01 October Sunday

ദേശീയപാത വികസനവും യുഡിഎഫ് നിലപാടും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 27, 2018


ദേശീയപാത വികസനം സംബന്ധിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കാൻ രണ്ടുനാൾകൂടി വേണമെന്നാണ് കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞത്. ദേശീയപാതയ്ക്ക് സർവേ നടത്തി കല്ലിട്ട കീഴാറ്റൂർ വയലിലെത്തി സമരക്കാരുമായി ചർച്ച നടത്തിയശേഷമാണ് സുധാകരൻ മാധ്യമങ്ങളെ കണ്ടത്്. യുഡിഎഫ് നേതൃത്വം ചുമതലപ്പെടുത്തിയപ്രകാരമാണോ ഏതാനും നേതാക്കൾ കീഴാറ്റൂരിൽ എത്തിയതെന്ന് വ്യക്തമല്ല. യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിംലീഗിലെ ആരെയും സംഘത്തിൽ കണ്ടതുമില്ല. ഇതേദിവസം മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സമരക്കാരോടൊപ്പം ചേർന്ന് ദേശീയപാതയ്ക്കെതിരെ പരസ്യനിലപാട് സ്വീകരിക്കുകയും ചെയ്തു. ദേശീയപാത വികസനം മുടക്കുന്നതിനോട് യോജിപ്പില്ലെന്ന് മറ്റൊരു മുൻ പ്രസിഡന്റ് കെ മുരളീധരൻ കഴിഞ്ഞദിവസം പറയുകയുണ്ടായി. പരസ്യമായി തള്ളിപ്പറയാൻ തയ്യാറാകാത്തപ്പോഴും കീഴാറ്റൂരിലടക്കം പലയിടത്തും സ്ഥലമെടുപ്പ് തടസ്സപ്പെടുത്തുന്ന നിലപാടാണ് യുഡിഎഫ് നേതാക്കൾ സ്വീകരിക്കുന്നത്. ഇത്തരത്തിൽ കുഴഞ്ഞുകിടക്കുന്ന നിലപാടിൽ രണ്ടുദിവസംകൊണ്ട് വ്യക്തത വരുത്തുമെന്നാണ് കേരളത്തിലെ പ്രതിപക്ഷമുന്നണിയുടെ നേതാക്കൾ പറയുന്നത്.

ദേശീയപാത നാലുവരിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊടുന്നനെ ആരംഭിച്ചതല്ല. പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്നതാണ്. രാജ്യത്തെ ഇതരഭാഗങ്ങളുമായി തട്ടിച്ചുനോക്കിയാൽ ഏറെ പിന്നോക്കം നിൽക്കുന്നതാണ് കേരളത്തിലെ ദേശീയപാത. ഭൂരിഭാഗം സ്ഥലത്തും ഇത് രണ്ടുവരിയാണ്. ഒട്ടേറെ വളവുതിരിവുകൾ നിറഞ്ഞതും വളരെ താഴ്ന്ന ഗുണനിലവാരമുള്ളതുമാണ്. മിക്കനഗരങ്ങളിലൂടെയും കടന്നുപോകുന്ന പാത കുപ്പിക്കഴുത്തുപോലെ വാഹനങ്ങളുടെ നീണ്ടനിര തീർക്കുന്നത് പതിവുകാഴ്ചയാണ്. കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്ന റോഡപകടനിരക്കിന് വേറെ കാരണം അന്വേഷിക്കേണ്ടതില്ല. ഇതിനൊക്കെ പരിഹാരം കാണാതെ സമൂഹജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യം കേരളീയരെ അലട്ടാൻ തുടങ്ങിയിട്ടും കാലമേറെയായി.

ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡപ്രകാരം 60 മീറ്ററും  അതിൽ കൂടുതലും വീതിയിൽ വളവുതിരിവുകൾ പരമാവധി കുറഞ്ഞതാകണം അലൈൻമെന്റ്. ഇത് സർവേ നടത്തി നിശ്ചയിക്കുന്നതും കേന്ദ്ര അധികൃതരുടെ മേൽനോട്ടത്തിൽതന്നെ. ഇങ്ങനെ നിശ്ചയിക്കപ്പെടുന്ന അലൈൻമെന്റിൽ സ്ഥലമെടുപ്പ് നടത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ മാനദണ്ഡങ്ങൾ യാന്ത്രികമായി പ്രയോഗിച്ചാൽ ജനങ്ങൾക്കും പ്രകൃതിക്കും ഏൽക്കുന്ന ആഘാതം താങ്ങാവുന്നതായിരിക്കില്ല. അപ്പോൾ ജനങ്ങളെ ഏറ്റവും കുറച്ച് ബാധിക്കുന്നതും പരിസ്ഥിതിയെ പരിമിതമായി അലോസരപ്പെടുത്തുന്നതുമായ സാധ്യതകൾ കണ്ടെത്തുക എന്നതാണ് പോംവഴി. ഈ ഉത്തരവാദിത്തത്തിൽനിന്ന് നിർലജ്ജം ഒഴിഞ്ഞുമാറിയ ഭരണമാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഇവിടെ നടന്നത്. കഴിഞ്ഞ ഭരണത്തിൽ ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഒരു നടപടിയും കേരളത്തിലുണ്ടായില്ല.

