24 June Thursday

വിയോജിക്കുന്നവരെ അവമതിച്ച് പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Feb 11, 2017


പാര്‍ലമെന്റില്‍ എത്താതിരിക്കുക, എത്തിയാല്‍ മിണ്ടാതിരിക്കുക, മിണ്ടിയാല്‍ മര്യാദ പാലിക്കാതിരിക്കുക-എന്ന ശൈലിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. പാര്‍ലമെന്റിനെ അവഗണിക്കുന്നതും അവഹേളിക്കുന്നതും പതിവായിരിക്കുന്നു. 2017ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം സഭാഹാളില്‍ കുഴഞ്ഞുവീണു മരിച്ച അംഗത്തോടുകാണിച്ച അനാദരവ് ഈ തുടര്‍ച്ചയിലെ ഒരു സംഭവംമാത്രം. 2016ലെ  ശീതകാലസമ്മേളനം ഭരണപക്ഷമാണ് അലങ്കോലപ്പെടുത്തിയത്. പാര്‍ലമെന്റിലെത്തി ചര്‍ച്ചകള്‍ക്ക് മറുപടി പറയാനും ഇടപെടാനും ഭയപ്പെടുന്ന പ്രധാനമന്ത്രിയും  സര്‍ക്കാരിന്റെ ജനവിരുദ്ധസമീപനങ്ങള്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധവും ആ സമ്മേളനം അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. ജനങ്ങളോടും ജനപ്രതിനിധികളോടും ഉത്തരവാദിത്തം കാണിക്കാന്‍ തയ്യാറല്ല എന്ന ബിജെപി ഭരണത്തിന്റെ ശാഠ്യമാണ് സഭാസ്തംഭനത്തിന് കാരണമായത്.

രാജ്യം ഇന്ന് നേരിടുന്ന വലിയ ദുരന്തം മുന്നൊരുക്കങ്ങളോ വീണ്ടുവിചാരമോ ഇല്ലാതെ കറന്‍സി റദ്ദാക്കിയതിന്റേതാണ്. ആവശ്യത്തിന് നോട്ടുകള്‍ ഇപ്പോഴും ലഭിക്കുന്നില്ല. കറന്‍സി ഇടപാടിന് പുതിയ നിയന്ത്രണങ്ങള്‍ വരുന്നു. ബജറ്റ് സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ത്തന്നെ, രാജ്യത്തെ 25 ശതമാനം എടിഎമ്മുകള്‍ അടച്ചിട്ടിരിക്കയായിരുന്നു. ഈ ദുരിതത്തിന് ഒരു വിശദീകരണവും നല്‍കാനില്ലാതെ, ജനങ്ങളുടെ പ്രയാസത്തെ നിസ്സാരവല്‍ക്കരിച്ച് ചിത്രീകരിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകുന്നത്. നോട്ടുറദ്ദാക്കലുമായി ബന്ധപ്പെട്ട ഒരു കണക്കും നേരാംവണ്ണം പറയാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇപ്പോഴും ആവര്‍ത്തിക്കുന്നത്,  അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ യുദ്ധത്തിലാണ്തങ്ങളെന്നാണ്. നോട്ടുനിരോധനത്തിനുശേഷം ബാങ്കുകളില്‍ മടങ്ങിവന്ന പണത്തിന്റെ കണക്ക് ചോദിച്ചാല്‍ മോഡിക്ക് ഉത്തരമില്ല. ഫലത്തില്‍ സര്‍ക്കാര്‍ ഒത്താശചെയ്തത്  കള്ളപ്പണവും കള്ളനോട്ടും വെളുപ്പിക്കാനാണ്്. സ്വന്തം വിയര്‍പ്പിന്റെ വിലയായി ലഭിച്ച തുച്ഛമായ തുകപോലും ബാങ്കുകളില്‍നിന്ന് ആവശ്യാനുസൃതം പിന്‍വലിക്കാന്‍ കഴിയാതെയും നാനാമേഖലകളെയും ബാധിച്ച സ്തംഭനത്തിന്റെ ഫലമായും ജീവിതംവഴിമുട്ടിയ ജനങ്ങള്‍ക്ക് അമര്‍ഷമില്ല, പ്രതിഷേധമില്ല എന്ന് ഇടയ്ക്കിടെ ബിജെപി നേതാക്കള്‍ പറയുന്നുണ്ട്. പക്ഷേ വസ്തുത മറ്റൊന്നാണ്.  

