28 May Sunday

കോര്‍പറേറ്റ് ആഭിമുഖ്യം സാമ്രാജ്യത്വ വിധേയത്വം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 1, 2016

അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, കേരളം എന്നിങ്ങനെ അഞ്ചിടത്ത് ആഴ്ചകള്‍ക്കുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നത് മനസ്സില്‍വച്ച് തയ്യാറാക്കിയതായിട്ടുപോലും ജനങ്ങളോടോ നാടിനോടോ ചേര്‍ന്നുനില്‍ക്കുന്നതായില്ല ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ്. 

സബ്സിഡികളില്‍നിന്ന് ഇന്‍സെന്റീവുകളിലേക്കുള്ള വര്‍ധിച്ചതോതിലുള്ള ഊന്നല്‍മാറ്റം, ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കരണനയങ്ങളുടെ കൂടിയതോതിലുള്ള ഗതിവേഗം, മേഖലാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിലുള്ള ഉദാസീനത, സാമ്പത്തികവളര്‍ച്ച ശക്തിപ്പെടുത്തുന്നതിലുള്ള അലംഭാവം, കാര്‍ഷികോല്‍പ്പാദന വര്‍ധനയിലുള്ള ശ്രദ്ധയില്ലായ്മ തുടങ്ങിയവയാണ് ഈ ബജറ്റിന്റെ മുഖമുദ്ര എന്ന് ചുരുക്കിപ്പറയാം.

'ഇന്‍സെന്റീവ്' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നവയൊക്കെ വന്‍കിട വ്യവസായ–കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കുന്ന ആനുകൂല്യങ്ങളാണ്. സബ്സിഡിയാകട്ടെ, ജനക്ഷേമകാര്യങ്ങള്‍ക്കുള്ളതും. രണ്ടാമത്തേത് ഉപേക്ഷിച്ച് ആദ്യത്തേതില്‍ കേന്ദ്രീകരിക്കുന്നു ബജറ്റ്. കോര്‍പറേറ്റ് നികുതി മുപ്പത് ശതമാനത്തില്‍നിന്ന് ഇരുപത്തഞ്ചു ശതമാനമാക്കി കുറയ്ക്കുക എന്ന ആദ്യ ജെയ്റ്റ്ലി ബജറ്റിന്റെ പൊതുഘടനയ്ക്കുള്ളില്‍ നില്‍ക്കവേതന്നെ, കോര്‍പറേറ്റുകള്‍ക്ക് പുതിയ ഇളവിന്റെ മേഖലകള്‍ തുറന്നുകൊടുത്തിരിക്കുന്നു ഈ പുതിയ ബജറ്റ്.

രത്തന്‍ പട്ടേല്‍ ആണ് ഈ ബജറ്റ് തയ്യാറാക്കിയ ശില്‍പ്പശാലയിലുണ്ടായിരുന്നവരില്‍ പ്രമുഖന്‍. ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കരണനയങ്ങള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു ഊര്‍ജിതപ്പെടുത്തിയ വേളയില്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന് ആ പ്രക്രിയക്ക് ചുക്കാന്‍ പിടിച്ച രത്തന്‍ പട്ടേല്‍ ഇപ്പോള്‍ ധന സെക്രട്ടറിയാണ് മോഡി സര്‍ക്കാരില്‍. സര്‍ക്കാര്‍ മാറുമ്പോഴും നയം മാറുന്നില്ല എന്നു പറയുംപോലെ, പ്രധാനമന്ത്രി മാറുമ്പോഴും രത്തന്‍ പട്ടേല്‍ മാറുന്നില്ല. ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കരണനയങ്ങള്‍ ഈ ബജറ്റിലും തീവ്രശക്തിയോടെ മുമ്പോട്ടുവയ്ക്കപ്പെടുമ്പോള്‍ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെടുന്നു ജനങ്ങള്‍ക്ക്. ഭക്ഷ്യ–രാസവള–പെട്രോളിയം രംഗങ്ങള്‍ക്ക് ആവശ്യമായ തോതിലുള്ള സബ്സിഡി അനുവദിക്കപ്പെടാതിരിക്കുമ്പോഴും ഭക്ഷ്യമേഖലയില്‍വരെ എട്ടുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കപ്പെടുമ്പോഴും ഇക്കാര്യം ആവര്‍ത്തിച്ച് സ്ഥിരീകരിക്കപ്പെടുന്ന പഴയ പിപിപി പദ്ധതികള്‍ പുതിയ ചര്‍ച്ചയ്ക്ക് വിധേയമാക്കി മുന്നോട്ടുകൊണ്ടുപോകുമെന്നത് ഉദാരവല്‍ക്കരണത്തിന്റെ മുമ്പോട്ടുകൊണ്ടുപോകല്‍ തന്നെ.

