31 May Wednesday

മോഡിക്കെതിരെ അഴിമതിക്കുരുക്ക‌് മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019


പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ റഫേൽ അഴിമതിയെക്കുറിച്ച‌് ചർച്ച ചെയ്യരുതെന്ന് ഏറ്റവും കുടുതൽ ആഗ്രഹിക്കുന്നത് ബിജെപിയും പ്രധാനമന്ത്രി മോഡിയുമാണ്. ബാലാകോട്ട് ആക്രമണവും കടുത്ത വർഗീയ പ്രസ്താവനകളും വഴി റഫേലിൽനിന്ന‌് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപിയും അവരുടെ നേതൃത്വവും കഴിവതും ശ്രമിക്കുന്നുമുണ്ട്. എന്നിട്ടും റഫേൽ അഴിമതി പ്രധാന വിഷയമായി ഉയർന്നുവരികയാണ്. പല കോണിൽനിന്നും അഴിമതി സംബന്ധിച്ച പുതുവിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും അവസാനത്തേതാണ് അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സർക്കാർ നികുതിയിളവ് നൽകിയെന്ന വാർത്ത. ഫ്രാൻസിലെ പ്രസിദ്ധ പത്രമായ‘ലെ മൊണ്ടേ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫ്രാൻസുമായി നരേന്ദ്ര മോഡി സർക്കാർ റഫേൽ വിമാനങ്ങൾ വാങ്ങുന്ന കരാറിൽ ഒപ്പിട്ടതിന്റെ പ്രത്യുപകാരമായാണ് ഏകദേശം 1100 കോടിരൂപയുടെ നികുതിയിളവ് റിലയൻസ് കമ്പനിക്ക് ലഭിച്ചതെന്നാണ് വാർത്ത. അതായത് മോഡി തന്റെ ചങ്ങാതിയായ മുതലാളിക്ക് 30,000 കോടി രൂപയുടെ പങ്കാളിത്ത കരാർ നൽകിയതിനു പുറമെ ഫ്രഞ്ച് സർക്കാരിൽനിന്ന‌് ആയിരം കോടിയിലധികം രൂപയുടെ നികുതിയിളവും സംഘടിപ്പിച്ചുകൊടുത്തിരിക്കുന്നു. ബഹുമുഖ അഴിമതിയാണ് റഫേൽ എന്നർഥം.

ഇന്ത്യയിലെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ സഹോദര സ്ഥാപനമാണ് ഫ്രാൻസിലെ "റിലയൻസ് അറ്റ‌്‌ലാന്റിക്ക ഫ്ളാഗ് ഫ്രാൻസ‌്'. 2007–-10 കാലത്തുതന്നെ ഫ്രഞ്ച് നികുതി അധികൃതർ റിലയൻസ് അറ്റ‌്‌ലാന്റിക്ക ഫ്ളാഗിനോട് ആറുകോടി യൂറോ നികുതി അടയ‌്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 75–-80 ലക്ഷം യൂറോയായി നികുതി പരിമിതിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അനിലിന്റെ കമ്പനി അപ്പീൽ നൽകിയെങ്കിലും ഫ്രഞ്ച് നികുതി അധികൃതർ വഴങ്ങിയില്ല. 2010–-12 കാലത്ത് 9.1 കോടി യൂറോകൂടി നികുതി കുടിശ്ശിക റിലയൻസ് കമ്പനി അടയ‌്ക്കണമെന്ന് ഫ്രഞ്ച് നികുതി അധികൃതർ ആവശ്യപ്പെട്ടു. അതായത് മൊത്തം 15.1 കോടി യൂറോ അടയ‌്ക്കണമെന്നായിരുന്നു ഫ്രഞ്ച് അധികൃതരുടെ വാദം.

