28 June Tuesday

ദേശസ്നേഹത്തിനും കാര്‍ഡ് കാണിക്കണോ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 20, 2016


ദേശസ്നേഹം തെളിയിക്കാന്‍ കാര്‍ഡുമായി നടക്കേണ്ടിവരുന്ന  കെട്ടകാലത്തെക്കുറിച്ച്  പ്രിയ കഥാകാരന്‍ ടി പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ ഗൌരവതരമായ സമകാലിക വിപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 'തെരഞ്ഞെടുപ്പു കാര്‍ഡും ആധാറും കൈയിലുണ്ട്; ദേശസ്നേഹം ബോധ്യപ്പെടുത്താന്‍ ഇനിയെന്ത് കാര്‍ഡ് കാണിക്കണം?'- കഥാകുലപതിയുടെ ഈ ചോദ്യശരം കൊള്ളേണ്ടിടത്തുതന്നെ കൊള്ളും. ദേശഭിമാനവും പൌരബോധവും പ്രകടനപരമാകണമെന്ന് നിര്‍ബന്ധിക്കുകയും അതിന്റെ മറവില്‍ പലരെയും ദേശദ്രോഹികളായി ചിത്രീകരിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. മറുവശത്ത് ദേശീയത എന്ന രാഷ്ട്ര സങ്കല്‍പ്പത്തെതന്നെ ദുര്‍വ്യാഖ്യാനംചെയ്ത്, മതചിഹ്നങ്ങളെയും മതവിശ്വാസങ്ങളെയും ദേശചിഹ്നങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. ഹിന്ദുമതമാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗിക്കപ്പെടുന്നത്. ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തില്‍ വിവിധങ്ങളായ മത- ജാതി വിശ്വാസങ്ങള്‍ സഹവര്‍ത്തിത്വത്തോടെ പുലരുമ്പോള്‍മാത്രമേ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ രാഷ്ട്രം യാഥാര്‍ഥ്യമാവുകയുള്ളൂ. എന്നാല്‍, ഹിന്ദുത്വം മുറുകെപ്പിടിക്കുന്ന കക്ഷി കേന്ദ്രത്തില്‍ അധികാരത്തില്‍വന്നതോടെ ദേശീയത എന്ന ആശയംതന്നെ അപകടകരമായ ദുരുപയോഗത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു.

ദേശീയപതാക, ദേശീയഗാനം എന്നിവ ഉപയോഗിക്കുന്നതും ആദരിക്കുന്നതും സംബന്ധിച്ച സുപ്രീംകോടതി  ഇടക്കാല ഉത്തരവിനെ ഈയൊരു പശ്ചാത്തലത്തില്‍വേണം പരിശോധിക്കാന്‍. ശ്യാം നാരായണ്‍ ചൌക്സേ എന്ന ഹര്‍ജിക്കാരന്റെ റിട്ട് പരിഗണിച്ചാണ് രാജ്യത്തെ മുഴുവന്‍ സിനിമാ തിയറ്ററുകളിലും ദേശീയഗാനം കേള്‍പ്പിക്കാനും സ്ക്രീനില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കാനും കോടതി ഉത്തരവായത്. എതിര്‍കക്ഷിയായ ഇന്ത്യാ ഗവണ്‍മെന്റിനുവേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഹാജരായ കേസില്‍ ഹര്‍ജിക്കാരന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ച് പത്ത് ദിവസത്തിനകം നടപ്പാക്കാന്‍ ഉത്തരവായി. അന്തിമ തീര്‍പ്പിനായി കേസ് 2017 ഫെബ്രുവരി 14ലേക്ക് മാറ്റി. ഉത്തരവിലെ ന്യായാന്യായങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്തിമ തീര്‍പ്പില്‍ അത്തരം വിഷയങ്ങള്‍ പരമോന്നത കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പ്രത്യാശിക്കാം.

വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്താകമാനം നടത്തുന്ന ശ്രമങ്ങളിലാണ് അപകടം പതിയിരിക്കുന്നത്. ഗോ സംരക്ഷണത്തിന്റെ മറവില്‍ മുസ്ളിംമത വിശ്വാസികളായ നിരവധിപേരെ തല്ലിക്കൊല്ലുകയും കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമൊക്കെ ചെയ്ത ഭീതിതമായ അനുഭവം ആരുംമറന്നിട്ടില്ല. ദേശീയഗാനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍ തിരുവനന്തപുരത്ത് ദേശീയ ചലച്ചിത്രോത്സവംതന്നെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നു. ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി തിയറ്ററുകളില്‍ സംഘഷത്തിന് മുതിര്‍ന്നു. ഇതിനെതിരെ പ്രതികരിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെ, അദ്ദേഹത്തിന്റെ മതവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കാന്‍ ഉന്നത ബിജെപി നേതാക്കള്‍തന്നെ രംഗത്തുവന്നു. കമലിന്റെ വീട്ടുപടിക്കല്‍ സമരവുമായി എത്തിയവര്‍ ദേശീയഗാനത്തെ പൊതുനിരത്തില്‍ അനാദരിക്കുന്ന കാഴ്ചയും കണ്ടു. നിലത്തുകിടന്നും ഇരുന്നുമൊക്കെയാണ് അവര്‍ ദേശീയഗാനം ഉരുവിട്ടത്.
ദേശചിഹ്നങ്ങളെല്ലാം ബഹുമാനിക്കപ്പെടണമെന്ന കാര്യം അവിതര്‍ക്കിതമാണ്. അതിന് ഉചിതമായ സന്ദര്‍ഭങ്ങളും ചിട്ടവട്ടങ്ങളും നിയമംമൂലവും കീഴ്വഴക്കങ്ങള്‍വഴിയും നിജപ്പെടുത്തിയിട്ടുള്ളതുമാണ്. ഇതിനപ്പുറം ജീവിതത്തിന്റെയും ദര്‍ശനത്തിന്റെ സാമൂഹ്യ  വീക്ഷണത്തിന്റെയും ഉല്‍പ്പന്നമായി ഒരോ പൌരന്റെയും ബോധമണ്ഡലത്തില്‍ ഉരുത്തിരിഞ്ഞുവരേണ്ട വികാരമാണ് ദേശസ്നേഹം. ഭരണഘടനയുടെ അനുഛേദം 51എയില്‍ രാജ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റയും മൂല്യങ്ങള്‍ തലമുറകളിലേക്ക് പകര്‍ന്നുനല്‍കുന്നതിനുള്ള ഉപാധികളായി ദേശചിഹ്നങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് മൌലിക കര്‍ത്തവ്യമായി പ്രതിപാദിക്കുന്നു. എന്നാല്‍, വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്യ്രത്തിനും മൌലിക അവകാശങ്ങള്‍ക്കും വിരുദ്ധമായി നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കാവുന്നതല്ല മൌലിക കര്‍ത്തവ്യങ്ങള്‍. അത്തരത്തില്‍ വിരുദ്ധ കോണുകളില്‍ ഇവ വരുന്ന ഘട്ടങ്ങളില്‍ വ്യക്തികളുടെ മൌലികാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പരമോന്നത കോടതി ചെയ്തിട്ടുള്ളത്. ദേശീയഗാനം ചൊല്ലിയില്ലെന്ന പേരില്‍ യഹോവാ സാക്ഷികളായ മൂന്ന് കുട്ടികളെ സ്കൂളില്‍നിന്ന് പുറത്താക്കിയത് തടഞ്ഞ 1986ലെ സുപ്രീംകോടതി വിധി ഇതിന് ഉദാഹരണമാണ്.

ദേശചിഹ്നങ്ങളെ അനാദരിക്കുന്നത് തടയുന്ന 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഓണര്‍ ആക്ട് 1971' പ്രകാരം  ദേശീയഗാനാലാപനം തടസ്സപ്പെടുത്തുന്നത് മൂന്നുവര്‍ഷം തടവുനല്‍കാവുന്ന കുറ്റമാണ്. ആലപിക്കാതിരിക്കുന്നതും എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നതും ഈ നിയമപ്രകാരം കുറ്റമായി പറയുന്നില്ല. അനേകം വിനോദോപാധികളില്‍ ഒന്നുമാത്രമായ സിനിമയ്ക്കുമാത്രം ദേശീയഗാനാലാപനവും കാണികള്‍ എഴുന്നേറ്റു നില്‍ക്കലും നിര്‍ബന്ധിതമായത് ഇപ്പോഴത്തെ സുപ്രീംകോടതി വിധിപ്രകാരമാണ്. പ്രസ്തുത വിധി നടപ്പാക്കുന്നില്ലെന്ന പരാതിയില്‍ കേസ് എടുക്കാന്‍ രാജ്യത്തെവിടെയും പൊലീസ് നിര്‍ബന്ധിതമാണുതാനും. 1971ലെ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇങ്ങനെ കേസ് എടുത്തവര്‍ക്കെതിരെ കോടതിയലക്ഷ്യംമാത്രമാണ് നിലനില്‍ക്കുക.

നിയമത്തിന്റെ വഴികള്‍ ഇതൊക്കെയാണെങ്കിലും ദേശചിഹ്നങ്ങള്‍വച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാകുമോ എന്നതാണ് ബിജെപിയുടെ നോട്ടം. എന്നാല്‍, ഭൂതകാലം അവരെ വേട്ടയാടുകയാണ്്. ജനഗണമനയ്ക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍ ഇപ്പോള്‍അവരെ തിരിഞ്ഞുകൊത്തുന്നു. ദേശീയ പതാക, ഗാനം,  ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളോട് ഒരിക്കലും ആര്‍എസ്എസ് ആദരവ് കാണിച്ചിട്ടില്ല. അവസരം കിട്ടിയാല്‍ ടാഗോറിന്റെ ജനഗണമന, ത്രിവര്‍ണ പതാക എന്നിവ മാറ്റി വന്ദേമാതരവും കാവിക്കൊടിയും പ്രതിഷ്ഠിക്കാന്‍ അവര്‍ മടിക്കില്ല. വന്ദേമാതരത്തിന്റെ പൂര്‍ണരൂപത്തിലെ ചില വരികളെ അവര്‍ മുസ്ളിങ്ങള്‍ക്കെതിരായി വ്യാഖ്യാനിക്കുന്നു. അതാണ് വന്ദേമാതരത്തോടുള്ള സ്നേഹം; അല്ലാതെ ദേശസ്നേഹമല്ല. ദേശീയചിഹ്നങ്ങള്‍ ഐക്യം ഊട്ടിയുറപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top