29 September Friday

ആഹ്ലാദം, അഭിമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023


ലൊസ്‌ ആഞ്ചലസ്‌ ഡോൾബി തിയറ്ററിൽ 95–-ാം ഓസ്‌കർ രാവിന്‌ തിരശ്ശീല വീണത്‌ ഇന്ത്യക്ക്‌, വിശേഷിച്ച്‌ ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തിന്‌ ആഹ്ലാദിക്കാനും അഭിമാനിക്കാനും ചരിത്രനിമിഷങ്ങൾ സമ്മാനിച്ചാണ്‌. ഇതാദ്യമായി ഒരു ഡോക്യുമെന്ററിയടക്കം രണ്ട്‌ ഇന്ത്യൻ ചലച്ചിത്രം ഒന്നിച്ച്‌ വിശ്വസിനിമയിലെ ഏറ്റവും പകിട്ടുള്ള വേദിയിൽ പുരസ്‌കാരം നേടിയിരിക്കുന്നു. ഇതിനുമുമ്പും ഇന്ത്യക്കാർ ഓസ്‌കർ നേടിയിട്ടുണ്ടെങ്കിലും അവയെല്ലാം വിദേശചിത്രങ്ങളിലെ സംഭാവനകൾക്കായിരുന്നു. നാലു വർഷംമുമ്പ്‌ ഇന്ത്യയിലേക്ക്‌ അവസാനം ഓസ്‌കർ എത്തിച്ച ‘പീരിയഡ്‌: എൻഡ്‌ ഓഫ്‌ സെന്റൻസ്‌’ ഉത്തരേന്ത്യൻ സ്‌ത്രീകൾ ആർത്തവകാലത്ത്‌ നേരിട്ട പ്രയാസത്തിന്‌ പരിഹാരം കണ്ടെത്തിയ സംഭവമാണ്‌ അവതരിപ്പിച്ചതെങ്കിലും ഇറാനിയൻ–- അമേരിക്കൻ സംവിധായിക റയ്‌ക സെഹ്‌താബ്‌ചിയാണ്‌ അത്‌ ഒരുക്കിയത്‌. ഇത്തവണ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്‌കർ നേടിയ തമിഴ്‌ ചിത്രം ദ എലിഫെന്റ്‌ വിസ്‌പറേഴ്‌സിന്റെ നിർമാതാവ്‌ ഗുനീത്‌ മോംഗ അതിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു.

ആദിവാസി ദമ്പതികളായ ബൊമ്മനും ബെല്ലിക്കും ഒറ്റയായിപ്പോയ ഒരു കാട്ടാനക്കുട്ടിയുമായുണ്ടായ ഹൃദയബന്ധം പറയുന്ന ‘ദി എലിഫന്റ്‌ വിസ്‌പറേഴ്‌സ്‌’ ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ സൃഷ്‌ടിയായി. മലയാളികളടക്കം അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്‌. പ്രകൃതി–- വന്യജീവി ഫോട്ടോഗ്രാഫറായ യുവ സംവിധായിക കാർത്തികി ഗോൺസാൽവെസിന്റെ ആദ്യ ചിത്രമാണിത്‌. പിന്നാലെ ‘ആർആർആർ’ എന്ന തെലുങ്ക്‌ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന പ്രസിദ്ധഗാനവും മൗലിക സൃഷ്‌ടിക്ക്‌ പുരസ്‌കൃതമായപ്പോൾ ഒരേവേദിയിൽ രണ്ട്‌ ഇന്ത്യൻ ചിത്രത്തിന്‌ ഓസ്‌കറായി. ആന്ധ്രയിൽ ബ്രിട്ടീഷുകാർക്കെതിരെയുണ്ടായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലെടുത്ത രാജമൗലി ചിത്രം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കൊന്നുമില്ലാത്ത സംഘപരിവാറിനെ ദേശാഭിമാനികളായി ചിത്രീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ വിമർശമുയർന്നിരുന്നു.

എങ്കിലും ഈവർഷം ഗോൾഡൻ ഗ്ലോബ്‌ പുരസ്‌കാരമടക്കം നേടിയ ‘നാട്ടു നാട്ടു’ എന്ന പാട്ട്‌ ഓസ്‌കറും നേടുമെന്ന പ്രതീക്ഷ യാഥാർഥ്യമായത്‌ മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനനിമിഷമാണ്‌. പാട്ടെഴുതിയ ചന്ദ്രബോസും സംഗീതം നൽകിയ എം എം കീരവാണിയും 14 വർഷംമുമ്പ്‌ ‘സ്ലംഡോഗ്‌ മില്യണയർ’ എന്ന ബ്രിട്ടീഷ്‌ ചിത്രത്തിലൂടെ ഓസ്‌കർ വേദിയിൽ ഇന്ത്യൻ സംഗീതത്തിന്‌ അഭിമാനം സമ്മാനിച്ച എ ആർ റഹ്‌മാൻ–- ഗുൽസാർ ജോഡിയുടെ നിരയിലേക്കുയർന്നു. സ്ലംഡോഗിലെ ശബ്ദമിശ്രണത്തിന്‌, മലയാളികളുടെ അഭിമാനമായ റസൂൽ പൂക്കുട്ടിയും ഓസ്‌കർ നേടിയിരുന്നു.

