22 September Friday

പരിഹാസ്യനാകുന്ന പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019


പാകിസ്ഥാനിൽ ഇന്ത്യൻസേന മിന്നലാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട‌് ഒരു മാധ്യമ അഭിമുഖത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ പലനിലകളിൽ വിമർശനവിധേയമായിരിക്കുന്നു. അധികാരദുർവിനിയോഗം, ശാസ‌്ത്രവിരുദ്ധത, സേനയെ അവമതിക്കൽ, സത്യപ്രതിജ്ഞാലംഘനം , തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം, രാഷ്ട്രീയനേട്ടത്തിന‌് സൈന്യത്തെ ദുരുപയോഗിക്കൽ തുടങ്ങി പലമാനങ്ങളുണ്ട‌് മോഡിക്കെതിരായ വിമർശനത്തിന‌്. ദേശീയ മാധ്യമങ്ങളടക്കം കടുത്ത ഭാഷയിലാണ‌് ഇതിനോട‌് പ്രതികരിച്ചത‌്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയടക്കം പല പ്രമുഖരും തെരഞ്ഞെടുപ്പ‌് കമീഷന‌് പരാതി സമർപ്പിക്കുകയും ചെയ‌്തു.

നരേന്ദ്ര മോഡിയുടെ വിടുവായത്തം പുതിയ കാര്യമൊന്നുമല്ല. ഗുജറാത്തിലെ മുസ‌്ലിം വംശഹത്യയുടെ നാളുകൾ മുതലിങ്ങോട്ട‌് ഒട്ടേറെ അവസരങ്ങളിൽ അദ്ദേഹത്തിന്റെ നാക്കിലെ വികടസരസ്വതി ഈ നാടിന്റെ മനസ്സാക്ഷിയെ മുറിവേൽപ്പിച്ചിട്ടുണ്ട‌്. മരണവ്യാപാരിയെന്ന വിശേഷണത്തിന‌് മോഡിയെ അർഹനാക്കിയത‌്, വർഗീയകലാപത്തിന്റെ സൂത്രധാരനെന്നതിനൊപ്പം വിദ്വേഷ പ്രചാരണത്തിലെ മികവു കൂടിയാണ‌്. നിരവധി വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും മസ‌്ജിദ‌്, ട്രെയിൻ സ‌്ഫോടനങ്ങളും മോഡി –- അമിത‌് ഷാ കൂട്ടുകെട്ടിന്റെ ചെയ‌്തിയായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട‌്. ഇത്തരം കേസുകളിൽ സാക്ഷികളും വാദികളും കൊല്ലപ്പെട്ട അനുഭവങ്ങളും ധാരാളമുണ്ട‌്. ഒടുവിൽ അമിത‌് ഷാ പ്രതിയായ കേസ‌് കേട്ട സിബിഐ കോടതി ജഡ‌്ജി ജസ്റ്റിസ‌് ലോയതന്നെ ദുരൂഹമരണത്തിന‌് ഇരയായി. എന്നാൽ, ഇത്തരം പൈശാചികതകൾക്ക‌് വാചകക്കസർത്ത‌് കൊണ്ട‌് മറയിടാമെന്ന‌് ധരിക്കുന്ന പ്രധാനമന്ത്രി സ്വയം പരിഹാസ്യനാകുന്നതോടൊപ്പം പദവിയെയും കളങ്കപ്പെടുത്തുകയാണ‌്.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളെ ഭയത്തിന്റെ നിഴലിൽ നിർത്തുകയാണ‌് സംഘപരിവാറിന്റെ പൊതുരീതി. ഒപ്പം നുണകൾ നിരന്തരം ആവർത്തിച്ച‌് ജനങ്ങളെ കബളിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. പാരമ്പര്യത്തെയും പൈതൃകത്തെയും തങ്ങൾക്കനുകൂലമായി വളച്ചൊടിച്ച‌് മതവർഗീയതയുടെ വികൃതമുഖത്ത‌് വിശ്വാസാചാരങ്ങൾകൊണ്ട‌് വെള്ള പൂശാമെന്നും അവർ വ്യാമോഹിക്കുന്നു. പുരാണങ്ങ‌ളും ഇതിഹാസകൃതികളും സംഘപരിവാറിന്റെ നിർമിതകഥകളുടെ അക്ഷയഖനികളാണ‌്. സാങ്കൽപ്പിക കഥാപാത്രങ്ങളെ യുക്തിരഹിതവും ശാസ‌്ത്രവിരുദ്ധവുമായി അവതരിപ്പിച്ച‌് അന്ധവിശ്വാസം പടർത്താൻ ഒൗദ്യോഗികസംവിധാനങ്ങൾതന്നെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ ബിജെപി നേതാക്കൾക്ക‌് വലിപ്പച്ചെറുപ്പമില്ല. സംഘബന്ധുക്കളായ കാവിധാരികൾക്കും വസ‌്ത്രം ധരിക്കാത്ത സ്വാമിമാർക്കുമാകട്ടെ നിയന്ത്രണമൊന്നുമില്ല. ക്യാൻസർ ചികിത്സയ‌്ക്ക‌് ഗോമൂത്രംമുതൽ ആറ്റംബോംബിന്റെ നിർമാണരഹസ്യംവരെ നിരവധി സൂത്രങ്ങൾ ഇവർ പ്രചരിപ്പിക്കുന്നു.

