21 March Thursday

മുത്തലാഖ‌് ബിൽ രാഷ്ട്രീയ അജൻഡ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 1, 2019

ലോക‌്സഭയിൽ അംഗസംഖ്യയുടെ ബലത്തിൽ  പാസാക്കിയ മുത്തലാഖ‌് ബിൽ മുൻനിർത്തിയുള്ള നാടകത്തിന‌്  ഭരണപക്ഷം തിങ്കളാഴ‌്ച രാജ്യസഭയിൽ തുടക്കംകുറിച്ചു. രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ,  പാർലമെന്റ‌് പിരിയുംവരെ ബില്ലവതരണം നീട്ടിക്കൊണ്ടുപോയി വീണ്ടും ഓർഡിനൻസ‌് ഇറക്കുകയെന്ന സൂത്രവിദ്യയാണ‌് മോഡി സർക്കാർ പ്രയോഗിക്കുന്നത‌്. ബഹ‌ളംമൂലം നിയമ മന്ത്രിക്ക‌് ബിൽ അവതരിപ്പിക്കാനായില്ലെന്ന  പ്രതീതി സൃഷ്ടിക്കാനാണ‌് സർക്കാരിന്റെ ശ്രമം. ബിൽ വിശദപരിശോധനയ‌്ക്ക‌് സെലക്ട‌്‌ കമ്മിറ്റിക്ക‌് വിടണമെന്ന നിർദേശമാണ‌് പ്രതിപക്ഷം രേഖാമൂലം മുന്നോട്ടുവച്ചത‌്. എന്നാൽ, എഐഎഡിഎംകെ കാവേരി പ്രശ‌്നം ഉയർത്തി നടുത്തളത്തിലേക്കിറങ്ങിയത‌് അവസരമാക്കി അധ്യക്ഷൻ സഭ നിർത്തിവച്ചു. പിന്നീട‌് സഭ ചേർന്നപ്പോഴും സെലക്ട‌് കമ്മിറ്റിക്കുവിടണമെന്ന പ്രതിപക്ഷ ആവശ്യം ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല.

രാജ്യസഭയിലെ ഒളിച്ചുകളിയിലൂടെ  ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഒരു രാഷ്ട്രീയ അജൻഡകൂടി തുറന്നുകാട്ടപ്പെടുകയാണ‌്.  ലോക‌്സഭാ തെരഞ്ഞെടുപ്പ‌ിൽ  മതവികാരം കത്തിച്ചുനിർത്താൻ രാമക്ഷേത്രത്തിനൊപ്പം ന്യൂനപക്ഷവിരുദ്ധതയും നന്നായി ഉപയോഗിക്കാനാണ‌് ബിജെപിയുടെ നീക്കം. വിവാഹം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ‌്ത മതവിഭാഗങ്ങൾക്ക‌് അവരവരുടെ പരമ്പരാഗതരീതികൾ അനുസരിച്ചുള്ള വ്യക്തിനിയമങ്ങൾ ഭരണഘടന അംഗീകരിച്ചിട്ടുള്ളതാണ‌്. എന്നാൽ, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ തുല്യനീതി, അവസരസമത്വം, ലിംഗസമത്വം തുടങ്ങിയവയ‌്ക്ക‌് വിരുദ്ധമായതൊന്നും വ്യക്തിനിയമത്തിന്റെപേരിൽ നിലനിൽക്കില്ലെന്ന‌് നിരവധി സന്ദർഭങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട‌്. ഹിന്ദു, മുസ്ലിം , ക്രിസ‌്ത്യൻ തുടങ്ങിയ മതവിഭാഗങ്ങളിലെല്ലാം നിലനിന്നിരുന്ന തെറ്റായ കാര്യങ്ങൾ കോടതി ഇടപെട്ട‌് തിരുത്തുകയോ  നിയമനിർമാണം നടത്തുകയോ ചെയ‌്തിട്ടുണ്ട‌്.
മുസ്ലിം വ്യക്തിനിയമത്തിൽ നിലനിൽക്കുന്നതും ഏറെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളതുമാണ‌് മൂന്ന‌് തലാഖ‌് എന്ന ദുരാചാരം.  പുരുഷന‌് ഏകപക്ഷീയമായി മൂന്ന‌് തവണ തലാഖ‌് ചൊല്ലി വിവാഹബന്ധത്തിന്റെ എല്ലാ ചുമതലകളിൽനിന്നും ഒഴിയാൻ സാധിക്കുമെന്നതാണ‌്  ഈ ആചാരം. തീർത്തും സ‌്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ ഈ വിവാഹമോചന രീതിക്കെതിരെ കടുത്ത എതിർപ്പ‌് സമുദായത്തിനകത്തുനിന്നും പുറത്തുനിന്നും ഉയർന്നിട്ടുണ്ട‌്.