പിണറായിസർക്കാർ അധികാരമേറ്റശേഷമാണ് കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ 45 മീറ്റർ വീതിയിൽ ദേശീയപാത മതിയെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനായത്. സ്ഥലമെടുപ്പിനാകട്ടെ ഏറ്റവും മെച്ചപ്പെട്ട പാക്കേജാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ഈ കാര്യങ്ങളിലൊന്നും ഒരു തർക്കവും ഉന്നയിക്കാൻ യുഡിഎഫിനോ ബിജെപിക്കോ സാധിച്ചിട്ടില്ല. നഗരങ്ങളിൽ ബൈപാസുകളില്ലാതെ ദേശീയപാത വികസനം പ്രയോജനകരമാകില്ലെന്ന് സാമാന്യബുദ്ധിയുള്ള ആരും സമ്മതിക്കും. നഗരങ്ങളിലെ വാഹനക്കുരുക്ക് ഒഴിവാക്കാൻ കേരളത്തിൽ മുമ്പും പല ബൈപാസുകളും  സംസ്ഥാന സർക്കാർ നിർമിച്ചിട്ടുണ്ട്്. ഇവയുടെ നിർമാണം നടന്നത് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലങ്ങളിലാണ്. ഇവയിൽ പലതും പരിസ്ഥിതിലോല പ്രദേശങ്ങൾവഴിയും വയലുകൾ വഴിയുമാണെന്നതും അവിതർക്കിതമാണ്. ഇപ്പോൾ സ്വപ്നപദ്ധതികളായി കേരളത്തിന്റെ  മുന്നിലുള്ള മലയോര, തീരദേശ പാതകളുടെ കാര്യത്തിലും മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ ബാധകമായിരിക്കും. അപ്പോൾപ്പിന്നെ ജനങ്ങളുടെ പ്രയാസങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികളും പോംവഴികളും കണ്ടെത്തുകയും സമവായം ഉണ്ടാക്കുകയും ചെയ്യുകയെന്നത് ഭരണകക്ഷിയുടേതെന്നപോലെ പ്രതിപക്ഷത്തിന്റെയും കടമയാണ്. ഈ ചുമതല പ്രതിപക്ഷം നിർവഹിച്ചോ, അതോ വികസനവിരുദ്ധരുടെ ഒപ്പം ചേർന്നോ എന്ന ആത്മപരിശോധനയാണ് ആദ്യം നടത്തേണ്ടത്. കേന്ദ്രം ഭരിക്കുന്ന കക്ഷിയാണെങ്കിലും സിപിഐ എമ്മിനെ തകർക്കാനുള്ള രാഷ്ട്രീയ അടവുകളിൽ അഭിരമിക്കുന്ന ബിജെപിയെ തൽക്കാലം മാറ്റിനിർത്താം.

കീഴാറ്റൂരിലടക്കം ഏത് പ്രദേശത്തും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൂടിയാലോചനയിലൂടെ പരിഹരിക്കണം. ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ആകാശപ്പാതയുടെ സാധ്യതയും പരിശോധിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തളിപ്പറമ്പിൽ നിർദേശിക്കപ്പെട്ടതിൽ ഏറ്റവും കുറവ് നഷ്ടം വരുന്ന അലൈൻമെന്റാണ് കീഴാറ്റൂർവഴിയുള്ളത്. ഇത് ബോധ്യപ്പെട്ടതിനാലാണ് ഭൂ ഉടമകൾ എതിർപ്പിൽനിന്ന് പിന്മാറിയത്. ഇപ്പോൾ അവിടെ തുടരുന്നതാകട്ടെ സംഘപരിവാർ, തീവ്രവാദ സംഘടനകൾ, ചില എൻജിഒകൾ തുടങ്ങിയവരുടെ സ്പോൺസേഡ് സമരമാണ്. അത്തരം സമരങ്ങൾക്കനുസരിച്ച് പദ്ധതികൾ മാറ്റിക്കൊണ്ടുപോകാൻ തുടങ്ങിയാൽ കേരളത്തിൽ ഒരു വികസനവും സാധ്യമാകാതെ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. വികസനം, നെൽവയൽ‐ തണ്ണീർത്തട സംരക്ഷണം, പരിസ്ഥിതിപരിപാലനം തുടങ്ങിയവ സംബന്ധിച്ച് എൽഡിഎഫ് സർക്കാരും സിപിഐ എം ഉൾപ്പെടെയുള്ള കക്ഷികളും മുറുകെപ്പിടിക്കുന്ന നയനിലപാടും പ്രതിബദ്ധതയും ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഇതുപോലെ മറ്റു കക്ഷികളും ഒരു ജനകീയ ഓഡിറ്റിങ്ങിന് തയ്യാറാകണം. ഇവിടെയാണ് വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത പദ്ധതിയുമായി ബന്ധപ്പെട്ട് ഇനിയും നിലപാട് സ്വീകരിച്ചിട്ടില്ലെന്ന യുഡിഎഫിന്റെ കുറ്റസമ്മതം പ്രസക്തമാകുന്നത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top