ആർഎസ‌്എസ‌് പ്രചാരകർക്ക‌് ഇതൊക്കെയാകാം. എന്നാൽ, രാജ്യത്തിന്റെ പരമോന്നതപദവികളിലൊന്നിൽ ഇരിക്കുന്ന പ്രധാനമന്ത്രിക്ക‌് തന്റെ ഭൂതകാലത്തിൽനിന്ന‌് മോചനമില്ലെന്നുവരുമ്പോൾ രാജ്യത്തിന്റെ ശിരസ്സാണ‌് ലജ്ജകൊണ്ട‌് കുനിയുന്നത‌്. മുമ്പൊരിക്കൽ മോഡി പട്ടിണിരാജ്യമായ സോമാലിയയോട‌് കേരളത്തെ ഉപമിച്ചത‌്‌ ആരും മറന്നിട്ടില്ല. രാഷ്ട്രീയ ശത്രുത കാരണം കേരളത്തിന‌് അർഹമായ പലതും നിഷേധിക്കുന്നതിനിടയിലാണ‌് ഈ അവമതിക്കൽ. ജീവിത ഗുണമേന്മയിൽ ലോകനിലവാരം പുലർത്തുന്ന കേരളത്തെ ഇകഴ‌്ത്തിക്കാണിക്കുന്ന പ്രധാനമന്ത്രി ഫെഡറൽ സംവിധാനത്തിനുതന്നെയാണ‌് തുരങ്കംവച്ചത‌്‌.

പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പൂർത്തിയാകാൻ ഇനി ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സമനില തെറ്റിയ നിലയിലാണ‌് മോഡിയുടെ പ്രതികരണങ്ങൾ. ഒരുമാസത്തിലേറെ നീണ്ട പ്രചാരണ ഘട്ടത്തിൽ ഇതിനകം നിരവധിതവണ തെരഞ്ഞെടുപ്പ‌് കമീഷന്റെ ഇടപെടലിന‌് മോഡിയുടെ പരാമർശങ്ങൾ വഴിവച്ചിട്ടുണ്ട‌്.

പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പൂർത്തിയാകാൻ ഇനി ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സമനില തെറ്റിയ നിലയിലാണ‌് മോഡിയുടെ പ്രതികരണങ്ങൾ. ഒരുമാസത്തിലേറെ നീണ്ട പ്രചാരണ ഘട്ടത്തിൽ ഇതിനകം നിരവധിതവണ തെരഞ്ഞെടുപ്പ‌് കമീഷന്റെ ഇടപെടലിന‌് മോഡിയുടെ പരാമർശങ്ങൾ വഴിവച്ചിട്ടുണ്ട‌്. മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചാണ‌് വ്യക്തിഹത്യയും വംശീയാക്ഷേപവും കുടുംബങ്ങളെ അവഹേളിക്കലും തുടരുന്നത‌്. കുറച്ചുനാൾ മുമ്പ‌് ഭിന്നശേഷിയുള്ള കുട്ടികളെക്കുറിച്ച‌് പ്രധാനമന്ത്രി നടത്തിയ പരാമർശം മനുഷ്യത്വരഹിതമായിരുന്നു. ദേശസ‌്നേഹത്തിന്റെ മറപിടിച്ച‌് വിദ്വേഷരാഷ്ട്രീയത്തിന്റെ അങ്ങേയറ്റത്തെ പ്രകടനമാണ‌് ഒാരോ തെരഞ്ഞെടുപ്പു പൊതുയോഗത്തിലും മോഡിയുടേത‌്. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന‌് രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട ഘട്ടത്തിൽ നടത്തിയ പ്രതികരണങ്ങൾ ആഴത്തിലുള്ള ചേരിതിരിവിന‌് വഴിവയ‌്ക്കുന്നതായിരുന്നു. ഭീകരതയുടെ വേരറുക്കാൻ എല്ലാ പാർടികളും സർക്കാരിന‌് പിന്തുണ പ്രഖ്യാപിച്ചപ്പോൾ അതിർത്തിയിൽ യുദ്ധഭീതി പടർത്തി രാഷ്ട്രീയമുതലെടുപ്പിനായിരുന്നു ബിജെപിയുടെ ശ്രമം.

ഇതേ തുടർന്ന‌് നടന്ന ബാലാകോട്ട‌് വ്യോമാക്രമണത്തിന്റെ ഫലപ്രാപ‌്തിയെക്കുറിച്ച‌് ഒരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. 300 ഭീകരർ കൊല്ലപ്പെട്ടു എന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദത്തിന‌് തെളിവുകൾ അന്വേഷിച്ച അന്താരാഷ്ട്രമാധ്യമങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന‌് വെളിപ്പെടുത്തിയിട്ടുണ്ട‌്. ഇതുസംബന്ധിച്ച‌് ഇപ്പോൾ പ്രധാനമന്ത്രി പറയുന്ന കാര്യങ്ങൾ ആ സ്ഥാനത്തിരിക്കാൻ മോഡിയെ അയോഗ്യനാക്കുന്നതാണ‌്. ഒരു സൈനിക ആക്രമണത്തിന്റെ സമയക്രമം ഉൾപ്പെടെ വിശദാംശങ്ങൾ പ്രധാനമന്ത്രിയാണോ നിശ്ചയിക്കുന്നത‌്? ഇനി അങ്ങനെയാണെങ്കിൽ അത‌് പുറത്തുപറയുന്നത‌് സത്യപ്രതിജ്ഞാലംഘനമല്ലേ? മേഘം മറഞ്ഞതിനാൽ പാക‌് റഡാറിൽ വിമാനങ്ങൾ കാണില്ലെന്ന‌് സൈന്യത്തെ ഉപദേശിക്കുന്ന പ്രധാനമന്ത്രി എത്ര വലിയ പതനത്തിലേക്കാണ‌് നാടിനെ നയിക്കുക. ഇത്ര ബാലിശമായി സൈനികനടപടിയെ ചിത്രീകരിച്ച ഭരണാധികാരി അർഹിക്കുന്നത‌് ദയനീയപതനമാണ‌്. അത‌് ആസന്നമാണെന്ന ഭയം തന്നെയാണ‌് മോഡിയുടെ ഈ നിലതെറ്റിയ വർത്തമാനങ്ങൾക്ക‌് പിന്നിലുള്ളതെന്ന‌് വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top