05 October Saturday

തകരുന്ന എൻഡിഎ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019


ബിജെപിക്ക് കേന്ദ്രത്തിൽ അധികാരം ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത‌് ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ)മാണ്. ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായി അടൽ ബിഹാരി വാജ്പേയി അധികാരമേറ്റത് ഈ സഖ്യത്തിന്റെ ബലത്തിലായിരുന്നു. നരേന്ദ്ര മോഡി തെരഞ്ഞെടുപ്പിനെ നേരിട്ടതും ഈ സഖ്യത്തിന്റെ ഭാഗമായായിരുന്നു. എന്നാൽ, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചതോടെ എൻഡിഎയുടെ പ്രസക്തി കുറഞ്ഞു. സഖ്യകക്ഷികൾക്ക് ഭരണകാര്യങ്ങളിലോ മന്ത്രിസഭയിലോ ഒരു പ്രാധാന്യവും ലഭിക്കാതായി.

പ്രത്യയശാസ്ത്രപരമായി ബിജെപിയുടെ ഹിന്ദുരാഷ്ട്രവാദത്തെ അംഗീകരിക്കുന്ന ശിവസേനയ‌്ക്കു പോലും സഖ്യത്തിൽ തുടരാൻ കഴിയാത്ത സ്ഥിതി സംജാതമായി. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ശിവസേനയും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടി.  അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിലും അതുതന്നെ ആവർത്തിക്കുമെന്ന് ശിവസേന വ്യക്തമാക്കി. ബിജെപി കഴിഞ്ഞാൽ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയാണ് എൻഡിഎയിൽ തുടർന്നുകൊണ്ടുതന്നെ ബിജെപിക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നത്. സ്വാഭാവികമായും സഖ്യകക്ഷികൾ ഓരോന്നായി ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാനും തുടങ്ങി. എൻഡിഎ എന്ന കപ്പൽ മുങ്ങുന്നതിനുമുമ്പ് ചാടി രക്ഷപ്പെടുകയാണ് സഖ്യകക്ഷികൾ. അഞ്ച് സംസ്ഥാന നിയമസഭകളിൽ ബിജെപി പരാജയപ്പെട്ടതോടെ പ്രത്യേകിച്ചും.

കാർഷിക പ്രശ്നമുയർത്തി മധ്യപ്രദേശിലെ കർഷകർ നടത്തിയ സമരത്തിനു നേരെ മന്ദ്സോറിൽ ശിവരാജ് സിങ് ചൗഹാന്റെ സർക്കാർ വെടിവയ‌്പ‌് നടത്തുകയും  ആറ് കർഷകർ കൊല്ലപ്പെടുകയും ചെയ‌്ത ഘട്ടത്തിലാണ് ആദ്യമായി ഒരു എൻഡിഎ കക്ഷി സഖ്യം വിടുന്നത്. മഹാരാഷ്ട്രയിൽ രാജുഷെട്ടി എന്ന എംപിയുടെ നേതൃത്വത്തിലുള്ള ശേത്കാരി സംഘടൻ എന്ന പ്രാദേശിക കക്ഷിയായിരുന്നു എൻഡിഎ വിട്ട് കർഷക പ്രക്ഷോഭങ്ങളിൽ സജീവമായത്.  ബിഹാറിൽ എൻഡിഎക്കൊപ്പം ഉണ്ടായിരുന്ന ജിതിൻ റാം മാജിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ ആവാംമോർച്ചയും എൻഡിഎ വിട്ടു. അതിനു പിറകെ കഴിഞ്ഞ ഡിസംബറിൽ ബിഹാറിൽ നിന്നുള്ള എൻഡിഎ സഖ്യകക്ഷി രാഷ്ട്രീയ ലോക‌്സമതാ പാർടിയും എൻഡിഎയോട് വിടപറഞ്ഞു. ഈ പാർടിക്ക് കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ‌് ലഭിച്ചിരുന്നു. പാർടി നേതാവ് ഉപേന്ദ്ര കുശ്വാഹ മോഡി മന്ത്രിസഭയിൽ അംഗവുമായിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയു എൻഡിഎയിലേക്ക‌് തിരിച്ചുവന്നപ്പോൾ സിറ്റിങ് സീറ്റ് നൽകാതെ അപമാനിച്ചതിനെ തുടർന്നാണ് ആർഎൽഎസ്‌പി മുന്നണി വിട്ടത്. 

