03 June Saturday

വീണ്ടും മോഡി വരുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019


പതിനേഴാമത് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് രണ്ടാംമൂഴം ലഭിച്ചു. 2014ലേതുപോലെ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുകയും ചെയ‌്തു. വോട്ടും സീറ്റും മെച്ചപ്പെടുത്തിയാണ് എൻഡിഎ അധികാരത്തിൽ വരുന്നത്. ഒരു കോൺഗ്രസിതര പ്രധാനമന്ത്രി ആദ്യമായാണ് രാജ്യത്ത് രണ്ടാമൂഴം നേടുന്നത്. പ്രമുഖ പ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രകടനം ദയനീയമാണ്. കേരളത്തിലും പഞ്ചാബിലും ഡിഎംകെയുമൊത്ത് തമിഴ്നാട്ടിലും നേടിയ വിജയങ്ങൾ മാറ്റിനിർത്തിയാൽ കോൺഗ്രസിന്റെ പ്രകടനം ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. ഇടതുപക്ഷത്തിനും കനത്ത തിരിച്ചടിയുണ്ടായി. ത്രിപുരയിലും പശ്ചിമ ബംഗാളിലും സീറ്റൊന്നും നേടാനായില്ല. കേരളത്തിൽ ഒരു സീറ്റാണ‌് ലഭിച്ചത്. ബിജെപി വിരുദ്ധ ന്യൂനപക്ഷ ജനതയുടെ വികാരവും മറ്റും യുഡിഎഫിന് അനുകൂലമായി. എങ്കിലും കേരളത്തിലെ ജനവിധി മതനിരപേക്ഷ ശക്തികൾക്ക് അനുകൂലവും മോഡിക്ക് എതിരുമാണ്.

ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ അവിടങ്ങളിലെ പ്രാദേശിക കക്ഷികൾ വിജയം നേടുന്നതാണ് കണ്ടത്. ഒഡിഷയിൽ ബിജെഡി നേതാവ‌് നവീൻ പട്നായ‌്ക്കിന് അഞ്ചാംമൂഴം ലഭിച്ചപ്പോൾ ആന്ധ്രപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർടി വൻവിജയം നേടി. ചന്ദ്രബാബുനായിഡുവിന്റെ തെലുങ്ക് ദേശം പാർടിക്ക് ദയനീയമായ തോൽവിയാണ‌് ഉണ്ടായത്. അരുണാചൽപ്രദേശിൽ ബിജെപിക്ക് മുൻതൂക്കം ലഭിച്ചപ്പോൾ സിക്കിമിൽ പ്രാദേശിക കക്ഷിക്കാണ് മുന്നേറാനായത്.

മോഡിയുടെയും അമിത് ഷായുടെയും ശക്തമായ പ്രചാരണവും മികച്ച സംഘടനാപ്രവർത്തനവും മഹാരാഷ്ട്രയിൽ ശിവസേനയുമായും അസമിൽ എജിപിയുമായും രാജസ്ഥാനിലും യുപിയിലും മധ്യപ്രദേശിലും ചെറുകക്ഷികളുമായും സഖ്യമുണ്ടാക്കിയതും ബിജെപിയുടെ വിജയത്തിനു കാരണമായി. ഭരണകക്ഷിയെന്ന എല്ലാ ആനുകൂല്യങ്ങളും നഗ്നമായി ഉപയോഗിക്കാനും മോഡി–-ഷാ കൂട്ടുകെട്ട് മടിച്ചില്ല. ബിജെപിക്ക് ദോഷകരമാകുന്ന ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ബാലാകോട്ട് വിഷയവും ദേശീയ സുരക്ഷാ വിഷയങ്ങളും ശക്തമായി ഉയർത്താനും മോഡി തയ്യാറായി. അതിനായി സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമംപോലും അവർ നടത്തി. ഇലക്ടറൽ ബോണ്ടുവഴിയും മറ്റും വൻതോതിൽ പണം സ്വരൂപിച്ച ബിജെപി അത് തെരഞ്ഞെടുപ്പുവിജയത്തിനായി ഒഴുക്കുകയും ചെയ‌്തു.

ഹിന്ദി മേഖലയിൽ ആർഎസ്എസ്–-ബിജെപി മുന്നേറ്റത്തെ തടയുന്നതിൽ പ്രമുഖ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതാണ് ബിജെപിയുടെ രണ്ടാംമൂഴത്തിന് പ്രധാന കാരണം. ദേശീയമായി ഒരു മതനിരപേക്ഷ സഖ്യമുണ്ടാക്കാനെന്നല്ല സംസ്ഥാനാടിസ്ഥാനത്തിൽ പോലും ഫലപ്രദമായ സഖ്യം രൂപീകരിക്കുന്നതിന് കോൺഗ്രസ് ഒരു മുൻകൈയുമെടുത്തില്ല. കഴിഞ്ഞവർഷം അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വിജയിച്ച കോൺഗ്രസിന് ആ സംസ്ഥാനങ്ങളിൽ പോലും ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ കഴിഞ്ഞില്ല. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ഹിമാചൽപ്രദേശ‌്, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിയും സമാനമാണ്. ഗുജറാത്തിൽ 26ൽ 26 സീറ്റും നേടിയ ബിജെപി കോൺഗ്രസ് ഭരണം നടക്കുന്ന രാജസ്ഥാനിലും മുഴുവൻ സീറ്റും നേടി.

