04 October Wednesday

അമിതാധികാരത്തിന്റെ ചെങ്കോൽ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023


പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ്‌ ഇന്ത്യക്ക്‌ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രീതിയിലാണ്‌ ഈ ഉദ്‌ഘാടനച്ചടങ്ങ്‌ നടന്നത്‌. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെ ക്ഷണിക്കുകപോലും ചെയ്യാതെ 21 പ്രതിപക്ഷ പാർടിയുടെ ബഹിഷ്‌കരണത്തിനിടയിലാണ്‌ മോദിഷോയായി ഉദ്‌ഘാടനച്ചടങ്ങ്‌ മാറിയത്‌. ഭരണഘടനയിലെ 79–-ാം വകുപ്പ്‌ പ്രകാരം രാഷ്ട്രപതിയും ലോക്‌സഭയും രാജ്യസഭയും ചേർന്നതാണ്‌ പാർലമെന്റ്‌. എന്നാൽ, രാഷ്‌ട്രപതിയെയും രാജ്യസഭാ അധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതിയെയും ചടങ്ങിന്‌ ക്ഷണിക്കാതിരുന്നത്‌ മോദിക്ക്‌ പ്രാമുഖ്യം ലഭിക്കാൻ വേണ്ടിമാത്രമായിരുന്നു. പ്രോട്ടോകോൾ അനുസരിച്ച്‌ പ്രധാനമന്ത്രിയേക്കാൾ മുന്നിലാണ്‌ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. അതിനാലാണ്‌ അവരെ ഒഴിവാക്കിയത്‌. ആദിവാസിവിഭാഗത്തെ കൈപിടിച്ചുയർത്തുക ലക്ഷ്യമാക്കിയാണ്‌ ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കിയതെന്ന്‌ പ്രചരിപ്പിച്ച മോദിയാണ്‌ ചരിത്രത്തിൽ ഇടംപിടിക്കാനുള്ള ഒരവസരം അവർക്ക്‌ നിഷേധിച്ചത്‌.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുകയും ബ്രിട്ടീഷുകാർക്ക്‌ തുടർച്ചയായി മാപ്പപേക്ഷ നൽകുകയും അതിന്റെ പേരിൽമാത്രം ജയിൽമോചിതനാകുകയും പിന്നീടുള്ള ജീവിതകാലം മുഴുവൻ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോട്‌ വിനീത വിധേയനായി പ്രവർത്തിക്കുകയുംചെയ്‌ത സവർക്കറുടെ 140–-ാം ജന്മദിനത്തിലാണ്‌ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്‌തത്‌.  ഇതിലൊരു വലിയ സന്ദേശം അടങ്ങിയിട്ടുണ്ട്‌.  ഹിന്ദുരാഷ്ട്രത്തിലേക്കാണ്‌ മോദിയുടെ ‘നയാഭാരത്‌’ മുന്നേറുന്നതെന്നാണ്‌ ആ സന്ദേശം. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര നായകരിലൊരാളുമായ ജവാഹർലാൽ നെഹ്‌റുവിന്റെ 59–-ാം ചരമവാർഷികദിനമായിരുന്നു ശനിയാഴ്‌ച. അത്‌ ഒഴിവാക്കി തൊട്ടടുത്ത ദിവസം ഉദ്‌ഘാടനത്തിന്‌ തെരഞ്ഞെടുത്തത്‌ യാദൃച്ഛികമാണെന്ന്‌ കരുതാനാകില്ല.