ഓസ്‌കർ പുരസ്‌കാരം നൽകുന്ന അമേരിക്കയിലെ അക്കാദമി ഓഫ്‌ മോഷൻ പിക്‌ചർ ആൻഡ്‌ സയൻസസ്‌ 1992ൽ ഇന്ത്യൻ ചലച്ചിത്രകാരന്മാരിൽ ഇതിഹാസസ്ഥാനമുള്ള സത്യജിത്‌ റേയ്‌ക്ക്‌ സമഗ്രസംഭാവനയ്‌ക്ക്‌ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ടെങ്കിലും അക്കാദമിയുടെ വർണവിവേചനവും രാഷ്‌ട്രീയതാൽപ്പര്യങ്ങളും മറ്റും പലപ്പോഴും പുരസ്‌കാരങ്ങളിലൂടെ പരസ്യമായിട്ടുണ്ട്‌. അമേരിക്കൻ ചലച്ചിത്രലോകത്തടക്കം പ്രകടമാകുന്ന വൈവിധ്യത്തെ അംഗീകരിക്കാൻ അക്കാദമി ഇപ്പോൾ കുറച്ചൊക്കെ നിർബന്ധിതമാകുന്നുണ്ട്‌. ഇത്തവണ 11 നാമനിർദേശം നേടുകയും മികച്ച ചിത്രത്തിനും സംവിധായകനുമടക്കം ഏഴ്‌ ഓസ്‌കർ നേടുകയുംചെയ്‌ത ‘എവരിതിങ് എവരിവേർ ഓൾ അറ്റ്‌ വൺസ്‌’ അമേരിക്കയിൽ ജീവിക്കുന്ന ഒരു ചൈനക്കാരി അമാനുഷികസ്‌ത്രീയായി മാറിയതിനെ തുടർന്നുള്ള കഥയാണ്‌ പറയുന്നത്‌. ഇതിലെ അഭിനയത്തിന്‌ മിഷേൽ യോയ്‌ക്ക്‌ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോൾ ഇത്‌ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരിയായി അവർ. 20 വർഷത്തിനിടെ ആദ്യമായാണ്‌ വെള്ളക്കാരിയല്ലാത്ത ഒരു സ്‌ത്രീ ഇത്‌ നേടുന്നത്‌. ഇതിലെ അഭിനയത്തിന്‌ മികച്ച സഹനടനുള്ള പുരസ്‌കാരം വിയത്‌നാമീസ്‌ അമേരിക്കൻ നടൻ കെഹുയ്‌ ക്വാൻ നേടി. മലേഷ്യയിൽ ജനിച്ച ചൈനീസ്‌ വംശജയായ യോയ്‌ക്ക്‌ അറുപതാം വയസ്സിൽ ലഭിച്ച ഓസ്‌കർ അത്ഭുതകരമായ ഒരതിജീവനത്തിന്റെ മധുരമുള്ളതാണ്‌. സ്റ്റണ്ട്‌ സിനിമകളിലെ താരമായിരുന്ന അവർ രണ്ടര പതിറ്റാണ്ടു മുമ്പ്‌ ഷൂട്ടിങ്ങിനിടെ 18 അടി ഉയരത്തിൽനിന്ന്‌ വീണ്‌ നട്ടെല്ല്‌ തകർന്ന്‌ കിടപ്പിലായതാണ്‌.

ഇത്തരത്തിൽ ഏഷ്യക്കാർ അംഗീകരിക്കപ്പെട്ട ഇത്തവണത്തെ ഓസ്‌കർ പ്രഖ്യാപനത്തിലും അക്കാദമിയുടെ രാഷ്‌ട്രീയ പക്ഷപാതിത്വം പൂർണമായും മറച്ചുവയ്‌ക്കപ്പെട്ടിട്ടില്ല. മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ശുദ്ധവായു പ്രമേയമാകുന്ന ഇന്ത്യൻ സംവിധായകൻ ഷൗനക്‌ സെന്നിന്റെ ‘ഓൾ ദാറ്റ്‌ ബ്രീത്‌സ്‌’ പിന്തള്ളപ്പെട്ടതും ജയിലിലുള്ള റഷ്യൻ വിമതൻ നവൽനിയുടെ കഥ പറയുന്ന ചിത്രത്തിന്‌ ഓസ്‌കർ നൽകിയതും ഈ സംശയം ബലപ്പെടുത്തുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top