മുസ്ലിം ശരീയത്ത‌ിന്റെയും മത സ്വാതന്ത്ര്യത്തിന്റെയുംപേരിൽ സ‌്ത്രീകളെ ഇഷ്ടംപോലെ മൊഴിചൊല്ലുന്നത‌് അംഗീകരിക്കാനാകില്ലെന്ന ഇ എം എസിന്റെ നിലപാട‌് ഉയർത്തിയ വിവാദം ചെറുതായിരുന്നില്ല. സിപിഐ എം നേതാവ‌് മതസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നുവെന്ന‌് ആക്ഷേപിച്ച‌് വികാരം ഇളക്കിവിടാൻ ശ്രമിച്ചെങ്കിലും അന്നും ഇന്നും പാർടി നിലപാടിൽ  മാറ്റമുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച‌് നിരവധി സംവാദങ്ങളും വ്യവഹാരങ്ങളും രാജ്യത്താകമാനം നടന്നു. 

ഒടുവിൽ പതിറ്റാണ്ടുകൾക്ക‌് ശേഷം 2018 ൽ,  സിപിഐ എമ്മും  ഇ എം എസും  മുസ്ലിം സമുദായത്തിലെ പുരോഗമനവാദികളും ഉയർത്തിയ ശരിയായ നിലപാട‌്  സുപ്രീംകോടതിതന്നെ ശരിവച്ചു. മുത്തലാഖ‌് എന്ന ദുരാചാരത്തിന‌് മുസ്ലിം സമുദായത്തിൽ ഇനി നിലനിൽപ്പില്ല.
ഇതിനിടയിലാണ‌് മുത്തലാഖിന്റെപേരിൽ രാഷ്ട്രീയമുതലെടുപ്പിന് ബിജെപി കരുക്കൾ നീക്കിയത‌്.  വിവാഹമോചിതരായ മുസ‌്ലിംസ‌്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച 1986ലെ നിയമം തൊടാതെയാണ‌് മറ്റൊരു നിയമത്തിന‌് കേന്ദ്രം നീക്കം നടത്തുന്നത‌്. ലോക‌്സഭയിൽ  ഭൂരിപക്ഷം ഉപയോഗിച്ച‌് നേരത്തെ ഒരു ബിൽ പാസാക്കിയെങ്കിലും  രാജ്യസഭയിൽ കുരുങ്ങി. ന്യൂനപക്ഷ വിരുദ്ധ വികാരം ഇളക്കിവിട്ടാൽ ഹിന്ദുഏകീകരണം സാധ്യമാകുമെന്ന ദുഷ്ടലാക്ക‌് മാത്രമാണ‌് ഇക്കാര്യത്തിൽ കേന്ദ്ര ഭരണകക്ഷിയെ നയിക്കുന്നത‌്‌. നിയമനിർമ്മാണം സാധ്യമാകാതെവന്നതോടെ ഓർഡിനൻസ‌് ഇറക്കി വിഷയം സജീവമാക്കി നിർത്താനും സർക്കാർ തയ്യാറായി. നിലവിലുള്ള ബില്ലിന്റെയും  ഓർഡിനൻസിന്റെയും ഭാവി എന്തെന്ന‌് നിർണയിക്കപ്പെടുംമുമ്പാണ‌്  പുതിയ ബില്ലുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗപ്രവേശം ചെയ‌്തത‌്.