അപ്രായോഗികതയാണ് ഈ ബജറ്റിന്റെ മറ്റൊരു സവിശേഷത. പര്യാപ്തമായ തോതില്‍ പണം വകയിരുത്താതെ, 2018ഓടുകൂടി ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളെയും വൈദ്യുതീകരിക്കും എന്നു പ്രഖ്യാപിച്ചിടത്തുമുതല്‍ അഞ്ചുവര്‍ഷംകൊണ്ട് കര്‍ഷകവരുമാനം ഇരട്ടിയാക്കും എന്നു പ്രഖ്യാപിച്ചിടത്തുവരെ ഇതാണ് കാണുന്നത്. ധനകാര്യ അച്ചടക്കം പാലിക്കുന്നതായി ചിലര്‍ പറയുന്ന ഈ ബജറ്റ് ദേശീയവരുമാനത്തില്‍, സാമ്പത്തികവികസനത്തില്‍ കാര്യമായ ഒരു മുന്നോട്ടുപോക്കും വിഭാവനം ചെയ്യുന്നില്ല. അതേസമയം ഏഴാം ശമ്പളകമീഷന്റെ ബാധ്യതാനിര്‍വഹണത്തിനുള്ള വരുമാനം ബജറ്റ് എവിടെയെങ്കിലും കണ്ടുവച്ചിട്ടുമില്ല. ബാങ്ക് റീക്യാപ്പിറ്റലൈസേഷന് 1,80,000 കോടി വേണ്ടിവരുമെന്ന് സാമ്പത്തികറിവ്യു പറയുന്നിടത്ത്, ബജറില്‍ 25,000 കോടിയാണ് വകയിരുത്തിയത്. ഏഴാം ശമ്പളകമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാകട്ടെ, ഒരുലക്ഷം കോടിയാണ് ആവശ്യമായിവരുന്നത്. ചെലവ് പട്ടികയില്‍ ഇതൊന്നും ഉള്‍ക്കൊള്ളിക്കാതെ 'ധന അച്ചടക്ക'ത്തെക്കുറിച്ച് പറയുന്നത് വെള്ളത്തില്‍ ചിത്രമെഴുതും പോലെയാണ്.

ബജറ്റിലെ ശ്രദ്ധേയമായ ഒരു കാര്യം, അധികാരത്തില്‍വന്നാല്‍ നൂറുനാള്‍ക്കകം വിദേശബാങ്കുകളിലെ മുഴുവന്‍ കള്ളപ്പണവും പിടിച്ചെടുത്ത് ഖജനാവില്‍ ചേര്‍ക്കും എന്നു പറഞ്ഞുനടന്നിരുന്നവര്‍ ആ പരിപാടി ഉപേക്ഷിച്ച് കള്ളപ്പണക്കാരുടെ ദയാദാക്ഷിണ്യങ്ങള്‍ക്കായുള്ള പദ്ധതിയുണ്ടാക്കി സമര്‍പ്പിക്കുന്നു എന്നതാണ്. ഒരുലക്ഷം കോടിയിലേറെയാണ് വിദേശത്തെ ഇന്ത്യന്‍ കള്ളപ്പണനിക്ഷേപം. സര്‍ക്കാരിന് ഇതിന്റെ മുഴുവന്‍ വിവരങ്ങളും അറിയാം. എന്നിട്ടും അതു പിടിച്ചെടുക്കാതെ, 45 ശതമാനം നികുതി നല്‍കി കള്ളപ്പണം വെളുപ്പിച്ചെടുക്കാനനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു! പ്രഖ്യാപിക്കാത്ത ആസ്തി പ്രഖ്യാപിക്കാന്‍ സെപ്തംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുമുണ്ട്. ഒളിച്ചുവച്ച പണത്തിന്റെ ഓഹരിനികുതി വരുമാനമായി കിട്ടുമെന്നു കണക്കാക്കി അതിന്മേല്‍ ബജറ്റ് കെട്ടിപ്പടുക്കുകയാണ് ജെയ്റ്റ്ലി.

കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എവിടെ? മുദ്രപദ്ധതി എവിടെ? ഒന്നും നടന്നില്ല. അതിനിടയ്ക്ക് ഇക്കൊല്ലം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. നടപ്പാക്കാനല്ലെങ്കില്‍ പദ്ധതി പ്രഖ്യാപിക്കാന്‍ എന്താ വിഷമം? കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ജിഎസ്ടി നടപ്പാക്കലിനുള്ള നിയമനിര്‍മാണം എന്തായി എന്നുകൂടി ഈ ഘട്ടത്തില്‍ ചോദിക്കേണ്ടതുണ്ട്. പ്രത്യക്ഷനികുതി കുറച്ചുകാട്ടുകയും പരോക്ഷനികുതി കൂട്ടുകയും ചെയ്യുക എന്ന തന്ത്രത്തിനുകീഴില്‍ ഒളിച്ചിരിക്കുകയാണ് ബജറ്റിലെ നികുതിഭാരത്തിന്റെ വലിയ ഒരു ഭാഗം. അത് മറനീക്കി പുറത്തുവരാനിരിക്കുന്നതേയുള്ളു.

8.5 ശതമാനം സാമ്പത്തികവളര്‍ച്ചയുണ്ടാകുമെന്നു പറഞ്ഞു. അത് 7.6 ശതമാനത്തിലൊതുങ്ങി. ധനകമ്മി 3.9 ശതമാനമായി. ഇത് കടം എടുത്ത് പരിഹരിക്കാന്‍ പോകുന്നു. ആ നടപടി എല്ലാ കമ്മികളും വീണ്ടും കൂട്ടുകയേ ഉള്ളൂ. കയറ്റുമതി കുറയുന്നു. ഇറക്കുമതി കൂടുന്നു. ഓഹരിവിപണി തകരുന്നു. നിക്ഷേപവരവ് മന്ദഗതിയിലാകുന്നു. ഈ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പുലര്‍ത്തുന്ന പ്രത്യാശകള്‍ക്ക് അടിസ്ഥാനമൊന്നുമില്ല എന്നു വരുന്നു.
പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ കേരളത്തിനുള്ള വകയിരുത്തലുകള്‍ ആവശ്യമായതിന്റെ വളരെ താഴെയാണ്. നികുതി ഓഹരിയുടെ കാര്യമെടുത്താലും കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുള്ള വിഹിതമെടുത്താലും എല്ലാം നാമമാത്രം. റബര്‍ പാക്കേജ്, കുറഞ്ഞ പലിശനിരക്കിലുള്ള കാര്‍ഷികവായ്പ, വിള ഇന്‍ഷുറന്‍സ്, തോട്ടം സബ്സിഡി തുടങ്ങിയ കേരളത്തിന്റെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ബജറ്റില്‍ ഫലപ്രദമായ പരിഗണനയില്ല.

കേരളത്തിന് പുതിയ കേന്ദ്ര പൊതുമേഖലാസ്ഥാപനമില്ല. നിക്ഷേപവര്‍ധനയില്ല. എയര്‍ കേരള പോലുള്ള പ്രോജക്ടുകള്‍ക്ക് വേണ്ട പണമില്ല. ഫാക്ട്, കൊച്ചി റിഫൈനറി, തുറമുഖം തുടങ്ങിയവയ്ക്കൊന്നും കാര്യമായ ഒരു പരിഗണനയുമില്ല. ഓരോ വര്‍ഷവും ഓരോ പദ്ധതി പ്രഖ്യാപിക്കും. അടുത്ത അവസരത്തിലതു മറക്കും. പ്രഖ്യാപിച്ച സോഷ്യല്‍ യോജനാ പദ്ധതികളെവിടെ? യൂത്ത് എംപവര്‍മെന്റ് പദ്ധതി എവിടെ? ഡിജിറ്റല്‍ ഇന്ത്യ എവിടെ?മേയ്ക് ഇന്‍ ഇന്ത്യ എവിടെ? എല്ലാം കടലാസില്‍. അതേപോലെ കടലാസില്‍ മാത്രമുള്ളവയായി മാറുന്നു, ഈ ബജറ്റിലെ നിര്‍ദേശങ്ങളും.

ആഗോള കമ്പോളത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യക്ക് ഓയില്‍ ബില്ലില്‍ വന്ന ലാഭം ഒന്നുമാത്രം കൊണ്ട് എത്രയോ നല്ല ജനക്ഷേമ–വികസനോന്മുഖ ബജറ്റ് അവതരിപ്പിക്കാമായിരുന്നു. അതില്‍നിന്ന് സര്‍ക്കാരിനെ തടയുന്നത് അവരുടെ കോര്‍പറേറ്റ് ആഭിമുഖ്യംമുതല്‍ സാമ്രാജ്യത്വവിധേയത്വം വരെയുള്ള കാര്യങ്ങളാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top