30 May Tuesday

ആളിക്കത്തിയത് ജനവികാരം

വെബ് ഡെസ്‌ക്‌Updated: Thursday Jan 25, 2018


ബുധനാഴ്ച പകൽമുഴുവൻ നീണ്ട വാഹനപണിമുടക്ക് പുതിയൊരു സമരചരിത്രം രചിച്ചാണ് അവസാനിച്ചത്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം ഒന്നിച്ചണിനിരന്നു എന്നതു മാത്രമല്ല ആ സമരത്തിന്റെ പ്രാധാന്യം. തൊഴിലാളി സംഘടനകൾക്ക് തൊഴിലുടമകളുടെ പിന്തുണയുണ്ടായി എന്നതും മാത്രമല്ല. ഒരിക്കലും ഇല്ലാത്തത്ര ജനപിന്തുണ നേടിയ സമരമായി അത് മാറി എന്നതുകൂടിയാണ് പ്രത്യേകത. അത്രയേറെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റമാണ് പെട്രോളിയം ഉൽപ്പന്നങ്ങ ൾക്ക് സമീപകാലത്തുണ്ടായത്.

യുപിഎ ഭരണകാലത്ത് ബിജെപി ഒരുപക്ഷേ ഏറ്റവും തീവ്രമായ പ്രതിഷേധ   ങ്ങൾ രാജ്യത്താകെ സംഘടിപ്പിച്ചത് പെട്രോൾ‐ ഡീസൽ വില വർധനയ്ക്കെതിരെ ആയിരുന്നു. യുപിഎ സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാനുള്ള അവകാശം പെട്രോളിയം കമ്പനികൾക്ക് നൽകി. ദുസ്സഹമായ വിലഭാരം ജനങ്ങൾക്കുമേൽ അങ്ങനെ കയറ്റിവച്ചു. അതിനെതിരെ കാളവണ്ടിയിലും കഴുതപ്പുറത്തും കയറി ബിജെപി പ്രതിഷേധിച്ചു. ബൈക്ക് ഉരുട്ടി ജാഥ നടത്തി. എന്നാൽ, അവർ അധികാരത്തിലെത്തിയപ്പോൾ സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കുന്ന യുപിഎ സർക്കാരിന്റെ നയംതന്നെ തുടരുന്നു.

ഇപ്പോഴത്തെ രൂക്ഷമായ വിലവർധനയ്ക്ക് പ്രധാന കാരണം കേന്ദ്രസർക്കാർ എക്സൈസ് നികുതിയിൽ വരുത്തിയ അമിത വർധനകൂടിയാണ്. 2014ൽ ബിജെപി അധികാരത്തിലെത്തുമ്പോൾ പെട്രോളിന്റെ എക്സൈസ് നികുതി 9.20 രൂപയായിരുന്നു. ഇത് 2018 ജനുവരിയായപ്പോഴേക്കും 19.48 രൂപയായി. ഡീസലിന്റെ എക്സൈസ് നികുതി 3.46 രൂപയിൽനിന്ന് 15.33 രൂപയായും ഉയർത്തി. അതേസമയം, 2014ൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 106 ഡോളർ ആയിരുന്നത് 2018ൽ 61 ഡോളറായി കുറയുകയാണ് ചെയ്തത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വൻതോതിൽ കുറഞ്ഞുകൊണ്ടിരുന്ന ഘട്ടത്തിലും കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയുടെ നിശ്ചിത ശതമാനമാണ് നികുതിയായി ചുമത്തുന്നത്. അതുകൊണ്ടുതന്നെ, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഉണ്ടാകുന്ന വിലവർധനയ്ക്ക് ആനുപാതികമായി നികുതിത്തുകയും കൂടുകയാണ്.

എന്നാൽ, സംസ്ഥാന സർക്കാർ നികുതി കൂട്ടുന്നതാണ് പെട്രോൾ‐ ഡീസൽ വില കൂടുന്നതെന്ന പ്രചാരണവുമായി സംഘപരിവാർ പതിവുപോലെ രംഗത്തുണ്ട്. യുഡിഎഫിലെ ചിലരും ഇതേറ്റുപിടിക്കുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഈ ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിച്ചിട്ടില്ല. യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ സെസ് അല്ലാതെ ഒരു നികുതി വർധനയും എൽഡിഎഫ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, പെട്രോൾ‐ഡീസൽ വിലക്കയറ്റത്തിന്റെ കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രസർക്കാരിന്റെ നികുതിയും മാത്രമാണെന്നു വ്യക്തം.