മഹാരാഷ്ട്രയിലാണെങ്കിൽ എൻസിപി–-കോൺഗ്രസ് സഖ്യത്തിന്റെ പ്രകടനം തീർത്തും മോശമാകുകയും ചെയ‌്തു. കോൺഗ്രസുകാരനായ പ്രതിപക്ഷ നേതാവിന്റെയും മുൻ ഉപമുഖ്യമന്ത്രിയുടെയും മക്കൾ ബിജെപിയിലേക്ക് പോയതും കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഗ്രാമീണമേഖലകളിൽ പോലും ബിജെപി സ്വാധീനമുറപ്പിച്ചതുമാണ് കോൺഗ്രസ്–-എൻസിപി സഖ്യത്തിന് വിനയായത്.

ഹരിയാന, ജാർഖണ്ഡ്, കർണാടക, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും പകുതിയിലധികം വോട്ടും സീറ്റും നേടി ബിജെപി മുന്നിലെത്തി. കോൺഗ്രസ്–-ജെഡിഎസ് കൂട്ടുകക്ഷി സർക്കാരുള്ള കർണാടകയിലും ബിജെപിയുടെ മുന്നേറ്റം തടയാനായില്ല. ഇതുകൊണ്ടുതന്നെ കർണാടക സർക്കാരിനെ അവിഹിതമാർഗത്തിലൂടെ താഴെയിറക്കാൻ വരുംനാളുകളിൽ ബിജെപി ശ്രമിക്കുമെന്ന സൂചനകൾ ഇപ്പോഴേ ലഭ്യമാണ്. മധ്യപ്രദേശ് സംസ്ഥാന സർക്കാരിന്റെ ഭാവിയും അപകടത്തിലാണ്. പശ്ചിമ ബംഗാൾ, ഒഡിഷ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ സ്വാധീനം വ്യാപിക്കാനും ബിജെപിക്ക് കഴിഞ്ഞു.

ഉത്തർപ്രദേശിൽ എസ‌്പിയും ബിഎസ‌്പിയും തമ്മിലുണ്ടാക്കിയ സഖ്യം പ്രതീക്ഷിച്ചപോലെ മുന്നേറിയതുമില്ല. യാദവ്, ജാദവ് വോട്ടുകൾക്കപ്പുറമുള്ള ഒബിസി, ദളിത് വോട്ടുകൾ നേടുന്നതിൽ മഹാസഖ്യം പരാജയപ്പെട്ടു. മാത്രമല്ല, ജാട്ട് വോട്ടുകൾ പൂർണമായും ഈ സഖ്യത്തിനു ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ബിജെപിക്ക് ഉത്തർപ്രദേശിൽ സീറ്റ് കുറഞ്ഞെങ്കിലും വൻപരാജയം അവർക്ക് തടയാനായി. ബിഹാറിലും ആർജെഡിക്ക‌് പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ല. സവർണ–-പിന്നോക്ക വിഭാഗങ്ങൾ തമ്മിലുള്ള പേരാട്ടമായി തെരഞ്ഞെടുപ്പിനെ മാറ്റാനുള്ള ലാലുവിന്റെ തന്ത്രത്തിനാണ് തിരിച്ചടിയേറ്റത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുപ്രസാദ് ജയിലിലായതും ആർജെഡി മുന്നണിക്ക് ക്ഷീണമായി.

മോഡി രണ്ടാമതും അധികാരത്തിൽ വരുന്നതോടെ മതിനിരപേക്ഷ റിപ്പബ്ലിക് വലിയ വെല്ലുവിളിയെ നേരിടുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ അഞ്ചു വർഷത്തെ മോഡി ഭരണത്തിൽ പാർലമെന്റും സുപ്രീംകോടതിയും തെരഞ്ഞെടുപ്പു കമീഷനും ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളും വലിയ ആക്രമണങ്ങൾക്കാണ് ഇരയായത്. ന്യൂനപക്ഷങ്ങൾക്കെതിരെ പലരൂപത്തിലും രീതിയിലും ആക്രമണങ്ങളും അരങ്ങേറി. കേരളത്തോട് പ്രളയകാലത്തുപോലും മുഖംതിരിഞ്ഞുനിന്ന സർക്കാരാണ് മോഡിയുടേത്. അതുകൊണ്ട‌് സംസ്ഥാനത്തിലെ ജനങ്ങളുടെ താൽപര്യസംരക്ഷണത്തിനായി വലിയ പ്രസ്ഥാനങ്ങളും പോരാട്ടങ്ങളും അനിവാര്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top