സുപ്രീംകോടതി വിധിയനുസരിച്ച‌് തലാഖിലൂടെ വിവാഹമോചനം സാധ്യമല്ലാത്ത സാഹചര്യത്തിൽ മുസ്ലിം പുരുഷന്മാരുടെ കാര്യത്തിൽമാത്രമായി എന്തിനാണ‌് പ്രത്യേക നിയമനിർമാണം എന്ന ചോദ്യത്തിന‌് വ്യക്തമായ ഉത്തരമില്ല . മുത്തലാഖ‌് ബിൽ  സ‌്ത്രീ സംരക്ഷണത്തിനാണെന്ന വാദം യുക്തിക്ക‌് നിരക്കുന്നതല്ല. ഇതരമതങ്ങളിലെ സ‌്ത്രീകൾക്ക‌് ലഭിക്കാത്ത സംരക്ഷണം മുസ്ലിംസ‌്ത്രീകൾക്കുമാത്രം നൽകുന്നതിലും അതിനായി പുരുഷന്മാർക്ക‌്  ജയിൽശിക്ഷ വിധിക്കുന്നതിലും മറയില്ലാത്ത ഒരു ഉദ്ദേശ്യം സംഘപരിവാറിനുണ്ട‌്. വിവാഹം   സ‌്ത്രീപുരുഷന്മാർ തമ്മിലുള്ള സിവിൽ കരാർ ആണെന്നിരിക്കെ, പുരുഷൻ ഏകപക്ഷീയമായി നടത്തുന്ന കരാർ ലംഘനം ക്രിമിനൽ കുറ്റമാക്കുന്നത‌് ഫലത്തിൽ സ‌്ത്രീക്ക‌്  ലഭിക്കുന്ന നിയമസംരക്ഷണം ഇല്ലാതാക്കലാണ‌്. ജയിൽശിക്ഷയ‌്ക്ക‌് വിധിക്കപ്പെടുന്ന പുരുഷൻ മുൻ ഭാര്യയ‌്ക്ക‌്  ജീവനാംശം നൽകണമെന്ന ബില്ലിലെ വ്യവസ്ഥ നിലവിലുള്ള നിയമത്തെ പരിഹസിക്കലാണ‌്. ജീവനാംശം എങ്ങനെ നൽകണമെന്ന‌് ബില്ലിൽ ഒന്നും പറയുന്നില്ല.  ഏത‌് മതത്തിൽപെട്ട സ‌്ത്രീ ആയാലും വിവാഹമോചനം നേടിയാൽ ജീവനാംശത്തിന‌് അർഹതയുണ്ട‌്. അത‌് നൽകാൻ വിസമ്മതിക്കുന്ന പുരുഷന‌് തടവുശിക്ഷ നൽകുകയെന്നതാണ‌് നിലവിലുള്ള നിയമവ്യവസ്ഥ. ഇവിടെ പുരുഷനെ ജയിലിട്ടാൽ പിന്നെ സ‌്ത്രീക്ക‌് ജീവനാംശവും നിയമാനുസൃതമായ മറ്റ‌് ആനുകുല്യങ്ങളും ലഭിക്കില്ലെന്ന‌് ഉറപ്പാണ‌്. ഇത്തരത്തിൽ നിരവധി വൈരുധ്യങ്ങളും നിയമരാഹിത്യവും നിറഞ്ഞ ബില്ലാണ‌് ബിജെപി കൊണ്ടുവന്നിരിക്കുന്നത‌്. ലോക‌്സഭയിൽ ബില്ലിനെതിരെ വോട്ടുരേഖപ്പെടുത്താൻ തയ്യാറാകാതെ സഭ വിട്ട കോൺഗ്രസും സഭയിൽനിന്ന‌് വിട്ടുനിന്ന മുസ്ലിംലീഗ‌് അംഗം പി കെ കുഞ്ഞാലിക്കുട്ടിയും  ശരിയായ നിലപാടുകളിലേക്ക‌് തിരിച്ചെത്തേണ്ടതുണ്ട‌്.

ഈ പാർലമെന്റ‌് സമ്മേളനം കടന്നുകിട്ടിയാൽ , ഓർഡിനൻസിന്റെ ബലത്തിൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കടുത്ത രൂപത്തിൽ മതദ്വേഷം പ്രചാരണവിഷയമാക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ യോജിച്ച മുന്നേറ്റമാണ‌് ഉയർന്നുവരേണ്ടത‌്.


പ്രധാന വാർത്തകൾ
 Top