കഴിഞ്ഞവർഷം മാർച്ചിലാണ് ആന്ധ്രപ്രദേശിൽ എൻഡിഎയുടെ ഘടക കക്ഷിയായിരുന്ന തെലുങ്ക്ദേശം പാർടിയും എൻഡിഎ വിട്ടത്.  ആന്ധ്രപ്രദേശിന് വാഗ്ദാനം ചെയ്‌ത പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാത്തതിനെ തുടർന്നാണ് ടിഡിപിയും മുന്നണി വിട്ടത്. ജൂലൈയിൽ ജമ്മു കശ്‌മീരിലെ സഖ്യകക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർടിയും (പിഡിപി) എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ജമ്മു കശ്‌മീർ സംസ്ഥാന ഭരണം നേടാനുള്ള അവസരവാദ  കൂട്ടുകെട്ടായിരുന്നു ഇത്.  ഏറ്റവും അവസാനമായി അസമിലെ പ്രമുഖ കക്ഷിയായ അസം ഗണപരിഷത്തും (എജിപി) ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. സർബാനന്ദ സൊണോവാൾ മന്ത്രിസഭയിൽ എജിപിയുടെ മന്ത്രിമാരായിരുന്ന  മൂന്നുപേരും രാജിവയ‌്ക്കുകയും ബിജെപിയുടെ നേതൃത്വത്തിലുള്ള വടക്ക് കിഴക്കൻ ജനാധിപത്യ സഖ്യം (എൻഇഡിഎ) ഉപേക്ഷിക്കുകയും ചെയ്‌തു.  പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള തർക്കമാണ് എജിപിയുടെ പിന്മാറ്റത്തിനു കാരണം.

എജിപി മാത്രമല്ല വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുമായി സഹകരിക്കുന്ന നാലോളം പാർടികൾ എൻഡിഎ വിടാനുള്ള ഒരുക്കത്തിലാണ്. ത്രിപുരയിലെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി), മേഘാലയ മുഖ്യമന്ത്രി കൊണറാഡ് സംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർടി (എൻപിപി), മിസോറമിൽ മുഖ്യമന്ത്രി സൊറംതാൻഗ നയിക്കുന്ന മിസോ നാഷണൽ ഫ്രണ്ട് (നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായല്ല മത്സരിച്ചത്) നാഗാലാൻഡിലെ മുഖ്യമന്ത്രി നീഫ്യുറിയോയയുടെ നാഷണാലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർടി എന്നിവയെല്ലാം പൗരത്വനിയമം ഭേദഗതി ചെയ്‌തതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. അതായത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎയും തകർന്നടിയുകയാണ്. 

ഉത്തർപ്രദേശിലെ കുർമികളുടെ പാർടിയും കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടുകയും ചെയ്‌ത അപ്‌നാദളും എൻഡിഎ വിടാനുള്ള ഒരുക്കത്തിലാണ്. അപ്‌നാദൾ നേതാവ് അനുപ്രിയ പട്ടേൽ മോഡി മന്ത്രിസഭയിൽ അംഗവുമാണ്. വാരാണസി–- മിർസാപുർ മേഖലയിൽ സ്വാധീനമുള്ള കക്ഷിയാണിത്. ഉത്തർപ്രദേശിൽ തന്നെ മറ്റൊരു ദളിത് പാർടിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർടിയും ബിജെപിയിൽനിന്നും അകലുകയാണ്. പാർടി നേതാവും ആദിത്യനാഥ് മന്ത്രിസഭയിൽ അംഗവുമായ ഓം പ്രകാശ് രാജ്ബർ ബിജെപിയുടെ രൂക്ഷ വിമർശകനാണ‌് ഇപ്പോൾ. കിഴക്കൻ യുപിയിൽ യാദവർ കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള ജനവിഭാഗമാണ് രാജ്ബർ. ഈ മേഖലയിലെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ഈ വിഭാഗത്തിന്റെ വോട്ടിൽ കണ്ണുനട്ട് സുഹേൽദേവിന്റെ സ്റ്റാമ്പ് പുറത്തിറക്കാൻ മോഡി കഴിഞ്ഞദിവസം തയ്യാറായതും ഇതിനാലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം കൊയ്‌തതിനു പിന്നിൽ ചെറുതെങ്കിലും ഓരോ മേഖലകളിൽ സ്വാധീനമുള്ള ഇത്തരം കക്ഷികളുടെ സഹായമുണ്ടായിരുന്നു. ഇക്കുറി അത് നഷ്ടപ്പെട്ടാൽ, നാലരവർഷത്തെ ഭരണംകൊണ്ട് മുഖം നഷ്ടപ്പെട്ട ബിജെപിയുടെ തകർച്ച ദയനീയമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top