ഒരേസമയം കടുത്ത വിലവർധനയ്ക്കും തൊഴിലെടുക്കുന്നവന്റെ ജീവിതപ്രയാസം കൂട്ടുന്നതിനും പെട്രോളിയം വിലവർധന ഇടയാക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ, വിലക്കയറ്റം പിടിവിട്ടുപോകാൻ ഇത് ഇടയാക്കുന്നു. രാവും പകലും പണിയെടുത്താൽ അഞ്ഞൂറോ അറുന്നൂറോ രൂപ സമ്പാദിക്കുന്ന ഓട്ടോത്തൊഴിലാളിക്കും മറ്റും ഇത് ഇരട്ടപ്രഹരമാകുന്നു. അവരുടെ പ്രതിദിനവരുമാനം കുത്തനെ ഇടിയുകയും അവർ വാങ്ങുന്ന സാധനങ്ങളുടെ വില കുത്തനെ ഉയരുകയും ചെയ്യുന്നു. ബസും ടാക്സിയും അടക്കം പൊതുവാഹന ഗതാഗത സംവിധാനമാകെ മുന്നോട്ടു നീങ്ങാനാകാതെ നിൽക്കുന്നു. മോട്ടോർവ്യവസായംതന്നെ പ്രതിസന്ധിയിലായി. കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി ഒരു പണിമുടക്കിന് നിർബന്ധിതമായത് ഈ സാഹചര്യത്തിലാണ്. ഈ യോജിച്ച പോരാട്ടത്തിന്റെ താക്കീത് അധികാരികൾ മനസ്സിലാക്കിയില്ലെങ്കിൽ ഇനിയും കടുത്ത സമരങ്ങൾക്ക് ഈ മേഖല മുന്നോട്ടുവരുമെന്ന് ഉറപ്പ്.

സമരം ചെയ്താൽ വിലകുറയുമോ എന്ന ചോദ്യം ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. പണിമുടക്കുകൾ ഒരേസമയം പ്രക്ഷോഭവും സന്ദേശവുമാണ്. ഒരുവശത്ത് ഒരു ദിവസത്തെ സ്വന്തം ജീവനോപാധി ഉപേക്ഷിച്ച് തൊഴിലാളി പണിമുടക്കുന്നു. അതിനൊപ്പം ഉരുണ്ടുകൂടുന്ന ആപത്തിനെപ്പറ്റി അവൻ പൊതുസമൂഹത്തിന് മുന്നറിയിപ്പും നൽകുന്നു. പൊതുബോധംകൂടി അനുകൂലമാകുമ്പോൾ അധികാരികൾ തെറ്റുകളിൽനിന്ന് മടങ്ങാൻ നിർബന്ധിതരാകുന്നു. എന്നും ഇങ്ങനെയൊക്കെയേ സംഭവിച്ചിട്ടുള്ളൂ. ഇത് തിരിച്ചറിയാതെ സമരത്തെ പഴിക്കുന്നവർ പണ്ടും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.”'പുലയർക്ക് പള്ളിക്കൂടത്തിൽ പോകണമെങ്കിൽ കൃഷിപ്പണി എന്തിന് മുടക്കണമെന്ന'’ചോദ്യം അയ്യൻകാളിയും“'സത്യഗ്രഹമിരുന്നാൽ സ്വാത്രന്ത്യം കിട്ടുമോ'’എന്ന ചോദ്യം ഗാന്ധിജിയും നേരിട്ടത് ഇതേ മനോഭാവക്കാരിൽനിന്നുതന്നെയാണ്. അവർ അനുഭവത്തിൽനിന്ന് പഠിക്കുകയേ നിർവാഹമുള്ളൂ.

തൊഴിലാളി സംഘടന എന്ന നിലയിൽ തങ്ങളുടെ പ്രസക്തിക്ക് അന്ത്യമായി എന്ന ബിഎംഎസിന്റെ സ്വയംപ്രഖ്യാപനത്തിനുകൂടി ഈ സമരം സാക്ഷിയായി. ഈ പണിമുടക്കിൽനിന്ന് വിട്ടുനിന്ന അവർ അതാണ് തെളിയിച്ചത്. സംഘപരിവാറിന്റെ അംഗ സംഘടനകളിലൊന്നായിരിക്കുമ്പോഴും സമരങ്ങളിൽ അണിചേർന്ന പാരമ്പര്യം ബിഎംഎസിനുണ്ടായിരുന്നു. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾപ്പോലും അവർ മറ്റ് സംഘടനകൾക്കൊപ്പം സമരം ചെയ്തിരുന്നു. ഇപ്പോൾ രണ്ടുവർഷമായി അവർ യോജിച്ച സമരങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നു. ഇനി അവരെ മറ്റൊരു സംഘപരിവാർ സേന എന്നതിനപ്പുറം ആരും കണക്കിലെടുക്കേണ്ടെന്ന പാഠം അവർതന്നെ പഠിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top