‘ജനാധിപത്യ ക്ഷേത്ര’മെന്നും ‘ജനാധിപത്യത്തിന്റെ മാതാവ്‌’ എന്നും മോദി തന്നെ വിശേഷിപ്പിച്ച ഇന്ത്യയിൽ രാജഭരണത്തിന്റെ ചിഹ്നമായ ചെങ്കോൽ സ്ഥാപിച്ചതും ജനാധിപത്യത്തേക്കാൾ രാജവാഴ്‌ചയാണ്‌ ബിജെപിക്ക്‌ പഥ്യം എന്നതിനാലാണ്‌. ബ്രിട്ടീഷുകാർ അധികാരം കൈമാറുന്നതിന്‌ ഉപയോഗിച്ചതാണ്‌ ഈ ചെങ്കോൽ എന്നും അവസാനത്തെ ഗവർണർ ജനറൽ മൗണ്ട്‌ബാറ്റൺ നെഹ്‌റുവിന്‌ കൈമാറിയതാണ്‌ ഇതെന്നും അവകാശപ്പെട്ടാണ്‌ പാർലമെന്റ്‌ മന്ദിരത്തിൽ ഹൈന്ദവാചാരമായ പൂജകളോടെ ചെങ്കോൽ സ്ഥാപിച്ചിട്ടുള്ളത്‌. ചരിത്രപരമായ ഒരു തെളിവും ഹാജരാക്കാനില്ലാതെ സംഘപരിവാർ വാട്സാപ്‌ സർവകലാശാലകൾ മെനഞ്ഞെടുത്ത കൽപ്പിതകഥ മാത്രമാണിത്‌. രാജവാഴ്‌ചയെ അവസാനിപ്പിച്ചാണ്‌ ലോകമെങ്ങും ജനാധിപത്യവ്യവസ്ഥ വന്നത്‌. അതിനാൽ ജനാധിപത്യമില്ലാത്തിടത്താണ്‌ ചെങ്കോൽ വാഴുന്നത്‌. സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നീ മൂല്യങ്ങളാണ്‌ ഇവിടെ ഇല്ലാതാകുന്നത്‌. അതിനാൽ ചെങ്കോലിന്റെ സ്ഥാനം പാർലമെന്റിലല്ല. മ്യൂസിയത്തിലാണ്‌. നെഹ്റുവിന്‌ അതറിയാമായിരുന്നു. മോദി ഇന്ത്യയെ നയിക്കുന്നത്‌ മുന്നോട്ടല്ല, പിന്നോട്ടാണെന്ന്‌ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചതിൽനിന്ന്‌ വ്യക്തമാക്കുന്നു. 

പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്ഘാ‌ടനംചെയ്‌ത്‌ പ്രധാനമന്ത്രി മോദി പറഞ്ഞത്‌ ഇന്ത്യ പുതിയ പാതയിലേക്ക്‌, ലക്ഷ്യത്തിലേക്ക്‌ നീങ്ങുകയാണെന്നാണ്‌. ആ ലക്ഷ്യം എന്താണെന്ന്‌ ഗുസ്‌തി താരങ്ങളെ ക്രിമിനലുകളെപ്പോലെ വലിച്ചിഴച്ചും വസ്‌ത്രം വലിച്ചുകീറിയും അറസ്റ്റു ചെയ്‌ത നടപടിയിൽനിന്ന്‌ വ്യക്തമായി. ബിജെപി എംപി ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെ ലൈംഗിക പിഡനക്കേസിൽ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ ഗുസ്‌തി താരങ്ങൾ ഒരു മാസത്തിലധികമായി രാജ്യതലസ്ഥാനത്ത്‌ സമരം ചെയ്യുന്നത്‌. ഇവരുമായി ഇതുവരെയും ചർച്ച നടത്താൻപോലും തയ്യാറാകാത്ത സർക്കാർ ഇപ്പോൾ ഇവരെ ബലം പ്രയോഗിച്ച്‌ അറസ്റ്റു ചെയ്‌തു നീക്കിയിരിക്കുകയാണ്‌. കുറ്റാരോപിതനെതിരെ കേസെടുക്കാൻപോലും സുപ്രീംകോടതിയുടെ ഇടപെടൽ വേണ്ടിവന്നു. ജനാധിപത്യവും നിയമവാഴ്‌ചയും മരിച്ചുകൊണ്ടിരിക്കുകയാണ്‌.

ഹിന്ദുരാഷ്ട്രത്തിലേക്കുള്ള പാതയാണ്‌ മോദി ഒരുക്കുന്നത്‌. കർണാടക തെരഞ്ഞെടുപ്പ്‌ ബിജെപിയെ ബോധ്യപ്പെടുത്തിയത്‌ വർഗീയധ്രുവീകരണം മാത്രമാണ്‌ 2024ലേക്കുള്ള തുറുപ്പുചീട്ട്‌ എന്നാണ്‌. പാർലമെന്റിലെ ഹിന്ദു സന്ന്യാസിമാരുടെ വർധിച്ച സാന്നിധ്യവും പൂജയും ചെങ്കോലുമെല്ലാം ഈ ലക്ഷ്യംവച്ചുള്ളതാണ്‌. അടുത്തവർഷം ആദ്യം അയോധ്യയിൽ രാമക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്നതോടെ ഈ വർഗീയധ്രുവീകരണ ശ്രമങ്ങൾക്ക്‌ ആക്കം കൂട്ടും. ഏതുമാർഗത്തിലൂടെയായാലും അധികാരം ഉറപ്പിക്കുക എന്നതു മാത്രമാണ്‌ ബിജെപിയുടെയും മോദിയുടെയും ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top