റദ്ദാക്കിയ നോട്ട് എത്ര തിരികെ വന്നുവെന്നും എത്ര കള്ളപ്പണംവെളുത്തു എന്നും മറ്റുമുള്ള കണക്ക് മോഡി പറയുന്നില്ലെന്നേയുള്ളൂ. കാര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വ്യക്തമാണ്.  അസംഘടിത - അനൌപചാരികമേഖലകളില്‍ തൊഴിലെടുക്കുന്ന  നാല്‍പ്പതുകോടിയിലേറെ ജനങ്ങളുടെ ഉപജീവനത്തെ നോട്ടുദുരന്തം നേരിട്ട് ബാധിച്ചിട്ടുണ്ട്; കഠിനമായിത്തന്നെ. തൊണ്ണൂറുകോടിയോളം ജനങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവുവന്നിട്ടുണ്ട്. സാമ്പത്തികമേഖലയെ ഗൌരവത്തോടെ വീക്ഷിക്കുന്ന ആര്‍ക്കും നോട്ടുറദ്ദാക്കലിനെ പ്രകീര്‍ത്തിക്കാനും സദ്ഫലങ്ങള്‍ നിരത്താനും കഴിയാത്തത്, കഴിവുകേടുകൊണ്ടല്ല. മറിച്ച്, അഭിമാനത്തോടെ എടുത്തുപറയാവുന്ന ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നതുകൊണ്ടാണ്.  ഈ ദയനീയതയാണ്, അസാധാരണമായ പെരുമാറ്റങ്ങളിലേക്കും ഭയപ്പെടുത്തലിലേക്കും മോഡിയെ  നയിക്കുന്നത്.   നോട്ട് റദ്ദാക്കലിനെ വിമര്‍ശിക്കുന്നവരോട് സഹിഷ്ണുതയോടെ പ്രതികരിക്കാന്‍പോലും സംഘപരിവാര്‍ തയ്യാറല്ല. കേരളത്തില്‍ സമുന്നത സാഹിത്യനായകന്‍ എം ടി വാസുദേവന്‍നായര്‍ക്കെതിരെയാണ്  ബിജെപി പരസ്യമായി രംഗത്തിറങ്ങിയത്. അന്ന് അത് ചില നേതാക്കളുടെ ഒറ്റപ്പെട്ട പ്രകടനമായി വിശേഷിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ, ഒറ്റപ്പെട്ട പ്രകടനമല്ല, പൊതുസമീപനമാണ് എന്ന്  അവരുടെ പരമോന്നതനേതാവുതന്നെ തെളിയിച്ചിരിക്കുന്നു.

നോട്ടുറദ്ദാക്കലിനെ   പിടിച്ചുപറിയോടും   കൊള്ളയോടുമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വിശേഷിപ്പിച്ചിരുന്നത്.  പൌരന്  സ്വത്ത് സൂക്ഷിക്കാനും കൈകാര്യംചെയ്യാനും നല്‍കുന്ന സംരക്ഷണം ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടിയാണ്. ആ അവകാശങ്ങള്‍പോലും അംഗീകരിക്കില്ല എന്നതാണ് മോഡിയുടെ സമീപനം. മൌലികാവകാശകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്   നോട്ട് റദ്ദാക്കലിലൂടെ നടത്തിയത് എന്ന് മന്‍മോഹന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ത്തന്നെ അദ്ദേഹത്തിനെതിരായി ഭരണബെഞ്ചുകളില്‍നിന്ന് ആക്രോശമുയര്‍ന്നതാണ്. തനിക്കുമുമ്പ് പ്രധാനമന്ത്രിപദത്തിലിരുന്നയാളായിട്ടും  മന്‍മോഹനെ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കുക എന്ന മിനിമം മര്യാദ കാണിക്കാന്‍ നരേന്ദ്ര മോഡി തയ്യാറായില്ല.

മാത്രമല്ല,  കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന ആളാണെന്ന് കളിയാക്കുകയുംചെയ്തു. വിമര്‍ശം വന്നപ്പോള്‍ ഖേദം പ്രകടിപ്പിക്കാന്‍ മോഡി തയ്യാറായില്ല. പകരം, ആക്ഷേപം ഉന്നയിക്കുന്നവര്‍ അതേ നാണയത്തില്‍ മറുപടി കേള്‍ക്കാനും തയ്യാറാകണമെന്നാണ് ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ചത്്. മന്‍മോഹന്‍സിങ്ങിനെ നീതിരഹിതമായി ആക്ഷേപിച്ച  മോഡി, അതിനെ ന്യായീകരിക്കാനും  ശ്രമിച്ചു. ബിജെപിയുടെ പാര്‍ലമെന്ററി കൈകാര്യകര്‍ത്താക്കളാകട്ടെ, മോഡിയുടെ പരാമര്‍ശത്തിലൂടെ അധിക്ഷേപിക്കപ്പെട്ട അംഗങ്ങള്‍ക്ക് മറുപടിപറയാനുള്ള അവസരം നിഷേധിക്കുന്നതിലാണ് മുഴുകിയത്. നീതിരഹിതമായ ഇടപെടലുകള്‍, ഉപരാഷ്ട്രപതികൂടിയായ രാജ്യസഭാധ്യക്ഷന്‍ സഭയില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനുവരെ ഹേതുവായി. 

പാര്‍ലമെന്റിനോടും ജനാധിപത്യത്തോടുമുള്ള ബിജെപിയുടെ അസഹിഷ്ണുതയാണ് ഈ സംഭവങ്ങളുടെ ആകത്തുകയായി തുറന്നുകാട്ടപ്പെടുന്നത്. സ്വേച്ഛാധിപതിയുടെ സ്വരമാണ് മോഡിയില്‍നിന്നുയരുന്നത്.  നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ നിങ്ങളുടെ ശക്തി കാണിക്കൂ എന്ന വെല്ലുവിളി ഫാസിസത്തിന്റേതാണ്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അന്തസ്സത്ത. അത് കളഞ്ഞുകുളിക്കുകയാണ് മോഡി.  ഈ മുന്നറിയിപ്പും വെല്ലുവിളിയും മതനിരപേക്ഷ-ജനാധിപത്യശക്തികളെ കൂടുതല്‍ ജാഗരൂകരും കര്‍മോത്സുകരുമാക്കേണ്ടതാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top