അനിൽ അംബാനിയുടെ കമ്പനിയും ഫ്രഞ്ച് നികുതി അധികൃതരും തമ്മിൽ തർക്കം തുടരുന്നതിനിടയിലാണ് നരേന്ദ്ര മോഡി പാരീസിലെത്തുന്നതും 126 വിമാനം വാങ്ങാനുള്ള റഫേൽ കരാർ റദ്ദാക്കി 36 വിമാനം വാങ്ങുന്ന പുതിയ കരാറിൽ ഒപ്പുവച്ചത്. വിമാനമൊന്നിന് 41 ശതമാനം അധികവില നൽകിയുള്ള പുതിയ കരാറിലാണ് ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടത്. ഇത്രയും ലാഭകരമായ കരാർ ലഭിച്ചതിനുള്ള ഉപകാരസ്മരണയായി റഫേൽ കരാറിലെ പങ്കാളിത്ത കമ്പനി റിലയൻസ് ഡിഫൻസിന്റെ ഉടമ അനിൽ അംബാനിയുടെ ഫ്രഞ്ച് ടെലികോം കമ്പനിക്ക് നികുതിയിളവ് നൽകാനും ഫ്രഞ്ച് സർക്കാർ തയ്യാറായി. 2015 ഏപ്രിലിലാണ‌് റഫേൽ യുദ്ധവിമാനക്കരാറിൽ ഒപ്പിടുന്നത്. ആറുമാസത്തിനകം ഇതേവർഷം സെപ്തംബറിലാണ് ഫ്രഞ്ച് നികുതി അധികൃതർ അനിൽ അംബാനിയുടെ ടെലികോം കമ്പനിക്ക് നികുതിയിളവ് നൽകുന്നത്. 73 ലക്ഷം യുറോമാത്രം അടച്ചാൽ മതിയെന്നായിരുന്നു ഈ ഉത്തരവ്. അതായത് 14 കേടി യൂറോയിലധികം അഥവാ 1100 കോടിയോളം രൂപ ഇളവ് നൽകിയെന്ന് സാരം. റിലയൻസ് ഡിഫൻസും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ജെപിസി അന്വേഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന വസ്തുതകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി കള്ളനാണ് എന്ന പ്രതിപക്ഷ ആരോപണത്തിന് ബലംനൽകുന്ന വസ്തുതകളാണ് ഇവയൊക്കെയും. കഴിഞ്ഞ ദിവസമാണ് റഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു'പുറത്തുകൊണ്ടുവന്ന മൂന്ന് രേഖകൂടി റഫേൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നവേളയിൽ കണക്കിലെടുക്കാൻ സുപ്രീംകോടതി ഉത്തരവായത്. ഇന്ത്യൻ അന്വേഷണാത്മക പത്രപ്രവർത്തനത്തിന് പരമോന്നതകോടതി നൽകിയ വലിയ അംഗീകാരമായിരുന്നു ഈ വിധിന്യായം. അതിനു തൊട്ടുപിറകെയാണ് അനിൽ അംബാനിക്ക് നികുതിയിളവ് നേടിക്കൊടുത്ത വാർത്തയും പുറത്തുവരുന്നത്. പ്രധാനമന്ത്രി മോഡി റഫേൽ കരാർ ഒപ്പുവയ‌്ക്കാൻ പാരീസിലേക്ക് പോയപ്പോൾ അനിൽ അംബാനി അദ്ദേഹത്തെ അനുഗമിച്ചിരുന്നു. യുപിഎ കാലത്തുള്ള കരാറിലെ പങ്കാളിത്ത കമ്പനിയായ എച്ച്എഎല്ലിനെ മാറ്റിയാണ് മോഡി ഒപ്പിട്ട കരാറിൽ അനിൽ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിയായ റിലയൻസ് ഡിഫൻസ് പങ്കാളിത്ത കമ്പനിയായത്. അവസാനമായി റഫേൽ കരാർ ഒപ്പിട്ടതുവഴി അനിൽ അംബാനിക്ക് നികുതി കുടിശ്ശിക ഇളവും തരപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഇന്ത്യൻ പങ്കാളിയെ നിശ്ചയിച്ചത് ഇന്ത്യാ ഗവൺമെന്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓളന്ദിന്റെ പ്രസ്താവന ശരിയാണെന്ന് ഈ വസ്തുതകൾ വിരൽചൂണ്ടുന്നു. പ്രധാനമന്ത്രിക്ക് റഫേൽ അഴിമതിക്കുരുക്കിൽനിന്ന‌് രക്ഷപ്പെടാനാകില്ലെന്ന് അടിവരയിടുന്ന വസ്തുതകളാണിവയൊക്കെയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top