30 January Monday

നവാസ് ഷെരീഫ് വീണ്ടും പുറത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷംകൂടി ബാക്കിയിരിക്കെ അധികാരത്തില്‍നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു തവണയും (1999ലും 2009ലും) സൈന്യത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഷെരീഫിന് അധികാരം നഷ്ടമായതെങ്കില്‍ ഇക്കുറി അഴിമതിക്കേസില്‍ സുപ്രീംകോടതി വിധിയാണ് വിനയായത്. ഷെരീഫ് നയിക്കുന്ന പാകിസ്ഥാന്‍ മുസ്ളിംലീഗിന്റെ അടുത്ത നേതാവായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന മകള്‍ മായാറാം നവാസും ഭര്‍ത്താവ് കേപ്റ്റന്‍ (റിട്ട)സഫ്ദറും അഴിമതി നടത്തിയെന്നും സുപ്രീംകോടതി വിധിച്ചു. ധനമന്ത്രിയും നവാസിന്റെ അടുത്ത ബന്ധുവായ ഇഷാക് ധറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരു തരത്തിലും നവാസ് ഷെരീഫിന്റെ ഭരണം നിലനിര്‍ത്താന്‍ കഴിയാത്തവിധമുള്ള മുഖമടച്ചുള്ള അടിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായിട്ടുള്ളത്. ഷെരീഫ് കുടുംബത്തിന്റെ അഴിമതിയെക്കുറിച്ച് മൊസാക്ക് ഫോന്‍സിക്ക എന്ന പാനമ കമ്പനി പുറത്തുകൊണ്ടുവന്ന വിവരങ്ങളാണ് സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണസമിതിയുടെ പരിശോധനയ്ക്ക് വിധേയമായതും നവാസ് ഷെരീഫും മക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതും. അഴിമതിക്കുറ്റം തെളിഞ്ഞതിനാല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പാര്‍ലമെന്റംഗമെന്ന സ്ഥാനത്തുനിന്നും ഷെരീഫിനെ ഉടന്‍ ഒഴിവാക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. ഈ വിധിന്യായത്തോട് കടുത്ത എതിര്‍പ്പുണ്ടെങ്കിലും ജനാധിപത്യരീതിക്ക് വഴങ്ങി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ നവാസ് ഷെരീഫ് തയ്യാറായി.  

നവാസ് ഷെരീഫിന് പാകിസ്ഥാനിലെ നികുതി അധികാരികളില്‍ നിന്നും യഥാര്‍ഥ സ്വത്തുവിവരം മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങളാണ് ധരിപ്പിച്ചതെന്നും സുപ്രീംകോടതി നിയമിച്ച സംയുക്ത അന്വേഷകസംഘം നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി അധികൃതര്‍ക്ക് സമര്‍പ്പിച്ച സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടാത്ത സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പാനമ പേപ്പേഴ്സിലൂടെയാണ് പുറത്തുവന്നത്.  ഷെരീഫിന്റെ മക്കളായ ഹുസൈനും ഹസ്സനും മറിയത്തിനും മരുമകനും വിദേശത്ത് സ്വത്തുണ്ടെന്നാണ് പാനമ പേപ്പേഴ്സ് നല്‍കുന്ന വിവരം. മൂന്ന് വിദേശ കമ്പനിയും ലണ്ടനില്‍ നാല് അത്യന്താധുനിക സൌകര്യമുള്ള ഫ്ളാറ്റുകളും ഷെരീഫ് കുടുംബങ്ങള്‍ക്കുണ്ടെന്നും പാനമ പേപ്പേഴ്സ് ആരോപിക്കുകയും സുപ്രീംകോടതി ഏപ്രിലില്‍ നിയമിച്ച സംയുക്ത അന്വേഷണസമിതി അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 600 കോടി രൂപയുടെ സ്വത്താണിതെന്നാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രി തന്നെ യുഎഇയിലെ ഒരു കമ്പനിയുടെ ചെയര്‍മാനാണെന്നും സുപ്രീംകോടതി അന്വേഷണത്തില്‍ തെളിഞ്ഞു. സ്വാഭാവികമായും സുപ്രീംകോടതിയില്‍നിന്നും പ്രതികൂലമായ തീരുമാനമുണ്ടാകുമെന്ന് നവാസ് ഷെരീഫും കൂട്ടരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഒരുതരത്തിലും അധികാരത്തില്‍ തുടരാന്‍ കഴിയാത്തവിധം കടുത്തതായിരിക്കും സുപ്രീംകോടതി തീരുമാനമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തുടര്‍നടപടികള്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി വിധി വന്നയുടന്‍ തന്നെ പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതിനാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോലും നവാസ് ഷെരീഫിന് കഴിഞ്ഞില്ല. പുതിയ ഒരു പ്രധാനമന്ത്രിയെ എളുപ്പത്തില്‍ നിശ്ചയിക്കാനും അദ്ദേഹത്തിനായില്ല. 

സൈന്യമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്നാണ് ഷെരീഫ് പറയാതെ പറയുന്നത്. സുപ്രീംകോടതിയുടെ അന്വേഷണസമിതിയില്‍ മിലിട്ടറി ഇന്റലിജന്‍സിന്റെയും ഐഎസ്ഐയുടെയും പ്രതിനിധികളും ഉള്‍പ്പെടുത്തപ്പെട്ടത്  ഈ ആരോപണത്തിന് ബലംനല്‍കുന്നു. പാകിസ്ഥാനിലെ ഒരു ജനാധിപത്യ സര്‍ക്കാരിനെയും വാഴാന്‍ സൈന്യം അനുവദിച്ചിരുന്നില്ലെന്നത് ചരിത്രം. വീണ്ടും അത് ആവര്‍ത്തിക്കപ്പെടുകയാണെന്ന വിലയിരുത്തലും തള്ളിക്കളയാനാവില്ല. പാനമ പേപ്പേഴ്സ് പുറത്തുവന്നയുടനെ ഷെരീഫിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത് സൈന്യവുമായി അടുത്തുനില്‍ക്കുന്ന മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്രീഖി ഇന്‍സാഫ് പാര്‍ടിയാണ്.  2013ലെ പൊതുതെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫിന്റെ പാര്‍ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് ഇമ്രാന്‍ഖാന്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇമ്രാന്റെ പാര്‍ടിക്ക് 27 സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. മുഹമ്മദ് തഹിറുള്‍ ഖാദ്രി എന്ന മുസ്ളിം പുരോഹിതനുമായി ചേര്‍ന്ന് ഇസ്ളാമാബാദില്‍ സംയുക്ത പ്രക്ഷോഭം നടത്താനും ഇമ്രാന്‍ ഖാന്‍ തയ്യാറായി. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഗുണം ലഭിക്കുന്നത് ഇമ്രാന്‍ഖാന്റെ പാര്‍ടിക്കായിരിക്കും. ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിക്ക് ഷെരീഫ് വിരുദ്ധവികാരത്തിന്റെ കുന്തമുനയായി നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഈ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നേട്ടം പിപിപിക്ക് കൊയ്യാനാകില്ല. പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നത് ഇന്ത്യക്ക് ഗുണകരമാകില്ല.  ജനാധിപത്യ സര്‍ക്കാര്‍ ഇല്ലതാകുക എന്നതിനര്‍ഥം സൈന്യത്തിന് ഭരണത്തിന്റെ കടിഞ്ഞാണ്‍ ലഭിക്കുമെന്നാണ്. ഉഭയകക്ഷിബന്ധം വഷളാകാനേ ഈ രാഷ്ട്രീയ സാഹചര്യം ഉപകരിക്കൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top