പ്രധാന ലൊക്കേഷനും കഥകളുടെ ഇടവുമാണ് പാലക്കാട്. കായികമേഖലയിലും കരുത്തുറ്റ പ്രയാണമാണ് പാലക്കാട് നടത്തുന്നത്.കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയപ്രസ്ഥാനമായ സിപിഐ എമ്മിന്റെ മുഖപത്രമെന്ന നിലയില്‍ എന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് ദേശാഭിമാനി ശബ്ദമുയര്‍ത്തിയിട്ടുള്ളത്. വാര്‍ത്തകള്‍ വളച്ചൊടിക്കാതെ നേരേചൊവ്വേ റിപ്പോര്‍ട്ടു ചെയ്യുന്നതാണ് ദേശാഭിമാനിയുടെ പാരമ്പര്യം. ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കും ജനദ്രോഹത്തിനുമെതിരെ ദേശാഭിമാനി നിലകൊണ്ടു. അടിയന്തരാവസ്ഥയില്‍ മാധ്യമസ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിട്ടപ്പോള്‍, നിര്‍ഭയം നേരിട്ട പത്രമാണ് ദേശാഭിമാനി. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പക്ഷത്താണ് ദേശാഭിമാനി എന്നും നിലയുറപ്പിച്ചത്. ദേശാഭിമാനി നിഷ്പക്ഷപത്രമല്ല. ജനങ്ങളുടെ പക്ഷത്താണ്.

ദേശാഭിമാനി വളര്‍ച്ചയുടെ പടവുകളിലാണ്. പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊത്ത്, പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉള്ളടക്കവും ആകര്‍ഷണീയതയും മെച്ചപ്പെടുത്താനും കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുമുള്ള  ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഒരുമാസത്തിനുള്ളില്‍ രണ്ട് ജില്ലകളില്‍നിന്ന് അച്ചടി ആരംഭിക്കാനായത്. വൈകാതെ എല്ലാ ജില്ലകളില്‍നിന്നും പ്രസിദ്ധീകരിക്കുന്ന പത്രം എന്ന നിലയിലേക്ക് ദേശാഭിമാനിയെ ഉയര്‍ത്താനാകും എന്ന പ്രതീക്ഷ ഞങ്ങള്‍ക്ക്. ഇതിന് ഈ പത്രത്തിന്റെ ഉടമകളായ ജനങ്ങളില്‍നിന്നുള്ള അകമഴിഞ്ഞ സഹായവും പിന്തുണയും ഞങ്ങള്‍ക്ക് ഇനിയുമിനിയും ആവശ്യമുണ്ട്. പാലക്കാട്ടെ പുതിയ സംരംഭത്തെ നാട് നെഞ്ചോടുചേര്‍ക്കുമെന്ന വിശ്വാസത്തോടെ ദേശാഭിമാനിയുടെ ഒമ്പതാംപതിപ്പ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top